Skip to main content

ഹര്‍ഷ വിഷാദം

വിദൂരവും അപരിചിതവുമായ ഒരു ഹരിതദേശത്തായിരുന്നു ഞങ്ങള്‍
ഭവനമോ പാദുകങ്ങളോ ഇല്ലാത്ത അലക്ഷ്യസഞ്ചാരികള്‍…

പര്‍വ്വതമുകളില്‍ ഹിമം പതിയുന്നതോ അരുവികളുടെ ഗാനാലാപമോ കേട്ട് സൂര്യകിരണങ്ങള്‍ ഒപ്പം കുടുന്ന പ്രഭാതങ്ങളില്‍ ഞങ്ങള്‍ *പാന്‍ദേവനെ ധ്യാനിച്ചു…

അല്ലിപൂക്കള്‍ വിരിയുന്ന ജലാശയക്കരയിലിരുന്ന് തേനും മള്‍ബെറിയും ആപ്പിള്‍ പഴങ്ങളും ഭക്ഷിച്ചു…

മഞ്ഞശലഭങ്ങള്‍ പറന്ന മോഹിതസായന്തനത്തില്‍, മേച്ചില്‍ പുറവും മെതിമുറ്റവും കടന്ന് ഞങ്ങളുടെ ആട്ടിന്‍ പറ്റങ്ങള്‍ ഗോതമ്പു പാടത്തിനരികിലൂടെ, കിളിര്‍ത്ത പുതുമുളകള്‍ തേടി മന്ദഗതിയില്‍ മേഞ്ഞു നടന്നു…

സായംകാലത്തില്‍ കാറ്റിന്റെ ആരവത്തിലുലഞ്ഞ ഹിമപാതത്തില്‍, തണുത്ത – ഞങ്ങള്‍, ആട്ടിന്‍ രോമത്താല്‍ നെയ്‌തെടുത്ത കമനീയതയുള്ള കമ്പിളിശീലപുതച്ചു…

ശൂന്യതയില്‍നിന്ന് ഋതുക്കളുണ്ടായ ഭൂമിപോലെ ഉള്ളില്‍ തീനാളം കൊളുത്തപ്പെട്ടു.

അശാന്ത ഹൃദയങ്ങള്‍ ആനന്ദ നിര്‍ഭരമായി…
ശബ്ദരഹിത ഹൃദയത്തിനരികിലെ നിശബ്ദതയില്‍ ഉത്തരമേതും പറയാതെ, ഭാരങ്ങളിറയ്ക്കിവെയ്ക്കാന്‍ അവന്റെ ചുമലുകളും കൈത്തണ്ടയിലെ ഇരട്ട എല്ലുകളും കരുത്തായി…

ശൈത്യരാവിന്റെ ഏകാന്തരോദനം പോലെ, നിര്‍ന്നിദ്രമായ യുവത്വം പോലെ അലഞ്ഞുതിരിയുന്ന മനസുകളെ സ്വാന്തനപ്പെടുത്തുന്ന പുല്ലാങ്കുഴലൂതി അവന്‍ നെടുവീര്‍പ്പിട്ടു…

ഇലകളില്‍ പതിയുന്ന ഈറത്തണ്ടിന്റെ ഗാനം കാതില്‍ പെയ്ത് ആട്ടിന്‍പറ്റം തിരിച്ചെത്തി…

ഹരിത നിഴലുകളുടെ നിശ്ചലതയില്‍ അകലെ ചുവന്ന സൂര്യവൃത്തം കാണപ്പെട്ടു…

ആഗ്രഹങ്ങളുടെ ഭാരമില്ലാത്ത നെരിപ്പോടിനരുകില്‍ വാക്കുകളില്ലാതെ ചേര്‍ത്തുപിടിച്ചു, ചിറകുകളില്ലാത്ത സ്വാതന്ത്ര്യംകൊണ്ട് ഉടഞ്ഞു ചിതറിയ ചിരിപൊഴിച്ചു…

 

*പാന്‍ – യവനപുരാണങ്ങളിലെ ഇടയന്മാരുടെ ദേവന്‍

***

No Comments yet!

Your Email address will not be published.