
മൃദുല്‍ എഴുതിയ ‘കുളെ’ എന്ന കഥ അതിന്റെ അസാധാരണമായ പ്രമേയം കൊണ്ട് വേറിട്ടുനില്‍ക്കുന്ന രചനയാണ്. ഒറ്റനോട്ടത്തില്‍ ഒരു പ്രേതവിവാഹത്തിന്റെ ആഖ്യാനമാണത്. എന്നാല്‍, ആചാരങ്ങളും വിശ്വാസങ്ങളും സമൂഹത്തിലെ ജാതിശ്രേണീഘടനകളും കൂടിച്ചേരുന്ന പ്രമേയമായി അതു വികസിക്കുന്നു. ‘കുളെ’ ഒരുവശത്ത് ജാതിവിഭജനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിമര്‍ശനവും മറുവശത്ത് സഹാനുഭൂതിയുടെയും അനുതാപത്തിന്റെയും നിശബ്ദമായ ആഘോഷവുമാണ്.
മൃതരായവരുടെ കാര്യങ്ങളില്‍ പോലും ജാത്യാചാരങ്ങള്‍ പിന്തുടരണമെന്നുറപ്പിക്കുന്ന ജീവിതസമൂഹത്തിന്റെ വിശ്വാസം ഈ കഥയില്‍ എഴുതപ്പെട്ടിരിക്കുന്നു. മൃതരായി വെണ്ണീറും മണ്ണും ആയിത്തീര്‍ന്ന് ഭൗതികമായി ഈ ലോകത്തില്‍ നിന്നും അപ്രത്യക്ഷരായവര്‍ പോലും ജാതീയത പോലുള്ള വിഭജനങ്ങളില്‍ നിന്നും പുറത്തുകടക്കാനാകാതെ ആത്മാക്കളുടെ രൂപങ്ങളില്‍ ബന്ധിതരായിരിക്കുന്നു. സാമൂഹികവിഭജനങ്ങള്‍ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നു കഥാത്മകമായി സൂചിപ്പിക്കുന്നതിന് ഇതിലേറെ മികച്ചതും വ്യത്യസ്തവുമായ പ്രകരണം കണ്ടെത്താനായേക്കില്ല! ജാത്യാചാരങ്ങളുടെ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ഇഹലോകജീവിതത്തിനപ്പുറത്തേക്കു പോലും വ്യാപിച്ചുനില്‍ക്കുന്നതായി പൊതുബോധത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് കഥ സൂചിപ്പിക്കുന്നു. മരിച്ചവര്‍ക്കു വേണ്ടിയെന്ന രൂപേണ ജീവിച്ചിരിക്കുന്നവരുടെ വ്യവഹാരങ്ങളിലാണ് അതു പ്രത്യക്ഷപ്പെടുന്നത്. മൃതരായവര്‍ക്കു പോലും പ്രയോഗക്ഷമമാക്കുന്നതിലൂടെ ജാതിവിഭജനങ്ങളെ ജീവിതസമൂഹത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള സമൂഹബലതന്ത്രമാണ് തെളിയുന്നത്.

പ്രേതത്തിന് വധുവിനെ അന്വേഷിക്കുന്ന കഥയിലെ പുരുഷന്മാര്‍ തങ്ങളുടെ ജാതിമേന്മയില്‍ അഭിമാനം കൊള്ളുന്നവരാണ്. വരേണ്യബോധത്തിന്റെയും ജാതിവ്യവസ്ഥയുടെയും അസംബന്ധപൂര്‍ണ്ണമായ ഈ മൂല്യബോധത്തെ കഥയുടെ ഉള്ളം ഒച്ചപ്പാടുകളേതുമില്ലാതെ വിചാരണ ചെയ്യുന്നുണ്ട്. ഒരു പ്രതീകാത്മകവിവാഹത്തിനു പോലും ജാതിവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്നത് വിഷമകരമായിരിക്കുന്നു. വടക്കന്‍ കേരളത്തില്‍ പരിമിതമായിട്ടാണെങ്കിലും നിലനില്‍ക്കുന്ന ഒരു ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് കഥ രൂപം കൊള്ളുന്നതെന്ന കാര്യം ജീവിതയാഥാര്‍ത്ഥ്യവുമായി പ്രമേയത്തിനുള്ള ബന്ധത്തെ സ്ഥാപിക്കുന്നതാണ്.
