Skip to main content

ഒട്ടകവും ഹനുമാനും ഒറ്റയ്ക്കു നടക്കുന്ന പെണ്ണുമാകുന്ന മേഘരൂപങ്ങൾ

ഡി.വിനയചന്ദ്രന്റെ കവിതയിലെ പ്രധാനരൂപകങ്ങളിലൊന്ന് കാടായിരുന്നു , മറ്റൊന്ന് കടലും. ആദ്യകാല കവിതയായ ‘കാടി’ലും പിൽക്കാലത്തെ പ്രധാന രചനകളിലൊന്നായ ‘കായിക്കരയിലെ കട’ലിലും ഇവയുണ്ട്. കാടിനെയോ കടലിനെയോ നേരിട്ട് പ്രമേയവൽക്കരിക്കാത്തപ്പോഴും വിനയചന്ദ്രന്റെ കവിതയിൽ ഒരു കാടും ഒരു കടലും ഉണ്ടായിരുന്നു എന്നു വിചാരിക്കുന്ന വായനക്കാരനാണ് ഞാൻ. ഒന്ന്, ആദിമമായ ഒരവ്യവസ്ഥയുടെ രൂപകം; ക്രമരാഹിത്യത്തിന്റെ തൂർമ്മ . മറ്റതാകട്ടെ നിരന്തരപരിണാമിയായ ചലനത്തിന്റെ രൂപവും രൂപരാഹിത്യവും. രണ്ടും ‘കയോസി’നോടടുത്തു നിൽക്കുന്നു. കയോസിൽ നിന്ന് പുതിയൊരു ക്രമം കണ്ടെത്തുന്നവയല്ല , എല്ലാവിധ ക്രമങ്ങളെയും കയോസിലേയ്ക്ക് മോചിപ്പിക്കുന്നവയായിരുന്നു കവിയായ വിനയചന്ദ്രന്റെ എഴുത്തുകൾ . അവ്യവസ്ഥയുടെ സൗന്ദര്യലഹരിയായിരുന്നു ആ കവിക്കു പഥ്യം. അഭിരാമമായ ഒരു തരം അച്ചടക്കമില്ലായ്മയുണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിലും ജീവിതത്തിലും. അക്കമിട്ട് , അടുക്കിയൊതുക്കി വച്ച പുസ്തകങ്ങളുടെ ലൈബ്രേറിയനായിരുന്നില്ല വിനയചന്ദ്രൻ; ക്രമം വിട്ടു ചിതറുന്ന പുസ്തകാരണ്യത്തിന്റെ വനപാലകൻ. ഒരിക്കലും ഒന്നും അളന്നു മുറിച്ചെഴുതിയിട്ടില്ലാത്ത പി.യെക്കുറിച്ചെഴുതുമ്പോൾ , ആറ്റൂരിന്റെ അളവുപാത്രമല്ല വിനയചന്ദ്രന്റേത്. പി.യെപ്പോലെ വിനയചന്ദ്രൻ തന്റെ കവിതയെയും അലയാൻ വിടുന്നു. കേരളമൊട്ടുക്കലഞ്ഞ്, മലയാണ്മയുടെ മഞ്ഞിലും മഴയിലും പൊടിയിലും അലിഞ്ഞ് അതു മടങ്ങിയെത്തുമ്പോൾ ആ കവിതയ്ക്ക് ‘പി.സമസ്തകേരളം പി.ഓ.’ എന്ന് , അനന്യസാധാരണമായ ഒരു പേരു കൈവരുന്നു. അത് പി.യുടെ കവിത്വത്തിന് അത്രമേൽ നിരക്കുന്ന ഒരു കവിതയായും കാവ്യശീർഷകമായും മാറുകയും ചെയ്യുന്നു. പി.യെ ഉപ്പാക്കി കുറുക്കിയെഴുതി ആറ്റൂർ. ആ ഉപ്പിനെ കടലായി പെരുകാനനുവദിച്ചു വിനയചന്ദ്രൻ. മെരുങ്ങിയ നാട്ടാനയുടെ പാപ്പാനേയല്ല ഇക്കവി; ഒരിക്കലും മെരുങ്ങാത്ത കാനനമദം. കാട് ഒരൊറ്റവിളത്തോട്ടമല്ലാത്തതു പോലെ, അനുഭവങ്ങൾ അവയുടെ നാനാത്വത്തിലും നിബിഡതയിലും അവ്യവസ്ഥയിലും പടർന്നു പിണഞ്ഞ് ഭാഷയിലെയോ ഭാഷയുടെയോ ഒരു വിചിത്രകാന്താരമായി മാറുന്നതു കാണണമെങ്കിൽ ആ കവിതയിലേയ്ക്കു പ്രവേശിച്ചാൽ മതി.

