Skip to main content

ഇലച്ചോറ്

മുറ്റത്തരുമയായ് നട്ടുവളർത്തിയ
വാഴയില മുറിച്ച്
ചോറു വിളമ്പി.

കഴിഞ്ഞ തവണ വന്നപ്പോൾ
പപ്പടം കുറഞ്ഞതിന്
പരിഭവം പറഞ്ഞ
പരാതിപ്പെട്ടിയെക്കാത്ത്,

കാളനും ഓലനും
ഇഞ്ചിയും നാരങ്ങയും
മധുരമേറും പാൽപ്പായസവും
ഇഷ്ടത്തിനെല്ലാമൊരുക്കി.

അരികിലേക്കോടിയെത്തുന്ന
ഓരോ തരിയിലും
അനുസ്യൂതം ഞാനവളെ
തിരഞ്ഞു മുഷിയവേ,

ചെറുകാറ്റിൽ
ഒഴുകിയെത്തിയ
പൊൻതുളസിയുടെ
മദിപ്പിക്കുന്ന മണങ്ങളിൽ,

ഉമ്മറത്തിണ്ണയിൽ
പലവർണ്ണ ശോഭയിൽ
വട്ടത്തിലിട്ട
ഓർമ്മപ്പൂക്കളത്തിൽ,

കിഴക്കേ ദിക്കിലെ
ജാതിമരത്തിൻ്റെ
പുതിയ തളിരിലയുടെ
ഇലയനക്കങ്ങളിൽ,

പെട്ടിയിലെവിടെയോ
മറന്നുവച്ചു പോയ
ഇളക്കത്താലിയുടെ
പൊൻതിളക്കങ്ങളിൽ,

ഉറക്കെച്ചിരിച്ചും
നിന്നുമിരുന്നും
ആടിത്തിമിർത്ത
ഊഞ്ഞാൽ വള്ളികളിൽ

അവൾ മാത്രം
നിറഞ്ഞങ്ങനെ
തുളുമ്പി നിൽക്കുമ്പോൾ,

ഇനിയും വരാത്തതെന്തെന്ന്
പടിപ്പുരവാതിൽക്കലിൽ
കൺപാർത്തിരിക്കുന്നേരം

ഒരു ബലികാക്ക വന്നെൻ്റെ
ഇലച്ചോറിനുള്ളിൽ നിന്നും
പപ്പടം കൊത്തിയെടുത്തകന്നതെന്തേ?

***

No Comments yet!

Your Email address will not be published.