ലക്ഷഗുഹയിൽ വെച്ച്
നീ ഞങ്ങളുടെ പൂർവികരെ
ചുട്ടെരിച്ചു.
നീ അവരുടെ തള്ള വിരലുകൾ
അറുത്തു മാറ്റി
നീ സഹോദരങ്ങളെ തമ്മിലടിപ്പിച്ചു
കൊലയ്ക്കു കൊടുത്തു
നീ അവരെക്കൊണ്ട് അവരുടെ
വീടുകൾ പൊട്ടിത്തെറിപ്പിച്ചു
ഈ രക്തപങ്കിലമായ നാഗരികതയുടെ
മൃഗീയ മുഖമാണ് അത്.
അത് കൊണ്ടാണ് ഞങ്ങൾ
കാട്ടിൽ നിന്നു മടങ്ങി വരാതിരുന്നത്.
ഒരു ഇല വീണ് മണ്ണിൽ അലിയുന്ന ലാഘവം
അതാണ് നമ്മുടെ മരണത്തെക്കുറിച്ചുള്ള ചിന്ത.
നമ്മൾ ദൈവങ്ങളെ ആകാശത്തു തേടുന്നില്ല
അവരെ നമ്മൾ പ്രകൃതിയിൽ കാണുന്നു
ജീവനില്ലാത്തവയെ കുറിച്ച്
നമുക്ക് ഒരു ഭാവനയും ഇല്ല.
പ്രകൃതിയാണ് നമ്മുടെ സ്വർഗം
അതിന് എതിരെ പോകുന്നത് നരകമാണ്
സ്വാതന്ത്ര്യമാണ് നമ്മുടെ മതം
നിങ്ങളുടെ ഈ കെണി മതത്തിന്റെ ഈ തടവറ
നിങ്ങളുടെ രക്തപങ്കിലമായ നാഗരികതയും
അതിന്റെ മൃഗീയ മുഖവും
അത് കൊണ്ടാണ് സാഹിബ്
ഞങ്ങൾ കാട്ടിൽ നിന്ന്
മടങ്ങി വരാതിരുന്നത്.
സാഹിബ്, ഞങ്ങളാണ് ഭൂമിയുടെ സൈന്യം
ഞങ്ങളുടെ ജീവിതം അതിജീവനത്തിന് മാത്രമല്ല
വെള്ളം, കാട്, ഭൂമി, മനുഷ്യർ, മൃഗങ്ങൾ ഇവ
ഉള്ളത് കൊണ്ടാണ് നമ്മൾ
നിലനിൽക്കുന്നത്.
നീ ഞങ്ങളുടെ പൂർവികരെ
പീരങ്കി തുളയുടെ വായിൽ ചേർത്തു കെട്ടി
മരങ്ങളിൽ തൂക്കിയിട്ട്
അതിനു താഴെ തീ കൊളുത്തി
അവരുടെ പട്ടാളങ്ങളെ കൊണ്ട് അവരെ തന്നെ
കൂട്ടക്കൊല ചെയ്തു.
നീ ഞങ്ങളുടെ സ്വാഭാവിക ശക്തി ഇല്ലാതാക്കി
ഞങ്ങളെ കള്ളനെന്നും
കൊള്ളക്കാരെന്നും വിപ്ലവകാരികളെന്നും വിളിച്ചു.
നിങ്ങൾക്ക് ഒരു കടലാസ്സ് കഷ്ണം കൊണ്ട് ഞങ്ങളെ എല്ലാം കൊല്ലാനാവും
നിങ്ങളുടേത് രക്തപങ്കിലമായ നാഗരികതയും
അതിന്റെ മൃഗീയ മുഖവും.
അത് കൊണ്ടാണ് സാഹിബ്
ഞങ്ങൾ കാട്ടിൽ നിന്ന്
മടങ്ങി വരാത്തത്.
നീ, നിങ്ങൾ ജീവിക്കുന്ന ലോകത്തെ ഒരു ചന്തയാക്കി മാറ്റി
വിദ്യാഭ്യാസമുള്ള നിങ്ങൾ
സാഹിബ്,
നിങ്ങൾക്ക് കണ്ണുകൾ നഷ്ടപ്പെട്ടു
നിങ്ങളുടെ വിദ്യാഭ്യാസം
നിങ്ങളുടെ ആത്മാവിനെ വിൽക്കാൻ ശ്രമിക്കുന്നു
അത് നമ്മളെയെല്ലാം
സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പേരിൽ കമ്പോളങ്ങളിൽ
കൊണ്ട് നിർത്തുന്നു.
നിങ്ങൾ അസംസ്കൃത കൂമ്പാരങ്ങൾ കൂട്ടുന്നു അവിടെ
ഒരു മനുഷ്യൻ മറ്റൊരുവനെ വെറുക്കുന്നു
ഇതാണോ നിങ്ങൾ കൊണ്ട് വരുന്ന പുതു യുഗം.
നിങ്ങളുടെ തോക്കുകളും മിസൈലുകളും
ലോക സമാധാനം കൊണ്ടു വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിങ്ങളുടെ രക്ത പങ്കിലമായ നാഗരികതയും
അതിന്റെ മൃഗീയ മുഖവും
അത് കൊണ്ടാണ് സാഹിബ്
ഞങ്ങൾ കാട്ടിൽ നിന്ന് മടങ്ങി വരാത്തത്.
—— — —–
ജിതേന്ദ്ര വാസവ
ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ മഹുപാട ഗ്രാമത്തിലെ ദെഹ് വാലി ഭിലി ഭാഷയിലെ കവി. ആദിവാസി സാഹിത്യ അക്കാദമിയുടെ സ്ഥാപകനും പ്രസിഡന്റുമായ ജിതേന്ദ്ര, അക്കാദമി പ്രസിദ്ധീകരിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ശബ്ദമായ ലഹാര എന്ന മാസികയുടെ എഡിറ്ററുമാണ്. ആദിവാസികളുടെ വാമൊഴി സാഹിത്യത്തെയും കവിതയെയും പറ്റിയുള്ള അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡേക്ടറേറ്റിനുള്ള ജിതേന്ദ്രയുടെ ഗവേഷണ പഠനം ഭില്‍സ് ഗ്രാമത്തിലെ സാംസ്കാരികവും ഐതിഹ്യപരവുമായ വിഷയങ്ങളെപ്പറ്റിയാണ്.
No Comments yet!