തന്റെ അവസാനകാലസമാഹാരങ്ങളിലൊന്നിന്, ‘എൻട്രോപ്പി’ എന്ന് പേരിടാനാഗ്രഹിച്ചിരുന്നു വിനയചന്ദ്രൻ. അവ്യവസ്ഥയുടെയും ക്രമരാഹിത്യത്തിന്റെയും തോത് എന്നർത്ഥമുള്ള ശാസ്ത്രസംജ്ഞയാണത്. ‘പെനാൽറ്റി കിക്ക്’ എന്ന പേരിലും ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. കേവലവൈചിത്ര്യത്തെക്കവിഞ്ഞു പോകുന്ന ചില മാനസികസഞ്ചാരങ്ങളുടെ ഫലമാണ് ഇത്തരം ആലോചനകളും തിരഞ്ഞെടുപ്പുകളും. മനുഷ്യാവസ്‌ഥയിലും പ്രപഞ്ചാവസ്ഥയിലും ഒരു തരം അവ്യവസ്ഥയുടെ ലീനസാന്നിധ്യമുണ്ടെന്ന കവിയുടെ ഗാഢമായ ബോധ്യമാണ് ആദ്യത്തെ പുസ്തക പ്പേരിനെക്കുറിച്ചുള്ള ആലോചനയുടെ പിന്നിൽ. കടലും കാടും കടന്ന് അത് ‘എൻട്രോപ്പി’യെ ചെന്നു തൊടുന്നു. ഇനി, ‘പെനാൽറ്റി കിക്കി’ലേയ്ക്കു വന്നാലോ? അതും ഉദ്വിഗ്നതയുടെ മറ്റൊരു രൂപകം. ഒന്ന് ശാസ്ത്രമെങ്കിൽ, മറ്റത് കാൽപന്തുരുളുന്ന കളിമൈതാനങ്ങളുടെ വാക്ക്. ശാസ്ത്രവും കളിയും സമസ്തകലാരൂപങ്ങളും കവിതയുടെ കളിയിടമെന്നു കരുതി വിനയചന്ദ്രൻ; ‘പാരാകെബ്ഭഗവതി, ഭിന്നവേഗമായ് നിൻ തേരോടുന്നിതു ബുധരെങ്ങു നോക്കിയാലും!’ എന്നെഴുതിയ ആ മഹാകവിയെപ്പോലെ. എഴുതുന്നത് കാടിനെയായാലും നഗരത്തെയായാലും അതിനെ അനുഭവത്തൂർമ്മയുടെ ആഘോഷമാക്കുന്നു വിനയചന്ദ്രന്റെ കവിതകൾ. അത്തരം നഗരകവിതകളിലൊന്നാണ് ‘പാളയം’. കവിതയിലെ വാങ്മയനഗരം എങ്ങനെ വാക്കുകളുടെ ജനസഞ്ചയമായി മാറുന്നു എന്നു നോക്കുക –

