Skip to main content

സ്തോത്രം

 വിസ്ലാവ സിംബോഴ്സ്കയുടെ കവിത

മനുഷ്യരുണ്ടാക്കിയ ദേശങ്ങളുടെ
ചോരുന്ന അതിരുകളേ!
എത്ര മേഘങ്ങൾ
ഒരു ശിക്ഷാ ഭീതിയുമില്ലാതെ
നിങ്ങളെ കടന്ന് വായുവിൽ ഒഴുകിപ്പോയി;
മരുഭൂമിയിലെ എത്ര മണൽത്തരികൾ
ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക്
കൂടുമാറിപ്പോയി;
പർവ്വതങ്ങളിലെ എത്ര ചരൽക്കല്ലുകൾ
പ്രകോപനപരമായ ചാട്ടങ്ങളിലൂടെ
വിദേശ മണ്ണിലേക്ക് ഉരുണ്ടു പോയി !.

രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് പറന്നുയർന്ന്
അതിരുകളിലെ മാർഗ്ഗ തടസ്സങ്ങളിൽ
പറന്നിറങ്ങുന്ന എല്ലാ പക്ഷികളുടെയും
പേരുകൾ പറയേണ്ടതുണ്ടോ
വിനീതയായ ഒരു വണ്ണാത്തിക്കിളി
വാല് വിദേശത്തും
കൊക്ക് സ്വദേശത്തുമായി
ഇരിക്കുന്നു, പോരാത്തതിന്
തല കുലുക്കിക്കൊണ്ടിരിക്കയും .

അസംഖ്യം പ്രാണികളിൽ ഉറുമ്പിനെ മാത്രമെടുത്താൽ
എവിടെ നിന്ന് എങ്ങോട്ടേക്ക് ?
ചോദ്യങ്ങളെ ആമോദത്തോടെ അവഗണിച്ച്
അതിർത്തി രക്ഷാഭടന്റെ
ഇടതു വലത് ബൂട്ടുകൾക്കിടയിലൂടെ
അത് പോകുന്നു.

 

എല്ലാ ഭൂഖണ്ഡങ്ങളിലെയും അലങ്കോലങ്ങളെ
ഒറ്റനോട്ടത്തിൽ, വിശദമായി
രേഖപ്പെടുത്തുന്നതെങ്ങനെ?
മറ്റേ കരയിലെ വേലിച്ചെടിയല്ലേ
അതിന്റെ നൂറായിരം ഇലകളെ
പുഴയിലൂടെ കടത്തിക്കൊണ്ടു പോകുന്നത് ?
ദേശത്തെ വെള്ളത്തിന്റെ
വിശുദ്ധ കുതിപ്പുകളെ
നീണ്ട കൈകളാൽ ധിക്കാരപൂർവ്വം
തടഞ്ഞു നിർത്തുന്നത് നീരാളിയല്ലേ ?.

നക്ഷത്രങ്ങളുടെ സ്ഥാനപ്പെടുത്തൽ പോലും
ഏത് ആർക്കു വേണ്ടി പ്രകാശിക്കുന്നുവെന്ന്
സംശയം ജനിപ്പിക്കുന്നതിനാൽ
മൊത്തം ക്രമത്തെ കുറിച്ച്
പറയുന്നതെങ്ങനെ?.

മൂടൽ മഞ്ഞിന്റെ അപലപനീയ നീക്കങ്ങൾ
പറയാതിരിക്കലാണ് ഭേദം !
പുൽമേടുകളിൽ വീശിയടിക്കുന്ന പൊടിക്കാറ്റ്
അത് വിഭജിക്കപ്പെട്ടതാണെന്ന്
മറന്ന പോലെ !
സഹായികളായ വായു തരംഗങ്ങളിലേറി
സഞ്ചരിക്കുന്ന ശബ്ദങ്ങൾ,
അവയുടെ ഗൂഢാലോചനപരമായ മുരൾച്ചകൾ,
അസ്പഷ്ടമായ പിറുപിറുക്കലുകൾ !.

മാനുഷികമായതിന് മാത്രമെ
ശരിക്കും അന്യമാകാൻ കഴിയൂ !
ബാക്കിയെല്ലാം
കൂടിക്കലർന്ന സസ്യജാലങ്ങൾ,
വിദ്ധ്വംസകരായ തുരപ്പനെലികൾ,
പിന്നെ കാറ്റും..

——-

No Comments yet!

Your Email address will not be published.