Skip to main content

യിസൂര്‍

സാമ്പത്തികമായി പരാജയപ്പെട്ട ഒരു സര്‍ക്കസ് കമ്പനിയില്‍ നിന്ന് ഞാനൊരു ആള്‍ക്കുരങ്ങിനെ വാങ്ങി.

ഒരു ദിവസം ഉച്ചയ്ക്ക്, എന്തിലോ, ജാവയിലെ പ്രാദേശിക ജനത ആള്‍ക്കുരങ്ങിനു സംസാരശേഷിയില്ലാത്തതിന്റെ കാരണം കഴിവുകേടല്ല അവ ബോധപൂര്‍വ്വം സംസാരശേഷിയെ ആത്മപരിത്യാഗം ചെയ്തതാണെന്ന് വിശ്വസിക്കുന്നു എന്നു വായിച്ചതാണി ഈ പേജുകളില്‍ ഞാന്‍ കുറിച്ചിടാനൊരുങ്ങുന്ന പരീക്ഷണമൊന്ന് പരിശ്രമിക്കണം എന്ന ചിന്തയുണ്ടാക്കിയത്. ”ജോലികള്‍ക്കായി തങ്ങളെ ഉപയോഗിക്കാതിരിക്കാനാണവ സംസാര ശേഷിയില്ലാത്തവരെന്ന് നടിക്കുന്നത്” എന്നാ പ്രബന്ധം പറയുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ അതൊരു ഉപരിപ്‌ളവമായ ചിന്തയാണെന്ന് എനിക്കു തോന്നി. പിന്നെ അത് മനസ്സിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങി. അവസാനം അതിങ്ങനെ ഈ രൂപത്തില്‍ ഒരു നരവംശശാസ്ത്ര സിദ്ധാന്തമായി പരിണമിച്ചു. എന്തൊക്കെയോ കാരണങ്ങളാല്‍ സംസാരിക്കുക എന്ന ശീലമവസാനിപ്പിച്ച മനുഷ്യരാണ് ആള്‍ക്കുരങ്ങുകള്‍ എന്നായിരുന്നു ആ സിദ്ധാന്തം. അങ്ങനെ സംസാരശീലമവസാനിപ്പിച്ചതിന്റെ ഫലമായി അവരുടെ ശബ്ദനാളികളും സ്വരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗവും തമ്മിലുള്ള ബന്ധത്തിനു ശോഷണം സംഭവിച്ചു. മിക്കവാറും ഇല്ലാതാകും വിധമായി. അങ്ങനെ ആ വര്‍ഗ്ഗത്തിന്റെ ഭാഷ എന്തെന്ന് വ്യക്തമാക്കാനാകാത്ത ഒരു കരച്ചിലിന്റെ ഘട്ടത്തില്‍ മുരടിച്ചു. ആ പ്രാചീന മനുഷ്യര്‍ മൃഗങ്ങളുടെ നിലയിലേക്കു താണു.

ഇതൊന്ന് തെളിയിക്കാനായാല്‍ ആള്‍ക്കുരങ്ങിനെ ഇങ്ങനെ വ്യത്യസ്തമായ ജീവിയാക്കുന്ന അസാംഗത്യങ്ങള്‍ക്ക് തെളിവാകും. പക്ഷേ അതിനും സാധ്യമായ ഒരൊറ്റ തെളിവേയുള്ളു. ആ കുരങ്ങൊന്ന് സംസാരിക്കണം.

ഇതിനിടയില്‍ ഞാന്‍ എന്റെ ആള്‍ക്കുരങ്ങുമായി ഉലകം ചുറ്റി. ഞങ്ങള്‍ക്കാ യാത്രകളിലുണ്ടായ അനുഭവങ്ങള്‍ അവനെ എന്നോട് കുറച്ചു കൂടി അടുപ്പിച്ചു. യൂറോപ്പില്‍ ഞങ്ങള്‍ ചെല്ലുന്നിടത്തെല്ലാം അവനൊരു ആകര്‍ഷണമായി. എനിക്കു വേണമെങ്കില്‍ അവനെ ഒന്നാം നൂറ്റാണ്ടിലെ റോമാ ചക്രവര്‍ത്തിയായ കാലിഗുള, തന്റെ കുതിരയ്ക്ക് പേരിട്ടതുപോലെ രാജപ്രതിനിധി എന്നൊക്കെ വിളിക്കാമായിരുന്നു. പക്ഷേ അത്തരം കോമാളിത്തങ്ങള്‍ വ്യാപാരത്തിലുള്ള ഒരാള്‍ക്ക് അനുയോജ്യമല്ല.

എന്റെ അടക്കാനാകാത്ത അഭിലാഷം മൂലം കുരങ്ങുകളുടെ സംസാരവുമായി ബന്ധപ്പെട്ടെഴുതപ്പെട്ടിട്ടുള്ള എല്ലാ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു. അതുകൊണ്ടു പക്ഷേ ഗുണമൊന്നുമുണ്ടായില്ല. എനിക്കതില്‍ നിന്നാകെ തീര്‍ച്ചയാക്കാനായത്, ആള്‍ക്കുരങ്ങുകള്‍ സംസാരിക്കാറില്ല എന്ന യാഥാര്‍ത്ഥ്യത്തിന് ശാസ്ത്രീയമായ ഒരു വിശദീകരണവുമില്ല എന്നു മാത്രമാണ്. ഇതിലേക്കെത്താന്‍ എനിക്ക് അഞ്ചു വര്‍ഷത്തെ പഠനവും ചിന്തകളും ആവശ്യമായി വന്നു.

യിസൂര്‍ എന്നാണവനെ ഞാന്‍ വിളിച്ചിരുന്നത്. അവനിങ്ങനെ ഒരു പേരെവിടെ നിന്നു ലഭിച്ചു എന്നെനിക്കറിയില്ല. അവന്റെ മുന്‍ ഉടമയ്ക്കും അതറിയില്ല. അവനെന്തായാലും അതുല്യതയുള്ള ഒരു മൃഗമായിരുന്നു. സര്‍ക്കസില്‍ അവനു ലഭിച്ചിട്ടുള്ള പരിശീലനം അനുകരണത്തില്‍ പരിമതപ്പെടുത്തിയിരുന്നു എങ്കിലും അതവന്റെ കഴിവുകളെ വികസിപ്പിച്ചിരുന്നു. അതിനാല്‍ ഒറ്റനോട്ടത്തില്‍ അസംബന്ധമെന്നു തോന്നിപ്പിക്കുന്ന എന്റെ സിദ്ധാന്തമൊന്ന് അവനില്‍ പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുരങ്ങുവര്‍ഗ്ഗത്തില്‍ യിസൂര്‍ അകപ്പെട്ട ചിമ്പാന്‍സികള്‍ക്കാണേറ്റവും നല്ല തലച്ചോറുള്ളതെന്ന് എനിക്കറിയാമായിരുന്നു. മാത്രമല്ല അവ പെട്ടെന്ന് ഇണങ്ങുന്നവയാണെന്നും വിധേയത്വം പ്രകടമാക്കുന്നവയാണെന്നും അറിയാമായിരുന്നു. അതും എന്റെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതി. മദ്യപിച്ചു ലക്കുകെട്ട നാവികനെപ്പോലെ പുറകില്‍ കയ്യും കെട്ടി ഉരുണ്ടുരുണ്ട് അവന്‍ വരുന്നതു കാണുമ്പോഴൊക്കെ ഇത് ബുദ്ധിവളര്‍ച്ച മുരടിച്ച ഒരു മനുഷ്യന്‍ തന്നെയാണെന്ന ചിന്ത എന്നില്‍ ശക്തമാകുകയും ചെയ്തു.

