Skip to main content

ജീവനും സ്വത്തിനും

ഇടയ്ക്കെപ്പോഴോ ഭരണഘടന
ഉറപ്പിന്റെ ഉരുക്കാണികൾ കൊണ്ട് ഭദ്രമാക്കിയ
വാചകങ്ങൾ പുസ്തകം വിട്ട് പുറത്തുചാടിപ്പോയി.

അവ വളരെ തിടുക്കത്തിൽ ഇരുട്ട്
കൂടാരങ്ങളുടെ മറപറ്റിയൊഴുകുന്ന
അഴുക്കുചാലുകളിലൂടെ നീങ്ങി തുടങ്ങി.
തിരിച്ചു കൊണ്ടുവരാൻ നീതിപീഠം
കാണിച്ച ശുഷ്‌കാന്തി
ഫലം കാണാതെ ക്ഷീണിതമായി.

പരമോന്നത കോടതിക്കുപോലും കണ്ണിൽ
കനത്ത കറുപ്പ്,
നാവിൽ കയ്പ്പും ചവർപ്പും കൊണ്ട്
നീതിക്ക് രുചി അറിയാനായില്ല.

“ജീവനും സ്വത്തിനും സംരക്ഷണം”
പൂർണമായും വീണ്ടെടുക്കാനാവാതെ
നിയമങ്ങൾ വീണ്ടും വീണ്ടും പുതുക്കിക്കൊണ്ടേയിരുന്നു…

വീമ്പു പറച്ചിലുകൾക്കൊടുവിൽ,
ചൂടൻ ചർച്ചകളുടെ അവസാനം,

നഷ്ടപ്പെടുന്ന മാനത്തിനോ ജീവനോ
നിരുപാധികം നീതിയില്ലാതെ എത്രയോ
ആത്മാക്കൾ ആകാശത്തേക്ക് കയറിപ്പോയി!

വേദനകൾ, നിലവിളികൾ, പരാതികൾ,
ശാപവാക്കുകൾഇതൊക്കെ മുഴക്കിയൊടുങ്ങുന്ന അനേകരുണ്ടിവിടെ.
ഏതാനും നാളുകൾ നീണ്ടുനിൽക്കുന്ന
സംവാദ കോലാഹലങ്ങൾ, ആഘോഷരാവുകൾ
ഒക്കെ ശാന്തം.

കുരുതി കൊടുക്കപ്പെടുന്ന അനാഥ ജന്മങ്ങൾ,
കുരുന്നുപൂക്കൾ, ശലഭക്കൂട്ടുകാർ,
ഏത് പീഠങ്ങൾക്കു നേർക്കാണിവർ
കയ്യുയർത്തേണ്ടത്?
അസമത്വത്തിന്റെ കട്ടിച്ചങ്ങലകളെ അറുത്തു മാറ്റാൻ,
തനിയാവർത്തനങ്ങളുടെ പൊട്ടാച്ചരട് അഴിച്ചെറിയാൻ,
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ, സന്തോഷത്തിന്റെ,
സ്നേഹപ്പെയ്ത്തുകളേറ്റ് സ്വച്ഛമായിവിടെ നടക്കാൻ?
നിഷേധിക്കപ്പെട്ട നീതി പണത്തിനും മീതേ പറക്കാതിരിക്കാൻ?
അധികാര ഗർവ്വിന്റെ കൊഴുപ്പിലടിയാതിരിക്കാൻ,
വെള്ളപൂശലുകളുടെ ദന്ത ഗോപുരങ്ങൾ
തകർന്ന് വീഴാൻ,
എപ്പോഴാണൊരു വീണ്ടെടുപ്പുണ്ടാവുക?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “ജീവനും സ്വത്തിനും”

  1. അനീതിക്ക് എതിരെയുള്ള ഈ ചൂണ്ടുവിരൽ നന്നായിരിക്കുന്നു

Your Email address will not be published.