Skip to main content

ഹെൻറി ഒസ്സാവ ടാനറിന്റെ ‘The Banjo Lesson.’

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അമേരിക്കയിൽ ശ്രദ്ധേയരായിത്തീർന്ന കറുത്തവർഗ്ഗക്കാരായ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു ഹെൻറി ഒസ്സാവ ടാനർ (Henry Ossawa Tanner). കറുത്തവർഗ്ഗക്കാരൻ എന്നതിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്, കാരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്രപൗരത്വമില്ലാത്ത, ഏതാണ്ട് മൂന്നു നൂറ്റാണ്ടു കാലം വിൽക്കാനും വിൽക്കപ്പെടാനും കഴിയുന്ന തരത്തിൽ ജീവിച്ച ഒരു ജനതയായിരുന്നല്ലോ അവർ. 1865-ലാണ് അമേരിക്കയിൽ അടിമത്തം നിയമപരമായി ഇല്ലാതാകുന്നത്. ഒരു കറുത്തവർഗ്ഗക്കാരന് വിദ്യാഭ്യാസം നേടുക എളുപ്പമല്ലാത്ത ആ കാലഘട്ടത്തിൽ പാശ്ചാത്യ അക്കാദമിക് സമ്പ്രദായങ്ങളനുസരിച്ചു ചിത്രകല അഭ്യസിക്കാനും തുടർന്ന് ഒരു സ്വതന്ത്ര ചിത്രകാരനായി ജീവിക്കാനും ടാനറിനു കഴിഞ്ഞു.
അടിമജീവിതത്തിന്റെ ഓർമ്മകൾ പേറുന്ന, നിയമപരമായി അടിമത്തം ഇല്ലാതായിയെങ്കിലും ഇപ്പോഴും വലിയരീതിയിൽ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നവരായി തുടരുന്ന, കറുത്തവർഗ്ഗക്കാരന്റെ ജീവിതം വിഷയമാക്കി റിയലിസ്റ്റു രീതിയിൽ ടാനർ ധാരാളം ചിത്രങ്ങൾ വരച്ചു. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമാണ് ‘The Banjo Lesson.’ (1893)

പടിഞ്ഞാറൻ ആഫ്രിക്കയിൽ പലഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്ന, അറ്റ്ലാന്റിക് സമുദ്രം കടന്നുവന്ന അടിമകളുടെ തലമുറകൾ അവരോടൊപ്പം കൊണ്ടുവന്ന, അവരുടെ ഓർമ്മകളോടും വേദനകളോടും ഏറ്റവും അടുത്തുനിന്നിരുന്ന ഒരു തന്ത്രി വാദ്യമാണ് ചിത്രത്തിൽ കാണുന്ന Banjo.
ഹാരിയെറ്റ് ബീച്ചർ സ്റ്റോവിന്റെ Uncle Tom’s Cabin എന്ന നോവലിലെ പ്രധാനകഥാപാത്രമായ Uncle Tom -നെപ്പോലെ എന്ന് തോന്നിപ്പിച്ചേക്കാവുന്ന, ഒരു മനുഷ്യായുസ്സു മുഴുവൻ നീളുന്ന കഠിനമായ ശാരീരിക അദ്ധ്വാനത്തിന്റെ അടയാളങ്ങൾ പേറുന്ന, ഒരു വൃദ്ധൻ ഒരു കുട്ടിയെ Banjo വായിക്കാൻ പരിശീലിപ്പിക്കുകയാണ് ചിത്രത്തിൽ. പാർശ്വവത്കരിക്കപ്പെട്ടവന്റെ അത്രമേൽ വർണ്ണശബളമല്ലാത്ത ഇരുണ്ട പിന്നാമ്പുറ ജീവിതമാണ് അതിന്റെ പശ്ചാത്തലം. കൂടുതൽ കാര്യങ്ങൾ ചിത്രം സ്വയം പറയട്ടെ…..
(ടാനർ പിൽക്കാലത്ത് ഇംപ്രെഷണിസ്ററ് സ്വാധീനത്തിൽ ധാരാളം പ്രകൃതി ദൃശ്യങ്ങളും ക്രിസ്തുമത പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുമൊക്കെ വരച്ചിട്ടുണ്ട്. അതേപ്പറ്റി ഇവിടെ കൂടുതൽ പരാമർശിക്കുന്നില്ല )
പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ ചിത്രകല പുസ്തകങ്ങളിലും മറ്റും മിക്കവാറും യൂറോപ്പിന്റെ നിഴലിലാണ് അവതരിപ്പിക്കപ്പെട്ടുകണ്ടിട്ടുള്ളത്. അമേരിക്കൻ ചിത്രകല യൂറോപ്പിന്റേതുപോലെ അത്രമേൽ മൗലികസ്വഭാവമുള്ളതല്ല എന്നതുകൊണ്ടും അക്കാലത്ത് അമേരിക്കക്കാർ യൂറോപ്പിന്റെ ശൈലികളെയാണ് പിന്തുടർന്നിരുന്നത് എന്നതുകൊണ്ടും ആ വിലയിരുത്തൽ പൊതുവിൽശരിയുമാണ്.
ചരിത്രപുസ്‌തകങ്ങൾ എന്തുതന്നെ പറഞ്ഞുകൊള്ളട്ടെ, ടാനറെപ്പോലെയുള്ള ചിത്രകാരന്മാരെ നമ്മൾ ഓർമ്മിക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകളിലൂടെ ഒരു ജനത കടന്നുപോയ അടിമജീവിതത്തിന്റെ വേദനാകരമായ ഓർമ്മകൾക്ക് അദ്ദേഹം സൗന്ദര്യപരമമായ മാനങ്ങൾ അന്വേഷിക്കുന്നു. അത്തരം പരിശ്രമങ്ങൾക്ക് യൂറോപ്പിൽ സമാനതകൾ കുറവാണ്.

ഹെൻറി ഒസ്സാവ ടാനർ
ജനനം: 1859
മരണം: 1937

 

******

No Comments yet!

Your Email address will not be published.