വളവിനപ്പുറമെന്തിരിക്കട്ടെ
പുളകമാണതിന്‍ വടിവുകള്‍
കുന്നുമാകാശവും കെട്ടുപിണയുന്ന
ഗൂഢവേഴ്ച്ചതന്നിക്കിളിച്ചെരിവുകള്‍
കണ്ടു കണ്ടില്ലതിന്‍ നഗ്നനാടകം
കണ്ടിരിക്കെ മറയ്ക്കുമിരുളല.
മേഘയാത്രികന്‍ വന്നിറങ്ങുമ്പോ
ളുഗ്രമിന്നലിൽ പൂക്കുമുടൽത്തിണ
കാറ്റിലെത്തുന്നു ഗന്ധങ്ങള്‍, ശബ്ദങ്ങള്‍
കാടിറങ്ങുന്നു വിശപ്പിന്റെ ഭൂതങ്ങള്‍
പൊന്‍വെയില്‍ വെട്ടലിലാകാശചാരികള്‍
പുല്‍ക്കുടില്‍ തേടും പതംഗചിത്രങ്ങള്‍
കാട്ടരുവികള്‍ വാറ്റുമുഷ്ണത്തിന്റെ
മധുരപാനക ലഹരിയോളങ്ങള്‍
ചെന്നു കുമ്പിട്ടു കൈക്കുടന്നയില്‍
കോരിമോന്തും കരിമ്പനക്കാമുകർ.
വേച്ചുപോകുന്നു വേർപ്പും മുടന്തുമായ്
അജപാലകർ പാടി നേർപ്പിച്ച പാട്ടുകൾ
പാട്ടിനറ്റം പിടിച്ചു കയറുന്നു
താരവല്ലിയിൽ മിന്നാമിനുങ്ങുകൾ
മിന്നിയോരോന്നണയും പൊടുന്നനെ
പിന്നെയും പൂത്തു പൊങ്ങും വെളിച്ചങ്ങൾ
കുന്നു കേറുന്നു പിന്നെയുമുത്സാഹം
മുന്നിലുദ്യാന വർണവിസ്താരം.
വളവിനപ്പുറം വളവുകൾ മാത്രമാം
നിറവൊളിപ്പിക്കുമിരുളതിരുകൾ
കൂർത്ത കുന്നുമഗാധമാം കൊക്കയും
മേലെയാകാശമടിയിൽ സമുദ്രവും
കാണുമൊ,ന്നതിൻ മറവിലിരിക്കയാം
കാണാ പ്രപഞ്ചമനേക രൂപങ്ങളിൽ
വരയിൽ വാക്കിലും കാണും വളവുക
ളാരോ മറയ്ക്കുന്ന കാന്താരശോഭകൾ.
2
കുതുകമാര്‍ന്നൊരെന്‍
കണ്ണില്‍ മായുന്നു
ക്ഷണിക കാഴ്ച്ചകളൊന്നിൻ നിഴലുകൾ
വളവിനപ്പുറമെത്തി ജേസീബി
വികസനോത്സവത്തിടമ്പെഴുന്നെള്ളത്ത്
കൊട്ടുഘോഷങ്ങളായ്-
ക്കര പ്രമാണിമാര്‍
കുന്നുകേറും ചടങ്ങൊരുങ്ങുന്നു
നാട്ടുപാതകൾ ചുറ്റിയെത്തുന്നു
ടിപ്പർലോറികൾ
ദേശവരവുകൾ.
ഗഗനമേ വേണ്ട,
കുന്നിന്‍ നെറുകയില്‍
ചുണ്ടമര്‍ത്തി വിതുമ്പി നില്‍ക്കേണ്ട
കാട്ടുതീയിൻ
കനലുകൾപോലെ
കീടമൊന്നും
പറന്നുലാവേണ്ട
മിന്നലിൻമൊഴി
മാറും നടുക്കത്തിൽ
മേഘചാരി മിഴി നീരു തൂവേണ്ട
പാട്ടുതിർന്ന വഴിയിൽ,
മരിച്ചവരീണം കൊളുത്തി
ജപിച്ചിരിക്കേണ്ട.
ലോകമെത്ര
വിശാലമാകുന്നു
കാണുമെത്രയോ
കുന്നിന്‍ കുനിപ്പുകള്‍
കുന്നുതന്നെയേ
നഗരമാകുന്നതും
പിന്നെയാഴിയിൽ
സമാധിയാവുന്നതും.
കുന്നിടിക്കെ
മറയും വളവുകൾ
വയലിലല്ലോ
വിളഞ്ഞു നിൽക്കുന്നു !
കുന്നിടിക്കെ
മറയും ചെരിവുകൾ
കഥയിലല്ലേ
നിറഞ്ഞു തൂവുന്നു?.
മറ്റു പൂച്ചെടിയെന്നെനിക്കില്ലല്ലോ
പച്ചയേതുമെനിക്കന്നമാകുന്നു
വെണ്ണപോല്‍ കോരിയെടുക്കുന്നു കൂര്‍പ്പന്‍
നഖങ്ങളാര്‍ന്നൊരെന്‍ കയ്യുകള്‍
കുന്നുകുന്നായി
മറിയുമുരുളകള്‍
കുഞ്ഞുവായ്ക്കകത്തേതു പാതാളം?
എത്രയുണ്ടാലമരും പശിയുടെ
യാളലുമെന്തിനെന്നില്ലാത്ത കാളലും?.
3
വളവു നീർത്തുകയാണു വികസനം
വയലുകൾ മൂടിപ്പണിയുന്ന പട്ടണം
വേഗമേറുമ്പോളകംപുറം കാണില്ല
വേഗപാതയിൽ
കാഴ്ച്ചകൾ നിൽക്കില്ല.
നാമുടൽവിട്ടുപോകണം യാത്രയി
ലുടലു വേറെ പണിഞ്ഞു വെയ്ക്കണം
പച്ചകുത്തണം കുന്നും പുഴകളും
യന്ത്രമുഷ്ടിയിലന്ത്യപ്രകൃതിയെ !.
■
No Comments yet!