Skip to main content

ഹോണടിയൻ

വണ്ടി സ്റ്റർട്ടായാൽ പിന്നെ
വിരലുകൾ ഹോണിൽ തെരുപ്പിടിക്കും.
ഹോൺ ഒരു പിയാനോ കട്ടയാണെന്നും
താനൊരു സംഗീതജ്ഞനാണെന്നും
ഓനു തോന്നും.

ഏറ്റിയും കുറുക്കിയും
തെറ്റിയും തെറിപ്പിച്ചും
ആരോഹണത്തിലും അവരോഹണത്തിലും
ഹോണടിമേളം തീർക്കും.

വഴിയിൽ ഇലക്ട്രിക് പോസ്റ്റ് കണ്ടാലും
ഒരു രസത്തിന് ഹോണടിക്കും.
പോസ്റ്റേ, നീ മാറെടാ
അല്ലെങ്കിൽ നീ തീർന്നെടാ
എന്ന മട്ടിലാണ് കാഹളം.

ബബിൾഗത്തിലെ സത്ത തീർന്നാലും
ചുമ്മാ ചവച്ചുകൊണ്ടിരിക്കും പോലെ
വിരലുകൾ, ഹോണിൽ അയവെട്ടിക്കൊണ്ടിരിക്കും.

ഒരു ഹോൺവാചാലത, അപാരതയും!
പാതകളുടെ ചെറുമൗനത്തെ
ജലം പോലെ ചിതറിക്കും.
നീൾനാക്കനാണ് ഓൻ്റെ ഹോണും.
സുഹൃത്തിനെ കാണുമ്പോൾ
ഒരു ഗുഡ്മോണിങ് ഹോൺ,
അയൽക്കാരന് കുശലഹോൺ,
കെട്ടിയിട്ട നാൽക്കാലിയ്ക്ക് പരിഹാസ ഹോൺ,
തെരുവുപട്ടിയ്ക്ക് ഒരു ഹോൺകുര.

സ്കൂട്ടറുകൾക്കും
തീവണ്ടിഹോൺ വേണമത്രേ.
വിമാനങ്ങളുടെ ഹോണടി കേട്ടാല്‍
പക്ഷികൾ ഞെട്ടിമരിക്കണമത്രേ!
ഓരോരോ ഹോൺമോഹങ്ങളേ!

മിതവും സാരവത്തുമായ
ഒരു ഹോൺവാഗ്മിത
വാചാലതകളുടെ നാട്ടിൽ സാധ്യമോ?
ചോദ്യം തീരും മുൻപേ
മറുപടി ഉച്ചത്തിൽ വന്നു.
കീ…കി…, പീ…പീ…
പോം… പോം….

***

No Comments yet!

Your Email address will not be published.