‘വാങ്കുവിളി കേട്ടുണരുന്നു പാളയം
നോമ്പുകൾ രോഗികൾ ദാരിദ്ര്യപീഡകൾ
വീമ്പുവിഴുപ്പുകൾ, കാമികൾ പ്രാവുകൾ
ക്രിസ്തുവിൻ മുറ്റത്തു കൂടുന്നു പ്രാർത്ഥന –
യപ്പുറത്തമ്പലം തിക്കി പ്രദക്ഷിണം –
വെച്ചു മണി മുഴക്കിപ്പാട്ടു പാടുന്നു.
നേരം പുലർന്നു ചരിത്രം ചലച്ചിത്ര –
മോർമ്മസത്യം, സത്യമോറഞ്ചുകുട്ടക

പൂക്കട കാപ്പിക്കട മുറുക്കാൻകട ….’

‘I contain multitudes’ എന്നെഴുതിയ കവിയെപ്പോലെ(വിറ്റ്മാൻ) പ്രപഞ്ചസാരൂപ്യത്തിലൂടെ പലമപ്പെടാനാഗ്രഹിച്ച കവിത്വമായിരുന്നു വിനയചന്ദ്രന്റേത്;
‘ഞാൻ ഞാനല്ല, മേഘം, മഴ, സാഫോ, വാൻഗോഗ്, സാവിത്രി….’ എന്ന പോലെ . എല്ലാം തന്നിലേയ്ക്കൊതുക്കി ഏകാഗ്രമാകുന്ന ഭാവഗീതപാരമ്പര്യമല്ല ഇത്; അതിന്റെ നേർവിപരീതം. എല്ലാറ്റിലേയ്ക്കുമുള്ള, എല്ലാവരിലേയ്ക്കുമുളള ചിതറിപ്പരക്കൽ, പലമപ്പെടൽ. അതിനാൽ,’ കാടിനു ഞാനെന്തു പേരിടും?’ എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു ഈ കവിക്ക് -‘ കാടിനു ഞാനെന്റെ പേരിടും!’.

ആധുനികതയുടെ ഋതുവിൽ മലയാളകവിതയിലുണ്ടായ ചില അനന്യശില്പങ്ങൾ ഡി.വിനയചന്ദ്രന്റേതായിരുന്നു;’ കുഞ്ഞനുണ്ണി’,’ യാത്രപ്പാട്ട്,’ ചരിത്രം’,’സ്റ്റുഡിയോ’,’ കാട്’,’കൂന്തച്ചേച്ചി’,’ പാർക്കിലെ ബെഞ്ച്’ എന്നിങ്ങനെ. പരസ്പരഭിന്നമായ ഭാഷയും ശില്പവിധാനവുമാണവലംബിക്കുന്നത് ഈ കവിതകളോരോന്നും എന്നു കൂടി പറയണം. ‘സ്റ്റുഡിയോ’യിലെ ചിത്രകലയുടെ ലോകമല്ല ‘കാടി’ൽ; അത് ‘കാടും കടൽ’ എന്ന പോലെ ഗഹനം,’ പേരുകൾ സൂര്യന്റെ കൂടെ നടക്കുന്നു’ എന്ന പോലെയും ‘പേരുകൾ ചന്ദ്രന്റെ കൂടെ നടക്കുന്നു’ എന്ന പോലെയും പ്രപഞ്ചാനുഭവത്തെക്കുറിച്ചുള്ള ഗാഢമായ ആരായൽ. ഒരു തലമുറയുടെ മുഴുവൻ വേരുപറിയലിന്റെയും ഗ്രാമീണതയുടെ ഭദ്രലോകങ്ങളിൽ നിന്നുളള അനിവാര്യമായ പടിയിറങ്ങലിന്റെയും നാടോടിവാങ്‌മയമാണ് ‘യാത്രപ്പാട്ട്’. ‘യാത്രപ്പാട്ടി’ലെ ഉണ്ണിയുടെ പൂർവ്വമാതൃക തിരഞ്ഞു പോയാൽ നമ്മൾ ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ലാവും എത്തുക. ഒരു വീണ്ടെടുപ്പിന്റെ പുരാവൃത്തമാണ് ‘പൂതപ്പാട്ടെ’ങ്കിൽ, ഇനിയൊരു വീണ്ടെടുപ്പും മടങ്ങിവരവുമില്ലാത്ത വിധം വിനയചന്ദ്രന്റെ ഉണ്ണി ‘കടന്നുപോകു’ന്നു-

