അഞ്ച്
57

കുമ്പസാര കൂടോളമെത്തിയിട്ടും മിണ്ടാതെ അടക്കിവെച്ച ചെയ്തികൾ ഡിക്രൂസിലുമുണ്ട്. ജീവിതപ്പാച്ചിലിൽ എല്ലാം മറക്കാൻ ശ്രമിക്കുമെങ്കിലും ചില നേരങ്ങളിൽ കുറ്റബോധത്താൽ തലതാഴും. മകൾ ഡാനി ആത്‍മഹത്യ ചെയ്തതിൽ പിന്നെ ആത്മീയതയോടു അടുത്തു.
ആലിമാമു വീട്ടിലെ നിത്യസന്ദർശകനായത് ആശ്വാസമേകിയിരുന്നു. ഉള്ളിലെ വിങ്ങലുകൾ അവനോട് പറഞ്ഞു ഭാരം ഇറക്കിവെക്കും. ചിലപ്പോൾ ഗൗരവത്തിലും ചിലപ്പോൾ ചിരിച്ചും നോക്കുന്ന അവൻ ഒന്നും തിരിച്ചു പറയില്ല. കാപട്യമുള്ള ആശ്വാസവാക്കുകളില്ല. എല്ലാം കേൾക്കുന്ന ക്രിസ്തുവിനെ പോലെ ശാന്തനായി അവനിരിക്കും.
വേദനകൾ ഇറക്കിവെക്കാൻ ദൈവം അയച്ച മാലാഖയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് അവനോട് എല്ലാം തുറന്നു പറഞ്ഞുപോയി.
58
അബദ്ധത്തിൽ വെടികൊണ്ടുള്ള മരണവും കൊലപാതകം തന്നെയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ. ഒരാളുടെ ജീവൻ അപഹരിക്കുക എന്നത് നിസ്സാരമല്ല. അങ്ങിനെ മരിക്കുന്നത് ഒരാൾ മാത്രമല്ല; അയാളെ ആശ്രയിക്കുന്ന കുടുംബവും കൂടിയാണ്.
ഓർമകളാൽ ഡിക്രൂസിന്റെ ശരീരം വിറച്ചു. ആ രഹസ്യമെല്ലാം ആലിമാമുവിന് അറിയാം. അവനോടത് കുമ്പസരിച്ചുപോയി.
ആലിമാമുവിന്റെ കൂർത്ത നോട്ടം ഡിക്രൂസിലേക്ക് ചൂഴ്ന്നിറങ്ങി.
കൃഷിയെല്ലാം ഉഴുതുമറിച്ച് കാട്ടുപന്നി നിരന്തരം ശല്യമായ നാളുകളിൽ ഒന്നിലാണ് ആരുമറിയാതെ ഡിക്രൂസ് ഒരു തോക്ക് വാങ്ങിയത്. വീട്ടുകാരും അറിയാനിടനൽകാതെ അതീവ രഹസ്യമായി കിടപ്പുമുറിയിലത് സൂക്ഷിച്ചു. ഒടുവിൽ, ഭാര്യയുടെ ദേഹത്തിനൊപ്പം ശവമഞ്ചത്തിൽ ആ തോക്കും….
59