ഒരു ആള്‍ക്കുരങ്ങ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നില്ല എന്നു പറയാനാകില്ല. അതിന്റെ സ്വാഭാവിക സംസാരരീതികള്‍, അതായത് അത് തന്റെ വര്‍ഗ്ഗത്തിലുള്ളവരുമായി ആശയവിനിമയം നടത്താനുപയോഗിക്കുന്ന കരച്ചില്‍ സ്വരങ്ങള്‍, തന്നെ വിവിധമാണ്. അതിന്റെ ശബ്ദനാളം മനുഷ്യരില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ഒരു തത്തയുടേതുപോലെ അത്ര വ്യത്യസ്തമല്ല. എന്നിട്ടും തത്തകള്‍ സംസാരിക്കുന്നു. ഒരു ആള്‍ക്കുരങ്ങിന്റെ തലച്ചോറിനെ തത്തയുടേതുമായി താരതമ്യം തന്നെ ചെയ്യാനാകില്ല എന്നു പറയേണ്ടതില്ലല്ലോ. ആ വിഡ്ഢിയുടെ തലച്ചോറത്യന്തം അടിസ്ഥാനപരമാണെങ്കിലും അതിനേതാനും വാക്കുകള്‍ ഉച്ചരിക്കാനാകും എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ടായിരുന്നു. തലച്ചോറിലെ ബ്രോക്ക എന്നു വിളിക്കുന്ന ഭാഗത്തെ ചുളിവുകളിലേക്കും മടക്കുകളിലേക്കും വരികയാണെങ്കില്‍ അത് തലച്ചോറിന്റെ പൂര്‍ണ്ണ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഭാഗമാണ് സംസാരത്തെ നിയന്ത്രിക്കുന്നതെന്ന് ഇന്നും സംശയലേശമന്യേ തെളിയിച്ചിട്ടില്ല. ശരീരശാസ്ത്രം ഒരു പക്ഷേ അതായിരിക്കണം നിയന്ത്രിക്കുന്ന ഭാഗം എന്ന് സ്ഥാപിച്ചിട്ടുണ്ടാകാമെങ്കിലും അങ്ങനെയല്ല എന്ന വാദഗതികളും നിലവിലുണ്ട്.

ഭാഗ്യമെന്ന് പറയട്ടെ, പല ചീത്തത്തങ്ങളുമുണ്ടായിരുന്നു എങ്കിലും ഈ ആള്‍ക്കുരങ്ങിനു കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനോടൊരു താത്പര്യമുണ്ടായിരുന്നു. അവനില്‍ അനുകരണത്തിനൊരു കഴിവുണ്ടെന്നത് അവന്റെ നല്ല ഓര്‍മ്മശക്തിയെ സൂചിപ്പിക്കുന്നതായിരുന്നു. കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവ് അവനെ ഒരു നുണയനാക്കാന്‍ പര്യാപ്തമാണ്. താരതമ്യത്തില്‍ ഒരു മനുഷ്യ ശിശുവിന്റേതിനേക്കാള്‍ വികസിതമാണ് അതിനു ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന കാലയളവ്. അതിനാല്‍ ബോധനവിദ്യയ്ക്ക് ഏറ്റവും അനുയോജ്യമാണീ മൃഗം.

എന്റെ ആള്‍ക്കുരങ്ങ് യുവാവായിരുന്നു. യുവാവായിരിക്കുന്ന ആള്‍ക്കുരങ്ങുകളിലാണാവയുടെ ധിഷണ ഏറ്റവും ഉത്തുംഗമാകുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. പഠിപ്പിക്കാന്‍ ഞാന്‍ ഏതു രീതി തിരഞ്ഞെടുക്കണം എന്ന കാര്യത്തിലേ എനിക്കു സംശയമുണ്ടായിരുന്നുള്ളു. എനിക്കു മുമ്പ് ഇതിനു ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടിട്ടുണ്ട് എന്നറിയാം. ഫലമൊന്നുമില്ലാതെ ചിലവിട്ട പ്രയത്‌നങ്ങളെ കണക്കിലെടുക്കുമ്പോള്‍, അവരില്‍ ചിലരുടെ കഴിവുകള്‍ അത്യുന്നതങ്ങളായിരുന്നു എന്നതു കണക്കിലെടുക്കുമ്പോള്‍, എന്റെ ലക്ഷ്യത്തെക്കുറിച്ചു ഞാന്‍ ഒന്നിലേറെ തവണ ശങ്കിക്കുകയുണ്ടായി. എന്നാല്‍ വളരെ ചിന്തിച്ചതിനു ശേഷം, ആദ്യം ശബ്ദമുണ്ടാക്കുന്ന അവയവങ്ങളെ വികസിപ്പിക്കണം എന്നൊരു നിര്‍ണ്ണയത്തില്‍ ഞാനെത്തി.

സംസാരിശേഷിയില്ലാത്തവര്‍ സംവദിക്കുന്നതു തുടങ്ങുന്നതിനു മുമ്പായി ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതും ഊമയായ ഒരു വ്യക്തിയും ആള്‍ക്കുരങ്ങും തമ്മിലുള്ള സാമ്യത എന്റെ മനസിലെത്തി. അതിലാദ്യത്തേത് അനുകരിക്കാനുള്ള സാമര്‍ത്ഥ്യമാണ്. അത് സംസാരശേഷിയില്ലായ്മയ്ക്ക് പകരമാകുന്നു. സംസാരശേഷിയില്ല എന്നതുകൊണ്ട് ചിന്തിക്കാനുള്ള ശേഷിയില്ലാതാകുന്നില്ല എന്നാണതിനര്‍ത്ഥം. ഒരു പക്ഷേ സംസാരശേഷിയില്ലാത്തതിനാല്‍ ചിന്തിക്കാനുള്ള ശേഷിക്ക് ചില ന്യൂനതകള്‍ വന്നുഭവിച്ചിട്ടുണ്ടാകാം. പിന്നെയും ചില സ്വഭാവസവിശേഷതകളുണ്ട്. ജോലിയോടുള്ള ഉത്സാഹം, വിശ്വസ്തത, സഹിഷ്ണുത എന്നിങ്ങനെ ചിലത്. ഇവയെ അധികരിപ്പിക്കുന്ന രണ്ടു ഘടകങ്ങളും വ്യക്തമാണ്. ജോലികളില്‍ സമതുലിതത്വം പാലിക്കുക, അനാവശ്യ വേവലാതികളില്ലാതിരിക്കുക എന്നിവയാണവ.

