Skip to main content

ഹോകുസായി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പാശ്ചാത്യ ചിത്രകലയുടെ തലസ്ഥാനം എന്ന് വിളിക്കാവുന്ന നഗരമായിരുന്നു പാരീസ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്ന് കലാകാരന്മാർ ധാരാളമായി പാരീസിലേയ്ക്ക് കുടിയേറിക്കൊണ്ടിരുന്ന കാലഘട്ടം. പൗരസ്ത്യമായ കലാരൂപങ്ങളോട് പാശ്ചാത്യ കലാകാരന്മാർക്കും കലാസ്വാദകർക്കുമുള്ള വർദ്ധിച്ച താൽപ്പര്യം ഈ കാലഘട്ടത്തിലെ പാരീസിനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട ഒരു കാര്യമായിരുന്നു.

വാൻഗോഗും മോനെയും ഗോഗിനും ലോത്രെയും തുടങ്ങി മത്തീസും പിക്കാസോയും വരെ പൗരസ്ത്യ കലാരൂപങ്ങളുടെ സവിശേഷതകളും മഹത്വവും നന്നായി തിരിച്ചറിഞ്ഞവരിൽ ചിലരാണ്. ഈ ആളുകളെയെല്ലാം ഒരുപക്ഷേ ഏറ്റവുമധികം സ്വാധീനിച്ചത് ജാപ്പനീസ് ചിത്രകല ആയിരുന്നു. അവരിൽ പലരും ജാപ്പനീസ് പെയിന്റിങ്ങുകളും പ്രിന്റുകളും (Woodblock Prints) സ്വകാര്യമായി ശേഖരിക്കുകയും ചെയ്തിരുന്നു. ജാപ്പനീസ് ചിത്രകലയുടെ സ്വാധീനം പാരീസിലെ കലാകാരന്മാർക്കിടയിൽ ഒരു തരംഗമായിത്തീർന്ന കാലഘട്ടം. ഒരുപക്ഷേ അക്കാലത്ത് മേൽപ്പറഞ്ഞ ചിത്രകാരന്മാരെയെല്ലാം സ്വാധീനിച്ച വ്യക്തിഗത ചിത്രകാരൻമാരിൽ ഏറ്റവും പ്രധാനിയായ ആൾ കാത്സുഷിക ഹോകുസായി (Katsushika Hokusai) ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കലാകാരന്മാർക്കിടയിൽ ഏറ്റവും പ്രമുഖനും ആഗോളതലത്തിൽത്തന്നെ എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളായി എണ്ണപ്പെടുന്ന ആളുമാണ് ഹോകുസായി.

1760 -ൽ ഇന്നത്തെ ടോക്കിയോയ്ക്കടുത്തുള്ള ഒരു സ്ഥലത്ത് കരകൗശലപ്പണികളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ഹോകുസായി ജനിക്കുന്നത്. കുട്ടിക്കാലം മുതൽതന്നെ അദ്ദേഹം വരച്ചുതുടങ്ങി. പതിനാലാം വയസ്സുമുതൽ ജപ്പാനിലെ പരമ്പരാഗതമായ ‘ukiyo -e’ ശൈലിയിൽ പെയിന്റിങ്ങുകളും പ്രിന്റുകളും ചെയ്യുന്ന ഒരു മുതിർന്ന ചിത്രകാരന്റെ സ്റ്റുഡിയോയിൽ അദ്ദേഹം പരിശീലനത്തിനായി ചേർന്നു.

