Skip to main content

പൂച്ച ജീവിതം

ഓരോ തവണ കാണുമ്പോഴും
നീ പൂച്ചകളെപ്പറ്റി തോരാതെ
സംസാരിച്ചു.

അരിയുണ്ടയില്‍ മുതല്‍
ആദിബുദ്ധനില്‍ വരെ
നീ പൂച്ചയെ വരച്ചു.

പൂച്ചയെനിക്കൊരു
സാര്‍വലൗകിക
പ്രതിഭാസമായി.

വീട്ടിലെ പാല്‍പ്പാത്രം തട്ടിമറിക്കുന്ന
കറുപ്പായിയെ നോക്കി ഞാന്‍ ആദ്യമായി ചിരിച്ചു.
എന്റെ കോപിക്കാത്ത മുഖം കണ്ട് കറുപ്പായി ഞെട്ടി.

സൗഹൃദം പ്രണയത്തിന്റെ
കോളിങ്ങ് ബെല്ലടിച്ച ദിവസം
നീയെനിക്കൊരു കണ്ടനെ സമ്മാനം തന്നു.

എന്തുകൊണ്ടിത്ര പൂച്ചപ്രേമമെന്ന്
ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു.
നിന്റെ മറുപടികള്‍ എന്നില്‍ മിന്നലേറ്റു.

”അപെക്‌സ് പ്രിഡേറ്ററിനോട്
ആര്‍ക്കാണ് കൗതുകം തോന്നാത്തത് ?”,
എന്നായിരന്നു നിന്റെ ആദ്യ മറു ചോദ്യം.
മുകളിലെ ആഹാരശൃഖലയിലേക്ക് നോക്കി,
ഞാന്‍ പൂച്ചരൂപം നേടി മുകള്‍ത്തട്ടിലേക്കുയര്‍ന്നു.

”ഏത് കൊടുമുടി ഇളകിവന്നാലും
അപ്പൂപ്പന്‍താടി പോലെ ആകാശം തിരയാന്‍
പൂച്ചയോളം പോന്ന മാതൃക മറ്റാരുണ്ട്?”
എന്ന് നീ വീണ്ടും ചോദിച്ചു.
അന്ന് മുതല്‍ മരണഭയം എന്നെ പേടിപ്പിക്കാതായി.

ഉന്നത കുല ജാതയായൊരാളെന്റൊപ്പം ജോലി ചെയ്യുന്നു.
മുന്നിലെത്തിയ പെറ്റ് ഫുഡേ അവള്‍ കഴിക്കൂ.
മൂന്ന് പേരുണ്ട് അവളുടെ കാര്യങ്ങള്‍ നോക്കാന്‍.
പക്ഷേ എനിക്ക്
ദ്രാവിഡപ്പൂച്ചയുടെ ഒറ്റ നടത്തങ്ങളാണ് പ്രിയം.
ഇരതേടി വിശപ്പടക്കിയാലേ എന്റെ വിശപ്പൊടുങ്ങൂ.

കുനിഞ്ഞ് തലതാഴ്ത്തി നടന്നിരുന്ന
ഞാന്‍ ഏതൊരിരുട്ടിലും കണ്ണ്തുറന്നു നടന്നു.
തിളങ്ങുന്ന പൂച്ചക്കണ്ണുകളത്രേ കണ്ണകിക്ക്.
നടപ്പ് തലയയുര്‍ത്തിയാക്കി
നട്ടെല്ല് വളക്കാതെയാക്കി.

കണ്ണടച്ച് പാല് കുടിച്ചത്
ആരും കാണുന്നില്ല എന്ന് വിചാരിച്ചല്ല.
കണ്ണടച്ച് കുടിച്ചാലും എനിക്കൊന്നും
സംഭവിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ്.

പൂച്ചക്കായുസ്സ് പതിനേഴ് കടക്കില്ലെന്ന വാദത്തെ
മുപ്പതില്‍ നോട്ട് ഔട്ടിലേക്കെത്തിച്ചു.
മനുഷ്യനീന്ന് പൂച്ചയിലേക്കുള്ള മാറ്റം
എനിക്കിഷ്ടമായി.

അറിയുന്നവരും അറിയാത്തവരും എടുത്തെറിഞ്ഞു.
പക്ഷേ കാലൊടിഞ്ഞതേയില്ല.
നാലു കാലില്‍ വീണണെണീറ്റ്
ജീവിച്ചു കാണിച്ചു.

ഏത് കൊടൂരതണുപ്പിലും
ആരും പുതപ്പ് തരില്ലെന്നറിയാമായിരുന്നു.
ഞാന്‍ എന്റെ രോമക്കാട്ടിലുറങ്ങി
ക്ഷീണമാറ്റി.

ഞാന്‍ അത്തറുപേക്ഷിച്ചു.
തുപ്പല് മണത്തില്‍
കുളിച്ചു തോര്‍ത്തി വളര്‍ന്നു.

അത് വരെ ഉത്തരം കാണാതെഴുതിയ ഞാനുത്തരം
സ്വയമുണ്ടാക്കിത്തുടങ്ങി.
മൂത്രമുപ്പിട്ട് അതിര്‍ത്തികളളന്നു നേടി.
ആകാശത്തെപ്പറ്റി, ഭമിയെപ്പറ്റി പ്രതീക്ഷയുണ്ടാക്കി.

മ്യാവൂ, ആര്‍ക്കും അനുകരിക്കാനാവുന്ന ശബ്ദമാണ്
ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയമല്ല
ഏറ്റവും ലളിതമായ ജീവിയാവുകയാണ് പ്രയാസമെന്ന്
മനുഷ്യര്‍ക്കിന്നുമറിയില്ല.

നീ കണ്ടനും ഞാന്‍ കാളിയുമായി.
മീന്‍തലയോടെന്ന പോലെ
നാം പ്രേമിച്ചു ജയിച്ചു

രണ്ട് വീടുകളാല്‍
ഉപേക്ഷിക്കപ്പെട്ട്
അകവും പുറവും നനഞ്ഞ് പനിച്ച നമ്മള്‍
പരസ്പരം വീടായിട്ട്
ഈ മഴക്കാലത്ത് ഇരുപതാണ്ട്…

 

*****

No Comments yet!

Your Email address will not be published.