Skip to main content

പെദ്രൊ സെറാനൊയുടെ കഥ

 

1539 ൽ ഒരു സ്പാനിഷ്‌ യോദ്ധാവിന്‌ പെറുവിലെ ഇങ്ക സമുദായത്തിൽ പെട്ട പ്രഭുകുമാരിയിൽ ജനിച്ച മകനാണ്‌ ഗർസാലിയൊ ദെ ല വെഗ. എൽ ഇങ്ക എന്ന നാമത്തിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ നാമം ഗോമെസ്‌ സുവാറസ്‌ ദെ ഫിഗ്വേറോവ എന്നായിരുന്നു. അച്ഛന്റെ മരണശേഷം, തന്റെ ഇരുപത്തിയൊന്നം വയസ്സിൽ, സ്പെയിനിലേക്ക്‌ കുടിയേറി. ഇങ്ക വംശജരുടെ ചരിത്രം, സംസ്കാരം, സാമൂഹ്യ ജീവിതം എന്നിവയെക്കുറിച്ച്‌ വളരെയധികം എഴുതിയിട്ടുണ്ട്‌.

നമ്മൾ മുന്നോട്ടു പോകുന്നതിനു മുമ്പ്‌ പെദ്രൊ സെറാനൊയുടെ കഥ പറയുന്നതു നല്ലതായിരിക്കും എന്നു തോന്നുന്നു. അത്‌ വല്ലാതെ അസ്ഥാനത്താകില്ല. മാത്രമല്ല, അതുകൂടി ഉൾപ്പെടുത്തിയാൽ ഈ അദ്ധ്യായം വല്ലാതെ ഹ്രസ്വമാകാതിരിക്കുകയും ചെയ്യും. അതുവരേക്കും പേരിടാത്ത, ആളൊഴിഞ്ഞ ദ്വീപിലേക്ക്‌ പെദ്രൊ സെറാനൊ നീന്തിയെത്തി. ഏകദേശം രണ്ടു ലീഗ്‌ വ്യാസമതിനുണ്ടാകും എന്നാണയാൾ പറഞ്ഞത്‌. ഭൂപടവും അതു ശരിവയ്ക്കുന്നു. മൂന്ന്‌ ചെറുദ്വീപുകളാണവിടെയുള്ളത്‌. ചുറ്റിലും നല്ല കടൽത്തീരങ്ങളുള്ളവ. സമാനരീതിയിൽ അഞ്ചു ചെറു ദ്വീപുകളടങ്ങുന്ന സെറാനൊ‍ില എന്നൊന്നുമുണ്ട്‌. അവിടെ സെറാനൊയിലുള്ളതിനേക്കാൾ മണൽതിട്ടകളുണ്ട്‌. ഇത്തരം മണൽതിട്ടകളും, പാറത്തിട്ടകളും ധാരാളമായി കാണപ്പെടുന്നതിനാൽ കപ്പലുകൾ ഈ മാർഗ്ഗം കഴിവതും ഒഴിവാക്കാറാണു പതിവ്‌.

