Skip to main content

വര

പറന്നു രസിച്ച
ആകാശത്തെ
മായ്ച്ചു കളയല്ലേ

മടുക്കുമ്പോൾ
ചെന്നിരിക്കാറുള്ള ചില്ലയെ
തുടച്ചു കളയല്ലേ

ഓരോ തൂവലിലും
ചാർത്താനായി
എടുത്തയാ നിറങ്ങളെ
ദൂരെ കളയല്ലേ

ആദ്യം വരച്ചതിൽ
കിളിക്കൂടിൻ്റെ
ഓരത്തിരുന്നാൽ
കാണാം മേഘങ്ങൾ
മരത്തടിയോടൊട്ടി നിൽക്കും
പായൽ പച്ച
തുളുമ്പി പോകും
തേൻ തുള്ളി തിളങ്ങും വിധം
നീറുകളുടെ കൂട്ടം.

ആദ്യം വരച്ചതിൽ
മരത്തണലിലൂടെ
ഓടികളിക്കും കുട്ടികൾ
പൂത്ത കാട്ടുപെരിങ്ങലം
അവർക്കുകൂടി
കാണാൻ കഴിയുന്ന
മലമുകളിലെ ചെത്തി ചുമപ്പ്
നീല നിറമിട്ട്
നിരയില്ലാതെ ഒഴുകും പുഴ.

ആദ്യം വരച്ചതിൽ
തീരത്തെ പുൽത്തിട്ടയിൽ
കൊഴിഞ്ഞു വീണ് പോയ
ഒറ്റനോട്ടത്തിലാർക്കും
കാണാവുന്ന
എൻ്റെയൊരു തൂവൽ

വരച്ചതൊക്കെയും
മായിച്ച് മായിച്ച്
നിറമില്ലാത്ത
ഒരിടമായല്ലോ.

തിരുത്തി
വരയ്ക്കാനാണെങ്കിൽ
ആരാണ്
ഇത്ര അശ്രദ്ധമായി
ജീവിതമിങ്ങനെ
എഴുതുന്നത്.

***

One Reply to “വര”

Leave a Reply to Ajitha Cancel reply

Your Email address will not be published.