Skip to main content

പ്രകൃതിയുടെ സ്വത്വവും ഭാഷയുടെ പരിമിതിയും

കേവലമായ അർത്ഥസങ്കല്പങ്ങളെ തകിടംമറിക്കുന്ന മേതിൽ രാധാകൃഷ്ണന്റെ കവിതയാണ് ‘ഒരു ചെമ്പരത്തിപ്പൂവ്’. കവിതയെ രൂപകങ്ങളുടെ ഒരു വിപണിയായി കാണുന്ന സാമ്പ്രദായിക രീതിയെ ഇത് ബോധപൂർവ്വം നിരാകരിക്കുന്നു. കവികൾ വസ്തുക്കളെയും പ്രകൃതിയെയും തങ്ങളുടെ വികാരങ്ങളെ പുറത്തേക്ക് നയിക്കാനുളള ഉപകരണമായിട്ടാണ് ഉപയോഗിക്കുന്നത് . എന്നാൽ ഇവിടെ കവി നേരിടുന്നത് തന്റെ ബിംബകല്പനകൾക്ക് വഴങ്ങിക്കൊടുക്കാത്ത, ആത്മബോധമുള്ള ഒരു അപരത്വത്തെയാണ്. അതുകൊണ്ടുതന്നെ ഭാഷാദർശനവും അപരത്വത്തെക്കുറിച്ചുള്ള നൈതികതയും പ്രതിഭാസശാസ്ത്രവുംഇവിടെ ഒത്തുചേരുന്നതായികാണാം. ഈ കവിത അതിന്റെ ദാർശനികമായ ആഴം കണ്ടെത്തുന്ന പരിസരം ഇവിടമാണ്.

​ലോകത്തെ വരയ്ക്കാനുളള(അടയാളപ്പെടുത്താനുള്ള) യുക്തിയുടെ ഒരു ചിത്രമായി മാത്രമാണ്ഭാഷയെ കണക്കാക്കുന്നത്. എന്നാൽ ആ ചിത്രരൂപകത്തിന് പുറത്ത് നിൽക്കുന്ന യാഥാർത്ഥ്യങ്ങളോട് സംവദിക്കാൻ ഭാഷയ്ക്ക് പരിമിതികളുണ്ട്. കവി തന്റെ മനസ്സ് ബിംബങ്ങൾ കൊണ്ട് നിറയ്ക്കുമ്പോഴും, ചെമ്പരത്തിപ്പൂവിനോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴും അത് മൗനം പാലിക്കുന്നത് ഈ ഭാഷാപരമായ അപര്യാപ്തതയെയാണ് സൂചിപ്പിക്കുന്നത്.

‘ഭാഷ കണ്ടെത്തിയ ഒരാളോട് പൂവ് സംവദിക്കുന്നില്ല’ എന്ന വരിയിലൂടെ, മനുഷ്യനിർമ്മിതമായ അർത്ഥവ്യവസ്ഥകൾക്ക് പുറത്താണ് പ്രകൃതിയുടെ യഥാർത്ഥ സ്വത്വം എന്ന് കവി ഉറപ്പിച്ചു പറയുന്നു. ഇവിടെ കവി ഒരു രൂപകം നിർമ്മിക്കാൻ ശ്രമിക്കുന്നില്ല, മറിച്ച് രൂപകഭാഷയുടെ പതനത്തെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. കവിതയിൽ പരാമർശിക്കുന്ന “സംജ്ഞകൾ” കവിയുടെ പദാവലിക്ക് അജ്ഞാതമാണ്; അതുകൊണ്ട് തന്നെ പൂവ് ഒരു വസ്തുവായി നിലകൊള്ളുമ്പോൾ കവി ഒരു അപരിചിതനായി മാറുന്നുവെന്നത് മലയാളകവിതയിൽ. കാണാത്ത യാഥാർത്ഥ്യമാണ്.

​അപരന്റെ കീഴടക്കാനാവാത്ത സ്വത്വത്തിന്റെ അടയാളമാണ് മുഖം. പൂവ് ഒരു മുഖംപോലെ തിരിയുന്നു എന്ന് കവി പറയുമ്പോൾ, അതിനെ ഒരു വസ്തുവായിട്ടല്ല, മറിച്ച് തനിക്ക് തുല്യമായ മറ്റൊരു അസ്തിത്വമായിട്ടാണ് അദ്ദേഹം കാണുന്നത്. ആ മുഖം കവിയിലേക്കല്ല ഇവിടെ തിരിയുന്നത്. ‘മറ്റൊരു വിളിയിലേക്കാകുന്നു’വെന്ന ഏതോ ഒന്നിലോ അതിൽതന്നെ അനേകങ്ങളിലേക്കോ ആണ്. ഇത് യുക്തി, യുക്തിയോടു ചെയ്യുന്ന അപരത്വ പ്രകടനം ആണ്. ഒരു വസ്തുവിനെ ‘തന്റേത്’ ആക്കി മാറ്റുന്നതിലൂടെ കവികൾ നടത്തുന്ന ഹിംസയെ ഇവിടെ കവി ഉപേക്ഷിക്കുന്നു. മനുഷ്യന്റെ ശ്വാസം പോലും കലരാത്ത കാറ്റും പൂവിന്റെ സംജ്ഞകളും കവിയുടെ ലോകത്തുനിന്നും അന്യമായി നിൽക്കുന്നത്, രൂപകത്തിന്റെ തുടർച്ചതന്നെ തകരുന്നതിന്റെ അടയാളമാണ്. മരണത്തെക്കുറിച്ചുള്ള സൂചന കവിതയിൽ കടന്നുവരുന്നത് ഇതേ അപരത്വത്തിന്റെ പശ്ചാത്തലത്തിലുമാണ്. മരണം തീണ്ടിയ ഒരാൾക്ക് മുന്നിൽ പൂവ് അതിന്റെ നിഗൂഢത വെളിപ്പെടുത്തുന്നുണ്ടാകാം. പക്ഷേ ജീവിച്ചിരിക്കുന്ന കവിക്ക് അത് അന്തർഗതം ആയ, അഥവാ ഉള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നുമാത്രമാണ്.