‘ഉള്ളിൽ പുഴ കടന്നു
ഉണ്ണി പുഴ കടന്നു
ചാറുന്നേ മഴ ചാറുന്നേ
ഉണ്ണിക്കു മഴ ചാറുന്നേ
പാരെല്ലാം വെയിലിൽ നിൽക്കെ
ഉണ്ണിക്കു മഴ ചാറുന്നേ
നേരം പോയ് നേരം പോയി
ഉണ്ണി കടന്നു പോയി …’
ഇടശ്ശേരിയുടെ ‘കുറ്റിപ്പുറംപാല’ത്തിലെ അകലുന്ന ഗ്രാമലക്ഷ്മിയേയും വൈലോപ്പിള്ളിയുടെ ‘യുഗപരിവർത്തന’ത്തിലെ മാറുന്ന ലോകക്രമത്തിന്റെ സംഭ്രാന്തതാളത്തേയുമെല്ലാം മറ്റൊരു കാലസന്ധിയിൽ നിന്നു കൊണ്ടഭിമുഖീകരിച്ചതിന്റെ മുദ്രകൾ കാണാം ഈ കവിതയിൽ. അപ്പോഴും അത് അടിമുടി, ഒരു ഗ്രാമീണഗാനം പോലെ നാട്ടുവെളിച്ചം നിറഞ്ഞ ഭാഷയുടെയും ഈണത്തിന്റെയും ദേശാനുഭവത്തിന്റെയും തനിമൗലികമെന്നു പറയാവുന്ന ഒരു വിനയചന്ദ്രൻവഴിയിലൂടെ സഞ്ചരിക്കുന്നു.
‘തനിക്കു വാലാട്ടാൻ കഴികയില്ലതിൽ
തനിച്ചു പാലൂട്ടാൻ നടന്നുപോന്നുണ്ണി’ എന്നതിൽ ഈ തന്മയും തന്റേടവുമുണ്ട്.

നഗരത്തിലെ ഏകാകിതയുടെ നിശിതവാങ്മയമാണ് ‘പാർക്കിൽ ഒരു ബെഞ്ച്’. ‘പാർക്കിലെ ഒരു ബെഞ്ച് നാം എങ്ങനെ അളക്കും ?’ എന്ന ചോദ്യം ഒരു പല്ലവി പോലെ ആവർത്തിക്കുന്ന ഘടനയാണ് കവിതയുടേത്. ഇങ്ങനെയൊക്കെയാണ് വിനയചന്ദ്രൻ ഗദ്യത്തിനു പോലും ഒരു സംഗീതശില്പത്തിന്റെ ഘടന നൽകുന്നതെന്ന് , വേണമെങ്കിൽ, ഈ കവിതയെ മുൻനിർത്തിയും പറയാം. താളത്തിന്റെ സ്പർശമില്ലാത്ത ഒരു വരി പോലും കുറിച്ചിട്ടില്ല ഈ കവി; അത് പദ്യമായാലും ഗദ്യമായാലും മൗലികമായ താളരൂപങ്ങളായാലും.
‘ഒട്ടകത്തിന്റെ രൂപം പോയി ഒരു മേഘം
തോരണയുദ്ധത്തിലെ ഹനുമാനായി
ഒരു മേഘം ഒരു പെണ്ണിനെപ്പോലെ
ഒറ്റയ്ക്കു നടക്കുന്നു
ഒരു വെള്ളിക്കൊക്കിനു പിറകെ
ഒമ്പതു വെള്ളിക്കൊക്കുകൾ പറന്നു പോകുന്നു’ എന്നിങ്ങനെ എഴുതി , തന്റേതായ ഒരു ഗദ്യച്ഛന്ദസ്സു കണ്ടെത്തുകയാണ് വിനയചന്ദ്രൻ. ഈ വരികളിലെ ആ മേഘപ്പലമയുണ്ടല്ലോ, ഒരു നാമമുദ്ര പോലെ, അതിൽ വിനയചന്ദ്രന്റെ കവിത്വത്തിന്റെയും മുദ്ര പതിഞ്ഞിട്ടുണ്ട്; ഒട്ടകവും ഹനുമാനും ഒറ്റയ്ക്കു നടക്കുന്ന പെണ്ണുമാകുന്ന മേഘരൂപാന്തരങ്ങൾ പോലെയായിരുന്നു അതെഴുതിയ കവിയുടെ ഭാവനാപാകവും എന്നതിനാൽ.