1793 -ൽ ഗുരുനാഥന്റെ മരണം വരെയും ഹോകുസായി പ്രധാനമായും പരമ്പരാഗത ശൈലിയിൽ പരമ്പരാഗതമായ വിഷയങ്ങൾ തന്നെയാണ് വരച്ചിരുന്നത്. ജാപ്പനീസ് ശൈലിയിലുള്ള മനുഷ്യാകാര ചിത്രങ്ങളും പോർട്രെയ്റ്റുകളും മറ്റുമാണ് അക്കൂട്ടത്തിൽ കൂടുതലും ഉള്ളത്. ശൈലിയിലും വിഷയത്തിലും അദ്ദേഹം സ്വാതന്ത്രനായിത്തീരുന്നത് ഗുരുനാഥന്റെ മരണശേഷമാണ്. ഈ കാലഘട്ടം മുതൽ അദ്ദേഹം പ്രകൃതിദൃശ്യങ്ങളും ദൈനംദിന ജീവിതദൃശ്യങ്ങളും കൂടുതലായി വരച്ചുതുടങ്ങി.

1800 കാലഘട്ടമാകുമ്പോൾ ഹോകുസായി പരമ്പരാഗത സ്കൂളുകളുടെ നേരിട്ടുള്ള സ്വാധീനം ഒഴിവാക്കി തന്റെ കലാരചനയിൽ കൂടുതൽ സ്വാതന്ത്രനായിത്തീർന്നു. ഈ കാലഘട്ടം മുതൽക്കുള്ള അദ്ദേഹത്തിന്റെ പ്രധാന രചനകൾ പ്രകൃതിദൃശ്യങ്ങളാണ്. 1820 ആകുമ്പോഴേയ്ക്കും ഒരു ചിത്രകാരൻ എന്ന നിലയിൽ രാജ്യത്തിനകത്തും ക്രമേണ പുറത്തും അദ്ദേഹം പ്രശസ്തനായിത്തീർന്നു. ഈ കാലഘട്ടത്തിൽ സ്വതന്ത്ര ചിത്രരചനയ്ക്കു പുറമെ പുസ്‌തകങ്ങൾക്കും മറ്റും വേണ്ടിയുള്ള ഇല്ലുസ്ട്രേഷൻ ജോലികളും അദ്ദേഹം ധാരാളമായി ചെയ്തിരുന്നു.

The Great Wave off Kanagawa

1830 -കളുടെ തുടക്കത്തിൽ ഹോകുസായി ചെയ്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമാണ് ‘The Great Wave off Kanagawa’. ഏകദേശം 25 x 37 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഒരു Woodblock Print ആണ് ഇത്. ഇതുപോലെയുള്ള തിരമാലകളുടെ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ആ കാലഘട്ടത്തിൽ ഹോകുസായി ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങൾ അവയുടെ അനിതരസാധാരണമായ ശക്തിയും സൗന്ദര്യവും കൊണ്ട് ലോകവ്യാപകമായി പ്രശസ്തമായിത്തീർന്നു. വ്യത്യസ്ത നിറങ്ങളിലും ടോണുകളിലും എടുത്തിട്ടുള്ള അതിന്റെ പകർപ്പുകൾ ലോകത്തിലെ പ്രമുഖ ഗ്യാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ലോകം ആദരിക്കുന്ന പ്രശസ്തനായ ഒരു കലാകാരൻ ആയിരിക്കുമ്പോഴും ഒരു വിദ്യാർഥിയുടെ മനസ്സ് സൂക്ഷിക്കുകയും നിരന്തരം പഠിക്കുകയും കൂടുതൽ പൂർണ്ണതയ്ക്കുവേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത ഒരാളായിരുന്നു ഹോകുസായി. ആ മനസ്സ് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം സ്വയം ഇങ്ങനെ എഴുതിയിട്ടുണ്ട്:
“From the age of six, I had a passion for copying the form of things and since the age of fifty I have published many drawings, yet of all I drew by my seventieth year there is nothing worth taking into account. At seventy-three years I partly understood the structure of animals, birds, insects and fishes, and the life of grasses and plants. And so, at eighty-six I shall progress further; at ninety I shall even further penetrate their secret meaning, and by one hundred I shall perhaps truly have reached the level of the marvellous and divine. When I am one hundred and ten, each dot, each line will possess a life of its own.”

Katsushika Hokusai – Chrysler Museum of Art

ഹോകുസായി
ജനനം :1760
മരണം : 1849

No Comments yet!

Your Email address will not be published.