അവയ്ക്കിടയിൽ കപ്പലപകടത്തിൽ പെട്ട്‌ ഈ ദ്വീപിലേക്ക്‌ നീന്തിയെത്തുക എന്നത്‌ പെദ്രൊ സെറാനൊയുടെ വിധിയായിരുന്നു. അവിടെയെത്തിയ അയാൾ നിരാശനായി. അയാൾക്കവിടെ വെള്ളം ലഭിച്ചില്ല. ഇന്ധനം ലഭിച്ചില്ല. തിന്നാനായി പുല്ലുപോലും ലഭിച്ചില്ല. ഏതെങ്കിലും ഒരു കപ്പൽ അതുവഴി കടന്നുപോയി. തന്നെ അവിടെ നിന്നു രക്ഷിക്കുന്നതുവരെ ജീവനെ പിടിച്ചു നിർത്താൻ, വിശപ്പും ദാഹവുമകറ്റാൻ, ഒന്നും കണ്ടെത്താനായില്ല. മുങ്ങിച്ചാകുന്നതിനേക്കാൾ ഭീകരമാണീ വിധി എന്നയാൾക്ക്‌ തോന്നി. മുങ്ങിച്ചാകുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പത്തിൽ അവസാനിക്കും. അതിനാൽ ആദ്യ രാത്രി മുഴുക്കെ തന്റെ നിർഭാഗ്യത്തെ പഴിച്ചു തീർത്തു. ഇത്തരമൊരു അവസ്ഥയിലെത്തിപ്പെട്ട എതൊരുവനേയും പോലെ വിഷണ്ണനായി. പകലായപ്പോൾ അയാൾ ദ്വീപൊന്ന്‌ നടന്നു കാണാൻ തീരുമാനിച്ചു. കടൽക്കരയിൽ, കക്ക, ഞണ്ട്‌, ചെമ്മീൻ തുടങ്ങിയ ജീവികളെ കണ്ടു. പച്ചയ്ക്ക്‌ തിന്നാവുന്നവയെ അയാൾ പിടികൂടി. അതിനെ ഒന്നു ചുട്ടെടുക്കാനോ പുഴുങ്ങിയെടുക്കാനോ വേണ്ട മാർഗ്ഗങ്ങൾ അപ്പോൾ കൈവശമില്ലായിരുന്നുവല്ലോ. അങ്ങനെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ ഏതാനും കടലാമകളെ കണ്ടു. അവ കരയെ ലക്ഷ്യമിട്ടു വരികയായിരുന്നു. അവയിൽ ചിലതിനെ പിടികൂടി മലർത്തിക്കിടത്തി. മലർത്തി കിടത്തിയാൽ പിന്നെയവയ്ക്ക്‌ രക്ഷപ്പെടുക എളുപ്പമല്ല. അരയിൽ എപ്പോഴും സൂക്ഷിക്കാറുള്ള കത്തിയെടുത്തു. ആ കത്തി തന്നെയാണയാളുടെ ജീവൻ രക്ഷിച്ചതും. ഒരാമയുടെ തലയറുത്ത്‌ രക്തം കുടിച്ചു. വെള്ളത്തിനു പകരം രക്തം! ബാക്കിയുള്ളവയേയും അതുപോലെ അറുത്ത്‌ രക്തം കുടിച്ചു. അവയുടെ മാംസം വെയിലത്തിട്ട്‌ ഉണക്കിയെടുക്കാൻ തീരുമാനിച്ചു. അവയുടെ തോട്‌ വൃത്തിയാക്കി. അതിൽ മഴവെള്ളം ശേഖരിക്കാം.