പലതരം പെൺമകളുടെ ഒരു ചിത്രശാലയാണ് ‘സ്റ്റുഡിയോ’ എന്ന കവിതയിൽ . നിറങ്ങളും മൃദുവായ സറീയലിസവും താന്ത്രികതയും കളരിയിലെ വായ്ത്താരിയുമെല്ലാം ഇടകലരുന്ന സങ്കീർണ്ണശില്പമാണത്. വരച്ചു കഴിഞ്ഞ ക്യാൻവാസിലെ പെണ്ണിന്റെ , ഉണർന്നിരിക്കുന്ന രുദ്രമായ നഗ്നതയും സ്റ്റുഡിയോയുടെ മൂലയ്ക്കു കിടന്നുറങ്ങുന്ന പതിനഞ്ചുകാരിയുടെ നിരഹങ്കാരമായ നഗ്നതയും ചിത്രകാരൻ ഇപ്പോൾ വരച്ചു കൊണ്ടിരിക്കുന്ന, കുട്ടിക്കു മുല കൊടുക്കുന്ന അമ്മയുടെ മാറിടത്തിന്റെ പവിത്രനഗ്നതയും ചേർന്നു നിർമ്മിക്കുന്ന മാന്ത്രികമായ ഒരു ത്രികോണമാണ് ഈ കവിതയിലേത് എന്നു പറയാം. രതിയുടെയും നഗ്നതയുടെയും പെൺമയുടെയും വിചിത്രമായ ഒരാലേഖനം; ഹെൻറി റൂസ്സോയുടെ ‘ദ ഡ്രീം’, ‘ദ സ്നെയ്ക് ചാമർ’ എന്നീ ചിത്രങ്ങളെ അഭിമുഖീകരിക്കുമ്പോഴെന്ന പോലെയുള്ള സ്വപ്നാത്മകതയുടെ വിചിത്രശോഭ. ഇതോടൊപ്പം ഓർമ്മിക്കാവുന്ന കവിതകളാണ് ‘സാൽവഡോർ ഡാലി ‘,’ എ സി കെയ്ക്ക്, ക്ഷമാപണപൂർവ്വം’ എന്നിവ. രണ്ടാമത്തെ കവിത, ഏ സി കെ രായ്ക്കുളള ഒരു ശ്രദ്ധാഞ്ജലിയെന്ന പോലെ ദിഗംബരവും ഉച്ഛൃംഖലവുമായ കലാകാരന്മാരുടെ അരാജകജീവിതത്തോടൊപ്പമുള്ള ഒരു കൂടിനടപ്പു കൂടിയാണ്. തെറിയും കവിതയും ഉന്മാദവും വിലാപവും ലഹരിയും അശ്ലീലവും പ്രാർത്ഥനയും കൂടിക്കലർന്ന ഈ കവിതയുടെ ഘടന പോലൊന്ന് നമ്മുടെ കവിതയിൽ അന്നോളം, സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മലയാളകവിതയിലെ സമകാലീനമായ തുറസ്സുകൾ സാധ്യമാക്കിയതിനു പിന്നിൽ പതിറ്റാണ്ടുകൾക്കു മുൻപ്, വിനയചന്ദ്രൻ തുറന്നിട്ടു പോയ ഇത്തരം വിച്ഛിന്നഭാവനയുടെ ഉന്മത്തജാലകങ്ങളുമുണ്ട്.

