Skip to main content

അനിത ഭാരതിയുടെ കവിത

 

ഒന്ന്

കേള്‍ക്കൂ
ഞാന്‍ നിങ്ങളോട് പറയും
ഇതാണ് ഭീംറാവോ ബാബ
അതേ!
ഒരു കൗശലക്കാരന്റെ ഉത്സാഹത്തോടെ
നിങ്ങള്‍ മറുപടി പറയും
ഇതാണ് നമ്മുടെ
ഭീംബാബ!
എന്നിട്ട് നിങ്ങള്‍
തല്‍ക്ഷണം
അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങും.
പൂമാലയിട്ട്
കുങ്കുമവും ധൂപവും
കൊണ്ട് അലങ്കരിക്കും.

നിങ്ങള്‍ക്ക് അരികില്‍ നില്‍ക്കുമ്പോള്‍
ദൂരെ സ്‌കൂളിലേക്ക്
ഒഴുകുന്ന കുട്ടികളെ കാണുന്ന
പെണ്‍കുട്ടിയുടെ കണ്ണില്‍
ആശ തിളങ്ങുന്നുണ്ട്.
ആ നിരയില്‍ എത്താന്‍ അവളെ സഹായിക്കുക
നിങ്ങള്‍ക്ക് അസംഭവ്യമാണോ?
അവള്‍ക്ക് അര്‍ഹതപ്പെട്ട
അവളുടെ സ്വപ്‌നങ്ങള്‍ കൊയ്യാന്‍
അവള്‍ക്ക് അരികില്‍ ഇരിക്കാന്‍?
(ഓ, നിങ്ങള്‍ക്ക് അത്
തള്ളി കളയാനാണ് താല്‍പ്പര്യം )

അന്നൊരു ദിവസം
നിങ്ങള്‍ ബാബയെ ബസാറില്‍ കൊണ്ടു വന്നു
അദ്ദേഹത്തിന്റെ കഴിവുകള്‍
വിലപേശി വില്‍ക്കാനായി
നിങ്ങള്‍ അവരെ വിളിച്ചുവരുത്തി
കാണൂ! എത്ര ദുഃഖവും കഷ്ടപ്പാടുമാണ്
ബാബ എപ്പോഴും സഹിക്കുന്നത്?
അതെല്ലാം നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്തതാണ്.
ഇതിനെല്ലാം പകരം നിങ്ങള്‍
അദ്ദേഹത്തിന് തിരിച്ചു
നല്‍കേണ്ട സമയമായി.

ഇപ്പോള്‍ മലപോലെയുള്ള
അവരുടെ ദുരിതങ്ങള്‍
നിങ്ങളുടെ വിദേശയാത്രകള്‍ക്കുള്ള
ടിക്കറ്റുകളായി രൂപാന്തരപ്പെടുന്നു.
ആ വിദേശയാത്രകളില്‍
വെളുത്ത കണ്ണീരിന്
നിങ്ങള്‍ കൊടുക്കുന്ന തീറ്റയാകുന്നു അവ.

എങ്കിലും, നിങ്ങള്‍ക്ക്
അരികില്‍ നില്‍ക്കുന്ന
അടിച്ചമര്‍ത്തപ്പെട്ട പെണ്ണിന്റെ കണ്ണിലെ വേദന
നിങ്ങള്‍ തിരിച്ചറിയുന്നേയില്ല.
നിങ്ങള്‍ക്ക് കീഴടക്കേണ്ട
നീലാകാശത്തില്‍
നഷ്ടപ്പെട്ടുപോവാനാണ്
നിങ്ങള്‍ ശ്രമിക്കുന്നത്.