ആ പ്രദേശം നല്ല മഴ ലഭിക്കുന്നയിടങ്ങളായിരുന്നു. അങ്ങനെ കഴിയാവുന്നയത്ര ആമകളെ കൊന്നു തിന്ന്‌ ആദ്യ ദിവസങ്ങൾ തള്ളി നീക്കി. അവയിൽ ചില ആമകൾക്കെല്ലാം നല്ല വലിപ്പമുണ്ടായിരുന്നു. അയാൾ കണ്ടിട്ടുള്ള കവചങ്ങളേക്കാൾ വലിയ തോടുകളുള്ളവയായിരുന്നു. മറ്റുള്ളവ ചെറിയ കവചങ്ങളെന്ന തോന്നലുണ്ടാക്കി. അങ്ങനെ എല്ലാ വലിപ്പത്തിലുമുള്ള ആമകളുണ്ടായിരുന്നു. അതിലേറ്റവും വലിയവയെ അയാൾക്കൊന്ന്‌ മറിച്ചിടാൻ പോലുമായില്ല. അത്രയ്ക്ക്‌ ഭാരമേറിയതായിരുന്നു അവ. അയാളേക്കാൾ കരുത്തുള്ളവ. അവയുടെ പുറത്തുകയറി അവയെ ക്ഷീണിപ്പിക്കാനാകുമോ എന്നു ശ്രമിച്ചു. അതും പൂർണ്ണമായൊന്നും ഉപകാരപ്പെട്ടില്ല. അയാളേയും പുറത്തിരുത്തി അവയ്ക്ക്‌ കടലിലേക്ക്‌ നീന്താനായി. അങ്ങനെയുള്ള അനുഭവങ്ങളിൽ നിന്ന്‌ ഏതൊക്കെ ആമകളെ ആക്രമിക്കണം ഏതിനെയരുത്‌ എന്നറിയാനും അയാൾക്കായി. ആമത്തോടിൽ അയാൾ ധാരാളം മഴവെള്ളം ശേഖരിച്ചു. ചിലതിൽ രണ്ട്‌ അരോബ* വരെ വെള്ളം അയാൾക്ക്‌ ശേഖരിക്കാനായി. (*ഒരു അരോബ ഏകദേശം 15 കിലോഗ്രാമാണ്‌.) ചിലതിൽ അത്രയ്ക്കായില്ല. അവശ്യത്തിനു വെള്ളവും ആഹാരവും ലഭ്യമാകുന്നു എന്നുറപ്പായപ്പോൾ ഭക്ഷണം ചുട്ടെടുക്കാൻ ഇത്തിരി തീയ്യുണ്ടാക്കാനാകുമോ എന്നായി ശ്രമം. അതിൽ നിന്നുള്ള പുക ഒരു പക്ഷേ കടന്നുപോകുന്ന കപ്പലുകൾക്ക്‌ സൂചന നൽകാനും ഉപകരിച്ചേക്കാം. കടലിൽ ദീർഘമായ അനുഭവസമ്പത്തുള്ളവർക്ക്‌ അതില്ലാത്തവരേക്കാൾ ചില മേന്മകളുണ്ട്‌. അതിനാൽ അയാൾ കൂട്ടിയുരസിയാൽ തീപ്പൊരി വരുന്ന രണ്ടു കല്ലുകൾക്കായി തിരഞ്ഞു തുടങ്ങി. അതല്ലെങ്കിൽ ആ കല്ലിൽ തന്റെ കൈവശമുള്ള കത്തിയുരസിയാൽ തീപ്പൊരി വരണം.

ആ ദ്വീപിൽ പക്ഷേ അയാൾക്ക്‌ മണലല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. താനന്വേഷിക്കുന്ന തരം കല്ലു കണ്ടെത്താനായില്ല. അയാൾ കടലിൽ നീന്താനാരംഭിച്ചു. ഊളയിട്ട്‌ നീന്തുന്നതിനിടയിൽ കടലിന്റെ അടിത്തട്ട്‌ നല്ല രീതിയിൽ തന്നെ പരിശോധിച്ചു. എല്ലാ ഭാഗങ്ങളും പരിശോധിച്ചു. തനിക്കുപകാരപ്പെടുന്ന തരം കല്ലു കണ്ടെത്തുന്നതു വരെ ആ ശ്രമം തുടർന്നു. തനിക്കാകാവുന്നയത്ര ചെറുകല്ലുകൾ ശേഖരിച്ചു. അവ കൂട്ടിയിടിച്ച്‌ വീണ്ടും ചെറുതാക്കി. തന്റെ കത്തിയുരസാൻ തക്ക വലിപ്പത്തിലുള്ളവയാക്കി. അതിനു ശേഷം തന്റെ ആശയം പരീക്ഷിച്ചു. തീപ്പൊരികൾ വന്നു. അപ്പോൾ തന്റെ കുപ്പായത്തിൽ നിന്ന്‌ കുറച്ച്‌ പരുത്തി കീറിയെടുത്തു. അതൊരു തിരിപോലെയാക്കി. അങ്ങനെ വളരെ ശ്രമിച്ച്‌, സാവധാനത്തിൽ അയാൾക്ക്‌ തീ കത്തിക്കാനായി. കടലിൽ നിന്ന്‌ കരയ്ക്കടിഞ്ഞ പലവിധ വസ്തുക്കൾ കൂട്ടിയിട്ട്‌ ആ തീ എരിയിച്ചു നിർത്താനായി. കടലിൽ അപകടത്തിൽ പെട്ട കപ്പലുകളിൽ നിന്ന്‌ ചിതറി വന്ന മരത്തുണ്ടുകളും, കരയ്ക്കടിഞ്ഞുണങ്ങിയ കടൽ പായലും, പലവിധ എല്ലുകളും മറ്റു വസ്തുക്കളും ഈ തീ അണയാതിരിക്കാൻ അയാൾ ശേഖരിച്ചു. മഴ പെയ്താൽ തീ അണഞ്ഞുപോകാതിരിക്കാൻ തന്റെ കൈവശമുള്ള ആമത്തോടുകൾകൊണ്ടൊരു കൊച്ചു കുടിലുണ്ടാക്കി. തീ എല്ലാവിധത്തിലും കാത്തുസൂക്ഷിച്ചു. അതിനെ പരിപാലിച്ചു. രണ്ടു മാസങ്ങൾക്കകം അയാളുടെ വസ്ത്രമെല്ലാം മഴയും കാറ്റും വെയിലും ഉഷ്ണവുമേറ്റ്‌ നശിച്ചുപോയി. അയാൾ പൂർണ്ണ നഗ്നനായി. വെയിൽ കൊണ്ട്‌ അയാൾ തകർന്നു. നല്ല ചൂടുണ്ടായിരുന്നു. സംരക്ഷണത്തിനു വസ്ത്രങ്ങളൊന്നുമില്ലായിരുന്നു. അവിടെ തണലുമില്ലായിരുന്നു. അയാൾ ക്ഷീണിച്ച്‌ ബലഹീനനായി. ഇടക്കിടെ വെള്ളത്തിൽ ഇറങ്ങിക്കിടന്നു. ഈ കഠിനതകൾക്കും ക്ളേശങ്ങൾക്കുമിടയിൽ മൂന്നു വർഷം അയാൾ ജീവിച്ചു.