അതിനാല്‍ ചുണ്ട്, നാക്ക് എന്നിവയ്ക്കുള്ള വ്യായാമങ്ങളില്‍ നിന്നു തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനെന്റെ ആള്‍ക്കുരങ്ങിനെ ഒരു ബധിരനായി കണക്കാക്കിയായിരുന്നു ഈ തുടക്കം. അതിനു ശേഷം അതിന്റെ കാതിനു നേരിട്ടുള്ള ഒരു ആശയവിനിമയ ശേഷി കൈവരും. അപ്പോള്‍ എനിക്ക് സ്പര്‍ശം ഉപയോഗിക്കേണ്ടി വരില്ല. ഈ ഘട്ടത്തില്‍ ഞാന്‍ വലിയ ശുഭാപ്തിവിശ്വാസത്തോടെയാണു പദ്ധതിയിട്ടിരുനന്തെന്ന് വായനക്കാര്‍ അധികം താമസിയാതെ മനസിലാക്കും.

സന്തോഷകരമായ മറ്റൊരു വസ്തുത ആള്‍ക്കുരങ്ങു വര്‍ഗ്ഗത്തില്‍ ഏറ്റവും ചലനാത്മകമായ ചുണ്ടുകളുള്ളത് ചിമ്പാന്‍സികള്‍ക്കാണെന്നതാണ്. യിസൂറിന്റെ കാര്യത്തില്‍, അവനു പലപ്പോഴും തൊണ്ടക്കസുഖം വരാറുണ്ടായിരുന്നതിനാല്‍, പരിശോധനകള്‍ക്കായി വായ് വലിയ രീതിയില്‍ തന്നെ തുറക്കേണ്ടതെങ്ങനെ എന്നവനറിയാമായിരുന്നു. ആദ്യത്തെ പരിശോധന എന്റെ സംശയങ്ങളെ ഭാഗികമായി ദൃഢീകരിച്ചു. അവന്റെ നാക്ക് വായുടെ അടിഭാഗത്തൊട്ടിപ്പിടിച്ചു കിടക്കുകയാണ്. എന്തെങ്കിലും വിഴുങ്ങുമ്പോള്‍ മാത്രമാണവന്‍ അതു ചലിപ്പിക്കുന്നത്. എന്റെ നിര്‍ദ്ദേശാനുസരണമുള്ള വ്യായാമങ്ങള്‍ സാവധാനത്തില്‍ ഫലം തന്നു തുടങ്ങി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്നെ നോക്കി അവനു നാക്കു നീട്ടാമെന്നായി. ഒരു ആശയം അല്ലെങ്കില്‍ ഒരു ബന്ധവുമൊത്ത് നാക്കു ചലിപ്പിക്കുക എന്നതവന്‍ ആദ്യമായി ചെയ്തു തുടങ്ങി. അതവന്റെ പ്രകൃതത്തിനനുസരിച്ചായിരുന്നു താനും.

ചുണ്ടുകള്‍ കുറച്ചു കൂടി ബുദ്ധിമുട്ടിച്ചു. ചിലപ്പോള്‍ എനിക്കവ ചവണയുപയോഗിച്ച് വലിച്ചു നീട്ടേണ്ടി വന്നു. ഒരു പക്ഷേ എന്റെ മുഖഭാവങ്ങളില്‍ നിന്നാകാം അവന്‍ ഈ പ്രവൃത്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ആവേശത്തോടെ തന്നെ അതു ചെയ്യാനുമാരംഭിച്ചു. അവനനുകരിക്കേണ്ട ചുണ്ടുകളുടെ ചലനം ഞാന്‍ കാണിച്ചു കൊടുക്കുമ്പോള്‍ കൈകള്‍ പുറകില്‍ കെട്ടി, അല്ലെങ്കില്‍ പൃഷ്ഠം ചൊറിഞ്ഞ് അവനിരിക്കും. അവന്റെ മുഖത്തുള്ള ശ്രദ്ധ വ്യക്തമായിരിക്കും. അവന്‍ ചിലപ്പോള്‍ രോമാവൃതമായ മുഖത്ത് വിരലോടിച്ചുകൊണ്ടിരിക്കുകയാകും. ചിന്തകളെ അടുക്കിയൊതുക്കി വയ്ക്കുമ്പോള്‍ മനുഷ്യരും ചെയ്യുന്ന ചേഷ്ടകള്‍ ഏകദേശം ഇത്തരത്തിലൊക്കെയാണല്ലോ. അവസാനമായപ്പോഴേക്കും ചുണ്ടുകള്‍ ചലിപ്പിക്കേണ്ടതെങ്ങനെ എന്നവന്‍ പഠിച്ചെടുത്തു.

പക്ഷേ സംസാരം എന്ന കല ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ശിശു വിക്കിവിക്കി കാര്യങ്ങള്‍ പറയുന്ന ഘട്ടം അതിനു തെളിവാണ്. ആ ശിശുവപ്പോള്‍ അവന്റെ ധിഷണയുടെ വളര്‍ച്ചയ്ക്ക് സമാന്തരമായി സംസാരത്തെ വികസിപ്പിക്കുകയാകും. അവസാനം സംസാരം അവനൊരു ശീലമാകും. സ്വര ഉത്പാദനത്തിന്റെ കേന്ദ്രത്തിനു തലച്ചോറിലെ സംസാര കേന്ദ്രവുമായി ബന്ധമുണ്ടെന്ന് മനസിലാക്കപ്പെട്ടിട്ടുണ്ട്. 1785 ല്‍ ഹൈനികെ എന്ന ഉപജ്ഞാതാവാണ് ഊമകളെ പഠിപ്പിക്കുന്നതിനുള്ള വാചിക രീതികള്‍ വികസിപ്പിച്ചത്. അതിനാല്‍ മേല്പറഞ്ഞതെല്ലാം യുക്തിയുക്തമായവയാണെന്ന് ഞാന്‍ ഊഹിച്ചു. `ആശയങ്ങളുടേ ചലനാത്മകമായ ശൃംഖലാബന്ധം` എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തില്‍ പ്രകടമാകുന്ന അഗാധ വ്യക്തത ഇന്നത്തെ മനശാസ്ത്രജ്ഞര്‍ക്ക് പോലും അഭിമാനകരമായിരിക്കും.

