Skip to main content

വേദനയ്ക്കെന്തു നാം പേരിടും?

വേദനയ്ക്കെന്തു പേരിടും,
വാക്കോ
മിഴിനീരോ
ഒച്ചയോ
വിടുതിയോ ഇല്ലാത്ത
വേദനയ്ക്ക്?
ഇടതിങ്ങി,
ശമിക്കാതെ
ഹൃദയത്തിൻ്റെ
അതിവിലോലമായി
വിറകൊള്ളുന്ന
അന്തർഭാഗത്തോട്
ചേർത്ത്, ചേർത്തമർത്തി വച്ച
കടുംനോവാണത്.

അത്തരം വേദനയുടെ
കെട്ടഴിക്കേണ്ടതെങ്ങനെ?
അതിൻ്റെ കെട്ടഴിയുമോ
എന്നെങ്കിലും?
മെല്ലെ, മെല്ലെ
അഗോചരമായി
കാലത്തിൻ്റെ സാവധാനമായ
നിശ്ശബ്ദതയിലേയ്ക്ക്
ചോരവാർന്നലിയുമോ അത്?

അതോ
മജ്ജയിൽത്തന്നെ
നങ്കൂരമാഴ്ത്തി
കിടക്കുമോ അത്?
അകത്തെ
മുദ്രിതവും മ്ലാനവുമായ
ഒരറയെന്നോണം,
നിഴലകന്നും തെളിഞ്ഞും
ഒരിക്കലും അകലാതെ,
ഒരിക്കലും നേർക്കാതെ
വാഴ്വിൻ്റെ ലോലനിശ്വാസപാളിക്കടിയിൽ
ഒരു കൊടുംനോവായി
ആണ്ടുകിടന്നു പിടയുമോ അത്?

ആ വേദനയ്ക്ക്
നാമെന്തു പേരിടും?

***

One Reply to “വേദനയ്ക്കെന്തു നാം പേരിടും?”

Your Email address will not be published.