അക്കാലങ്ങളിൽ പല കപ്പലുകളും അതിലൂടെ കടന്നുപോയി. അയാളപ്പോഴൊക്കെ പുകകൊണ്ട്‌ സൂചന നൽകാൻ ശ്രമിച്ചു. കടലിൽ ഒറ്റപ്പെട്ടവർ സാധാരണയായി അങ്ങനെയാണു സൂചന നൽകാറുള്ളത്‌. പക്ഷേ കപ്പലിലുള്ളവരൊന്നും അയാളെ കണ്ടില്ല. അതല്ലെങ്കിൽ മണൽതിട്ടകളെ ഭയന്ന്‌ അവർ കരയിലേക്ക്‌ വരാതിരുന്നതുമാകാം. അവർ കടലിൽ, ദൂരേക്ക്‌ നീങ്ങി. അതെല്ലാം കണ്ട്‌ പെദ്രൊ സെറാനൊ കൂടുതൽ നിരാശനായി. ഈ ദുരിതങ്ങൾക്ക്‌ മദ്ധ്യേകിടന്നു മരിക്കാനാണു തന്റെ വിധി എന്നയാൾ കരുതാനാരംഭിച്ചു. കാലാവസ്ഥയുടെ കഠിനതകൾ മൂലം അയാളുടെ ശരീരമാകെ രോമാവൃതമായി. ജടപിടിച്ചു. അയാൾ ഒരു മൃഗത്തിനെപ്പോലെയായി. ഏതെങ്കിലും ഒരു മൃഗത്തെപ്പോലെയല്ല കാട്ടുപന്നിയെപ്പോലെയായി. അയാളുടെ മുടിയും താടിയും അരക്കെട്ടു വരെ നീണ്ടു.

