എനിക്ക് എന്തോ മാതിരി…..
നിങ്ങൾ എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ
തുടങ്ങുന്നതിനേറെ മുൻപ്,
നിങ്ങൾ എന്നിലേക്ക് അടുക്കുന്നതിനു മുമ്പുളള ആ സമയം,
അല്ലെങ്കിൽ ആ കാലം
പറഞ്ഞറിയിക്കാനാകാത്ത വിധത്തിൽ
അതെന്നിൽ എന്തോ ഒന്നിന് തുടക്കമിട്ടു
എന്റെ ജന്തു അനങ്ങി തുടങ്ങിയിരിക്കുന്നു
അവിടെ വല്ല വിഷവും പുരട്ടി അതിനെ കൊല്ല്
എനിക്ക് വയ്യ.
കരയ്ക്കടിഞ്ഞ കൊമ്പൻ സ്രാവിന്റെ മുതുകത്തിരുന്നാണ്
ഞാനാ കഥ നിന്നോട് പറഞ്ഞത്.
അഴുകിത്തുടങ്ങിയപ്പോൾ ആദിമധ്യാന്തം നഷ്ടപ്പെട്ടു.
ഞാനിവിടെ നിന്റെ എല്ലാ അറകളും തപ്പി നോക്കി
നീ എന്ത് കണ്ടെത്തി ?
ലോഹ നക്ഷത്രങ്ങൾ
ഉരസുമ്പോൾ തീ പാറുന്ന നഗ്നമായ ഉടലുകൾ.
നെറുകയിലെ വര പിളർന്ന്,
ചോര പെയ്യുന്ന ശിരസ്സിന്റെ അവസാനത്തെ അക്ഷരം..
അത്..എന്തായാലും അത് ചോര കൊണ്ട് തീർത്ത
തീക്ഷ്ണമായ മനോവ്യാപാരത്തിന്റെ ചുവന്ന കിടയ്ക്ക് തന്നെ
ഒലിക്കട്ടെ..ഒലിക്കട്ടെ…ചീഞ്ഞ് അഴുകി ഒലിക്കട്ടെ…
പൂമരത്തിന്റെ തൊലി വിണ്ട പോലെ
ചത്ത പെരുച്ചാഴിയുടെ മണമുണ്ടതിന്
ഒന്നുകൂടെ അമർത്തി ചുംബിച്ചാൽ ആ വൃണം നിന്റെ ചുണ്ടിൽ പടരും.
എല്ലാ വൃണങ്ങളും ചിത കത്തുംപോലെ
എന്റെ അനാഥമായ ആന്തരാവയവങ്ങളിൽ
ഇരുൾ പെയ്തുകൊണ്ടിരിക്കുന്നു
ആ മുറിവിന് ചോരത്തണുപ്പ്.
ഞാനൊരു സ്വപ്നം കണ്ടു
പ്രവചനങ്ങൾ പിഴച്ച മന്ത്രവാദി,
വെപ്പാട്ടിയുടെ മലദ്വാരത്തിൽനിന്നും
ചെറുപാമ്പുകളെ വലിച്ചെടുക്കുന്നു
ഉടലൊടുക്കത്തിന്റെ ആദ്യപ്രവചനം പെണ്ണാണ് പറയുക
അല്ലെങ്കിൽ അപ്രാപ്യമായ…
പെയ്യരുതാത്ത മഴകളായിരുന്നു
അത് പെയ്ത് പെയ്ത് മുടിപ്പിച്ചു.
നീ ഇഴഞ്ഞ് വന്ന് ആ ജനൽപടിയിൽ നിന്ന് പുറത്തേക്ക് നോക്ക്,
ബൗദ്ധ വിഗ്രഹത്തിന്റെ കാൽപാദങ്ങളിൽ കെട്ടിക്കിടക്കുന്ന
ആ വൃത്തികെട്ട ജലാശയത്തിൽ നിന്നാണവ
ഒരു വിഷത്തിനും നശിപ്പിക്കാനാവാത്ത
രോഗം പടർത്തുന്ന കൗതുകമുളള സൂക്ഷ്മജീവികൾ
നീ ആ തുടയിടുക്കിലെ മുറിവൊന്ന് കാണിക്ക്,
അത് പഴുത്ത് കാണും
പഞ്ഞികൊണ്ട് തുടച്ച് എണ്ണ പുരട്ടി മരുന്ന് വെയ്ക്കണം
കിടയ്ക്കയിലെ പഞ്ഞി തുടിപ്പ് പോലെ,
എന്റെ എല്ലാ മുറിവുകളും ആടിയുലഞ്ഞ്
ആടി ഉലഞ്ഞ്…ആടി ഉലഞ്ഞ്..അത് അത്.
