Skip to main content

കടലിനെ ആരും മായ്ച്ചുകളയുന്നില്ല

കടൽ കണ്ട പെൺകുട്ടി
അത്ഭുതപ്പെട്ടു.
തിരകളുടെ നൃത്തം
അവളുടെ ഹൃദയത്തെ ഉമ്മവെച്ചു.
കല്ലുകളിൽവീണ് ചിതറും തിരകൾ
മഴവില്ലുകളിലേയ്ക്ക് അവളെ ചിതറിച്ചു.
ആകാശം, കടൽ മേലേയ്ക്കെറിഞ്ഞ
പാവക്കുട്ടിയായി തോന്നിച്ചു.
കടൽ അനന്തതയുടെ
പട്ടുപാവാട ഞൊറികളായി
കടലിൻ്റെ പാട്ടും കവിതകളും
അവളെ പട്ടംപോലെ പറത്തി.

കടൽ കണ്ട പെൺകുട്ടി മടങ്ങി.
വഴികൾ ചെറുതായി
വീടിൻ്റെ വലുപ്പം കുറഞ്ഞു.
മരങ്ങൾ കുള്ളൻമാരായി.
മതിൽ കുഴിയാനയായി.
അവൾ മുറിയിൽ കയറി വാതിലടച്ചു.
വലിപ്പങ്ങളിലേയ്ക്ക് ഹൃദയത്തെ
നീട്ടിവരച്ചു.

ഋതുമതിയായശേഷം
അവൾ കടലു കാണാൻ പോയിട്ടേയില്ല.
കടൽ അവളിലേയ്ക്ക് വന്നു.
നോക്കുന്നിടത്തൊക്കെ
അത് പരന്നുകിടന്നു.
നോക്കാത്തിടത്തൊക്കെ
അത് പതുങ്ങിയിരുന്നു.
ഉള്ളിൽ മുഴുക്കെ ഉപ്പ് ചിരിച്ചു.

അവളുടെ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
നിർജ്ജലീകരണം എന്ന് എഴുതിയിരുന്നു.

വീണ്ടും വീണ്ടും പെൺകുട്ടികൾ വരുന്നു.
കടൽ വലുതാകുന്നു.
അവർ അത്ഭുതപ്പെടുന്നു.
കടലിലെ നർത്തകിമാർ
അവരെ നോക്കി ചിരിക്കുന്നു.
കടലിനെ ആരും മായ്ച്ചുകളയുന്നില്ല.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.