മൂന്നു വർഷങ്ങൾ പിന്നിട്ടു. ഒരു സായാഹ്നത്തിൽ, ഒരു പ്രതീക്ഷയുമില്ലാതിരിക്കുന്നതിനിടയിൽ, അയാൾ ദ്വീപിൽ ഒരു മനുഷ്യനെ കണ്ടു. തലേന്ന്‌ ദ്വീപിനരികിലുള്ള മണൽ തിട്ടകളിലിടിച്ചു തകർന്ന കപ്പലിലുള്ളവനായിരുന്നു അയാൾ. കപ്പലിൽ നിന്നുള്ള ഒരു പലകയിൽ പറ്റിപ്പിടിച്ചു കിടന്ന്‌ രക്ഷപ്പെട്ടെത്തിയതാണ്‌. പ്രഭാതമായപ്പോൾ പെദ്രൊ സെറാനൊയുടെ തീയ്യിൽ നിന്നു വരുന്ന പുക അയാൾ കണ്ടു. അതെന്തെനിന്ന്‌ ഊഹിച്ചു. പലകപ്പുറത്ത്‌ നീന്തി അതിനരികിലേക്കെത്തി. അവർ പരസ്പരം കണ്ടപ്പോൾ ആരാണു കൂടുതൽ അത്ഭുതപ്പെട്ടതെന്ന്‌ പറയാനാകില്ലായിരുന്നു. ചെകുത്താൻ, തന്നെക്കൊണ്ടെന്തെങ്കിലും അരുതാത്തതു ചെയ്യിക്കാൻ, പ്രലോഭിപ്പിക്കാൻ, മനുഷ്യരൂപത്തിലെത്തിയതാണെന്ന്‌ സെറാനൊ കരുതി. അതിഥിയാകട്ടെ സെറാനൊയാണ്‌ ചെകുത്താൻ എന്നും കരുതി. ചെകുത്താൻ അതിന്റെ തനിരൂപത്തിൽ. ശരീരമാകെ രോമം നിറഞ്ഞ്‌ നീണ്ട താടിയുള്ള ചെകുത്താൻ. അവർ ഇരുവരും മറ്റേയാളിൽ നിന്ന്‌ ഓടിയൊളിക്കാൻ ശ്രമിച്ചു.

“ഈശോയേ! ഈശോയേ! ദൈവമേ! എന്നെ ഈ ചെകുത്താനിൽ നിന്നു രക്ഷപ്പെടുത്തണേ എന്ന്‌ പെദ്രൊ സെറാനൊ ഉച്ചത്തിൽ കരഞ്ഞു.”

ഇതു കേട്ടപ്പോൾ മറ്റേയാൾക്ക്‌ തനിക്കെതിരെ വന്നത്‌ ചെകുത്താനല്ല എന്നുറപ്പായി. അയാൾ തിരിഞ്ഞു നിന്നു.

“എന്നെക്കണ്ട്‌ ഓടണ്ട സഹോദരാ. ഞാനും ഒരു ക്രിസ്ത്യാനിയാണ്‌.” എന്നു പറഞ്ഞു.