പ്രകൃതിയും മനുഷ്യരും എല്ലാം പരമാത്മാവിന്റെ വ്യത്യസ്തരൂപങ്ങളാണെങ്കില്‍ നായര്‍ പ്രേതത്തിനും മണിയാണി പ്രേതത്തിനും ഇടയില്‍ ഭേദങ്ങളുണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍, പ്രേതമായിത്തീര്‍ന്ന പുത്രന് പ്രേതവധുവിനെ അന്വേഷിക്കുമ്പോള്‍ കൂടിയും ജാതിയേതെന്നു തിരയുന്നവര്‍ ആത്മാവിനു ജാതിയെ കല്‍പ്പിക്കുകയും അതിനെ കുറിച്ച് പേര്‍ത്തും ഉല്‍ക്കണ്ഠാകുലരാകുകയും ചെയ്യുന്നവരാണ്.
നായര്‍ ജാതിയില്‍പെട്ടവന്റെയും മണിയാണി ജാതിയില്‍പെട്ടവളുടെയും ആത്മാക്കളുടെ ഭേദങ്ങളെ കുറിച്ച് ഈ കഥയിലെ പുരുഷാധികാരവും ജാതിബോധവും ആകുലമാകുന്നത് വീണ്ടും വീണ്ടും നാം വായിക്കുന്നു. ഏകമായ ആത്മാവിന്റെ വ്യത്യസ്തരൂപങ്ങളായി സ്ത്രീയും പുരുഷനും ദളിതനും ബ്രാഹ്‌മണനും പ്രത്യക്ഷപ്പെടുന്നതിനെ കര്‍മ്മസിദ്ധാന്തം കൊണ്ട് വിശദീകരിക്കുന്നവര്‍ ആത്മാക്കളുടെ ജാതിയെ തിരയുന്ന സാമാന്യമനുഷ്യബോധത്തെ എങ്ങനെ കാണുമെന്ന് ആലോചിക്കാവുന്നതാണ്! പ്രകൃതിയെയും മനുഷ്യനെയും ബ്രഹ്‌മത്തിന്റെ ഭാവങ്ങളായി ഏകമെന്നു കാണുന്ന ഒരു ചിന്ത നയിക്കപ്പെടുന്നത് ജാതിവ്യവസ്ഥയിലേക്കാണെങ്കില്‍; മനുഷ്യശരീരങ്ങള്‍ക്കിടയിലെ അയിത്തങ്ങളിലേക്കും അസ്പര്‍ശ്യതകളിലേക്കും വിവേചനങ്ങളിലേക്കും ആണെങ്കില്‍, സ്വാഭാവികമായും ആത്മാക്കളുടെ ഭേദചിന്തയിലേക്കും അതു നയിക്കുമെന്ന സുചിന്തിതവും പ്രതിജ്ഞാബദ്ധവുമായ ഒരു സമീപനം ഈ കഥ സ്വീകരിക്കുന്നു. സാകല്യത്തില്‍, കര്‍മ്മസിദ്ധാന്തം അനീതിയുടെയും അസമത്വത്തിന്റെയും വരേണ്യതയുടെയും പ്രത്യയശാസ്ത്രമാണെന്നു പറയുന്ന ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരമായി ഈ ആഖ്യാനം മാറിത്തീരുന്നു. പ്രേതാത്മാവിന്റെ ജാതി അന്വേഷിക്കുന്നതിന്റെ ചിത്രണത്തിലൂടെ മനുഷ്യരുടെ സങ്കല്‍പ്പനങ്ങളിലും ഭാവനയിലും വീണ്ടും വീണ്ടും ഇടപെടുകയും ഭൗതികശക്തിയായി ലോകജീവിതത്തെ പുതിയരൂപങ്ങളില്‍ പോലും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജാതിബോധത്തിന്റെ സഞ്ചാരങ്ങളിലേക്കു കഥ കണ്‍തുറക്കുന്നു.

ജാതിഭേദത്തിനെതിരെ സ്‌ത്രൈണശക്തിയുടെ ഇടപെടല്‍ കഥയുടെ കാതലായി മാറുന്നുണ്ട്. ജാതിവിരുദ്ധതയുടെയും സ്ത്രീവിമോചനത്തിന്റെയും ആശയാദര്‍ശങ്ങള്‍ ഒരുമിച്ചുചേരുന്ന പ്രകരണമായി കഥാന്ത്യം മാറിത്തീരുന്നു.