വിനയചന്ദ്രന്റെ അനുസ്മരണകവിതകളുടെ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് ‘ജോണിന്’ എന്ന , ജോൺ എബ്രഹാമിന്റെ അകാലമരണത്തിനു ശേഷം എഴുതപ്പെട്ട കവിത. തീരെച്ചെറിയ ഈ കവിതയുടെ വിരാമം പോലൊരു വിലാപവാങ്മയം നമ്മുടെ ഭാഷയിൽ മറ്റധികമൊന്നും കാണില്ല –

‘എന്റെ ചെന്താമരക്കൈ
വിറയ്ക്കുന്നു
വിണ്ടുകീറുന്നു, വിളിക്കുന്നു നിന്നെ ഞാൻ
കണ്ണു കാണാതെയും കാണുന്ന കാഴ്ച്ച പോല്‍
കാതു കേൾക്കാതെയും കേൾക്കുന്ന വാക്കുപോൽ
നിന്നെയോർക്കുന്നു ഞാൻ
ഓർക്കുന്നവരൊക്കെയങ്ങനെയോർക്കുന്ന
ഇങ്ങനെയോർക്കുന്ന
നിന്നെയോർക്കുന്നു ഞാൻ.’

പ്രണയകവിതകളുടെ പ്രഭുവായിരുന്നു വിനയചന്ദ്രൻ. ആദ്യസമാഹാരമായ ‘വിനയചന്ദ്രന്റെ കവിതകൾ’ തൊട്ട്, ‘പ്രിയേ പ്രിയംവദേ’ എന്ന പ്രണയകാവ്യസമാഹാരം വരെ നീളുന്ന വർണ്ണരാജിയാണത്.
‘ഉദിക്കുന്നതിനു മുൻപ്
ഞാൻ പുഴക്കടവിലെത്തി
സൂര്യൻ ഉദിച്ചുയരുന്ന തോടെ
പുഴയുടെ അങ്ങേത്തലയ്ക്കൽ
നീ വരുമെന്ന് എനിക്കറിയാം'(സൂര്യോദയം) എന്ന തീർച്ച മുതൽ ,
‘എന്നെയോർത്തേയിരിക്കുന്ന നിന്നെ
നിന്നെയോർത്തേ നടക്കുന്നൊരെന്നെ
നന്നുനന്നെന്നനുമോദനത്താൽ
ധന്യമാക്കുന്നിതമ്മയാം ഭൂമി’ എന്ന പാരസ്പര്യത്തിന്റെ ലയം വരെയുണ്ട് അക്കൂട്ടത്തിൽ;’പ്രിയേ, വിരഹഹേമന്തമേ’ പോലെ ഋതുവിലാസവും പ്രണയവും വിരഹവും ചേർത്തു നെയ്ത കവിതയുടെ അപൂർവ്വസുന്ദരമായ വാങ്മയനിറവുകളും .

ഇതിഹാസസ്മൃതിയുടെ അധിത്യകയിൽ നിന്ന് തോട്ടുവക്കത്തെ ചേറ്റു മണമുള്ള നാടോടിയായ കഥനതാളത്തിലേയ്ക്കു സംക്രമിക്കാൻ അത്ര അനായാസം സാധിക്കുന്ന കവിത്വമായിരുന്നു വിനയചന്ദ്രന്റേത് –
കചനോടരിശം കൊണ്ട ദേവയാനി
കാരിക്കുഴിയിലെ തോട്ട രുകിൽ
പൂക്കൈതയായി പിറന്നെന്ന്
അന്തിമയക്കം കഴിഞ്ഞ്
ഇളവേല്ക്കുന്ന കുഞ്ഞോലപ്പുലയൻ
അവളുടെ ചോട്ടിലിരുന്ന് കുഴലൂതിയെന്ന്
ആറു പകലും ഏഴു രാവും പോകെ
പൂക്കൈത താളിപ്പുലയിയായി പകർന്നെന്ന്…’ ( ജോലിദിവസത്തെ ഒരു പ്രഭാതം).