വനവുമായി അതിരു പങ്കിടുന്നിടത്താണ് ഡിക്രൂസിന്റെ തോട്ടം. നൂണ്ടുകയറാൻ ഒരിടവും ബാക്കിവെക്കാതെ കെട്ടിയ വേലി തകർത്താണ് കാട്ടുപന്നികൾ തോട്ടത്തിൽ കയറുന്നത്. എല്ലാവരും ഉറക്കത്തിലായിരിക്കുമ്പോഴാണ് വരവ്.
അവയേ തുരത്താൻ അടവുകൾ പലതും പയറ്റി. വിഷംവെച്ചിട്ടും ഒന്നുരണ്ടെണ്ണം ചത്തതല്ലാതെ കാര്യമായ ഫലമുണ്ടായില്ല.
പണിക്കുവന്ന കന്നഡിഗനാണ് തോക്കിന്റെ കാര്യവും എവിടെ കിട്ടുമെന്നും പറഞ്ഞുകൊടുത്തത്. തോക്ക് വാങ്ങിസൂക്ഷിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് പലരും രഹസ്യമായാണ് വാങ്ങി സൂക്ഷിക്കുന്നതെന്നും കൊല്ലുന്ന പന്നിയെ രഹസ്യമായി തോട്ടത്തിൽ തന്നെ കുഴിച്ചുമൂടാമെന്നും അവൻ പറഞ്ഞു.
എന്നിട്ടും അവൻ പോലും അറിയാതെയാണ് തോക്ക് വാങ്ങിയത്.
60
അയൽ സംസ്ഥാനത്തുപോയി തോക്കും വെടിയുണ്ടകളും വാങ്ങി ഡിക്രൂസ് തിരിച്ചെത്തിയത് പുലർച്ചയോടെയാണ്. ആരും കാണാതെ കിടപ്പുമുറിയിലത് ഒളിപ്പിച്ചു.
ദിവസങ്ങൾ കഴിഞ്ഞിട്ടും പുറത്തെടുക്കാനുള്ള സാഹചര്യമുണ്ടായില്ല. ഒന്നു തൊട്ടുനോക്കാൻ പോലുമായില്ല.
കാത്തിരിപ്പിനൊടുവിൽ ആ ഞായറാഴ്ചയാണ് തോക്കെടുക്കാൻ അവസരംകിട്ടിയത്. വീട്ടിൽ ആരുമില്ല. എല്ലാവരും പള്ളിയിലാണ്. തോട്ടത്തിൽ പണിക്കാരുമില്ല.
തോക്ക് പുറത്തെടുത്ത് കടയുടമ പഠിപ്പിച്ചതുപോലെ വേണ്ട ശുശ്രൂഷകൾനൽകി. വെടിയുണ്ടകൾ അരയിൽ തിരുകി തോക്കുമായി തോട്ടത്തിലേക്ക് നടന്നു.
വടക്കേ മൂലയിൽ അതിരിനപ്പുറം കുറ്റിക്കാട്ടിൽ ഒരനക്കം! പന്നി തന്നെ- ഡിക്രൂസ് ഉറപ്പിച്ചു.
ഒറ്റക്കണ്ണിൽ ഉന്നം പിടിച്ച്…
61

പള്ളിവിട്ട് ഭാര്യ ട്രീസ തിരിച്ചെത്തുമ്പോൾ വെപ്രാളത്തിലായിരുന്നു ഡിക്രൂസ്. അവരെത്തും മുമ്പേ തോക്ക് തിരികെ ഒളിപ്പിച്ചുവച്ചിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറാൻ എത്ര ശ്രമിച്ചിട്ടും അയാൾക്കായില്ല.
എന്തോ പന്തികേട് ട്രീസക്കും അനുഭവപ്പെട്ടു. ബിപി അല്പം കൂടിയിട്ടുണ്ടെന്നും വേണ്ട മരുന്ന് കഴിച്ചെന്നും നുണപറഞ്ഞ് പുതപ്പിനുള്ളിൽ ചുരുണ്ടു.
ആരുമില്ലാത്ത നേരത്ത് മദ്യപിച്ചതാകുമെന്ന് ട്രീസ സംശയിച്ചു. എന്നാൽ അതിന്റെ ലക്ഷണങ്ങളൊന്നും വീട്ടിൽ കണ്ടില്ല. ലക്ഷണമൊത്തൊരു കള്ളനാണ് അയാളെന്ന് അവളോർത്തു.
കുറ്റിക്കാട്ടിലെ അനക്കത്തിലേക്ക് വെടിയുണ്ട ചെന്നതും അവിടെ നിന്നുയർന്ന മനുഷ്യന്റെ ആ നിലവിളി ഡിക്രൂസിന്റെ കാതിൽ…
62
ഡിക്രൂസിന്റെ തോട്ടത്തിനടുത്ത് ഒരു കാട്ടുനായ്ക്കൻ വെടിയേറ്റുകിടക്കുന്നു. ചെത്തുകത്തിയും അതുകൊണ്ട് ചെത്തിയെടുത്ത മരത്തിന്റെ തോലുകളും രക്തത്തിൽ കുതിർന്ന് തൊട്ടടുത്ത് ചിതറികിടക്കുന്നു.
ഉച്ചക്ക് ശേഷം തോട്ടം പരിശോധിക്കാൻ വന്ന കന്നഡിഗനാണ് ആദ്യംകണ്ടത്. അവൻ ഡിക്രൂസിനോട് ചെന്ന് കാര്യംപറഞ്ഞു.
പൊലീസിൽ വിളിച്ചു വിവരം അറിയിക്കുമ്പോൾ ഡിക്രൂസ് കൂളായിരുന്നു.
അവന് ആദ്യം ഡിക്രൂസിനെ സംശയം തോന്നിയെങ്കിലും സാധ്യത ഇല്ലെന്ന യുക്തിയിൽ വിട്ടുകളഞ്ഞു. ഡിക്രൂസിന്റെ കൈയ്യിൽ തോക്കില്ലെന്ന ചിന്തയാണ് അവന്. തന്റെ സഹായമില്ലാതെ അയാൾക്കത് വാങ്ങാനാകില്ലെന്നവൻ വിശ്വസിച്ചു.
തോട്ടത്തിനരികിൽ ഒരാൾ കൊല്ലപ്പെട്ടെന്നു കേട്ട ട്രീസ വിയർത്തു.
63

