ഞാൻ തന്നെ മുക്കിക്കൊന്ന തൃഷ്ണകളിപ്പോൾ
ആമ്പൽ വിത്തുകൾ പോൽ നിൻ നീറ്റിൽ പിന്നെയും പൂവാകുന്നു…
നാളെത്ര നീണ്ടൂ ഞാനാ ചേറിൻ്റെ നീറും മെയ്യിൽ
ഒട്ടുമേ യനങ്ങാതെ, ശ്വാസവുമിറക്കാതെ.
അത്രയും വേനൽ, വിള്ളൽ, എത്രയോ പൊള്ളൽ,
ഉള്ളിൽ നഷ്ടകാലക്കല്ലുകൾ വീണെത്ര ചത്തൂ പ്രാണൻ.
നീ വന്ന നേരം, കാറ്റു, മിടവപ്പാതിച്ചാറ്റ-
ലോമനമണിപ്പൂക്കളൊക്കെയും തിരിച്ചെത്തി.
മൂളുന്നു വീണ്ടും, കാറ്റ് കവിയും നദീമുഖത്തായിരം
മൃദു മധു ചുംബനശ്രമങ്ങൾ പോൽ
ഓളങ്ങൾ നാണം പോലെ വിരിയും നുണക്കുഴിച്ചുറ്റിലും,
തീരം തേടി ഒളിക്കാൻ നോക്കും ജാള്യം.
മരിച്ചു മണ്ണായ്പ്പോയ ജീവനിൽ പോലും
പ്രാണൻ പിടഞ്ഞെണീക്കും പ്രേമം,
നീരിറ്റു തളിച്ചെങ്കിൽ
മുല്ലമാലകൾ ചാർത്തി നമ്മളന്യോന്യം
പ്രേമസന്നമാം സ്പർശങ്ങളാൽ നിർവ്വാണ ശൃംഗങ്ങളിൽ
ഹൃദയം നെഞ്ചിൻകൂടു ഭേദിച്ചു മിടിക്കുന്നു,
ഒപ്പമാമല കേറി തൊഴുതിട്ടിറങ്ങുമ്പോൾ.
നിൻ നിശ്വാസത്തിൽ പ്രേമലഹരി ശ്വസിക്കുമ്പോളെത്രയോ
വസന്തങ്ങളുടലിൽ പിറക്കുന്നു.
കാട്ടുപൂക്കളെപ്പോലെ ഞാൻ മണക്കുന്നു നിൻ്റെ മുടിയിൽ,
നെഞ്ചിൽ, തീവ്ര-പ്രണയാങ്കുരങ്ങളെ.
ദൃഢമാ കൈത്തണ്ടയിൽ ചാഞ്ഞിട്ടു കണ്ണിൽ നോക്കിയുണരാൻ
കൊതിക്കുന്നുണ്ടെത്രയോ ജന്മം വീണ്ടും
നിൻ്റെ കാൽച്ചോട്ടിൽ പ്രേമഭിക്ഷുവായ് നില്ക്കട്ടെ
ഞാനറിഞ്ഞു നിന്നെ, എന്നെ, പിന്നെയി പ്രപഞ്ചത്തെ…
***

കവി പരിചയം
പ്രസീത.കെ
എ.എല്‍.പി.എസ് ഏലങ്കുളം, എ.യു.പി.എസ് പാലത്തോള്‍, ജവഹര്‍ നവോദയ വിദ്യാലയം മലപ്പുറം, എന്‍. എസ്. എസ് കോളജ് ഒറ്റപ്പാലം, കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ അടൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫിസിക്‌സിലും ഇംഗ്ലീഷിലും ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ഫിസിക്‌സിലും ഇംഗ്ലീഷിലും ബി.എഡും.
പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണി എഫ്.എം.എച്ച്.എസ്.എസില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപിക. ശിശുക്ഷേമ സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ഏലങ്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍. ബാലസംഘം ജില്ലാ ജോയിന്റ് കണ്‍വീനര്‍.
ജഗരന്തയിലെ ഊഞ്ഞാല്‍ ആദ്യ പുസ്തകം.
മലപ്പുറം ജില്ലയിലെ ഏലങ്കുളത്ത് താമസം
ഇ-മെയില്‍ : kprasy@gmail.com








കവിത നന്നായിരിക്കുന്നു
Sooo romantic and great expressions .very refreshing reading like a unexpected wind and drizzle in a summer night