സംസാരത്തിന്റെ കാര്യത്തിലേക്കെത്തിയാല്‍ യിസൂര്‍ ഒരു ശിശുവിനു സമാനമായിരുന്നു. സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അനേകം വാക്കുകള്‍ മനസിലാക്കുന്ന ശിശു. എന്നാല്‍ ഒരു ശിശുവിനേക്കാള്‍ ഈ ലോകത്തില്‍ അവനനുഭവസമ്പത്ത് കൂടുതലുണ്ടായിരുന്നു എന്നതിനാല്‍ ആശയങ്ങള്‍ പെട്ടെന്ന് മനസിലാകുകയും അവന്റേതായ നിര്‍ണ്ണയത്തില്‍ എളുപ്പമെത്തുകയും ചെയ്തുകൊണ്ടിരുന്നു. അതൊന്നും ചില മതിപ്പുകളെ ആധാരമാക്കിയ നിര്‍ണ്ണയങ്ങളായിരുന്നില്ല. അവയിലെ വൈവിധ്യമാര്‍ന്ന സ്വഭാവ വിശേഷങ്ങളെക്കുറിച്ചവന്‍ നിര്‍ണ്ണയിച്ചുവെങ്കില്‍ അതില്‍ അവന്റെ ധൈഷണിക ജിജ്ഞാസയും അന്വേണത്തിനുള്ള ത്വരയും വ്യക്തമാകുന്നുണ്ട്. ഇത് അവനില്‍ കാര്യകാരണങ്ങള്‍ തിരിച്ചറിയാനാവശ്യമായ ഉന്നതമായ വിവേകമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു. അത് എന്റെ ലക്ഷ്യത്തിനനുകൂലമാകാതെ തരമില്ല.

എന്റെ സിദ്ധാന്തത്തില്‍ അമിത ധീരത പ്രകടമാകുന്നു എങ്കില്‍, മനസില്‍ അനുമാനന്യായങ്ങള്‍ അഥവാ എല്ലാ യുക്തിയുടേയും അടിസ്ഥാനം വൈദേശികമല്ലാത്ത മൃഗങ്ങള്‍ അനേകമുണ്ടെന്നറിഞ്ഞാല്‍ മാത്രം മതി. അനുമാനന്യായം എന്നത് പ്രാഥമികമായും രണ്ടു വികാരങ്ങള്‍ തമ്മിലുള്ള താരതമ്യമാണ്. അതല്ലെങ്കില്‍ മനുഷ്യനെ പരിചയമുള്ള മൃഗങ്ങള്‍ അവരെ ഒഴിവാക്കുകയും മനുഷ്യനെ ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്തവ അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാകും?

അങ്ങനെ ഞാന്‍ യിസൂറിനു വിദ്യഭ്യാസം നല്‍കുന്നതാരംഭിച്ചു. ആദ്യം എല്ലാതിന്റേയും യന്ത്രസംഹിത പഠിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. അതിനു ശേഷം ക്രമത്തില്‍ യുക്തിസഹമായ സംസാരത്തിലേക്കെത്തണം. ആള്‍ക്കുരങ്ങിനൊരു സ്വരമുണ്ട്. അതിനാല്‍ ബധിരരേക്കാള്‍ ആനുകൂല്യവുമുണ്ട്. സംസാരത്തിനു വേണ്ട അവയവങ്ങള്‍ക്കു മീതെ പ്രാഥമിക നിയന്ത്രണമുണ്ടെന്നതിലുപരി, അവന്റെ സ്വരത്തില്‍ വരുത്തേണ്ടുന്ന വ്യതിയാനങ്ങളെക്കുറിച്ചെങ്ങനെ പഠിപ്പിക്കും, സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍ എന്നിവയൊക്കെ എങ്ങനെ ഉച്ചരിക്കണമെന്നെങ്ങനെ പഠിപ്പിക്കും എന്ന ചോദ്യം ബാക്കിയുണ്ടായിരുന്നു.

ആള്‍ക്കുരങ്ങു വര്‍ഗ്ഗത്തിന്റെ ആര്‍ത്തിയുള്ള സ്വഭാവത്തെ കണക്കിലെടുത്ത്, ബധിരരെ പഠിപ്പിക്കാനായി ഹെയ്‌നികെ സ്വീകരിച്ച മാര്‍ഗ്ഗം തന്നെ ഇവിടെ സ്വീകരിക്കാം എന്ന തീരുമാനത്തില്‍ ഞാനെത്തി. അതായത് സ്വരാക്ഷരങ്ങളെ രുചികരമായ എന്തെങ്കിലുമായി, ഭക്ഷണവുമായി, ബന്ധപ്പെടുത്തുക. അങ്ങനെയാകുമ്പോള്‍ ആ സ്വരാക്ഷരം ആ വാക്കിനുള്ളിലുണ്ടാകും. അതല്ലെങ്കില്‍ അടിസ്ഥാന സ്വരങ്ങളെ എവിടെയൊക്കെ കൂടുതല്‍ ദൃഢീകരിച്ചു പറയണം എന്നു പഠിപ്പിക്കാനാകും. അതെല്ലാം വായ് തുറന്ന് പിടിച്ച് ഉച്ചരിക്കുന്നവയാണല്ലോ. ഇത് യിസൂര്‍ രണ്ടാഴ്ചകൊണ്ട് പഠിച്ചെടുത്തു. അതില്‍ ഏറ്റവും ബുദ്ധിമുട്ടിയത് `യു` എന്നതിന്റെ ഉച്ചാരണമായിരുന്നു.

എന്നാല്‍ വ്യഞ്ജനങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പല്ലും മോണയുമൊരുമിച്ചുപയോഗിക്കുന്നവ അവനു സാധ്യമാകില്ല എന്നെനിക്ക് സമ്മതിക്കേണ്ടി വന്നു. അവന്റെ നീളന്‍ പല്ലുകള്‍ അവയ്‌ക്കൊരു തടസ്സമാകുന്നു. നാക്കും വായുടെ മുകള്‍ഭാഗവും മാത്രം ആവശ്യമുള്ളവയെ അവനും അംഗീകരിച്ചു. ഇതിനും അവനവയെ കേട്ടതു മാത്രം മതിയായില്ല. എനിക്ക് സ്പര്‍ശം എന്ന മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വന്നു. ബധിരരുടെ കാര്യത്തില്‍ ഉപയോഗിക്കുന്നതുപോലെ എന്റെ കൈ നെഞ്ചില്‍ വച്ച് പിന്നെ അവന്റേതിലേക്കതു മാറ്റി. അപ്പോള്‍ അവനു ശബ്ദമുണ്ടാക്കുന്ന കമ്പനങ്ങള്‍ തൊട്ടറിയാനായി.

മൂന്നു വര്‍ഷം അങ്ങനെ പിന്നിട്ടു. അവനെക്കൊണ്ട് ഒരു വാക്കുച്ചരിപ്പിക്കാന്‍ എനിക്കായില്ല. ഏതെങ്കിലും വസ്തുവിന്റെ പേരില്‍ മുഖ്യമായിരിക്കുന്ന അക്ഷരമേതോ അതാണവനതിന്റെ പേര്. അത്രമാത്രം സാധ്യമായി.

