Skip to main content

റൂഹ് പുര

കഫൻ പുടവകളിൽ
ഒരു പൂമ്പാറ്റച്ചിത്രം
ചിറക് ഒന്ന് വലുത്.
നീലയിൽ വെള്ളപ്പൊട്ടുകൾ.
ഹൃദയം വരെ പറന്നെത്തി
പെട്ടെന്ന് കരിഞ്ഞു പോയെന്ന്.

പേരെന്ത്? നാടേത്
മറുപടിക്ക് മുമ്പേ
അടി വീണ്
നടുവൊടിഞ്ഞ്
പാവം
വെള്ളത്തുണിയിൽ പൊതിഞ്ഞ്

21 വയസ്സെന്ന് കുറുകി
ഒരു പ്രാവ്
തൊണ്ടയിൽ ഞെരുങ്ങി

ഒരു കാലിത്തുണി
ആളില്ല, മൂന്ന് കെട്ടുണ്ട്
കോളേജിലേക്ക്
ഹോസ്റ്റലിൽ നിന്ന് പോയെന്ന്.

ഓരൊക്ടോബറിൽ പോയി
തിരികെ വന്നില്ല
ഒമ്പത് കൊല്ലം
മടങ്ങിയെത്താതെ

പരലോകത്തൊരു
ആളില്ലാ കഫൻ പുടവ

മറ്റൊരാകാശത്തിൽ
നിറമേറിയതുമ്പികൾ
കുഞ്ഞുകുഞ്ഞു പൊതികൾ
മിസൈലിൽ ചിതറിയത്,
മൈനിൽ തെറിച്ചത്,
പട്ടിണിയിൽ പൊടിഞ്ഞത്.
ആകാശത്തവർ ചോദ്യമെഴുതുന്നു
ഒച്ച നിലച്ചവർ നിലവിളിക്കുന്നു

ഹേ റാം…

തെറ്റിയില്ല,
റാം എന്ന് തന്നെ പേര്.
പറയാനൊത്തില്ല
നാവ് കുഴഞ്ഞു.
ഒന്നല്ലല്ലോ
ഒരുപാട് പേരില്ലേ?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “റൂഹ് പുര”

  1. പി. എം ഗോവിന്ദനുണ്ണി,

    വായിച്ചു നല്ല കവിത

  2. ആരും തണലിൽ അല്ല എല്ലാവരെയും ബാധിക്കുന്നു പൂമ്പാറ്റകളെയും പ്രാവുകളെയും പിഞ്ചോമനകളെയും യൗവനങ്ങളെയും ബാധിക്കുന്നു ആർക്കുവേണ്ടിയാണ് ആരാണ് ഉത്തരവാദി. ചോദ്യങ്ങൾ നേരിട്ടല്ല നേരിട്ട് ചോദിക്കാതെ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എത്തുന്ന ചോദ്യങ്ങൾ ആർക്കാണ് യുദ്ധം ആർക്കാണ് മതവും ജാതിയും കൊണ്ട് മനുഷ്യരെ വേർതിരിക്കേണ്ടത്. പൊരുതിക്കൊണ്ടേയിരിക്കുക.തൂലികയായാലും പടവാളായാലും. കാണാതെ പോകുന്ന വിശപ്പുകൾ കണ്ണടച്ചിരുട്ടാക്കുന്ന അധികാരികൾ ശബ്ദിച്ചു കൊള്ളുക. അഭിനന്ദാണ്ടൾ

Your Email address will not be published.