ട്രീസക്ക് ഡിക്രൂസിനെ സംശയമായി. പള്ളി കഴിഞ്ഞുവരുമ്പോൾ ഡിക്രൂസ് വെപ്രാളപ്പെട്ടിരുന്നത് കണ്ടതാണ് സംശയിക്കാൻ കാരണം. ഡിക്രൂസിന്റെ ഓരോ നീക്കങ്ങളും അവൾ ശ്രദ്ധിച്ചു. അയാൾ വളരെ സൂക്ഷ്മതയോടെയാണ് സംസാരിക്കുന്നതും ഇടപെടുന്നതും.
ശല്യമാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന് കന്നഡിഗൻ പറഞ്ഞത് അവളും കേട്ടതാണ്. അവൻ കൊണ്ടുവന്നു കൊടുത്തതാകും തോക്ക് എന്നവൾ സംശയിച്ചു.
അപ്പുഅണ്ണ എന്നാണ് അവന്റെ യഥാർത്ഥ പേര്. എല്ലാവരും വിളിച്ചുവിളിച്ച് കന്നഡിഗനായതാണ്.
പൊലിസുകാർ കൊലയാളിയെ കണ്ടുപിടിക്കുക തന്നെ ചെയ്യും. അത് തന്റെ ഭർത്താവായിരിക്കുമെന്ന് അവൾ ഭയപ്പെട്ടു. വിലങ്ങണിയിച്ച് കെട്ടിയോനെ കൊണ്ടുപോകുന്നത് ഓർത്ത് അവൾ കാലിടറി വീണു.
64
ഹൃദയാഘാതമായിരുന്നു. ജീവൻ ചോർന്നുപോയ ട്രീസയെ കാണാൻ കുടുംബക്കാരും നാട്ടുകാരും എത്തിത്തുടങ്ങി.
ആധിയും സംശയവും കൂടിക്കലർന്ന ഭാവമാണ് അവളുടെ നിശ്ചലമായ മുഖത്തിനെന്ന് ഡിക്രൂസിനു തോന്നി.
അതിരിലെ വനത്തിൽ കൊല്ലപ്പെട്ട കാട്ടുനായ്ക്കന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് അപ്പോഴേക്കും അയാളുടെ വീട്ടിലെത്തിച്ചിരുന്നു.
അവിശ്വസനീയമായ രണ്ടു മരണങ്ങളിൽ കുന്നത്ത് ഗ്രാമക്കാർ അമ്പരന്നു. കാട്ടുനായ്ക്കന്റെ മരണത്തിൽ മൊഴിയെടുക്കാൻ പൊലീസ് എന്തായാലും വരുമെന്ന് ഓർത്ത് ഡിക്രൂസ് വിയർത്തു. മകളുടെ അനാഥത്വം അയാളെ ഏറെ സങ്കടപ്പെടുത്തി. മകൾക്ക് അവളായിരുന്നു എല്ലാം.
കൊലപാതകത്തിന് തെളിവായ തോക്ക് ഡിക്രൂസിന് പെട്ടെന്നാണ് ഓർമ്മ വന്നത്.
65