സര്‍ക്കസിലുണ്ടായിരുന്ന കാലങ്ങളില്‍ കുരയ്ക്കാന്‍ അവന്‍ പഠിച്ചിരുന്നു. അവനൊപ്പം ജോലി ചെയ്തിരുന്ന പട്ടികളെപ്പോലെ കുരയ്ക്കാന്‍. അവനെക്കൊണ്ട് ഒരു വാക്കുച്ചരിപ്പിക്കാനാകാത്തതില്‍ എനിക്കുള്ള നിരാശ കണ്ടപ്പോള്‍ അവന്‍ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. അവന്റെ കൈവശമിത്രയേയുള്ളു, അതു തരുന്നു എന്ന മട്ടില്‍ കുരയ്ക്കാന്‍. ഒറ്റപ്പെട്ട സ്വര, വ്യഞ്ജനങ്ങള്‍ അവനുച്ചരിക്കാനാകുന്നുണ്ടായിരുന്നു. എന്നാല്‍ അവയെ സംയോജിപ്പിച്ചാല്‍ ഉച്ചരിക്കാനാകില്ല. അവനാകെ ചെയ്യാനായത് പ, മ,കാരങ്ങളുടെ ഒരു പറ്റത്തെ പുറത്തുവിട്ട് തലകറക്കം വരുത്താനായിരുന്നു.

സംസാരത്തിന്റെ പുരോഗതി മന്ദഗതിയിലായിരുന്നു എങ്കിലും അവനില്‍ വലിയ ഒരു മാറ്റം സംഭവിച്ചിരുന്നു. അവന്റെ മുഖത്തിനധികം ചലനമില്ലാതായി, മുഖഭാവം ഗൗരവമുള്ളതായി. ആഴമേറിയ ചിന്തയിലുള്ള ജീവികളെപ്പോലെയായി അവന്റെ പെരുമാറ്റ രീതികള്‍. ഉദാഹരണത്തിനായി വെറുതെ നക്ഷത്രങ്ങളെ നോക്കിയിരിക്കുക എന്നൊരു സ്വഭാവം അവനില്‍ വളര്‍ന്ന് വന്നു. അതേ സമയം അവന്റെ വൈകാരികതകളും വികസിക്കുന്നു എന്നു ഞാന്‍ തിരിച്ചറിഞ്ഞു. അവന്റെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞൊഴുകുന്നതു കണ്ടു.

പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെ പഠനം തുടര്‍ന്നു. വിജയമൊന്നുമുണ്ടായില്ലെങ്കിലും തുടര്‍ന്നു. അതെല്ലാം എന്നില്‍ തീവ്ര വേദനയോടുകൂടിയ ഒരു തീവ്രാഭിലായമായി. ചിലപ്പോള്‍ ഒന്ന് ബലം പ്രയോഗിച്ചാലോ എന്ന ചിന്തയ്ക്ക് വരെ അതു കാരണമയി. പരാജയം എന്നെ നീരസപ്പെടുത്തുന്നുണ്ടായിരുന്നു. യിസൂറിനോട് അബോധമായി ഒരു നീരസം എന്നില്‍ വളര്‍ന്ന് തുടങ്ങി. അവന്റെ ധിഷണ വികസിച്ചുകൊണ്ടിരുന്നതിനൊപ്പം അവന്‍ ദുശ്ശാഠ്യത്തോടുകൂടിയ ഒരു നിശ്ശബ്ദതയിലേക്കു നീങ്ങി. അതില്‍ നിന്നിനി എനിക്കവനെ എടുത്തുയര്‍ത്താനാകില്ല എന്ന ചിന്ത എന്നിലുണ്ടായി. അപ്പോഴാണ് അവനു താത്പര്യമില്ലാത്തതിനാല്‍ മാത്രമാണവന്‍ വാക്കുകളുച്ചരിക്കാത്തത്, സംസാരിക്കാത്തത് എന്നു ഞാന്‍ കണ്ടെത്തിയത്.

ഒരു സായാഹ്നത്തില്‍ എന്റെ പാചകക്കാരന്‍ ഭയന്നു വിറച്ച് എനിക്കരികിലെത്തി ആ ആള്‍ക്കുരങ്ങ് സംസാരിക്കുന്നു എന്നു പറഞ്ഞു. അയാള്‍ അറിയിച്ചത് യിസൂര്‍ തോട്ടത്തില്‍ ഒരു ഫിഗ് മരത്തിനു കീഴിലിരുന്ന് സംസാരിക്കുന്നു എന്നായിരുന്നു. അതു കേട്ട പാചകക്കാരന്‍ വല്ലാതെ ഭയന്നു. അതുകൊണ്ട് ഏതൊക്കെ വാക്കുകളാണാ ആള്‍ക്കുരങ്ങ് പറഞ്ഞതെന്നോര്‍ത്തെടുക്കാനായില്ല. മെത്ത, പൈപ്പ് എന്നിങ്ങനെ രണ്ടു വാക്കുകള്‍ അതിലുണ്ടായിരുന്നു എന്നാണയാളുടെ ഓര്‍മ്മ. വിഡ്ഢിത്തമാണയാള്‍ പറയുന്നതെന്ന് ഞാനുറപ്പിച്ചു. അയാളെ തല്ലണമെന്നും തോന്നി.

