
1.
ഭരിക്കുന്നത് എത്ര ബുദ്ധിമുട്ടെന്ന്
മന്ത്രിമാര്‍ ജനങ്ങളോട്
എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു
മന്ത്രിമാര്‍ ഇല്ലായിരുന്നുവെങ്കില്‍
മോളിലേക്ക് വളരേണ്ട ചോളം
മണ്ണിന്നടിയിലേക്ക് വളരുകയില്ലേ ?
അധികാരി അത്ര മിടുക്കനല്ലായിരുന്നെങ്കില്‍
ഒരു തുണ്ട് കല്‍ക്കരി പോലും
ഖനിയില്‍ നിന്ന് പുറത്തു വരുമോ ?
പ്രചരണ വിഭാഗം മന്ത്രിയില്ലെങ്കില്‍
ഏതെങ്കിലും പെണ്‍കുട്ടി
ഗര്‍ഭം ധരിക്കാന്‍ സമ്മതിക്കുമോ ?
യുദ്ധത്തിന്റെ മന്ത്രിയില്ലായിരുന്നെങ്കില്‍
എന്നെങ്കിലും യുദ്ധമുണ്ടാകുമോ ?
സര്‍വ്വാധിപതിയുടെ സമ്മതമില്ലെങ്കില്‍
രാവിലെ സൂര്യന്‍ തന്നെ ഉദിക്കുമോ?
അഥവാ ഉദിച്ചാലും അത്
ശരിയായ ദിക്കിലായിരിക്കുമോ?
2.
ഒരു ഫാക്ടറി നടത്തിക്കൊണ്ടു പോകലും
അതു പോലെ ബുദ്ധിമുട്ടെന്ന്
അവര്‍ പറയുന്നു
മുതലാളി ഇല്ലെങ്കില്‍
മതിലുകള്‍ ഇടിഞ്ഞു വീഴില്ലേ?
യന്ത്രങ്ങള്‍ തുരുമ്പിക്കില്ലേ?
എന്നൊക്കെ അവര്‍ പറയുന്നു
എവിടെയെങ്കിലും ഒരു കലപ്പ
നിര്‍മ്മിച്ചാല്‍ തന്നെ
ഫാക്ടറി മുതലാളി കര്‍ഷകനെഴുതുന്ന
കൗശല വചനങ്ങളില്ലെങ്കില്‍
അത് വയലിലെത്തുമോ?
കലപ്പകള്‍ ഉണ്ടെന്നു തന്നെ
അല്ലെങ്കില്‍ അവരെങ്ങനെ അറിയും ?
ഭൂവുടമയില്ലെങ്കില്‍ തോട്ടങ്ങളൊക്കെയും
എന്താകും ?
ഉരുളക്കിഴങ്ങിനു പകരം അവര്‍
തിന വിതച്ചു കളയില്ലേ?
3.
ഭരിക്കുന്നത് എളുപ്പമായിരുന്നെങ്കില്‍
സര്‍വ്വാധിപതിയുടേതു പോലെ
ഉജ്ജ്വല മനസ്സുകളുടെ
ആവശ്യമേ ഉണ്ടാകില്ല
തൊഴിലാളിക്ക് യന്ത്രമോടിക്കാനറിഞ്ഞാല്‍,
കര്‍ഷകന്‍ അവന്റെ വയലും
കേക്കിന്റെ പലകയും തമ്മില്‍ തിരിച്ചറിഞ്ഞാല്‍
ഫാക്ടറി മുതലാളിയും ഭൂവുടമയും
ആവശ്യമായി വരില്ല
അവരൊക്കെ അത്രമാത്രം
വിഡ്ഢികളായതു കൊണ്ടല്ലേ
ഇത്രയും മിടുക്കന്മാരായ കുറച്ചുപേര്‍
ആവശ്യമായി വരുന്നത് ?
4.
അതുമല്ലെങ്കില്‍
തട്ടിപ്പിലും പിടിച്ചുപറിയിലും
വൈദഗ്ദ്ധ്യം വേണ്ടതു കൊണ്ടാകുമോ
ഭരിക്കുന്നത് ഇത്ര മാത്രം
ബുദ്ധിമുട്ടായിരിക്കുന്നത് ???
***
വിവര്‍ത്തനം : പ്രതാപന്‍ എ.







No Comments yet!