ഞാൻ മരണത്തിന് എതിരാണ്‌, എന്റെ ഭൂമിയെപ്പോലെ| Maythil Radhakrishnan| Ajai P Mangattu - Truecopy Think

​ ഈ കവിതയിലെ പൂവിന് ഒരുൾപ്പിടുത്തമുണ്ട്. ലോകം നിശ്ചയിച്ച വഴികളിലൂടെ നീങ്ങാൻ വിസമ്മതിക്കുന്നതിനെയാണല്ലോ ഉൾപ്പിടുത്തം എന്ന് വിളിക്കുന്നത്. കവിയുടെ ഇച്ഛകൾക്കപ്പുറത്ത് നിൽക്കുന്ന പൂവ് ഒരു ഉൾപ്പിടുത്തമുള്ള ബഹിർസത്ത ആണ്. കവി അതിനെ ഒരു പ്രത്യേക രൂപകത്തിലേക്ക് തിരിച്ച് (Orientation) രൂപപ്പെടുത്താ൯ ശ്രമിന്നുണ്ടെങ്കിലും, പൂവ് ആ ദിശയെ നിരാകരിച്ച് മറ്റൊരു ദിശയിലേക്ക് തിരിയുന്നു. ഒരു കവിക്ക് വഴങ്ങിക്കൊടുക്കുക, വർണ്ണനകൾക്ക് ഇരയാവുക എന്ന കർത്തവ്യം ഏറ്റെടുക്കാൻ ആ ചെമ്പരത്തിപ്പൂവ് തയ്യാറല്ല. ഇത് വസ്തുക്കളുടെ രാഷ്ട്രീയമാണ്. കവിയുടെ ആഗ്രഹങ്ങക്ക് പരിഗണന നൽകാതെ, തന്റെ അർത്ഥശൂന്യതയിലും സ്വാഭാവികതയിലും ഉറച്ചുനിൽക്കുന്ന പൂവ്, മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തിന് വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. പൂവിനെ പൂവായി മാത്രം കാണാൻ പഠിക്കുക എന്നത് നിസ്സംഗതയല്ല.അത് വസ്തുക്കളെ സഹജമായ മൗനത്തോടെ നിലനിൽക്കാൻ അനുവദിക്കുന്ന അവയുടെ രാഷ്ട്രീയമാണ്.

​കവിത അവസാനിക്കുന്നത് രൂപകങ്ങളുടെ അവസാനത്തെയും പ്രകൃതിയുടെ അനന്തമായ മൗനത്തെയും പ്രതിനിധീകരിച്ചുകൊണ്ടാണ്. പൂവുകളിൽ നിന്ന് ഒന്നും ആവശ്യപ്പെടാതിരിക്കാൻ പഠിക്കുന്ന കവി, യഥാർത്ഥത്തിൽ അർത്ഥനിർമ്മാണത്തിന്റെ ഭാരത്തിൽ നിന്ന് മോചിതനാവുകയാണ്. പ്രകൃതിയെ മനുഷ്യന്റെ സങ്കടങ്ങൾക്കുള്ള പ്രതിമരുന്നായോ വിപ്ലവത്തിന്റെ അടയാളമായോ കാണുന്ന പതിവ് രീതിയെ ഇവിടെ മേതിൽ റദ്ദാക്കുന്നു. വസ്തുക്കളെ രൂപകങ്ങളാക്കി മാറ്റുന്നത് അവയ്ക്ക് മേലുള്ള ഒരുതരം അധികാര പ്രയോഗമാണ്. ആ അധികാരം ഉപേക്ഷിക്കുമ്പോൾ കവി ലോകത്തെ അതിന്റെ നഗ്നമായ യാഥാർത്ഥ്യത്തിൽ കാണുന്നു. അങ്ങനെ മേതിലിന്റെ ഈ കവിത ഒരു പൂവിനെക്കുറിച്ചുള്ള വിവരണമല്ലാതാവുകയും, ഭാഷയും വസ്തുക്കളും തമ്മിലുള്ള ദൂരത്തെക്കുറിച്ചുള്ള വലിയൊരു ദാർശനിക പരീക്ഷണമായി മാറുകയും ചെയ്യുന്നു. അപരത്വത്തോടുള്ള ഏറ്റവും ഉന്നതമായ സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതുകൊണ്ടാണ് കവി ഒടുവിൽ തന്റെ ‘ഇച്ഛകളെ’ വെടിയും അത്.

No Comments yet!

Your Email address will not be published.