അന്നു രാത്രി മുഴുക്കെ എന്റെ മനസില്‍ അതുമാത്രമായിരുന്നു ചിന്ത എന്നു പറയേണ്ടതില്ലല്ലോ. മൂന്നു വര്‍ഷമായി ഞാന്‍ എന്തൊക്കെ ചെയ്തില്ല. ആ രാത്രിയില്‍ എന്റെ ഉറക്കം നഷ്ടപ്പെട്ടത് ആ മൂന്നു വര്‍ഷത്തെ കഠിനപ്രയത്‌നം ഇല്ലാതാക്കി. തനിക്ക് സംസാരിക്കാനാകുമെന്ന് ആ ആള്‍ക്കുരങ്ങ് സ്വാഭാവികമായി അറിയിക്കുന്നതിനായി കാത്തിരിക്കുന്നതിനു പകരം പിറ്റേന്ന് ഞാനവനെ അതിനായി നിര്‍ബ്ബന്ധിക്കാനാരംഭിച്ചു. അവനില്‍ നിന്ന് പ, മകാരങ്ങളുടെ തുടര്‍ചലനങ്ങളല്ലാതെ മറ്റൊന്നും വന്നില്ല. അതാകട്ടെ എപ്പോഴും എന്റെ കാതു നിറച്ചവന്‍ നല്‍കുന്നവയുമായിരുന്നു. അതിനൊപ്പം അവന്‍ ഇടക്കിടെ കണ്ണുകളടക്കും, പരിഹസിക്കുന്നതുപോലെ മുഖം കോട്ടും. എനിക്കെന്റെ ക്ഷമ നശിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാനവനെ മര്‍ദ്ധിച്ചു. പ്രതിഫലമായി എനിക്കു ലഭിച്ചത് കണ്ണുനീരും പൂര്‍ണ്ണ നിശ്ശബ്ദതയുമായിരുന്നു. തേങ്ങലുകള്‍ പോലുമില്ലാത്ത നിശ്ശബ്ദത.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവനു രോഗം ബാധിച്ചു. വിഷാദം. അതിനൊപ്പം മെനിന്‍ജൈറ്റിസിന്റെ ലക്ഷണങ്ങളും. അട്ട, തണുത്ത വെള്ളത്തിലെ കുളി, വിരേചന ഔഷധകങ്ങള്‍, ഇത്തിരി മദ്യം, വേദനാസംഹാരികള്‍ എന്നിങ്ങനെ സാധ്യമായതെല്ലാം ഞാനവനു നല്‍കി. എന്നില്‍ ഭയവും പശ്ചാത്താപവും കുമിഞ്ഞു. എന്റെ ഊര്‍ജ്ജമെല്ലാം അവനായി നീക്കി വച്ചു. അവനെ ഇരയാക്കിയ എന്റെ ക്രൂരതെയോര്‍ത്തുള്ള പശ്ചാത്താപം. ഒരു പക്ഷേ അവനിലെ രഹസ്യവുമായവന്‍ ശ്മശാനത്തിലേക്ക് യാത്ര തിരിച്ചേക്കാം എന്ന ഭയം.

ദീര്‍ഘസമയെടുത്താണെങ്കിലും അവനു സുഖപ്പെടാന്‍ തുടങ്ങി. എന്നിരുന്നാലും മെത്തയിലൊന്ന് അനങ്ങിക്കിടക്കാനൊന്നുമായില്ല. അത്രയ്ക്ക് ക്ഷീണിതനായിരുന്നു അവന്‍. മരണത്തെ മുഖാമുഖം കണ്ടത് അവനെ കുലീനനാക്കി എന്നു തോന്നി. അവനിലൊരു മാനവികത വന്നതുപോലെ. അവന്റെ കണ്ണുകളില്‍ നന്ദിയുണ്ടായിരുന്നു. ആ കണ്ണുകള്‍ എപ്പോഴും എന്നിലായിരുന്നു. രണ്ട് ചലിക്കുന്ന ഗോളങ്ങള്‍ പോലെ അവ മുറിയില്‍ എന്നെത്തന്നെ തിരഞ്ഞുകൊണ്ടിരുന്നു. അവന്റെ കൈ എന്റെ കൈ തേടി. സൗഹൃദവും സമാധാനവും തേടി. എന്റെ ഏകാന്തതക്കിടയില്‍ അവനൊരു മനുഷ്യരൂപമാര്‍ജ്ജിച്ച് പ്രാധാന്യമുള്ളവനാകുന്നുണ്ടായിരുന്നു.

എന്നിരുന്നാലും അന്വേഷണം എന്ന ചെകുത്താന്‍, യുക്തിഹീനതയുടേയും വക്രബുദ്ധിയുടേയും മറുരൂപമായ ഒന്ന്, എന്റെ പരീക്ഷണം പുനരാരംഭിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഈ ആള്‍ക്കുരങ്ങ് ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അത് അവിടം കൊണ്ടവസാനിപ്പിക്കുക എന്നതസാധ്യമാണ്.

സാവധാനത്തിലാണു ഞാന്‍ പുനരാരംഭിച്ചത്. അവനറിയാവുന്ന അക്ഷരങ്ങളുടെ ഉച്ചാരണം ചോദിച്ചുകൊണ്ട്. മറുപടിയൊന്നും വന്നില്ല. ചിലപ്പോള്‍ ഞാന്‍ അവനെ മണിക്കൂറുകളോളം ഒറ്റയ്ക്ക് വിട്ടു. ചുമരിലെ ഒരു വിടവിലൂടെ അവനെ നിരീക്ഷിച്ചു. ഒന്നും വരുന്നില്ല. ചെറിയ വാക്യങ്ങളിലൂടെ ഞാനവനോട് സംസാരിച്ചു. അവന്റെ കൂറെനിക്കുവേണം അല്ലെങ്കില്‍ അവന്റെ ആര്‍ത്തി ഞാന്‍ പൂര്‍ത്തീകരിക്കാം എന്നൊക്കെ അപേക്ഷാസ്വരത്തില്‍ പറഞ്ഞു. എന്നിട്ടും ഒന്നും വന്നില്ല. എന്റെ വാക്കുകള്‍ അവനില്‍ ചലനമുണ്ടാക്കിയാല്‍ അവന്റെ കണ്ണു നിറയും. പരിചിതമായ ”ഞാനാണു നിന്റെ ഉടമ” തുടങ്ങിയ വാക്കുകള്‍ ഉച്ചരിച്ചാല്‍ അല്ലെങ്കില്‍ എല്ലാ പാഠഭാഗങ്ങള്‍ക്ക് മുമ്പും ഞാന്‍ ഉപയോഗിക്കാറുള്ള ”നീ എന്റെ കുരങ്ങനാണ്” എന്നതുച്ചരിച്ചാല്‍ അവന്‍ കണ്ണടയ്ക്കും. അതവന്‍ സമ്മതിക്കുന്നു എന്ന മട്ടില്‍ കണ്ണടയ്ക്കും. എന്നാല്‍ അവനില്‍ നിന്ന് സ്വരങ്ങളൊന്നും പുറത്തു വരില്ല. ചുണ്ടൊന്ന് അനക്കുക പോലുമില്ല.

എന്നോട് സംവദിക്കാനായി മറ്റു മാര്‍ഗ്ഗമൊന്നൊമില്ലെന്ന മട്ടില്‍ അവന്‍ അവന്റെ ആംഗ്യ ഭാഷയിലേക്കു മടങ്ങിയിരിക്കുന്നു. ഈ സാഹചര്യവും അവനും ബധിരരും തമ്മിലുള്ള സാദൃശ്യങ്ങളും എന്നിലെ മുന്‍കരുതലുകള്‍ ഇരട്ടിയാക്കുന്നതിനെന്നെ പ്രേരിപ്പിച്ചു. ബധിരരില്‍ മാനസിക രോഗത്തിനുള്ള സാധ്യത വളരെ അധികമാണെന്നറിയാമല്ലോ. അവനും അതുപോലെയാകും എന്നെനിക്കു തോന്നി. അങ്ങനെയായാലെങ്കിലും അവന്‍ അവന്റെ നിശ്ശബ്ദത ലംഘിക്കുന്നതു കാണാനായാല്‍ മതിയെന്നായി.

