Skip to main content

തട്ടീം മുട്ടീം

ചട്ടിയെ ചട്ടം പഠിപ്പിക്കുമെന്ന് കലം.
കലത്തെ കാലപുരിയ്ക്കയക്കുമെന്ന് ചട്ടി.

പരട്ടച്ചട്ടീ എന്ന് കളിയാക്കുമ്പോൾ
പേട്ടുകലമേ എന്ന് മറുകളിയാക്കൽ.
ചട്ടീം കലോം ഒട്ടുമേ
റൊമാൻറിക്കായിരുന്നില്ല.

ചട്ടി തട്ടുമ്പോൾ
കലം മുട്ടും.
കലം മുട്ടുമ്പോൾ
ചട്ടി തട്ടും.
തട്ടലും മുട്ടലും
മുട്ടലും തട്ടലും
അടുക്കള കലപിലമയം.
ടട്ടടടട്ടഠേ !

കലത്തിൽ കഞ്ഞി വേവുമ്പോൾ
ചട്ടിയിൽ കറി വെട്ടിത്തിളയ്ക്കും.
അടുപ്പിൽ പൊട്ടലും ചീറ്റലും.
പാത്രങ്ങളിലോ തിളനിലയും.
പിന്നെങ്ങനെ റൊമാൻറിക്കാകും?

തീച്ചൂടിനെക്കാൾ വലിയ കോപച്ചൂട്
ചട്ടിയിലും കലത്തിലുമുണ്ടായിരുന്നോ?
തട്ടിനു തട്ടും മുട്ടിനു മുട്ടും
വെട്ടിനു വെട്ടും കൈമാറിയവർ.
പ്രേമസന്ദേശങ്ങളോ
ചുവന്ന ഇമോജികളോ
ഇരുവർക്കുമിടയിൽ പറന്നില്ല.

തട്ടീം മുട്ടീമിരിക്കാതെ
തഴുകലും ഒഴുകലുമായിരുന്നെങ്കിൽ……
പറഞ്ഞു നാക്കെടുത്തില്ല,
യ്യോ , ദേ പിന്നേം തട്ടും മുട്ടും.
തഴുകിയത് തട്ടലായിപ്പോയിരിക്കാം.
വല്ലാതെ ബലം പിടിച്ചിരിക്കുന്ന –
തിനാലാകണം
നേർത്ത സ്പർശനം പോലും
മുട്ടലായി മാറുന്നു

ഏതെങ്കിലും കാമുകൻ
പ്രേമപൂർവ്വം ചട്ടി സമ്മാനിച്ചിട്ടുണ്ടോ?
കാമുകി കലം സമ്മാനിച്ചിട്ടുണ്ടോ?
മണ്ണിൻറെ ചളിമണവും
കുശവന്റെ വിയർപ്പുമണവും
അവയിൽ ചുവന്നുതിണർത്തു.

എന്തിനേറെ പറയുന്നു
വണ്ടി തട്ടി മരിക്കുമ്പോലെ
ചട്ടിമുട്ടി കലം മരിച്ചു.
ആദരാഞ്ജലികൾ!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.