Skip to main content

എന്റെ കടൽ

ദ്വീപ് വരക്കാൻ തുടങ്ങിയപ്പോൾ
സമുദ്രത്തെ ഓർത്തു.
പാതിയടഞ്ഞ മിഴികളിൽനിന്ന്
ഉപ്പുചുവയുള്ള കണ്ണീരൊഴുക്കിവിട്ടു.
കരളിൽ നിന്നൊരു പൊന്മാന്റെ
തൂവലെടുത്ത് ജലത്തിന്റെ
നീലിമയിലേക്ക് കുടഞ്ഞിട്ടു.
ഉറഞ്ഞുപോയ സ്വപ്നങ്ങളിൽനിന്ന്
വെള്ളാരം കല്ലുകൾ പൊടിഞ്ഞുവീണു.
ഉള്ളിലെ മീൻപിടച്ചിലുകൾ
സിരകളിൽനിന്ന് ചിതറിപ്പോയി.
മത്സ്യങ്ങൾ നിറഞ്ഞ സമുദ്രത്തിന് നടുക്ക്,
ഹൃദയത്തിലെ ശൂന്യതയിൽനിന്ന്
പഞ്ചാരമണലെടുത്ത് ദ്വീപ് പണിതു.

ഒറ്റയായവളുടെ വിരൽതുമ്പുകൊണ്ട്
ഒറ്റപ്പെട്ടൊരു രാജ്യം വരയ്ക്കാമല്ലോ,
പച്ചയായതൊക്കെ ഉണങ്ങിപ്പോയെങ്കിലും
വരയിൽ നീലഞരമ്പുകളുടെ
വേരുകൾ പടരുന്നു.

നെറ്റിയിൽനിന്ന് സൂര്യൻ,
ഇരുണ്ട മുടിയിഴകളിൽനിന്ന് ചന്ദ്രൻ ,
ചുവന്നചുണ്ടുകളിൽനിന്ന്
വിടരുന്ന പൂക്കൾ,
മൂക്കിൻതുമ്പിൽനിന്ന് കാറ്റിന്റെ വഴികൾ,
കൺപീലിത്തുമ്പിൽ നിന്നൊരു മഴവില്ല്,
രോമകൂപങ്ങളിൽനിന്ന്
പിടഞ്ഞുണരുന്ന ശലഭങ്ങൾ,
വാരിയെല്ലുകൾക്കിടയിൽനിന്ന്
ആയിരം പറവകൾ,
ശബ്ദത്തിൽനിന്ന്
പ്രപഞ്ചത്തിന്റെ പാട്ട്!

എന്നിൽനിന്ന് കണ്ടെടുത്ത്
വരക്കുന്നതൊരു ദ്വീപായതുകൊണ്ട്
ഉള്ളിലെ കടലെടുത്ത് പുറത്തിടാമല്ലോ!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

4 Replies to “എന്റെ കടൽ”

  1. പെൺ സമുദ്രത്തിൻ്റെ ദ്വീപ്

  2. റബി, ഹൃദയതീരം അടിച്ചുയരുന്ന കവിതയുടെ കടൽ. ഹൃദ്യം

  3. മനോഹരമാണ് കവിതയുടെ ഞൊറികൾ.
    നിറയെ അലങ്കാരങ്ങൾ തൂക്കിയിട്ട കവിത കുപ്പായം😊
    ആശംസകൾ

Your Email address will not be published.