Skip to main content

കുരീപ്പുഴയുടെ നഗ്നകവിതകള്‍

ബുള്ളറ്റിന്‍ 1

ചോളത്തിന്റെ നിറവും
കാബേജിന്റെ മുഖവുമുള്ള ദമയന്തി
വരണമാല്യവുമായി
പോളിംഗ് ബൂത്തിലെത്തി.

അഞ്ചു നളന്മാര്‍!

ദമയന്തി എല്ലാ ദൈവങ്ങളോടും ചോദിച്ചു:
യഥാര്‍ത്ഥ നളന്‍ ആരാണ്?

മുദ്രകളില്ലാത്ത അഞ്ചുപേരും
വ്യാജന്മാരായിരുന്നു…

***

 

ബുള്ളറ്റിന്‍ 2

ബാബറുടെ വോട്ട്
ശ്രീരാമന്‍ ചെയ്തു
ശ്രീരാമന്റെ പേര്
വോട്ടര്‍ പട്ടികയില്‍
ഇല്ലായിരുന്നു.

കൗസല്യയുടെ വോട്ട്
മിഥിലയിലും,
സീതയുടെ വോട്ട്
ലങ്കയിലുമായിരുന്നു.

കരയുന്ന ഇണക്കിളിക്കു പകരം
വേടന്റെ ചിത്രമായിരുന്നു വോട്ടുപെട്ടിയില്‍.
അതിനാല്‍, വാത്മീകി വോട്ട് ചെയ്തില്ല.

***

 

ബുള്ളറ്റിന്‍ 3

വോട്ടു ബട്ടണില്‍
മനസ്സമ്മതം
അമര്‍ത്തിയപ്പോള്‍
നര്‍മ്മദാതീരത്തെ
ഗിരിവര്‍ഗ്ഗക്കാരിയുടെ
മോതിരവിരലില്‍
കരിന്തേള്‍ കുത്തി

വോട്ടുപെട്ടിയില്‍ നിന്നും
പൊട്ടിച്ചിരി കേട്ടതായി
ക്യൂവില്‍ നിന്നവര്‍
പറയുന്നു.

***

 

ബുള്ളറ്റിന്‍ 4

ജയ് ബഹാദൂര്‍ സിംഗ്
വോട്ടുപെട്ടിയില്‍
നോക്കിനിന്നു.
ചെന്നായും കുറുക്കനും!

സ്വന്തം ജീവിതം പോലെ
അയാളുടെ വോട്ടും
അസാധുവായത്
അങ്ങനെയാണ്…

 

ബുള്ളറ്റിന്‍ 5

വെളുത്ത ആകാശത്തിലൂടെ
കറുത്ത ചന്ദ്രന്‍
മെല്ലെ നീങ്ങി
മറയുന്നതുപോലെയാണ്
നഖത്തിലെ മഷിവര
അസ്തമിക്കുന്നത്.

നയനാനന്ദകരമായ
ഈ കാഴ്ച നുകരുവാന്‍
വിനോദസഞ്ചാരികള്‍ക്ക്
ഗംഗാതീരത്തേക്ക് സ്വാഗതം.

***

One Reply to “കുരീപ്പുഴയുടെ നഗ്നകവിതകള്‍”

Leave a Reply to kubet3vip Cancel reply

Your Email address will not be published.