വാ, എന്നിലേക്ക് വാ…
ദൂഷിതമായി നെയ്തെടുത്ത തൂവാലയിലെ
മാരകമായ ഇണചേരലുകളിലേക്ക്…
നിറങ്ങളും വികാരങ്ങളും സന്നിവേശിക്കപ്പെട്ട,
അറുത്തുമാറ്റിയ കൈകളിലേക്ക്,
വാ… വാ… എന്റെ അടുത്തേക്ക് വാ…
നശിച്ച ഉടലിന്റെ അവസാനത്തെ ആട്ടം പോലെ വാ… വാ…
മേഘം മുട്ടി മുഴുത്തു നിൽക്കുന്ന നിന്റെ ലിംഗാഗ്രത്തിന്റെ
പുഴുവനക്കത്തിൽ തെളിഞ്ഞ് കണ്ട
കൊഴുപ്പുളള രേഖാചിത്രങ്ങളിലേയ്ക്കെത്താൻ
പരുത്ത തൊലി ചുളിവുകളിൽ അള്ളിപ്പിടിച്ച്
കാൽതെറ്റാതെ… ഉടൽ പതറാതെ….
വാ… വാ… ഒരുമ്പെട്ടവളേ, എന്റെ അടുത്തേക്ക് വാ…
ഇങ്ങനെ കിടക്ക്…
അങ്ങിനെയല്ല, ഇങ്ങനെ…
ഇങ്ങനെ കാല് പൊക്കി…
ഏ, എത്ര തവണ പറയണം,
പിൻഭാഗം തവളയുടേത് പോലെ, ആ, അങ്ങിനെ…
ആ, അതു തന്നെ…
ഇനി കുരിശാകൃതിയിൽ നിൽക്ക്,
അല്ലെങ്കിൽ പീഢനാനുഭവത്തെ ഓർമ്മിപ്പിക്കുന്ന
എന്തെങ്കിലും ഒന്ന് കാട്ട്,
മൂലാധാരത്തിന് കഴപ്പുണ്ടെങ്കിൽ നടുവളഞ്ഞ് പട്ടിയെപ്പോലെ…
ഇണചേരലിന്റെ വ്യത്യസ്ത രൂപങ്ങളിൽ നിന്ന് വേണം
നമുക്കെല്ലാം തുടങ്ങാൻ…
അങ്ങിനെ… അതെ… അതുപോലെ…
ഞാനൊന്നും ചെയ്യുന്നില്ല…
വെറുതേ ഇരിക്കുന്നു.
നിന്റെ ഉടൽ, വസ്ത്രം, ആഭരണങ്ങൾ,
ചുണ്ട്, കണ്ണ്, മൂക്ക്, കാൽപ്പാദം, കൈവെളള,
അങ്ങിനെ ഒന്നൊന്നായി നിന്നെ മുഴുവനും…
വയ്യ, വയ്യ…
കറുത്തതും കരിഞ്ഞതുമായ പുരാതന കനൽ വൃക്ഷം പോലെ
അത് അങ്ങനെ അവശേഷിക്കുന്നു.
കഥ പറഞ്ഞ് അങ്ങിനെ കൊഴുപ്പിക്കാനൊന്നും എനിക്ക് അറിഞ്ഞുകൂടാ
ശവങ്ങളെ സൂക്ഷിക്കുന്ന തണുപ്പിലേക്കാണെന്നെ പെറ്റിട്ടത്
കാലിടുക്കിലെ ചോരച്ചാലിൽനിന്നും ഒരു ചുവന്ന പിണ്ഡത്തെ വലിച്ചെടുത്തു
നൂറ്റാണ്ടുകൾ അളന്നു തീർത്ത കാൽപ്പാദങ്ങൾക്ക് നടുവിൽ മരവിച്ച്
എനിക്ക് വയ്യ
പറയാനും കരയാനും വയ്യ
എന്തായാലും നമ്മളൊരു ചെറിയ ഭാഷയെ പരസ്പരം പങ്കുവയ്ക്കുന്നു.
നിനക്കൊരു സ്വപ്നം പറഞ്ഞ് കൂടെ…
വേരുകൾ നീർ കുടിക്കാനെത്തുന്ന
ചേരുകുട്ടിയമ്മ എന്ന വേശ്യയുടെ പെരുംകുളപ്പടവിലേക്ക്
ആ…. ആ… എന്ന രണ്ടക്ഷരങ്ങൾക്കിടയിലൂടെ ഞാനൊരു കല്ലെറിഞ്ഞു.
