Skip to main content

നഗരഗീതം

പതിവ് നടത്തം.
പഴയ ഞാന്‍
വളരെ പഴയ നഗരം
പുതിയ വൈകുന്നേരം!

വെയില്‍ തോര്‍ന്നിട്ടും
കുടമടക്കാതെ,
തണല്‍ മരങ്ങള്‍.

കാറ്റില്‍ അടക്കിപ്പിടിച്ച…

തെരുവില്‍
തിരക്ക് കൂടുന്നു
നിഴലുകള്‍,
ഉടമസ്ഥതരെ കണ്ടെത്താന്‍
പ്രയാസപ്പെടുന്നു.
പിന്തുടരാന്‍,
നിഴലുകള്‍ ഇല്ലാത്തവര്‍
അനുഗ്രഹിക്കപ്പെട്ടവര്‍,
വഴിയമ്പലങ്ങള്‍ അവര്‍ക്കുളളത്

ദേവാലയങ്ങള്‍
മുഖത്തോട് മുഖം നോക്കി
ഒരേ മീറ്ററില്‍,
ഒരേ മൂച്ചില്‍
സംഘഗാനമാലപിക്കുന്നു.

കാറ്റില്‍
പ്രാര്‍ത്ഥനകള്‍ കൂടിക്കലരുന്നു
വിലാസം തെറ്റിയ കത്തുകളായ് അവ മുഖമില്ലാത്തവരെ
അനുഗമിക്കുന്നു

അഴുക്കുചാലുകള്‍ വൃത്തിയാക്കി
തൂമ്പയും ചട്ടിയുമായ്,
തൊഴിലാളികള്‍ മടങ്ങുന്നു.
നഗരം
പെറ്റെഴുന്നേറ്റ പെണ്ണിനെപ്പോലെ
നെടുവീര്‍പ്പിടുന്നു…

നടത്തം തുടരുകയാണ്;
ചില പരിചയക്കാര്‍
കൈവീശിക്കാണിക്കുന്നു
(ഏത് കപ്പലാവോ പുറപ്പെടാനുളളത്)

കൊടിമരങ്ങള്‍ പങ്കിട്ട
റോഡിന്റെ ഇരുവശങ്ങള്‍,
നഗരത്തിന്റെ തിരക്കുകളും അവിടെ
വകഞ്ഞുമാറ്റപ്പെടുന്നു.

വശങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്,
റോഡില്‍ ചെറുപ്പക്കാരുടെ
ആര്‍പ്പുവിളകള്‍…
മോട്ടോര്‍ സൈക്കിള്‍ പ്രകടനം.

ഭൂഖണ്ഡങ്ങളുടെ
അളവെടുക്കാന്‍ പോയ പക്ഷികള്‍
തിരികെയെത്തുന്നു,
വെറും കൈയ്യോടെ.
അവരുടെ ചെറിയ കണ്ണുകളില്‍
ലോകം മുഴുവന്‍!..

തട്ടുകടകള്‍ തുറന്നിരിക്കുന്നു
അതിഥി തൊഴിലാളികള്‍
സ്വപ്നങ്ങള്‍ ചുട്ടെടുക്കുന്നു,
ജീവിതം വറുത്ത് കോരുന്നു.

അകലെ പടിഞ്ഞാറ്
ആരുടെയോ കാല്‍മടമ്പിലൂടെ
ഒലിച്ചിറങ്ങുന്നു,
ഒരിറ്റു ചുവപ്പ്!
ഉറുപ്പിക വട്ടത്തില്‍
അതിലെന്തൊ തിളങ്ങുന്നു.

പൊടുന്നനെ,
കാതടപ്പിക്കും കുര…
ഒരു കറുത്ത കരുത്തന്‍ നായ
കുതറിയോടുന്നു.
അവന്‍ പാഞ്ഞ വഴിയെല്ലാം
കുറ്റാക്കൂരിരുട്ട്!

വഴിവിളക്കുകള്‍
വിറച്ചും വിളറിയും കണ്‍തുറക്കുന്നു.
പാതയില്‍
ചതഞ്ഞ് ചോരവാര്‍ന്നവരുടെ
തെറിച്ച കണ്ണുകള്‍..!

മതി
ഇനി തിരികെ നടക്കാം.

 

***

One Reply to “നഗരഗീതം”

  1. നന്നായി സന്തോഷ്‌. ആശംസകൾ

Leave a Reply to അനിത കൊല്ലം Cancel reply

Your Email address will not be published.