അവൾ ഉറക്കെ ചിരിച്ചു
ഉള്ളിലൊരാകാശമുണ്ടായി
പക്ഷികൾ ചിറക് വിടർത്തി
സ്വതന്ത്രരായി പറന്നുപോയി
അവിടെയെങ്ങോയൊളിമുഖങ്ങൾ
അന്താളിപ്പിലടക്കം പറഞ്ഞു
അവൾക്കെന്തൊരു സുഖം
അസൂയാവഹം ഭാഗ്യം കൊതിക്കാൻ!
ഒന്ന് കൂടെ ചിരിച്ചുവെന്നാവാം
അവൾ പൊട്ടി കരഞ്ഞു
ഉള്ളാകെയുരുൾപൊട്ടിയൊലിച്ചു
മരങ്ങളും ജീവനുമുലഞ്ഞു
വീണഗാധഗർത്തം പതിച്ചു
അതേയൊളിമുഖങ്ങൾ പരസ്പരം
അന്താളിപ്പിലൊടുക്കം തിരഞ്ഞു
അവളുടെ മുഖഭാവമറിയാൻ
അടർന്നിടറിയ സ്വരം കേൾക്കാൻ!
ഒന്ന് കണ്ണീരോപ്പിയെന്നാവാം.
അവൾ ഉറച്ച് ക്രോധിച്ചു
ഉള്ളിലെയഗ്നിതിളച്ച് ബഹിർഗമിച്ചു
ക്ഷമയും സ്നേഹവും ക്ഷീണിച്ചു
സഹനമസഹ്യമായി വേദനിച്ചു
അതായൊളിമുഖങ്ങളാകാംക്ഷയിൽ
അന്തിമവിധിയെഴുതാനിത് സമയം
അവളുടെ ഭ്രാന്തിന് നിലവാരമളക്കാൻ
അനുഭവങ്ങളുടെ പൊള്ളൽ കാണാൻ!
ഒന്നും കണ്ടില്ലെന്നഭിനയിക്കാം
അവൾ മൗനം പാലിച്ചു
ഉള്ളിലെയനന്തതയിൽ ലയിച്ചു
ന്യായവും നീതിയും അടങ്ങി നിന്നു
പറഞ്ഞു പാഴായ സമയത്തെയറിഞ്ഞു
അവിടെയുമൊളിമുഖങ്ങളേന്തി നോക്കി
അലസതയെന്ന കണ്ടെത്തലെഴുതാം
അവളിനിയൊന്നിനും കൊള്ളാത്തവൾ
അടുത്തറിയാതെ പറഞ്ഞു പഴിക്കാൻ!
ഒന്നും അറിഞ്ഞില്ലെന്നുമാക്കണം
അവൾ ഉണർന്നു ചിന്തിച്ചു
ഉള്ളിലൊരു പ്രപഞ്ചമുത്ഭവിച്ചു
നന്മയും സത്യവും വീണ്ടുമുദിച്ചുയർന്നു
പറന്നകന്ന പക്ഷികൾ തിരിച്ചുവന്നു
അന്നുമൊളിമുഖങ്ങളെത്തി നോക്കി
അകത്തേക്ക് തുറന്ന വഴിയിലെങ്ങും
അറിവില്ലാതെ പരക്കെ തിരഞ്ഞു
അവളുടെ വികാരമൊന്ന് വീണു കിട്ടാൻ!
ഒളിഞ്ഞവർ മറ്റൊരു മുഖം തേടുന്നു.
***







സത്യം. അന്യൻ്റെ ദുഃഖം പലർക്കും coffee table ലെ സംസാരവിഷയം മാത്രം.