ടെറസിലേക്ക് കായ്ച്ചുകിടക്കുന്ന
പേരമരത്തിൽ നിന്ന് പേരയ്ക്ക
പറിച്ചെടുക്കുന്ന നേരങ്ങളിലൊരിക്കലാണ്
എന്റെ കണ്ണ് അപ്രത്തെ വീട്ടിലെ
ബാലുവങ്കിളിലേക്ക് തിരിഞ്ഞത്.
അയയിൽ ഉണങ്ങാനിട്ട
തുണിയുടെ മറവിൽ പിന്തിരിഞ്ഞുനിന്ന
അയാളുടെ ഒളിച്ചേപാത്തു കളിയിലേക്ക്
ഞാനെന്റെ ആകാംക്ഷയെ തിരയാൻ വിട്ടു.
ആ സന്ധ്യയുടെ ഉത്തരം
അയൽവീട്ടിലെ മുല്ലവള്ളികൾക്കിടയിൽ മറഞ്ഞുനിന്ന
തേൻമൊഴിയക്കയിൽ ചെന്നു നിന്നു.
നാലു കണ്ണുകൾ ചേർന്ന് ഒരേ സമയം
എന്നോട് ഉടമ്പടിവെച്ച പ്രണയത്തിന്റെ
രഹസ്യസൂക്ഷിപ്പ് ഞാനെന്റെ
കണ്ണുകളിൽ ഒളിപ്പിച്ചുവെച്ചു.
ബാലുവങ്കിളിന്റെ ഭാര്യ ഒരിക്കലും പരിചരിക്കാനിടയില്ലാത്ത
പൂക്കൾ നിറഞ്ഞ മുല്ലവള്ളിയെ,
അടുത്ത ടെറസിലേക്ക്
പടർത്തിവിട്ട പ്രേമത്തെ
മുറ്റത്തെ മുല്ലയുടെ മണമില്ലായ്മയെന്ന
പഴമൊഴിയിലേക്ക് ഞാൻ ചേർത്തുവച്ചു.
പതിവില്ലാതൊരു വൈകുന്നേരം
ഞാനെന്റെ ടെറസിൽ
അസ്തമയത്തിലേക്ക് നിരയൊപ്പിച്ചു
പറക്കുന്ന കാക്കകളെ നോക്കിയിരിക്കുമ്പോഴാണ്
തേൻമൊഴിയക്കയുടെ വീട്ടിൽ
മരണമറിയിച്ചു ശംഖു മുഴങ്ങിയത്.
പാട കെട്ടി, അലങ്കരിച്ച തേരിൽ
തേൻമൊഴിയക്കയെ തപ്പുകൊട്ടിന്റെ
മേളത്തോടെ കൊണ്ടുപോവുമ്പോൾ,
ബന്ധുക്കൾ ഒപ്പാരയിടുമ്പോൾ,
അടുത്ത ടെറസിൽ ഒരുരുപിടി മുല്ലപ്പൂക്കളിൽ വീണ
കണ്ണീരിൻ്റെ നനവിന്
ഞാൻ മാത്രമായിരുന്നു സാക്ഷി.
ആഘോഷങ്ങളോടെ ഒരു മരണം
കടന്നുപോവുന്നത് നോക്കിനിൽക്കെ
ഒരു രഹസ്യത്തിന്റെ ഉടമ്പടിയെ
മുകളിലെ ആകാശത്ത്
മൂടിക്കെട്ടിയ മേഘങ്ങൾക്ക്
ഞാൻ വിട്ടുകൊടുത്തു.
***
കവിപരിചയം :

നിഷ ബിജു
ചെന്നൈയില്‍ താമസം. സ്വദേശം കോഴിക്കോട്. കഥയും കവിതയും എഴുതുന്നു.







No Comments yet!