Skip to main content

പടം വരയ്ക്കുന്ന പെൺകുഞ്ഞ്

വരയ്ക്കണമമ്മേ,
എനിക്കൊരാകാശം.

വരയ്ക്കൂ നീ കുഞ്ഞേ.

വരച്ചു ഞാനമ്മേ.

പടരാനെന്തു നിൻ
നിറങ്ങളിങ്ങനെ?

പരിധിയറ്റല്ലോ
പടരുന്നാകാശം.

വരയ്ക്കണമമ്മേ,
എനിക്കു ഭൂമിയെ.

വരയ്ക്കൂ നീ കുഞ്ഞേ.
വരച്ചു ഞാനമ്മേ.

ഇതാരാണെൻ കുഞ്ഞേ?
ഇവളെൻ ചങ്ങാതി.

എവിടെപ്പോയ് ഭൂമി?

അവൾ തൻ സഞ്ചിയിൽ.

വരയ്ക്കണമമ്മേ
എനിക്കു ചന്ദ്രനെ.

വരയ്ക്കൂ നീ കുഞ്ഞേ.

വരയ്ക്കാൻ വയ്യമ്മേ.

വരയ്ക്കാൻ വയ്യെന്നോ?

അലകളപ്പപ്പോൾ
അടിച്ചുടയ്ക്കയാൽ.

വരയ്ക്കണമമ്മേ
എനിക്കു സ്വർഗ്ഗത്തെ.

വരയ്ക്കൂ നീ കുഞ്ഞേ.

വരച്ചു ഞാനമ്മേ.

നിറങ്ങളെങ്ങു പോയ്?

അതിനില്ലാ നിറം.

വരയ്ക്കണമമ്മേ
എനിക്കു യുദ്ധത്തെ.

വരയ്ക്കൂ നീ കുഞ്ഞേ.

വരച്ചു ഞാനമ്മേ.

ഇതെന്താണീ വട്ടം?

പറയൂ നീയമ്മേ.

ഒരു ചോരത്തുള്ളി.

അതല്ലയെന്നമ്മേ.

ഒരു വെടിയുണ്ട.

അതുമല്ലെന്നമ്മേ.

പറയൂ നീ കുഞ്ഞേ.

ഇതു ബട്ടൺ, വിര-
ലമർത്തിയാൽ കെടും
വെളിച്ചമൊക്കെയും.

***

വിവ : സജയ് കെ.വി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.