റൊമാന്റിസിസത്തിൽ നിന്ന് ഇംപ്രഷനിസത്തിലൂടെ ക്യൂബിസത്തിലേക്ക് സഞ്ചരിക്കുമ്പോൾ രീതിവ്യതിയാനങ്ങൾ ഒരുപാട് അനുഭവിക്കാനാകുമെങ്കിലും നിലപാടുകളുടെ ദൃഡത ഒരേയളവിൽ കണ്ടെത്താനാവുന്ന മൂന്ന് കാലങ്ങളിലെ ചിത്രങ്ങളെകുറിച്ചൊരു പഠനത്തിന് ഇപ്പോൾ പ്രസക്തി ഏറെയുണ്ടെന്നാണ് തോന്നുന്നത്. അക്കാലങ്ങളിലെ മറ്റു ചിത്രകാരന്മാരും ശില്പികളുമൊന്നും ഒരിക്കലും പ്രകടമായി രാഷ്ട്രീയം പറയുന്നവരായിരുന്നില്ല.
എന്നാൽ 1814 ൽ സ്പാനിഷ് റൊമാന്റിക് ചിത്രകാരനായ ഫ്രാൻസിസ്കോ ഗോയ വരച്ച ‘ദ തേർഡ് ഓഫ് മെയ് 1808’ എന്ന ചിത്രം, സമകാലിക സാമൂഹിക പ്രശ്നങ്ങളിൽ ഒരു കലാകാരൻ എടുക്കേണ്ടതുള്ള നിലപാടുകളുടെ പ്രതിഫലനമായാണ് ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുള്ളത്.

നെപ്പോളിയൻ ഭരണഭീകരതയെ എതിർത്തിരുന്ന ചിലരെ അദ്ദേഹത്തിന്റെ പട്ടാളം വെടിവെച്ചുകൊല്ലുന്ന ഭീകരത ഗോയ കാൻവാസിലേക്ക് രാഷ്ട്രീയമായി ആവാഹിച്ചുവെങ്കിലും മരണം വരെയും ആ ചിത്രം പുറത്തുകാണിക്കാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല. അദ്ദേഹം മരിച്ചതിനു ശേഷവും മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. യൂറോപ്യൻ അധിനിവേശങ്ങളുടെ ഭാഗമായി നെപോളിയൻ ബൊണാപാർട്ട് നടത്തിയിരുന്ന യുദ്ധങ്ങളും സ്പെയിനിനെ പിടിച്ചെടുത്തു സ്വന്തം സഹോദരന്റെ സ്ഥാനരോഹണത്തിനായുള്ള പരിശ്രമത്തിൽ മതിമറന്നുള്ള യുദ്ധാനന്തര പ്രവര്ത്തനങ്ങളും സ്പെയിനിന്റെ സാംസ്കാരികലോകത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. റോമാൻറ്റിസിസത്തിന്റെ എല്ലാ സമ്പന്നതയും ഉൾകൊള്ളുന്ന ഈ ചിത്രത്തിന്റെ പ്രയോഗരീതികളും കമ്പൊസിഷനും കാല്പനികമായ ഭാവാവിഷ്കാരങ്ങളും ഇംപ്രഷനിസത്തിലേക്കെത്തുന്നതിന് തൊട്ടുമുൻമ്പുള്ള രണ്ടു ഘട്ടങ്ങളുടെയും മനോഹരമായ സങ്കലനങ്ങളാണ്.
ഗോയക്ക് ശേഷം പിന്നീട് സ്വന്തം രാഷ്ട്രീയ നിലപാടുകൾ പറഞ്ഞത് 1868 ൽ ‘എസിക്യൂഷൻ ഓഫ് എമ്പറർ മാക്സ്മില്യൻ’ എന്ന ചിത്രത്തിലൂടെ ഇംപ്രഷനിസ്റ്റ് ചിത്രകാരനായ എഡ്വെർഡ് മാനേയാണ്.
1866 ൽ മെക്സിക്കോ യിലെ ബനിട്ടോ ജൂറേജ് നുള്ള പിന്തുണ നെപോളിയൻ മൂന്നാമൻ പിൻവലിക്കുകയും അദ്ദേഹത്തിന്റെ ആശിർവാദത്തോടെ മാക്സ്മില്യൺ മെക്സിക്കോയുടെ രണ്ടാമത്തെ ഭരണത്തലവനാകുകയുമുണ്ടായി.