അതു തെളിയിക്കുന്നതിനായി അയാൾ ചില ബൈബിൾ വചനങ്ങൾ ഉച്ചത്തിൽ പറഞ്ഞു. പെദ്രൊ സെറാനൊ അതു കേട്ട്‌ തിരിഞ്ഞു നിന്നു. വളരെ ആർദ്രമായി, കരഞ്ഞും മുരണ്ടും അവർ പരസ്പരം അരികിലേക്ക്‌ നീങ്ങി. അവർ ഇരുവരും ഒരേ വിധിയിലാണെന്നും, അവിടെ നിന്ന്‌ രക്ഷപ്പെടാനൊരു സാധ്യത കാണുന്നില്ലെന്നും, അറിഞ്ഞു. ഇരുവരും അവരവരുടെ കഥകൾ ചുരുക്കിപ്പറഞ്ഞു. അവരുടെ ഭൂതകാല കഥകൾ. തന്റെ അതിഥിക്കപ്പോൾ അവശ്യം വേണ്ടതെന്തെന്ന്‌ തിരിച്ചറിഞ്ഞ പെദ്രൊ സെറാനൊ അയാൾക്ക്‌ ഭക്ഷണവും വെള്ളവും നൽകി. സാന്ത്വനിപ്പിച്ചു. അവർ പിന്നെയും അവരുടെ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്‌ ചർച്ച ചെയ്തു. അവർ അവരുടെ ജീവിതം അവർക്കാകാവുന്ന വിധത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ തുടങ്ങി. പകലും രാത്രിയും ഒരാളല്ലെങ്കിൽ മറ്റേയാൾ വെള്ളത്തിലിറങ്ങി. അതിൽ നിന്ന്‌ തീ അണയാതിരിക്കാൻ വേണ്ടതെല്ലാം ശേഖരിച്ചു. ചണ്ടിയും പായലും, ചവറും, കക്കയും എല്ലുമെല്ലാം ശേഖരിച്ചു. ആ തീ അണയാതിരിക്കാൻ വേണ്ട എല്ലാ ജാഗ്രതയും അവർ കാത്തു സൂക്ഷിച്ചു. അങ്ങനെ ഏതാനും ദിവസങ്ങൾ മുന്നോട്ടു പോയി. പക്ഷേ അപ്പോഴേക്കും അവർ തമ്മിൽ വഴക്കാരംഭിച്ചു. വഴക്ക്‌ അക്രമാസക്തമായി. അവർ താമസം തന്നെ വേറിട്ടായി. നേരിൽ കണ്ടാൽ പരസ്പരം മർദ്ധിക്കും എന്നായി. (മനുഷ്യ വികാരങ്ങളുടെ ദുരവസ്ഥയെയാണതു കാണിക്കുന്നത്‌.) വഴക്കിന്റെ കാരണം മറ്റേയാൾ തന്റെ ജോലികൾ ശരിക്കു ചെയ്യുന്നില്ലെന്ന്‌ ഒരാൾ ആരോപിക്കുന്നതായിരുന്നു. ഈ ആരോപണങ്ങൾ പരസ്പരമുണ്ടായി. വാക്കുകളാലുള്ള ഈ ആരോപണങ്ങൾ അവർ തമ്മിലുള്ള സൗഹൃദത്തെ തകർക്കാനും അവരെ വിഭജിക്കാനും തക്ക കരുത്തുള്ളതായി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന വിഡ്ഢിത്തമെന്തെന്ന്‌ അവർ തിരിച്ചറിഞ്ഞു. പരസ്പരം ക്ഷമ ചോദിച്ചു. സുഹൃത്തുക്കളായി. വീണ്ടും ഒന്നിച്ചു ജീവിക്കാനുമാരംഭിച്ചു. അങ്ങനെ നാലു വർഷം പിന്നിട്ടു. അതിനിടയിൽ അതുവഴി ചില കപ്പലുകൾ കടന്നുപോയി. അവർ പുകകൊണ്ട്‌ സൂചനകൾ നൽകി. അതൊന്നും ഉപകാരപ്പെട്ടില്ല. അവർ കൂടുതൽ വിഷണ്ണരായി.
കുറേക്കാലം കൂടി കഴിഞ്ഞ്‌ ഒരു കപ്പൽ അതുവഴി കടന്നുപോയി. അവർ ആ പുക കണ്ടു. വള്ളത്തിൽ ദ്വീപിലെത്തി. അവിടെ അകപ്പെട്ട രണ്ടു സുഹൃത്തുക്കൾക്കരികിലെത്തി. അപ്പോഴേക്കും പെദ്രൊ സെറാനൊയുടെ സുഹൃത്തിന്റെ ശരീരത്തിലും പെദ്രൊയെപ്പോലെ രോമം നിറഞ്ഞിരുന്നു. വള്ളം അരികിലേക്ക്‌ വരുന്നതു കണ്ടപ്പോൾ അവർ മുട്ടുകുത്തി ഉച്ചത്തിൽ ബൈബിളിൽ നിന്നുള്ള സ്തുതികൾ ചൊല്ലി. അവർക്കരികിലേക്ക്‌ വരുന്നവർ തങ്ങൾ ചെകുത്താന്മാരാണെന്ന്‌ കരുതാതിരിക്കാനായിരുന്നു അത്‌. അതുപകാരപ്പെട്ടു. ആ ബൈബിൽ സ്തുതികളില്ലായിരുന്നു എങ്കിൽ വള്ളത്തിലുള്ളവർ ഭയന്ന്‌ തിരിച്ചു പോകുമായിരുന്നു. കാരണം അവർ ഇരുവരേയും അപ്പോൾ കണ്ടാൽ മനുഷ്യരാണെന്ന്‌ തോന്നുമായിരുന്നില്ല. അവരെ വള്ളത്തിൽ കപ്പലിലെത്തിച്ചു. അവരുടെ കഥ കേട്ട്‌ കപ്പലിലുള്ളവർ അത്ഭുതപ്പെട്ടു. അവരുടെ രൂപം കണ്ട്‌ അത്ഭുതപ്പെട്ടു.