എന്‍.എസ്. മാധവന്റെ ‘പുലപ്പേടി’ എന്ന കഥയിലെ സാവിത്രി ചാത്തനുമായി സന്ധിക്കുകയും അവളുടെ മൂടുതുണിയെ പുഴയിലേക്കൊഴുക്കുകയും നടു വളച്ച് ഉറക്കെ കൂകുകയും ചെയ്യുന്ന സന്ദര്‍ഭം പോലെ ഏറെ ആര്‍ജ്ജവമുള്ള ചിത്രണമാണ് മൃദുല്‍ നിര്‍വ്വഹിക്കുന്നത്. ഏറെ മൃദുലമായി ഇടപെടുന്ന വരന്റെ അമ്മ സത്യഭാമയെ മൃദുല്‍ എഴുതുന്നു. ജാതിയുടെ യഥാര്‍ത്ഥ പരീക്ഷണകേന്ദ്രമായി ഭക്ഷണം മാറുന്ന സന്ദര്‍ഭവുമാണത്. മുന്‍വിധികളില്ലാതെ ഭക്ഷണം കഴിക്കുന്ന അമ്മയുടെ മൃദുലമായ പ്രവൃത്തി ജാതീയതയുടെ കാഠിന്യത്തിനു മുകളില്‍ മാനുഷികതയെ ഉയര്‍ത്തി പിടിക്കുന്നതാണ്. വധുവിന്റെ വീട്ടിലെ കറികളുടെ രുചിയെ മാത്രമല്ല, മനുഷ്യത്വത്തെയും തിരിച്ചറിയാന്‍ ആ സ്ത്രീയുടെ സമഭാവനയ്ക്കു കഴിയുന്നു. ഭര്‍ത്താവും ആങ്ങളയും മകനും പ്രകടിപ്പിക്കുന്ന ജാതിവിവേചനത്തിന്റെയും അയിത്തത്തിന്റെയും മൂല്യലോകത്തിനു മേലുള്ള വലിയ ആഘാതമായി ഈ മൃദുലത മാറിത്തീരുന്നു. പുരുഷന്റെ വരേണ്യമായ ജാതിത്തീര്‍പ്പിനെ മറികടന്നുകൊണ്ടാണ് സത്യഭാമ ഭക്ഷണം കഴിക്കുന്നത്. അവര്‍ സരോജിനിയോട് കറികളുടെ രുചിയെ കുറിച്ചു പറയുന്നു. അതിന്റെ പാചകരീതികളെ കുറിച്ചു ചോദിക്കുന്നു. ജാതിവരേണ്യതയുടെ സമൂഹനിര്‍മ്മിതികളെ നിഷേധിക്കുമ്പോള്‍ യഥാര്‍ത്ഥ മാനുഷികതയിലേക്കുള്ള ഫ്രാന്‍സ് ഫാനന്‍ വഴികള്‍ തുറക്കുന്നുവെന്നു വിവക്ഷിക്കാവുന്ന സന്ദര്‍ഭമാണിത്. മരണമെന്ന സത്യത്തെയും ജാതിയെന്ന സമൂഹവിപത്തിന്റെയും തടസ്സങ്ങളെ മറികടക്കുന്ന മനുഷ്യസ്‌നേഹവാഞ്ഛയെ കഥ മുന്നോട്ടു കൊണ്ടുവരുന്നു. കാരുണ്യത്തിനും സ്‌നേഹത്തിനും ഏറ്റവും കഠിനമായ അതിരുകളെ പോലും മറികടക്കാനുള്ള കഴിവുണ്ടെന്നു സൂചിപ്പിക്കുന്നു.
എല്ലാ ആചാരങ്ങള്‍ക്കുമപ്പുറം സ്വാതന്ത്ര്യത്തിന്റെ സാധ്യത വഹിക്കുന്നത് മനുഷ്യരുടെ ദയയിലും കാരുണ്യത്തിലുമാണെന്ന് ഈ ആഖ്യാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
‘കാവിയടിച്ച സിമന്റു പടി’
‘ഒരു മണിയാണി വരെയൊക്കെ …നോക്കാം’
‘പുരോഗമനപരമായ ആശയങ്ങളെ വല്ലാതങ്ങ്
തള്ളിക്കളയേണ്ടല്ലോ എന്ന് കരുതിയിരിക്കാം’
‘കല്യാണം രഹസ്യമായി നടക്കും’
‘എന്തിനാന്ന് സ്ത്രീകളെ ബുദ്ധിമുട്ടിലാക്ക്ന്ന്. നമ്മക്ക് ചെയ്താ പോരേ?’
സവിശേഷകഥാസന്ദര്‍ഭങ്ങളില്‍ എഴുത്തുകാരന്‍ ഉപയോഗിക്കുന്ന ഇത്തരം വാക്യങ്ങളും സൂചകങ്ങളും ജാതിയും വര്‍ണ്ണവും സൃഷ്ടിക്കുന്ന വിവേചനത്തിന്റെ പ്രത്യയശാസ്ത്രാന്തരീക്ഷത്തെ നന്നായി വെളിപ്പെടുത്തുന്ന രീതിയില്‍ ചിലപ്പോള്‍ നേരിട്ടും മറ്റു ചിലപ്പോള്‍ വിരുദ്ധോക്തിയിലും കഥയില്‍ ഇടപെടുന്നു.
