I
വാക്കിൻറെ വിപിനസ്ഥലികളിൽ എവിടെയോ മറന്നുവെച്ച ഒരു ചിരി.
അബോധനാരിന്റെ അറ്റത്ത് അകന്നുപോയ കണ്ണികൾ.
അക്ഷരക്കൂട്ടിലിട്ട് ജീവൻവയ്പ്പിച്ച നേരിന്റെ നാര് .
അന്ന് യാമിനിയുടെ നിലാവല എനിക്കായി തുറന്നു തന്നു.
എനിക്ക് ഇഷ്ടമില്ലാത്ത നിൻറെ പേര്
ഹൃദയമുദ്രയിൽ നിന്ന് മാറ്റിവെച്ചു
ഓർമ്മകളെ കുടഞ്ഞിട്ട നാൾ
മിഴിപ്പൂക്കളെ പിഴുതെറിഞ്ഞു.
***
II
മൊഴി കൊതിച്ചപ്പോൾ വിരലുകൾ പകർത്തിവച്ചു
മധുരമെന്നോർത്തപ്പോൾ
ചുണ്ടുകൾ പൊതിഞ്ഞു വച്ചു
രുചികളെയെല്ലാം
നാവിലയിൽ നിരത്തി വച്ചു
വരുമെന്ന് ഓർത്തപ്പോഴേക്കും കാൽപാദങ്ങളെ കരുതിവച്ചു
പാതി വീണ്ടും കാണാമെന്നോർത്ത് കിനാവിനെ പിടിച്ചു വെച്ചു
വീണ്ടും പറക്കാം എന്നോർത്ത് ഒരു നീലാകാശത്തെ ഉമ്മ വച്ചു
നുണഞ്ഞിറക്കാം എന്നോർത്ത് നിലാവിനെ കോരിക്കുടിച്ചു
മായും മുമ്പ് പിടിക്കാമെന്നോർത്ത് ഒരു മഴവില്ലിനെ പറിച്ചുവെച്ചു
കിലുങ്ങും എന്നോർത്ത് കൊലുസിന്റെ മണികളെ കനവിൽ കെട്ടിവെച്ചു
കിട്ടിയ സ്നേഹപ്പൂക്കളെല്ലാം മിഴിനൂലിൽ കുരുത്തു വെച്ചു
തിരയറിയും മുമ്പേ കടൽ ചിപ്പികളെ പെറുക്കി വെച്ചു
ഇനി ഒന്നും ബാക്കിയില്ല.
***
III
അതെ ഒന്നും ബാക്കിയില്ല !
നീയെന്ന സത്യം മാത്രം…….
ആ മുഖമെന്ന വീഞ്ഞ് മാത്രം
അതുമാത്രം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.
അതെന്റെ ജീവരക്തം ഊറ്റിയാലും പാഴ്ത്തൊണ്ടായ്
ഞാൻ ഉപേക്ഷിക്കപ്പെട്ടാലും ഈ മടിത്തട്ടിൽ……
ആ പടിക്കെട്ടിൽ എനിക്ക് പിടഞ്ഞു വീഴണം.
***







No Comments yet!