Skip to main content

കല്ലുരുട്ടിപ്രാന്തന്‍

ദീര്‍ഘനാള്‍ കല്ലുരുട്ടിയപ്പോള്‍
നാറാണത്തിന് മടുപ്പുതോന്നി.
ഇടതുകാലിലെ മന്ത്
വലതുകാലിലെത്തിയ പോലെ
ഇടത്തേച്ചെരിവിലെ കല്ല്
വലത്തേചെരിവിലെത്തുന്നു.

ഒരേ കാര്യംതന്നെ
ചിട്ടയായി ആവര്‍ത്തിക്കുന്നവന്‍
എങ്ങനെ ഉന്മാദിയാകും?
ഒരു മാറ്റത്തിനായി
ഏതു പിരാന്തനാണ് കൊതിക്കാത്തത്?

സ്വന്തം ശരീരംതന്നെ
ഒരു കല്ലാക്കിയുരുട്ടണമെന്ന്
നാറാണത്തിനു തോന്നി.
താടി നീട്ടിയുഴിഞ്ഞ്
മലമുകളില്‍ നിന്നും താഴേക്കുചാടി.
ഉരുണ്ടും പിരണ്ടും തട്ടിത്തെറിച്ചും
താഴെയെത്തിയപ്പോള്‍
കാറ്റുപോയിരുന്നു.

ദിവ്യനായ ഉന്മാദിയായതിനാലോ
ഇടം – വലം മാറിക്കളിക്കുന്ന രീതികൊണ്ടോ
ഇടത്തേക്കു തെറിച്ച പ്രാണവായു
വലംചാടി നാറാണത്തിലുറച്ചു.
ഒരു നെടുവീര്‍പ്പോടെ പുള്ളിയെഴുന്നേറ്റു.

പുതിയ വെളിപാടില്‍
അയാള്‍ ചിരിച്ചുമറിഞ്ഞു.
നാറാണത്തിന്റെ ചിരിയലകള്‍
നതോന്നതതാളത്തില്‍
ഭൂമിയ്‌ക്കൊപ്പം ഭ്രമണംതുടങ്ങിയിരുന്നു.

പടുകൂറ്റനായ ഈ ഭൂമി
ശൂന്യാകാശത്തിലൂടെ
ആരോ ഉരുട്ടിവിട്ട ശിലയാണ്.

 

***

One Reply to “കല്ലുരുട്ടിപ്രാന്തന്‍”

Your Email address will not be published.