Skip to main content

കബീറിന്റെ കവിതകള്‍

പേര് ഇതാണ് : അത് മാത്രമാണ് സത്യം
സത്യമായതിനാല്‍ തന്നെ ഉച്ചരിക്കാനാവാത്തതും.
അതിനുള്ളിലുണ്ട്
രൂപവും രൂപമില്ലാത്തതും തമ്മിലുള്ള വ്യത്യാസം.
രൂപമില്ലാത്തത് വിത്താണ്
അതിന്റെ രൂപമാണ് പൂവും കായും :
അറിവെന്ന ശാഖയുടെ ഹൃദയത്തിലുണ്ട് പേര്, അത് അതിന്റെ വേരാണ്.
നിങ്ങളുടെ സ്വന്തം വേരുകള്‍ ഉള്ളില്‍ നിന്ന്
കണ്ടെടുക്കൂ :
അതിന്റെ പൂര്‍ണതയിലുണ്ട്
നിങ്ങളുടെ സന്തോഷം.
അതില്‍ നിന്ന്, നിശബ്ദമായ നിങ്ങളുടെ
പേരില്‍ നിന്ന് തളിര്‍ക്കുന്നു
ശാഘയും, ഇലകളും, പൂവും കായും.
ഇവിടെ നിശബ്ദതക്ക് ശബ്ദം ഉണ്ടാവുന്നു
കേള്‍ക്കാം ചെവികള്‍ ഇല്ലാതെ (എല്ലാ
പദങ്ങളില്ലാത്ത പേരുകളെയും ലയിക്കാന്‍ അനുവദിച്ചാല്‍)
അവിടെ രൂപവും രൂപമില്ലാത്തതും തുലനം കണ്ടെത്തുന്നു.

കബീര്‍

***

 

ഓ ദാസാ, നിങ്ങള്‍ എവിടെയാണ് എന്നെ തിരയുന്നത്
ഇതാ നോക്കൂ ഞാന്‍ നിങ്ങളുടെ അരികിലുണ്ട്
ഞാന്‍ അമ്പലത്തില്‍ ഇല്ല
പള്ളിയിലും ഇല്ല.
ഞാന്‍ കാബയില്‍ ഇല്ല
കൈലാസത്തും ഇല്ല
ഞാന്‍ ആചാരങ്ങളിലൊ ചടങ്ങുകളിലോ ഇല്ല
യോഗയിലോ ത്യാഗത്തിലോ ഇല്ല.
നിങ്ങള്‍ ഒരു സത്യാന്വേഷി ആണെങ്കില്‍, നിങ്ങള്‍ക്ക് ആ നിമിഷം എന്നെ കാണാന്‍ കഴിയും.
ഒരു നിമിഷത്തെ സമയത്തിനുള്ളില്‍
നിങ്ങള്‍ എന്നെ കണ്ടുമുട്ടും.
കബീര്‍ പറയുന്നു,
‘ഓ സന്യാസി! ദൈവം എല്ലാ ശ്വാസത്തിന്റെയും ശ്വാസമാണ്’.

കബീര്‍

***

വിവ : ബിന്ദു ജഗദീഷ്

 

No Comments yet!

Your Email address will not be published.