Skip to main content

സമതലങ്ങളിലെ ഋതുകാലം

കാശ്മീരില്‍ നാലാണ്
ഋതുക്കള്‍, തെളിഞ്ഞവ.
എന്റെയുമ്മ
ലഖ്‌നൗവിലെ ബാല്യത്തെക്കുറിച്ചു
പറഞ്ഞു, അവിടത്തെ
മഴക്കാലത്തെക്കുറിച്ചും.

യമുനാതടങ്ങളില്‍
കൃഷ്ണന്റെ ഓടക്കുഴല്‍
ഒലികൊള്ളുന്ന കാലം.
ഉമ്മ
ബനാറസിലെ തുംരി ഗായകരുടെ പഴയ പാട്ടുകള്‍ വയ്ക്കും,
സിദ്ധേശ്വരിയുടെയും
റസൂലന്റെയും പാട്ടുകള്‍.

കാറുയരുമ്പോള്‍
അവരുടെ കാതരസ്വരങ്ങള്‍
ആ ഘനശ്വാമനെ
കാമിക്കുന്നു.
മഴക്കാലം വിരഹത്തെ
തീവ്രതരമാക്കുന്നുവെന്ന്
ഓരോ ഗാനവും പറയുന്നു.

കൊടിയ വേനലിനെ
മഴയിലാറാടിച്ചു കൊണ്ട്
കുട്ടികള്‍ മുടുക്കുകളിലൂടെ
ഓടി നടക്കുമ്പോള്‍
അനുരാഗികള്‍ പരസ്പരം
സന്ദേശങ്ങള്‍ കൈമാറുന്നു.

ഹീരയും രഞ്ഛയും
അവരുടെ
നിഷിദ്ധാനുരാഗവും.
രാത്രി നീളെ
സുഗന്ധധൂപം
പുകച്ചു കൊണ്ടുള്ള
കാത്തിരിപ്പ്.

എന്റെ ഉമ്മയും
ഹീരയുടെ അനുരാഗതാപം വര്‍ണ്ണിക്കുന്ന
പാട്ടുകള്‍ മൂളിയിരുന്നു.

അവര്‍ ഒരിക്കലും
താന്‍ ചന്ദനത്തിരികള്‍ പുകച്ചിരുന്നുവോ എന്ന്,
കെട്ടുപോകുമ്പോള്‍ അവ
ചാരത്തിന്റെ
ഇളംകഴുത്തുകള്‍
ഉയര്‍ത്തിയിരുന്നുവോ എന്നും
എന്നോട് പറഞ്ഞിട്ടില്ല.

ഈര്‍പ്പം നിറഞ്ഞ
വായുവില്‍
തല ചായ്ക്കുന്ന
ആ കഴുത്തുകള്‍
ഞാന്‍
സങ്കല്പിക്കുക മാത്രം
ചെയ്തു.

അവര്‍
ഇത്രമാത്രം പറഞ്ഞു,
മഴക്കാലം ഒരിക്കലും
പര്‍വ്വതനിര താണ്ടി
കാശ്മീരിലെത്താറേയില്ല എന്ന്.

***

Agha Shahid Ali Qizibash (1949 – 2001) – Indian Born American Poet

No Comments yet!

Your Email address will not be published.