പെട്ടെന്ന് അവന്റെ രോഗമുക്തി നിലച്ചു. അവന്‍ വീണ്ടും ശോഷിച്ചു തുടങ്ങി. വീണ്ടും വിഷാദത്തിലായി. അവനു രോഗത്തിന്റെ ക്‌ളേശങ്ങളുണ്ടെന്നും ആ രോഗം ശരീരത്തിനു മാത്രമല്ല മനസ്സിനുമുണ്ടെന്നും വ്യക്തം. അവന്റെ തലച്ചോറില്‍ നിന്ന് ഞാനാവശ്യപ്പെട്ട അസാധാരണമായ പ്രയത്‌നങ്ങള്‍ അവന്റെ ജൈവ ഐക്യത്തെ തകര്‍ത്തിരിക്കുന്നു. ഇനിയധികം താമസിയാതെ അവന്‍ ഒന്നിനും കൊള്ളാത്തവനാകും. രോഗം മൂര്‍ച്ചിക്കുന്നതിനൊപ്പം അവനിലെ വിധേയത്വവും വര്‍ദ്ധിച്ചു. എന്റെ കോപം അവനെ നിരാശാജനകമായ ഒരു നിശ്ശബ്ദതയിലേക്ക് തള്ളിയിട്ടിരുന്നു. അതിന്റെ ആഴം വര്‍ദ്ധിച്ചു. മങ്ങിയ ഭൂതകാലം ഭയപ്പെടുത്തുന്നതായിരിക്കുന്നു. അതിനാല്‍ നിശ്ശബ്ദത സഹജവാസനയായിരിക്കുന്നു. ആ മൃഗത്തില്‍ സഹസ്രാബ്ദങ്ങളായി ആ വര്‍ഗ്ഗത്തിലുള്ള ശബ്ദമില്ലായ്മ അതികരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു. കാട്ടിലെ ഈ ആദിമവാസികള്‍ സ്വയം നിശ്ശബ്ദത തിരഞ്ഞെടുത്തവരാണ്. അവരുടെ രഹസ്യം കാത്തുസൂക്ഷിക്കാനായാണവര്‍ അത് തിരഞ്ഞെടുത്തിരിക്കുന്നത്. അത് ധൈഷണികമായ ഒരു ആത്മഹത്യ തന്നെയായിരുന്നു. കാട്ടിലെ പുരാതന നിഗൂഢതകള്‍ അവരുടെ രഹസ്യങ്ങളാണ്. അത് കാലം കടന്നു ചെന്നപ്പോള്‍ അവരില്‍ ഘനമായി തൂങ്ങി. അതിന്റെ തുടര്‍ച്ചയായി യിസൂര്‍ ഇപ്പോള്‍ അബോധമായൊരു തീരുമാനത്തിലെത്തിയിരിക്കുന്നു.

പരിണാമം എന്നു നമ്മള്‍ വിളിക്കുന്ന മത്സരത്തിനിടയില്‍ മനുഷ്യന്‍ വാലില്ലാക്കുരങ്ങുകളെ മറികടന്നു. അവയെ വന്യമായ ക്രൂരതയോടെ അടിച്ചമര്‍ത്തി. പ്രാചീന ഏദന്‍ തോട്ടങ്ങളെ ഭരിച്ചിരുന്ന വലിയ കുടുംബങ്ങളുടെ സിംഹാസനങ്ങള്‍ അവര്‍ തട്ടിത്തെറിപ്പിച്ചു. അവയുടെ എണ്ണത്തില്‍ ശോഷണമുണ്ടായി. അവയുടെ പെണ്ണുങ്ങളെ പിടിച്ചെടുത്ത് ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ അടിമത്തം തുടങ്ങണമെന്നതു ശീലമാക്കിച്ചു. അവസാനം നിസ്സഹായരായി അവര്‍ അവരിലെ മനുഷ്യകുലീനത്വം നിലനിര്‍ത്തുന്നതിനായി ഉന്നതമായ പക്ഷേ നിര്‍ണ്ണായകമായ ശക്തിയെ, അവരുടെ ശത്രുവുമൊത്തു ചേര്‍ത്ത് നിര്‍ത്തുന്ന ശക്തിയെ, സംസാരിക്കാനുള്ള ശക്തിയെ ഉപേക്ഷിച്ചു. മൃഗരാജ്യത്തിന്റെ ഇരുണ്ടരാവുകളില്‍ അങ്ങനെ അഭയം തേടുക മാത്രമായിരുന്നു മോക്ഷത്തിനായി അവര്‍ക്കാകെയുള്ള മാര്‍ഗ്ഗം.

ബുദ്ധിയുടെ ആനന്ദങ്ങള്‍ ഒരിക്കല്‍ രുചിച്ചറിഞ്ഞ ശേഷം, ബൈബിളില്‍ വിലക്കപ്പെട്ട ഫലമായി വിശേഷിപ്പിക്കപ്പെട്ട ആ അറിവിന്റെ ഫലം ഒരിക്കല്‍ അനുഭവിച്ച ശേഷം, തന്നെക്കാള്‍ താഴ്ന്ന ജീവികളോടൊപ്പമുള്ള അപമാനകരമായ സമത്വത്തിലേക്ക് തന്റെ മനസ്സിനെ മനഃപൂര്‍വം തരംതാഴ്ത്താന്‍ തയ്യാറാകത്തക്കവിധം, തന്റെ പരിണാമയാത്രയ്ക്കിടയില്‍ വിജയികളായ ആ അധിനിവേശകര്‍ ഈ അര്‍ദ്ധമൃഗത്തിനുമേല്‍ എത്ര ഭയാനകമായ പീഡനങ്ങളും എത്ര വികൃതമായ ക്രൂരതകളും അഴിച്ചുവിട്ടിട്ടുണ്ടാകണം! അവന്റെ ബുദ്ധിശക്തിയെ എന്നെന്നേക്കുമായി ഒരു നിശ്ചിത പരിധിയില്‍ തളച്ചിട്ട ആ പിന്തിരിച്ചുപോക്ക്. അവനെ ഒരു യന്ത്രമനുഷ്യനായും ഒരു കോമാളിയായും ഒരു അഭ്യാസിയായും മാറ്റിയ ആ പിന്തിരിച്ചുപോക്ക്. ജീവിതത്തെക്കുറിച്ചുള്ള ഭയത്താല്‍ അവന്റെ അടിമയെപ്പോലെയുള്ള പുറം കുനിയാന്‍ ഇടയാക്കിയതും, തന്റെ മൃഗാവസ്ഥയുടെ അടയാളം അവനില്‍ പതിപ്പിച്ചതും, അവന്റെ അടിസ്ഥാന സ്വഭാവമായ ആ വിഷാദഭരിതമായ ആശയക്കുഴപ്പം അവന്റെ മേല്‍ മുദ്രണം ചെയ്തതും അതുതന്നെയല്ലേ?