ശബ്ദത്തിലൂടെയും തനതു താളത്തിലൂടെയും ലളിതവും നിഷ്ക്കളങ്കവുമെന്നു തോന്നിക്കുന്ന പദവിന്യാസത്തിലൂടെയും ഋതുസംക്രമണത്തിന്റെ വിഷാദശ്രുതിയുണർത്തുന്ന ‘ഇലകൾ കൊഴിയുന്നു’ പോലൊരു സ്വരശില്പം ആധുനികതയിലും അതിനു ശേഷവും വിനയചന്ദ്രനിൽ മാത്രമേ നമ്മൾ കണ്ടു മുട്ടുന്നുള്ളു. കവിയുടെ സവിശേഷമായ ആലാപനത്തിലൂടെയായാലും മൗനവായനയിലൂടെയായാലും ആ കവിതയുണർത്തുന്ന ഇലപൊഴിച്ചിലിന്റെ താളവും ചലനവും ദൃശ്യപ്രതീതിയും അതുല്യമായൊരനുഭവമാണ്. പരാവർത്തനത്തിനു വഴങ്ങാത്ത അനുഭൂതിസാന്ദ്രതയാണത്; ഒരു പക്ഷേ കവിതയെന്ന മാധ്യമത്തിന്റെ പരമാവധിവിനിയോഗമെന്നുപറയാവുന്നത്.
ഏറെ എഴുതുകയും വൈവിധ്യത്തോടെ എഴുതുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രൻ. അക്കൂട്ടത്തിൽ നിന്ന് പ്രാതിനിധ്യസ്വഭാവമുള്ളവയുടെ ഒരു സമാഹാരം സങ്കല്‌പിക്കാൻ തന്നെ പ്രയാസമാണ്. അനന്യശില്പങ്ങൾ എന്നു പറയാവുന്നവ തന്നെയുണ്ട്, ഏറെ. ആ ‘കാട്ടി’ലേയ്ക്കുള്ള നടത്തം പോലെയാണത് -‘ ചുറ്റിയിറങ്ങിക്കറങ്ങിത്തളരിലും/ തെറ്റിനിൽക്കുന്ന താഴ് വാരങ്ങൾ മേടുകൾ …’ മൗലികപ്രതിഭയുടെ തനതു ചൊല്ലും ചേലും പൊരുളും പടുതിയുമായിരുന്നു ഡി. വിനയചന്ദ്രൻ. ആ ആസുര -ഗന്ധർവ്വകവിത്വത്താൽ വശീകൃതനായ ഒരു കൗമാരക്കാരനും യുവാവുമായിരുന്നു ഞാൻ. ഇപ്പോൾ മധ്യവയസ്കൻ. ആ വാങ്മയവിപിനത്തിലേയ്ക്ക് ,എന്നോടൊപ്പം, നിങ്ങൾക്കും സ്വാഗതം. ഈ കാടിന് , നിങ്ങളോരോരുത്തരും നിങ്ങളുടെ പേരിടുക.

 

*****

 

കൃതികൾ 

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെ കവിതകൾ, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേയ്ക്കുള്ള വഴി, സമയ മാനസം, സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ),
പൊടിച്ചി, ഉപരികുന്ന് (നോവൽ),
പേരറിയാത്ത മരങ്ങൾ (കഥകൾ),
വംശഗാഥ (ഖണ്ഡകാവ്യം), കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ),
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ),
ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ),
ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം), ദിഗംബര കവിതകൾ (പരിഭാഷ)
എഡിറ്റ് ചെയ്തവ, യൂണിവേഴ്സിറ്റി കോളെജ് കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ)
ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ.

 

——-

 

No Comments yet!

Your Email address will not be published.