Skip to main content

പ്രണയം

നീയെൻ്റെ കൂട്ടുകാരിയാണെങ്കിൽ
എന്നെ കരകയറ്റുക,
കാമുകിയാണെങ്കിൽ
ഈ രോഗത്തിൽ നിന്ന് കരകയറ്റുക.
അടിയറ്റതാണ് ഈ കടലെന്നറിഞ്ഞിരുന്നെങ്കിൽ
ഞാൻ നീന്താനിറങ്ങില്ലായിരുന്നു.
അവസാനമിതാണെന്നറിയാമായിരുന്നെങ്കിൽ
ഞാൻ തുടങ്ങില്ലായിരുന്നു.

എന്നെ നിനക്കു പ്രിയമാണെങ്കിൽ
ഈ കരം കവരുക.
കാരണം,
ഞാനോ മോഹാന്ധനായിരിക്കുന്നു,
നഖശിഖാന്തം.

ഞാൻ നിന്നെ മോഹിക്കുന്നു,
മോഹമുക്തിയെന്നെ
പഠിപ്പിക്കൂ, പഠിപ്പിക്കൂ…
എങ്ങനെ മോഹത്തിൻ്റെ
അടിവേരറുക്കാമെന്ന്,
എങ്ങനെ കണ്ണീർ കണ്ണിൽ വറ്റിത്തീരുമെന്ന്,
എങ്ങനെ പ്രണയം സ്വയംഹത്യ ചെയ്യുമെന്നും.

നീയൊരു പ്രവാചികയാണെങ്കിൽ
എന്നെയീ മന്ത്രമുഗ്ദ്ധതയിൽ നിന്നു
കഴുകി വെടിപ്പാക്കുക,
നാസ്തികത്വത്തിൽ നിന്നു മോചിപ്പിക്കുക…
എൻ്റെ പ്രണയം ദൈവഹീനം,
അതിൽ നിന്നെന്നെ
കഴുകി വെടിപ്പാക്കുക.

നീ ശക്തയെങ്കിൽ എന്നെ കരകയറ്റുക,
എനിക്കു നീന്തലറിയില്ല,
നിൻ്റെ നീലക്കൺതിരമാലകളിലൂടെ
എന്നെ വലിച്ചു താഴ്ത്തുക,
നീലനീലയാമാഴത്തിലേയ്ക്ക്;
നീല, നീല മാത്രം…
എനിക്ക് പ്രണയത്തിൽ
നീന്താനറിയില്ല, ഇല്ല തോണിയും.

ഞാനിപ്പോൾ ശ്വസിക്കുന്നത്
വെള്ളത്തിനടിയിൽ നിന്ന്,
ഞാനിതാ മുങ്ങുന്നു, മുങ്ങുന്നു,
മുങ്ങിത്താഴുന്നു…

***

വിവര്‍ത്തനം : സജയ് കെ.വി.

No Comments yet!

Your Email address will not be published.