വിജയത്തിന്റെ വക്കിലെത്തിയ ആ നിമിഷത്തില്‍, പൂര്‍വികരില്‍ നിന്നു പകര്‍ന്നുകിട്ടിയ ഏതോ ആദിമ അന്ധകാരത്തിന്റെ ആഴങ്ങളില്‍ കിടന്നുറങ്ങിയിരുന്ന എന്റെ ദുഷ്ടസ്വഭാവത്തെ ഉണര്‍ത്തിയത് ഇതായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാക്കിന്റെ മാന്ത്രികശക്തിക്ക് ഇപ്പോഴും കുരങ്ങാത്മാവിനെ ഇളക്കിമറിക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ മൃഗസഹജവാസനയുടെ ഇരുണ്ട നിഴലുകളെ തുളച്ചുകയറി പുറത്തുവരാന്‍ ഒരുങ്ങിയിരുന്ന ആ പ്രലോഭനത്തിനെതിരെ, അവന്റെ വര്‍ഗ്ഗത്തെ ഏതോ സഹജമായ ഭീതിയാല്‍ നിറച്ചിരുന്ന പൂര്‍വികസ്മരണകള്‍ യുഗത്തിനുമേല്‍ യുഗങ്ങള്‍ അടുക്കിവെച്ച് ഒരു പ്രതിബന്ധം തീര്‍ക്കുകയായിരുന്നു.

മരണം അടുത്തെത്തിയിട്ടും യിസൂറിന്റെ ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. വളരെ മൃദുവായിരുന്നു ആ മരണം. കണ്ണടച്ച്, ശ്വാസം മന്ദഗതിയിലാക്കി, നാഡിമിടിപ്പ് കുറച്ച് തീര്‍ത്തും ശാന്തമായി. ഇടക്ക് അവന്‍ അവന്റെ വിഷാദം നിറഞ്ഞ മുലാറ്റൊ മുഖം എന്നിലേക്ക് തിരിക്കും. ആ മുഖത്തെ ഭാവം അപ്പോള്‍ എന്റെ ഹൃദയം തകര്‍ക്കും. ആ ചിത്രം എന്നും മായാതെനില്‍ക്കുന്നു. അവസാന അപരാഹ്നത്തില്‍, അവന്‍ മരിച്ച അപരാഹ്നത്തില്‍, അനതിസാധാരണമായ ഒരു സംഭവമുണ്ടായി. അതാണെന്നെക്കൊണ്ട് ഇത്രയും എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.

നല്ല ചൂടുള്ള ദിവസമായിരുന്നു. സന്ധ്യയാകാറായപ്പോഴേക്കും ക്ഷീണം കൊണ്ട് ഞാനൊന്നു മയങ്ങി. അവന്റെ മെത്തക്കരികില്‍ തന്നെയായിരുന്നു ഞാനപ്പോഴും. പെട്ടെന്ന് എന്തോ എന്റെ കൈ മുറികെ പിടിക്കുന്നോ എന്ന തോന്നലുണ്ടായി. ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കണ്ണുകള്‍ തുറന്ന് പിടിച്ച് ആ ആള്‍ക്കുരങ്ങ് മരിച്ചുകൊണ്ടിരിക്കുന്നു. അവന്റെ നോട്ടും തീര്‍ത്തും മനുഷ്യന്റേതുപോലെയായിരുന്നു. ഭയം എന്നെ ഗ്രസിച്ചു. എന്നാല്‍ അവന്റെ കണ്ണും ആ കൈകളുടെ പിടുത്തവും അവനിലേക്കൊന്ന് വളയാന്‍ എന്നെ പ്രേരിപ്പിച്ചു. അപ്പോള്‍ എന്റെ എല്ലാ പ്രതീക്ഷകള്‍ക്കും കിരീടം ചാര്‍ത്തുകയും തല്ലിത്തകര്‍ക്കുകയും ചെയ്ത അവന്റെ അവസാന ശ്വാസത്തിനൊപ്പം അവന്‍ ചിലതു മന്ത്രിച്ചു. (ആ സ്വരമെങ്ങനെയുണ്ടായിരുന്നു എന്നെനിക്കെങ്ങനെ വിവരിക്കാനാകും! പതിനായിരം നൂറ്റാണ്ടുകളായി ഉച്ചരിക്കപ്പെടാത്ത ആ സ്വരം!) അവന്റെ വാക്കുകള്‍ ഇതായിരുന്നു. നമ്മുടെ രണ്ടു വര്‍ഗ്ഗങ്ങള്‍ തമ്മില്‍ സമവായപ്പെടുത്തുന്ന മനുഷ്യത്വത്തിന്റെ വാക്കുകള്‍.

”വെള്ളം, യജമാനനേ, യജമാനനേ, എന്റെ യജമാനനേ….”


ലിയോപോള്‍ഡൊ ല്യുഗോനസ്

(1874-1938) (അര്‍ജന്റീന)

(അര്‍ജന്റീനയിലെ ഏറ്റവും പ്രമുഖ സാഹിത്യകാരന്മാരില്‍ ഒരാളും സ്പാനിഷ്-അമേരിക്കന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ പ്രധാന പ്രതിനിധികളിലൊരാളുമായിരുന്നു ലിയോപോള്‍ഡോ ലുഗോനസ്. അര്‍ജന്റീനയിലെ കോര്‍ഡോബ പ്രവിശ്യയില്‍ ജനിച്ച അദ്ദേഹം കവിയെന്ന നിലയിലാണ് ആദ്യം പ്രശസ്തനായത്. സമ്പന്നമായ ഭാവന, ഭാഷാപ്രയോഗത്തിലെ പുതുമ, ആശയഗാംഭീര്യം എന്നിവയാണദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്രകള്‍. 1897-ല്‍ പ്രസിദ്ധീകരിച്ച ലാസ് മൊന്താന്യാസ് ഡെല്‍ ഓറോ എന്ന കാവ്യസമാഹാരം സ്പാനിഷ് ഭാഷയിലെ ആധുനിക കവിതയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കവിതയ്ക്കു പുറമേ നോവല്‍, ചെറുകഥ, പ്രബന്ധം, ചരിത്രരചന, സാഹിത്യവിമര്‍ശനം തുടങ്ങി വിവിധ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. യൗവനത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന ലുഗോനസ് പിന്നീട് ദേശീയവാദ രാഷ്ട്രീയ നിലപാടുകളിലേക്ക് മാറി. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും സാഹിത്യ സംഭാവനകളുടെ മഹത്വം ഇന്നും അംഗീകരിക്കപ്പെടുന്നു. പ്രശസ്ത എഴുത്തുകാരനായ ബോര്‍ഹസ് ഉള്‍പ്പെടെയുള്ള നിരവധി സാഹിത്യപ്രതിഭകളെ അദ്ദേഹം സ്വാധീനിച്ചു.)


വിവ : സുരേഷ് എം.ജി.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.