നിങ്ങള്‍ ബാബയെ കൂടെ
വ്യവസായത്തിലേക്ക് വലിച്ചിഴച്ചു.
ബാബ ബ്രാന്‍ഡ് സ്വീകരിക്കുന്നതിന്റെ
ലാഭനഷ്ടങ്ങളെക്കുറിച്ച്
ജനങ്ങളെ പഠിപ്പിച്ചു.
പ്രതീകാത്മക മൂലധനത്തിന്റെ
പലിശ ശേഖരിക്കുന്ന
രഹസ്യങ്ങള്‍.
അതേസമയം, നിങ്ങളുടെ
സഹോദരീസഹോദരന്‍മാര്‍
വിശപ്പാല്‍ അലറിക്കരയുന്നു.
നിങ്ങളുടെ അനേകം
പണമിടപാടുകള്‍ക്ക്
അവരറിയാതെ തന്നെ
ചുക്കാന്‍ പിടിക്കുന്ന
അതേ സഹോദരങ്ങള്‍.

ഏറ്റവും പുതിയ
മോഡിയിലുള്ള ബാബ
സാധനങ്ങള്‍
നിങ്ങളുടെ കഴുത്തിലും
കയ്യിലും മിന്നിച്ചു കൊണ്ട്
പുതിയ സ്വര്‍ണ്ണപാരമ്പര്യം
വിലയേറിയ പതക്കങ്ങളായി
അലങ്കരിച്ച ആഭരണപ്പെട്ടികളില്‍
സംഭരിച്ചുവെക്കാം.
നിങ്ങളെപ്പോലെ
അധഃപതിച്ച ഇടപാടുകാര്‍
തങ്ങളുടെ നിലപാടുകള്‍
കൊട്ടിഘോഷിക്കുന്നതിന്റെ
സൂചനകളാണിവ.

രണ്ട്

ബാബ, നിങ്ങള്‍ കരയുമ്പോള്‍
രാഷ്ട്രീയത്തിന്റെ കല്ലറയില്‍
നിങ്ങളുടെ ദലിത്കുട്ടികള്‍
തകര്‍ക്കപ്പെടുകയും
അംഗഭംഗം വരുത്തപ്പെടുകയും ചെയ്യുന്നു.
നിലവിളിക്കുന്ന അസ്ഥികൂടങ്ങളുടെ
കൂട്ടങ്ങള്‍പോലെ.

ഒന്ന് ചിന്തിച്ചുനോക്കുമ്പോള്‍
അവരുടെ നുറുങ്ങിവീണ ശകലങ്ങളില്‍
നിന്ന് രൂപംകൊണ്ട്
ജീവിച്ചുവന്ന
ജനക്കൂട്ടം.
ഉള്‍ശബ്ദങ്ങള്‍, മുഖങ്ങള്‍, ആത്മാക്കള്‍ പതിയെ അടിഞ്ഞുകൂടി
ഐക്യദാര്‍ഢ്യങ്ങള്‍, അടുപ്പങ്ങള്‍, കുടുംബങ്ങള്‍
എന്നിവ ഉണ്ടാക്കും.

നിങ്ങള്‍ ചിരിക്കുമ്പോള്‍
വികൃതമാക്കപ്പെട്ട ജനക്കൂട്ടം
അവരുടെ നാശത്തില്‍ നിന്ന് ഉയര്‍ന്നുവരാന്‍ പഠിക്കും.
മിന്നലിന്റെ നാദത്തില്‍ പൂക്കുന്നപൂക്കള്‍
മഴയുടെ നീലവെളിച്ചത്തില്‍ വീണ്ടും
ചിതറുന്നതുപോലെ.
അതേ, നിങ്ങള്‍ ചിരിക്കുകയാണ് ബാബ.

മൂന്ന്

കേള്‍ക്കൂ
എനിക്കുള്ളില്‍ ഒരു
അംബേദ്കര്‍ വസിക്കുന്നു
നോക്കൂ
നിങ്ങള്‍ക്കുള്ളില്‍ ഒരു
അംബേദ്കര്‍ വസിക്കുന്നു
നമ്മുടെ ഞരമ്പുകളിലൂടെ
ഒഴുകുന്ന നീലരക്തംപോലെ
അദ്ദേഹം നമ്മുടെ ഹൃദയങ്ങളെ
പരിപോഷിപ്പിക്കുന്നു
തലച്ചോറിനെ
ഉത്തേജിപ്പിക്കുന്നു.