അടിപ്പാവാട പൊക്കി നോക്കിയപ്പോൾ ചത്തുമലച്ച ജലജീവികൾ.
അടിവയറ് പൊളളലുകളിലേക്ക് ചൂളുന്നു.
കുടൽ പഴുത്ത് പുറത്തേക്കുന്തി നിൽക്കുന്ന കറുത്ത പുഷ്പം
വിസർജ്യത്തിന് ഗന്ധകത്തിന്റെ മണം
കുത്തിയിടത്ത് ആഞ്ഞുകുത്തി
കഠാരകൊണ്ട് ഒരു വൻകര തീർത്ത് അതിനെ ഉപദ്വീപുകളാക്കി തിരിച്ച്
ചാലുകളിൽ കെട്ടിക്കിക്കുന്ന രക്തത്തെ ഞാൻ പുറത്തേക്കൊഴുക്കി.
പരസ്പരം പൊറുത്തുകൂടേ?
പതുക്കെ പിടിച്ചിറങ്ങ്
ഓരം ചാരി… വഴുക്കലുണ്ടാകും…
തണുപ്പ്,
തളർച്ച…
ഓർമ്മകൾ ഓരോന്നായി വരിവെച്ച്
എന്നിലനക്കമുണ്ടാക്കുന്നു.
എന്നിൽ നിന്നിറ്റു വീണ എന്റെ
ചുവപ്പ് രാശിയിലേക്ക് ഒരു ചുവട്
പതുക്കെ… പതുക്കെ…
ഞാനെന്ത് പറഞ്ഞാലും അത് എത്തിച്ചേരുന്നിടം
ശ്മശാനമാണല്ലോ ദൈവമേ
ബാല്യം മുഴുവൻ ഉപ്പിട്ടുണക്കിയ കടൽമൽസ്യങ്ങളുടെ
നീണ്ട നിരയായിരുന്നു
അത് തുറക്കണ്ട…
തോറ്റവന്റെ പടക്കുപ്പായങ്ങൾ അടക്കം ചെയ്ത ആ പഴയ കഥ.
ആരെടാ, ചത്ത വീടിന്റെ കതകിൽ മുട്ടുന്നത്?
ആരായാലും ചിതയിലെ പുകപ്പടർപ്പിൽ തെളിയുന്ന
ആത്മരൂപത്തെ മനസ്സിൽ ധ്യാനിക്ക്,
പ്രാകൃതമായ ഉൾക്കൊഴുപ്പിൽ മുങ്ങിത്താണ്
എന്റെ വാചകത്തെ ചൊല്ലിപ്പഠിക്ക്,
ജനനേന്ദ്രിയത്തിന്റെ പുകയുന്ന നാക്കിലേക്ക്
ഇതൾപച്ച കൊണ്ടൊരു നേർച്ച നേര്,
ചത്ത ഭ്രൂണത്തിന്റെ ഇരുളനക്കത്തിലേക്ക്
അലമുറയിട്ടൊരു മന്ത്രം ചൊല്ല്,
ഉരൽക്കുഴിൽ ചുരുണ്ടിരിക്കുന്ന കരിനാഗത്തിന്
കാല് നീട്ടിക്കൊടുക്ക്,
മോക്ഷപ്രാപ്തിക്കായി തുടയിടുക്കിലെ മുറിവ് കാണിക്ക്.
ചുളിവുകളിൽനിന്നും എല്ലാ വേട്ടപ്പക്ഷികളും പറന്നുപോയിരിക്കുന്നു.
ഒരിക്കലും തിരിച്ച് വരാനാകാത്ത വിധം
ഉറയിൽനിന്നും ഉടലൂരിയെടുത്ത പോലെ.
ഉടൽപെരുക്കങ്ങളവസാനിച്ചു
കൈവെളള കീറി ചുണ്ടോടടുപ്പിക്ക്,
എല്ലാ സ്രവങ്ങളും കൈക്കുമ്പിളിലേക്ക്,
വെട്ടത്തെ ഉടലിനോടടുപ്പിക്ക്,
എല്ലാ മുറിവുകളും സൂക്ഷ്മമായി നിരീക്ഷിക്ക്,
നിലവിളിയോ… ഞരക്കങ്ങളോ…
ശ്വാസോച്ഛ്വാസത്തിന്റെ ക്രമാനുഗതമായ കയറ്റിറക്കങ്ങളില്ലാതെ…
ചലനമറ്റ പാതയിലൂടെ, ഞങ്ങളിലേക്ക്…!.
——
No Comments yet!