ട്രീസയുടെ പന്ത്രണ്ടാം ചരമവാർഷികവും കഴിഞ്ഞാണ് മകൾ ഡാനി ജീവനൊടുക്കിയത്. തീർത്തും ഒറ്റപ്പെട്ട ഡിക്രൂസിന് മദ്യലഹരിയായി പിന്നെ ആശ്വാസം.
തോട്ടം പകുതിയിലേറെയും വിറ്റു. സ്വത്തൊക്കെ ഇനി ആർക്കുവേണ്ടി എന്നായി ചിന്ത. ഒറ്റപ്പെട്ടിരിക്കുമ്പോൾ പലപ്പോഴും ആശ്വാസമായി വന്നുകയറിയത് ആലിമാമുവാണ്. മദ്യപാനത്തിനും ലഹരിയാലെ മുറുമുറുപ്പുകൾക്കും അവൻ മൂകസാക്ഷിയാകും. കുമ്പസാരങ്ങളൊക്കെയും പിന്നെ അവനോടായി. ചിലപ്പോൾ ഗൗരവ നോട്ടത്തോടെയും മറ്റു ചിലപ്പോൾ ചിരിച്ചും അവനെല്ലാം കേട്ടു. തിരിച്ചൊന്നും പറഞ്ഞില്ല. ഉള്ളിലെ വിങ്ങലുകളെല്ലാം അവനോട് പറഞ്ഞു ഭാരമിറക്കിവെക്കും.
അത്തരമൊരു ദിവസത്തിലാണ് ഡിക്രൂസ്, ആലിമാമുവിനോട് അതും വെളിപ്പെടുത്തിയത്.
66
ഓർമകളാൽ ഡിക്രൂസ് വിയർത്തൊലിച്ചു. ആലിമാമുവിന്റെ തുളഞ്ഞുകയറുന്ന നോട്ടത്തിൽ നിന്നും അയാൾ മുഖംതാഴ്ത്തി. ആലിമാമു തന്നെക്കുറിച്ചാകും ആദ്യം വിളിച്ചുപറയുകയെന്ന ആധിപെരുകി.
കവലയിൽ ആൾക്കൂട്ടത്തിലുണ്ടായിരുന്ന കന്നഡിഗൻ എന്ന അപ്പുഅണ്ണയും ആലിമാമുവിനെ പേടിച്ചു. കർണാടകയിൽ നിന്നും വർഷങ്ങൾക്കു മുമ്പ് കുടിയേറിയതാണ് അപ്പുഅണ്ണ. സീസണുകളിൽ കാപ്പി, കുരുമുളക് പറിക്കാൻ കന്നഡിഗർ കൂട്ടമായി വരുന്നത് പതിവായിരുന്നു. എസ്റ്റേറ്റ് പാടികളിലായിരുന്നു താമസം. സീസൺ കഴിഞ്ഞാൽ ചിലരൊഴികെ തിരിച്ചുപോകും. പറിച്ചിട്ട കാപ്പിയും മുളകും ഉണക്കി കഴിഞ്ഞാണ് ശേഷിച്ചവരുടെ മടക്കം. ഓരോ സീസണിലും അങ്ങനെ ഒരുകൂട്ടം വന്നു പോകും.
അപ്പുഅണ്ണ ആ പതിവ് തെറ്റിച്ചു.
67

പതിവുകളൊന്നും അപ്പുഅണ്ണ പിന്തുടരാറില്ല. അയാൾക്ക് തന്റേതായ വഴിയുണ്ട്. നാട്ടിൽ ഭാര്യയും മക്കളുമുണ്ട്. അവരുമായി ബന്ധമില്ല. ഉള്ളിലൊരു നീറ്റലായി അവരെ കുറിച്ച ഓർമ്മകളുണരാതിരിക്കാൻ നേരവും കൂലിയും നോക്കാതെ അയാൾ പണിയെടുക്കും. അല്ലാത്തപ്പോഴൊക്കെ ലഹരിയിൽ കിടന്നുറങ്ങും.
സിനിമാകൊട്ടയിൽ ചെന്ന് സിനിമ കാണൽ ഇഷ്ടമായിരുന്നു മുമ്പൊക്കെ. കഥകളിലൊക്കെ പ്രണയവും കുടുംബബന്ധങ്ങളും ഉള്ളതിനാൽ പിന്നീടത് ഉപേക്ഷിച്ചു. പാട്ടുകൾ പോലും ഇപ്പോൾ കേൾക്കാറില്ല.
പിറുപിറുത്തുകൊണ്ടാണ് കണ്ടംകൊത്തുന്നതും മരങ്ങളുടെ ചോലയഴിക്കുന്നതും. ആരെയോ പ്രാകുകയാണെന്ന് തോന്നും. ഒരുദിവസം മദ്യസേവക്കിടെ കയറിവന്ന ആലിമാമുവിവനു മുമ്പിൽ മനസ്സിന്റെ പിടിവിട്ടുപോയി.
68
അപ്പുഅണ്ണയുടെ ജീവിതകഥ കേട്ടാണ് അന്ന് ആലിമാമു മടങ്ങിയത്. അവനുമുണ്ടാകും സങ്കടങ്ങൾ. സംസാരിക്കാൻ കഴിയാത്തതിനാൽ ആരോടും പറയാനാകാത്തതാകുമെന്ന് അപ്പുഅണ്ണക്ക് തോന്നി.
അപ്പുഅണ്ണ കുന്നത്ത് ഗ്രാമത്തിൽ എത്തുന്നതിനു മുമ്പേ ആലിമാമു അവിടെയുണ്ട്.
ഇപ്പോൾ കാപ്പി പറിക്കാൻ കന്നഡിഗർ വരുന്നില്ല. എസ്റ്റേറ്റുകളെല്ലാം റിസോർട്ടുകളും പാർക്കുകളുമായി മാറി. കായിഗാധ്വാനമുള്ള ജോലികൾ ബംഗാളികൾ കൈയ്യടക്കി.
കന്നഡിഗർ വന്നിരുന്ന കാലത്ത് ഞായറാഴ്ചകളിൽ പുഴ അവരുടേതാകും. അവരുടെ കടുകെണ്ണയുടെ മണം നാട്ടുകാർക്ക് ഉൾകൊള്ളാനായില്ല. ഓർമ്മകളിൽ നിന്നുണർന്ന അപ്പുഅണ്ണ ആലിമാമൂവിനെ നോക്കി.
രണ്ടുപേരും ഗൂഡമായി ചിരിക്കുകയാണെന്ന് അതുകണ്ട ചാക്കോക്ക് തോന്നി.
69

