പൂക്കുന്നുനീയെൻറെ ജീവൻറെ ചില്ലയിൽ
അടരാതെയാത്മാവിൻ പാതിയായി
മിന്നാമിനുങ്ങുപോലോർമ്മകൾ പാറുന്നു
അറകളായ് ത്തീർന്നുള്ള പുസ്തത്താളിൽ
കോറി വരച്ചുള്ള ചിത്രങ്ങളായെന്നും
ചിന്നി ചിതറി കിടക്കുന്നു ചുറ്റിലും
തലയറ്റു കാലറ്റു കൈകളും പോയൊരു
മാംസമായ് മാറിയീ സ്വപ്നങ്ങളൊക്കവേ
ഭ്രാന്തമായ് പൂത്തുള്ള പ്രണയാക്ഷരങ്ങളേ
ഭ്രാന്തിയായ് മാറ്റുന്നു പുതുലോകതത്ത്വങ്ങൾ
പുഴുതിന്നുവടുകെട്ടി മലിനമായ് തീർന്നുപോയ്
മുഖമൂടി മെയ്യുകളാടിത്തിമിർത്തപ്പോൾ
അമ്മതൻ മാറിലായ് വെട്ടി മരിക്കുന്നു
മതഗന്ധം വമിക്കുന്ന ഊഴിതൻ മക്കളാൽ
മുത്തശ്ശിക്കഥകളിൽ വീണു മയങ്ങിയ
നന്മകളെങ്ങോ കളഞ്ഞുപോയ് നാട്ടിൽ
എങ്ങുമൂറിച്ചിരിക്കുന്ന പണമെന്ന ഭീകരൻ
ലോകമനുഷ്യത്വമെന്നോ കവർന്നെടുത്തൂ.
കാലം രചിക്കുന്ന നൂതനസംഹിതയാകെ
രമിക്കുന്നു രമ്യഹർമ്യങ്ങൾ തൻ മകുടമായി
ഉണ്ണാനുറങ്ങാൻ കഴിയാതെ പാതയോരങ്ങളിൽ
നെഞ്ചോടു ചേർത്തു തൻ പൈതങ്ങളെ
പേർത്തു മൊഴുകുന്നകണ്ണുനീർത്തുള്ളികൾ
തോരാതെ രാവേറെ കുളിർക്കാറ്റു തേടുന്നു
പൊട്ടി മുളച്ചുള്ള നവ തരുക്കളാകവേ തേടുന്നു
നിർഭയജീവൻ്റെ തന്ത്രികൾ പൂക്കുന്നകാലം
ജീവിത ചക്രം തിരിയുമ്പോഴൊക്കെയും
നോവിൻ്റെ പിന്നിൽ മറഞ്ഞിരുന്നീടുന്ന തേൻ തുള്ളികൾ
നാളെ തൻ വീഥിയിൽ നന്മൊഴിമുത്തുകളായിടട്ടെ.
***







No Comments yet!