ഓ സുഹൃത്തേ
നിങ്ങള്‍ വിഷമിക്കേണ്ട
ഞങ്ങള്‍ക്കറിയാം
നമുക്കുള്ളില്‍ അലിഞ്ഞു
ചേര്‍ന്നത് മാത്രമേ
വീണ്ടും ഭൂമിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കൂ
നമ്മുടെ രോമകൂപങ്ങള്‍ക്കിടയില്‍ നിന്ന്
മനുഷ്യത്വത്തിന്റെ കടിഞ്ഞാണിട്ട്
ഒരു പുതിയ ഭീംറാവോ.

നാല്

പ്രിയ സുഹൃത്തേ
വിപ്ലവകാരി ജയ് ഭീം!
നിങ്ങള്‍ തളര്‍ന്നിരിക്കുമ്പോള്‍
പ്രപഞ്ചംമുഴുവന്‍
തലതാഴ്ത്തി നില്‍ക്കും
അതിന്റെ കണ്ണുകള്‍
ക്ഷീണിച്ച ദൈന്യതയേറിയ
പ്രചാരണം പോലെ
അതിന്റെ ശബ്ദം ആരോ
നിര്‍ബന്ധിച്ചു ചൊല്ലിക്കുന്ന
മുദ്രാവാക്യം പോലെ
പരുഷമായ പാട്ടുകളുടെ
ആചാരങ്ങള്‍ക്ക് പോലും
നിന്റെ മൗനത്തെ
ഉടയ്ക്കുവാന്‍ ആയില്ല.
ഞാന്‍ ഓര്‍മിക്കുന്നു
1927ലെ ആ ദിവസം
നിങ്ങളുടെ മുഖം
അസാധാരണമായി പ്രസന്നമായിരുന്നത്.
നിങ്ങളുടെ കത്തുന്ന രൂപം
സമരത്തിനിടയിലൂടെ തിളങ്ങിയത്.
എണ്ണമില്ലാത്ത ശരീരങ്ങള്‍
മണ്‍പാത്രങ്ങള്‍പോലെ
ഒന്നൊന്നായി
വെള്ളത്തില്‍ ഇറങ്ങി ഒഴുകിയത്.
ആകാശം
ഇടിമുഴക്കത്താല്‍
കരഘോഷം മുഴക്കിയത്.
നക്ഷത്രങ്ങള്‍ അവരുടെ
പ്രഭ ചൊരിഞ്ഞത്
അവര്‍ പറയും
കളിമണ്ണ് തീയില്‍ ദൃഢമാവുമെന്ന്
പക്ഷെ ആ ദിവസം
ഭൂമി മുഴുവന്‍ ചാദ്വാര്‍ കുളത്തില്‍ വെച്ച്
പക്വത ആര്‍ജിച്ചു.
നിങ്ങളുടെ സഹോദരിമാര്‍
അവരുടെ കയ്യിലെയും കഴുത്തിലെയും
അടിമത്തത്തിന്റെ അടുപ്പമുള്ള ചങ്ങലകള്‍
ശുദ്ധീകരിച്ചപ്പോള്‍
വിപ്ലവത്തിന്റെ ഒരു തിര
ആഞ്ഞടിച്ചു.
അപ്പോള്‍ നിങ്ങള്‍
നൂറ്റാണ്ടുകള്‍ക്കപ്പുറം
ഉണര്‍ന്ന ഒരു സിംഹത്തെ
പോലെ ഇടിമുഴക്കിക്കൊണ്ട്
വേട്ടക്കാര്‍ക്ക് നേരെ പീഡകര്‍ക്ക് നേരെ അലറി.
ഞാന്‍ ഇപ്പോഴും ആ ദിവസം ഓര്‍ക്കുന്നു
കൂട്ടായ്മയില്‍ ജ്വലിച്ചു മുഴുകി
അതേസമയം മറുവശത്ത്
മൃഗതുല്യമായ രോഷത്തിന്റെ
അനുരണനങ്ങള്‍.