സ്പെയിനിലേക്കുള്ള മടക്കയാത്രയിൽ, കപ്പലിൽ വച്ച്‌, പെദ്രൊയുടെ കൂട്ടുകാരൻ മരിച്ചു. പെദ്രൊ സെറാനൊ സ്പെയിനിലെത്തി. അവിടെ നിന്ന്‌ ജർമ്മനിയിലേക്ക്‌ പോയി. ചക്രവർത്തി അക്കാലത്ത്‌ ജർമ്മനിയിലായിരുന്നു. തന്റെ രോമം നിറഞ്ഞ ചർമ്മം അയാൾ നിലനിർത്തി. താൻ കടന്നുപോയ കപ്പലപകടത്തിന്റേയും ജീവിതത്തിന്റേയും ഓർമ്മയ്ക്കായി നിലനിർത്തി. അതിന്റെ തെളിവെന്ന നിലയിൽ നിലനിർത്തി. കടന്നുപോയ ഗ്രാമങ്ങളിൽ ചിലപ്പോൾ അയാൾ സ്വയം ഒരു പ്രദർശന വസ്തുവായി. അതുവഴി ധാരാളം പണം ലഭിച്ചു. ചില പ്രധാന യോദ്ധാക്കളും പ്രഭുക്കന്മാരും അയാളുടെ രൂപം കാണാൻ ആഗ്രഹിച്ചു. പ്രതിഫലമായി യാത്രക്കാവശ്യമായ തുക നൽകി. അയാളെക്കുറിച്ച്‌ കേട്ടറിഞ്ഞ മഹാരാജാവ്‌ അയാൾക്ക്‌ 4000 പെസോസ്‌ നൽകി. അതായത്‌ പെറുവിലെ 4800 ഡൂകാറ്റ്‌. ഈ പണം ഉപയോഗിച്ച്‌ ജീവിതം ആഘോഷമാക്കാനുള്ള യാത്രക്കിടയിൽ പനാമയിൽ വച്ച്‌ പെദ്രൊ സെറാനൊ അന്തരിച്ചു.

സാഞ്ചെസ്‌ ദെ ഫിഗ്വേറോവ എന്നൊരാൾ എന്നോട്‌ എങ്ങനെ ഈ കഥ പറഞ്ഞോ അതുപോലെയാണിവിടെ ഞാൻ ആവർത്തിച്ചിരിക്കുന്നത്‌. അയാൾക്ക്‌ പെദ്രൊ സെറാനൊയെ അറിയാമായിരുന്നു. ഈ കഥയെല്ലാം പെദ്രൊ സെറാനൊയിൽ നിന്നു തന്നെ കേട്ടതാണെന്നും അയാൾ പറയുന്നു. അതായത്‌ രാജാവിനെ കണ്ടു മടങ്ങിക്കൊണ്ടിരുന്ന പെദ്രൊയിൽ നിന്ന്‌. ആ മടക്കയാത്രയിൽ പെദ്രൊ സെറാനൊ തന്റെ മുടിയും താടിയും അരക്കൊപ്പം വച്ച്‌ വെട്ടി. അല്ലെങ്കിൽ അയാൾക്ക്‌ രാത്രിയിൽ ശരിക്കുറങ്ങാനാകാതായിട്ടുണ്ടായിരുന്നു. അതയാൾ മെടഞ്ഞിട്ടു. അതല്ലെങ്കിൽ ആ മുടിയെല്ലാം മെത്തയിൽ പരന്നു കിടക്കുമായിരുന്നു. അതയാളുടെ വിശ്രമത്തിനു തടസ്സമാകുമായിരുന്നു.

***

വിവർത്തനം : സുരേഷ് എം.ജി.

One Reply to “പെദ്രൊ സെറാനൊയുടെ കഥ”

  1. കഥയും പരിഭാഷയും അസ്സലായിട്ടുണ്ട്.

Leave a Reply to ഹുസൈർ മുഹമ്മത് Cancel reply

Your Email address will not be published.