Skip to main content

അങ്ങു നിന്ന്

ഞാന്‍ മരിക്കുമ്പോള്‍
അടക്കുക വിണ്ണില്‍,
പോരാടുവാനില്ലയങ്ങാരും.

കുട്ടികള്‍ പന്തുതട്ടും
നിറയൊഴിഞ്ഞ ഷെല്ലാല്‍
(കാണുമതു ഞാനങ്ങു നിന്ന്, കണ്‍നിറയെ).
ഈദിന്റെയപ്പങ്ങള്‍
ഉമ്മൂമ്മ
ചുട്ടിടും
(രുചിക്കുമത് ഞാനങ്ങു നിന്ന്, കൊതി തീരെ).
പൊടിമീശപ്പയ്യന്മാര്‍
ഓറഞ്ചിന്‍ ചോട്ടിലായ്
പ്രണയസന്ദേശം കുറിക്കും
(വായിക്കുമങ്ങു നിന്നതു കണ്‍-
നിറയെ ഞാന്‍)
അതിരിലെപ്പട്ടാളം
പുതിയൊരു
തോക്കില്‍നിറയ്ക്കുമുണ്ട
(കേള്‍ക്കുമതുമങ്ങു നി-
ന്നെന്റെ ചെവി തുളയെ).
തീയുണ്ട പെയ്യവേ വെള്ളം
തിളയ്ക്കുന്നടുപ്പില്‍,
മരണവും
(മണക്കുമതും
അങ്ങു നിന്നു ഞാന്‍,
എന്‍ മൂക്കു നിറയെ).

അടക്കണം
മരിക്കുമ്പോഴെന്നെ
വിണ്ണില്‍,
അവിടമിപ്പോഴും
പ്രശാന്തം.
പോരാടുവാനില്ല, അവിടെയിന്നാരും.

***

(ലോര്‍കയോട് കടപ്പാട്)


 

വിവ: സജയ് കെ.വി.

No Comments yet!

Your Email address will not be published.