അടുത്ത വർഷം തന്നെ ആ ഭരണമവസാനിക്കുകയും മാക്സ്മില്യനെയും മറ്റ് രണ്ട് ജനറലുകളെയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. അന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായി മാനെ എടുത്ത രാഷ്ട്രീയ നിലപാടുകളാണ് നാല് വലിയ ചിത്രങ്ങളായി മൊഴിമാറ്റപ്പെട്ടത്.! പല ഭാഗങ്ങളായി മുറിച് കഷ്ണങ്ങളാക്കി അദ്ദേഹം അവതരിപ്പിച്ച ഈ ചിത്രങ്ങളിൽ ചില ഭാഗങ്ങൾ മാനേയുടെ മരണശേഷം വിറ്റു പോയതായി കണ്ടെത്തി., ബാക്കിയുണ്ടായിരുന്ന ഭാഗങ്ങൾ ചേർത്തുവെച്ചു അതിന് ഭാഗികമായൊരു പൂർണരൂപമുണ്ടാക്കിയെടുത്തത് സമകാലിക ചിത്രകാരനും മാനേയുടെ ഉറ്റസുഹൃത്തുമായ എഡ്ഗർ ദേഗ ആണ്. 1918 ൽ ആ ചിത്രം ലണ്ടൻ നാഷണൽ ഗാലറിയിൽ പ്രദർശിപ്പിച്ചു, പിന്നീട് 1979 വരെ വീണ്ടും അത് പലഭാഗങ്ങളായി ശിഥിലീകരിച്ചുകൊണ്ടിരിക്കുകയും 1992 മുതൽ ആ ചിത്രം പൂർണരൂപത്തിൽ നിലനിർത്താനാവുകയുമുണ്ടായി.
ഗോയയുടെയും മാനേയുടെയും സ്വാധീനങ്ങൾ പ്രകടമായി കാണാനാവുന്നതായിരുന്നു ക്യൂബിസ്റ്റ് കാലഘട്ടത്തിൽ പിക്കാസോ വരച്ച ‘മസ്സാകർ ഇൻ കൊറിയ’ എന്ന ചിത്രം. ‘ഗുയർണിക’, ‘ദ ചാർണെൽ ഹൌസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം 1951 ൽ പിക്കാസോ വരച്ച മൂന്നാമത്തെ യുദ്ധവിരുദ്ധ രാഷ്ട്രീയ ചിത്രമാണ് ഇത്.

സൌത്ത് കൊറിയൻ അഭയാർത്ഥികളായ സ്ത്രീകളെയും കുട്ടികളെയും നഗ്നരാക്കി വെടിവെച്ചു കൊല്ലുന്ന കാഴ്ചകൾ പിക്കാസോ പറഞ്ഞത് വളരെ പ്രകടമായിട്ടായിരുന്നു. ഗോയക്കും മാനെക്കും തങ്ങൾ വരച്ച ചിത്രങ്ങൾ ഭരണകൂടത്തിൽ നിന്ന് ഒളിപ്പിച്ചുവെക്കേണ്ടിവന്നുവെങ്കിൽ നോർത്ത് കൊറിയക്കൊപ്പം നിലകൊണ്ട അമേരിക്കക്കെതിരെ ശക്തമായ നിലപാടുകൾ പറയാനും അനുബന്ധമായി 1951 ൽ മസ്സാകർ ഇൻ കൊറിയ എന്ന ചിത്രം വരച്ചു പ്രദർശിപ്പിക്കാനുമുള്ള തന്റേടവും ധൈര്യവും പികാസ്സൊക്ക് ഉണ്ടായത് സാധാരണക്കാരുടെ പക്ഷം ച്ചേരലും അവരിലേക്ക് കല വളരുവാനുള്ള സാഹചര്യങ്ങളുണ്ടാക്കിയ Avant Garde പ്രവർത്തനങ്ങളുമാണെന്ന് നമുക്ക് നിസ്സംശയം പറയാം.
ഏത് കാലങ്ങളിലായാലും മാനവികതക്കെതിരെയുണ്ടാകുന്ന ചലനങ്ങൾ ഒരു കലാകാരന് എങ്ങിനെയാണ് തനത് രൂപത്തിൽ ഉൾക്കൊള്ളാനാവുക എന്ന് സമകാലിക ധ്വംസനരാഷ്ട്രീയാന്തരീക്ഷത്തിൽ ഈ മൂന്ന് ചിത്രങ്ങളിലൂടെയും നമുക്ക് പഠിക്കാനാകുന്നുണ്ട്.







👏🏻👌🏻
👏🏻👏🏻👌🏻
👏🏻👏🏻👌🏻
informative