Skip to main content

പാലസ്തീനിയൻ കവി നജുവാൻ ഡാർവിഷിന്റെ മൂന്നു കവിതകൾ

ഞാൻ മണ്ണിനെ എഴുതുന്നു

എനിക്ക് പിറന്ന മണ്ണിനെ എഴുതണം
മണ്ണ് തന്നെയാകണം അതിന്റെ വാക്കുകൾ
പക്ഷേ ഞാൻ
അറബികളാൽ വിസ്മരിക്കപ്പെട്ട്
റോമാക്കാർ കൊത്തിയെടുത്ത ഒരു പ്രതിമ മാത്രം.
അധിനിവേശ ഭീകരത
എന്റെ അറ്റുപോയ കൈ അപഹരിച്ച് മ്യൂസിയത്തിൽ പതിച്ചു വച്ചു.
എന്നാലും
എനിക്കെഴുതണം
ഞാൻ പിറന്ന മണ്ണ്
എവിടെയുമുണ്ടെന്റെ വാക്കുകൾ
മൗനമാണ് എന്റെ കഥ.

വെടിയൊച്ചകളുടെ അവസാനം

നാളെ ആരും നിങ്ങളെ അറിയുകയില്ല
വെടിയൊച്ച നിലച്ചിരിക്കുന്നു.
നിങ്ങളുടെ ഹൃത്തടത്തിൽ പുനരാരംഭിക്കുവാൻ വേണ്ടി മാത്രം.
നിർമ്മിതികൾ മുഴുവൻ തകർന്ന് നിലം പതിച്ചു
ദിങ് മണ്ഡലം കത്തി ദഹിക്കുന്നു
നിങ്ങളുടെ ഉള്ളിനെ ഉൽക്കടമാക്കുന്ന
തീ പടർത്താൻ മാത്രം,
കല്ലുകൾ പോലും വെന്തുരുക്കുന്ന
തീജ്വാലകൾ.
കൊല്ലപ്പെട്ടവർ നിദ്രയിൽ ആണ്ടിറങ്ങി,
പക്ഷേ ഉറക്കം ഒരിക്കലും നിങ്ങളെ തേടി വരില്ല
എക്കാലവും ഉണർന്നിരിക്കുക,
ഉന്നിദ്രമാവുക
ഈ മഹാശിലകൾ,
അപഗമിക്കപ്പെട്ട ദൈവങ്ങളുടെ മിഴിനീർ,
തകർന്നു പൊടിയുന്നതു വരെ

ക്ഷമ
അതിരു കണ്ടിരിക്കുന്നു,
കാരുണ്യം ചോര വാർന്ന്
കാലത്തിനു വെളിയിലാണ്.
നിങ്ങളെ ഇപ്പോൾത്തന്നെ ആരുമറില്ല
നാളെയും ആരുമുണ്ടാകില്ലറിയാനും.
ബോംബുകൾ പതിക്കുന്നിടത്ത്,
നട്ടുപിടിപ്പിക്കപ്പെട്ട വൃക്ഷങ്ങൾ പോലെ ശ്വസനമറ്റവർ നിങ്ങൾ.
മുറിയിൽ ദുഃഖം വാർന്നൊഴുകുന്നു.
ഞാനൊരു പ്രേതാത്മാവെന്നപോലെ
പ്രവേശിക്കുന്നു.
ബോംബ് വർഷ മദ്ധ്യേ
നിങ്ങൾ നട്ടുവളർത്തിയ
കൈവെടിയപ്പെട്ട നിങ്ങളുടെ വീടുകളിൽ.

പ്രാണ വായുവിന്റെ നിഷേധം

മുറികളിൽ വിഷാദം അണപൊട്ടുമ്പോൾ
ഞാൻ പ്രേതാത്മാവായി
കുടിയിറക്കപ്പെട്ട നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നു
പ്രാണനും കയ്യിലേന്തി.

എന്റെ കെടുതികളിൽ നടന്നും, അതിനിദ്രയിലാണ്ടും,
വിജനതയ്ക്കും
എന്റെ ഏകാന്തതയ്ക്കും ഒപ്പം നടന്നെത്തുക എത്ര നിരുന്മേഷകരം.
എനിക്കുമേല്‍ അമർന്ന് എന്നെ ഭാരപ്പെടുത്തുന്നു –
ഈ ഉപേക്ഷിക്കപ്പെട്ട വീടുകൾ,
അവിടെ നിറയുന്ന വിജനത
ഞാൻ കടന്നുചെന്നു
അവരുടെ
തകര്‍ന്ന ഹൃദയത്തിലേക്ക് ആസന്നമരണത്തിലേക്ക്.
പേർഷ്യൻ, അറബ്, ബൈസാന്റൺ
ആർക്കും എന്നെ തൊട്ടറിയാനാകില്ല.
ഞാനെന്നും ചരിത്രത്തിന്റെ
ഉൾസാരങ്ങളിൽ ഇടമില്ലാത്തവനോ?
എന്റെ വീഥികളിൽ നിന്നും ചരിത്രം എങ്ങനെ അപ്രത്യക്ഷമായി –
നൊടിയിട ലോകത്തെ പുറത്തേക്ക് വിടർത്തുന്ന കവിതകൾ?

നിങ്ങളെല്ലാവരും പിന്നെയെങ്ങനെ നഷ്ടോന്മുഖരായി?
എന്റെ വിനാശത്തിന്റെ ഓഹരി പറ്റി
പിന്നെ ഭൂതകാലത്തിൽ ഉപേക്ഷിക്കപ്പെട്ടു,
അടയാളപ്പെടാത്ത ഉപഗ്രഹം –
എനിക്ക് വേണ്ടി ഒഴിച്ചിട്ട് എന്നിൽ
അതിന്റെ ഭാരം ചുമത്തി.
ഞാൻ വിടചൊല്ലിയെങ്കിൽ ഇവിടെ ആരുമേ
ഉണ്ടാകുമായിരുന്നില്ല
ശൂന്യതയല്ലാതെ,
എന്റെ സ്വരം വിഴുങ്ങുന്ന അതിന്റെ പരുഷ മുഴക്കങ്ങളല്ലാതെ.

 

*******

 

One Reply to “പാലസ്തീനിയൻ കവി നജുവാൻ ഡാർവിഷിന്റെ മൂന്നു കവിതകൾ”

  1. മനോഹരമായ മൊഴിമാറ്റം. നോവിനാൽ വേവുന്ന കവിതകൾ ❤️👍

Your Email address will not be published.