Skip to main content

കുരീപ്പുഴയുടെ നഗ്നകവിതകള്‍

സ്മാരകം

നേതാവിന്റെ സ്മാരകം
നോക്കൂ,
അദ്ദേഹത്തിന്റെ ഷര്‍ട്ട്
ലുങ്കി
അടിവസ്ത്രം
ഷേവിംഗ് സെറ്റ്
ക്യാമറയ്ക്കു മുന്നില്‍
കിളയ്ക്കാനെടുത്ത മണ്‍വെട്ടി
ഇഷ്ടപ്പെട്ട തേയില
ഞെക്കുവിളക്ക്…

എല്ലാം ടാറ്റയുടെ ഉല്പന്നങ്ങള്‍!

***

കോഴി ബിരിയാണി

ആദ്യം കൊടുത്താലോ?
ആളുകള്‍ അപ്പോഴേ
പിരിയും.
ഒടുവില്‍ കൊടുത്താലോ?
അപ്പോഴേ വരൂ…

അങ്ങനെയാണ്
പുതിയ അറിയിപ്പുണ്ടായത്

സാംസ്‌കാരിക
സമ്മേളനത്തിനിടയില്‍
കോഴി ബിരിയാണി
വിളമ്പുന്നതാണ്…

***

ആംബുലന്‍സ്

ഗതാഗതക്കുരുക്ക്.!!

വരനെ വിവാഹസ്ഥലത്ത്
എത്തിക്കണം.
എന്താ മാര്‍ഗ്ഗം?

ഒരു ആംബുലന്‍സ്
സംഘടിപ്പിച്ച്
അലറിവിളിച്ചുപോയി.

വിവാഹവും
ഒരു
അത്യാഹിതമാണല്ലോ…

***

കൂലി

മരിച്ചവരുടെ കോന്തലയില്‍
കടത്തുകൂലിയായി
നാണയം
കെട്ടിവച്ചാല്‍ പോര.

കടവിലെല്ലാം
പാലമായി

കുറെ ഗാന്ധിത്തലകള്‍
കൊടുത്തയക്കണം
ടോള്‍ കൊടുക്കാന്‍.

***

No Comments yet!

Your Email address will not be published.