നിങ്ങളുടെ രഹസ്യങ്ങളെല്ലാം എനിക്കറിയാം. നിങ്ങളുടെ മാന്യതാ മുഖംമൂടിയുടെ കെട്ട് എന്റെ കൈകളിലാണ്. ആഞ്ഞൊന്നു വലിച്ചാൽ അതഴിഞ്ഞുവീണ് നിങ്ങൾ നഗ്നരാകും. ഈ കവല അതിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ് – ആലിമാമുവിന്റെ ഗൂഡമായ നോട്ടത്തെ ചാക്കോ വായിച്ചത് ഇങ്ങിനെയാണ്.
ഓർമ്മകളുടെ പ്രകാശ വേഗത്തിൽനിന്നും കുതറിയെഴുന്നേറ്റ് കുന്നത്തു ഗ്രാമക്കാർ ആലിമാമു എന്ന ഭീഷണിയിലേക്ക് ഉറ്റുനോക്കി.
കാരംസ് ക്ലബ്ബിൽനിന്ന് പത്രോസും കൂട്ടരും കവലയിൽ തിരെച്ചെത്തിയപ്പോൾ ഫർഹാനും സംഘവും അവിടെയുണ്ട്.
മൈക്ക് ചുണ്ടോടടുപ്പിച്ച് ആലിമാമു മുരടനക്കി. ഞാ..ഞാൻ മിണ്ടട്ടെ! ആലിമാമുവിന്റെ ശബ്ദം ആദ്യമായി ആ നാട് കേട്ടു!!
എന്തുചെയ്യണമെന്നറിയാതെ പകച്ച് നാട്ടുകാർ.
70

ങ്ങക്കൊക്കെ പ്പോ ന്നേ പേട്യാ… പണ്ടൊന്നുമില്ലാത്ത പേടി-ആലിമാമു ഒന്നു നിറുത്തി. ചിരിയോടെ എല്ലാവരെയും നോക്കി. അവരുടെ നെഞ്ച് പടപടാന്ന് മിടിക്കുന്നത് അവനറിഞ്ഞു.
കാലുതളർന്നു താനിപ്പോ നിലംപൊത്തുമെന്ന് ചാക്കോക്ക് തോന്നി. അതേ അവസ്ഥയിലാണ് മറ്റുള്ളവരും.
രഹസ്യങ്ങളൊന്നും വെളിപ്പെടുത്താനുള്ളതല്ല- ആലിമാമു വീണ്ടും ചിരിച്ചു.
അതുകേട്ട് ജീവൻ തിരിച്ചുകിട്ടിയ പോലെ അവർ നെടുവീർപ്പിട്ടു. വെന്തുനീറുന്ന ശരീരത്തിലൂടെ മഞ്ഞുമഴ ഒലിച്ചിറങ്ങുന്ന ആശ്വാസം.
മൈക്ക് താഴെവെച്ച് ആലിമാമു നിവർന്നുനിന്നു. ഓരോരുത്തരെയും അവൻ കൺനിറയെ കണ്ടു. പിന്നെ വേദിയുടെ പുറകിലേക്കിറങ്ങി റോഡിലെ ഇരുട്ടിലേക്ക്..
ആലിമാമു പറഞ്ഞതായി കേട്ടത് തങ്ങളുടെ തോന്നലുമാത്രമാണെന്ന് അവർ സംശയിച്ചു.
ഒരു വെളിച്ചത്തിലും, പിന്നെ കുന്നത്ത് ഗ്രാമക്കാർ ആലിമാമൂവിനെ കണ്ടതേയില്ല.
***
അവസാനിച്ചു





No Comments yet!