നിങ്ങള്‍ മുന്നോട്ട്
പോവുകയായിരുന്നു
സമൂലമായ ഒരു മനുഷ്യത്വവാദി.
ആയിരക്കണക്കിന് മാനവികവാദികള്‍ നിങ്ങള്‍ക്കൊപ്പം.
സര്‍വ്വശക്തനെന്നു അവകാശപ്പെടുമെങ്കിലും
ക്ഷേത്രവാതിലുകള്‍ക്ക് പുറകില്‍ ഒളിച്ചിരിക്കുന്ന
ആ ദൈവത്തിന് അരികിലേക്ക്.
അവര്‍ നിങ്ങളെ തടഞ്ഞു.
ലാത്തിയാല്‍ അടിച്ചു
പക്ഷെ നിങ്ങള്‍, അങ്ങനെ
നിര്‍ത്താന്‍ കഴിയാത്തവന്‍
തീ തുപ്പികൊണ്ടേയിരുന്നു
ദിവ്യത്വത്തിന്റെ പുരാതന
നിയമാവലികള്‍ക്കൊപ്പം
കത്തിക്കൊണ്ടിരുന്നു.

നമ്മുടെ ചരിത്രം നമുക്ക്
തന്നെ കൊത്തിവെക്കാമെന്ന്
നിങ്ങള്‍ അന്ന് ഉജ്ജ്വലമായി
ഉദ്‌ഘോഷിച്ചു.
ഏറ്റവും നീലയായുള്ള വെള്ളം നിങ്ങളിലൂടെ
ഞങ്ങളുടെ കൂട്ടായ ഞരമ്പുകളെ വൈദ്യുതീകരിച്ചു.
ഞങ്ങളുടെയെല്ലാം ഭാവനകളെ, സ്വപ്നങ്ങളെ, വേദനകളെ, ദാഹത്തെ
നനച്ചും, തീറ്റ കൊടുത്തും പരിപോഷിപ്പിച്ചും.

 

വിവര്‍ത്തനം: ബിന്ദു ജഗദീഷ്
അനിത ഭാരതി ഇന്ത്യന്‍ ദലിത്, ഫെമിനിസ്റ്റ്, എഴുത്തുകാരി, കവയിത്രി, വിദ്യാഭ്യാസവിചക്ഷണ, വിമര്‍ശക എന്നീ നിലകളില്‍ അറിയപ്പെടുന്നു. അവരുടെ പ്രധാനപ്പെട്ട കൃതികള്‍ സമകാലീന്‍ നാരീ വാദ് ഓര്‍ ദലിത് സ്ത്രീ കാ പ്രതിരോധ് (2013), ഏക് കദം മേരാ ഭീ (2013), യാഥാസ്ഥിതി സെ തകരാട്ടേ ഹുഎ ദലിത് ജീവന്‍ സെ ജുഡീ കഹാനിയാം (2015), ജൂട്ടേ പന്‌ഖോം ഖി ഉദ്ദാന്‍ (2017) എന്നിവയാണ്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ അവരുടെ ചെറുകഥാ സമാഹാരം ഏക് ധി ഖോട്ടേ വാലി ടാത്ത അന്യ കഹാനിയം (2012) എന്ന കൃതിക്ക് അടുത്തിടെ ഇംഗ്ലീഷ് PEN അവാര്‍ഡ് ലഭിക്കുകയുണ്ടായി.

 

No Comments yet!

Your Email address will not be published.