മൃദുലഭാഷയില്‍ എഴുതുന്ന മൃദുലിന്റെ കഥനകലയില്‍ ഏറെ ശക്തിസൗന്ദര്യങ്ങള്‍ ആര്‍ജ്ജിക്കുന്ന രണ്ടു വാക്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കണം.
”സത്യഭാമയാണ് മുമ്പു മടക്കിയ ആലോചന നിവര്‍ത്തിയത്. അച്ഛനും മകനും അത് കേട്ടതായേ ഭാവിച്ചില്ല. ഒന്നു രണ്ടു ദിവസം അവരതും പറഞ്ഞ് അരിയിട്ടു. കറിക്കരിഞ്ഞു, നിലം തുടച്ചു, അലക്കി, ഭര്‍ത്താവിന്റെ ഷര്‍ട്ട് തേച്ചു, മാറാലയടിച്ചു.”
”സരോജിനീ, എനക്ക് എല ഇട്ടോ. അവര നോക്കണ്ട. എന്റെ മോന്റെ കല്യാണല്ലേ. എനക്ക് വലിയ സന്തോഷായി” സജീവനും രണ്ട് രാഘവന്‍ നായരും അതുകേട്ട് തരിച്ചുനിന്നു. കറന്റ് പോയിരുന്നെങ്കില്‍ എന്ന് അവര്‍ക്ക് തോന്നി. അവര്‍ വല്ലാതെ വെളിച്ചത്തില്‍ കുളിച്ചു. ”
മനുഷ്യമനസ്സിന്റെ കാമ്പുകളിലേക്ക് എത്തിനോക്കുകയും പ്രവൃത്തികളിലും വികാരങ്ങളിലും മനസ്സ് എങ്ങനെ തെളിയുന്നുവെന്ന് പ്രകാശിപ്പിക്കുകയും ചെയ്യുന്ന വാക്യങ്ങളാണ് മൃദുല്‍ എഴുതുന്നത്. വെളിച്ചത്തെ വെറുത്ത് ഇരുട്ടില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ മൃദൂലിന്റെ കഥനകല വെളിച്ചം എന്ന വാക്കുകൊണ്ട് ആക്രമിക്കുന്നു.

പ്രമേയപരമായി സമ്പന്നമാണെങ്കിലും വ്യാഖ്യാനസാദ്ധ്യതകളില്‍ വെല്ലുവിളികളോ പരിമിതികളോ ആയിത്തീരുന്ന ചില ഘടകങ്ങളെ കുറിച്ചും പറയാനുണ്ട്. സജീവനെ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തുന്ന സഹോദരന്റെ പ്രേതം എന്ന പ്രശ്‌നത്തെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന മൂലകങ്ങള്‍ കഥയില്‍ നഷ്ടമായിരിക്കുന്നു. മൃതനായ സഹോദരനോടുള്ള സ്‌നേഹമോ അയാളെ കുറിച്ചുള്ള ഓര്‍മ്മകളോ എന്നപോലെ തന്നെ പ്രേതവിവാഹമെന്ന സാമൂഹികാചാരവും സജീവന്റെ വിഭ്രമങ്ങളില്‍ പങ്കുവഹിക്കുന്നുണ്ടാകണം. സാമൂഹികാചാരങ്ങള്‍ മാനസികമായി പിടികൂടിയ വ്യക്തിയായി സജീവന്‍ കൂടുതല്‍ വ്യക്തമായി ചിത്രണം ചെയ്യപ്പെടേണ്ടതായിരുന്നില്ലേ? തനിക്കുള്ള വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നത് ജ്യേഷ്ഠന്റെ പ്രേതം വിവാഹിതനാകാത്തതു കൊണ്ടാണെന്ന വിശ്വാസമായിരിക്കണമല്ലോ അയാളിലെ പ്രേതബാധയ്ക്കു കാരണമാകുന്നത്. കഥയുടെ കരുത്തു വര്‍ദ്ധിപ്പിക്കാന്‍ ആചാരങ്ങളുടെ വിശദമായ വിവരണത്തെ സ്വീകരിക്കുന്നതോടൊപ്പം യുക്തിപരവും മനഃശാസ്ത്രപരവുമായ വിശ്ലേഷണത്തിന്റെ മൂലകങ്ങളെ കൂടി സന്നിവേശിപ്പിക്കുന്നത് ആഖ്യാനത്തെ കൂടുതല്‍ പാഠാന്തരസമൃദ്ധമാക്കുന്നതിലേക്കു നയിക്കുമായിരുന്നു.
കഥ അവസാനിക്കുന്നത് ഹൃദയസ്പര്‍ശിയായ ഒരു വാക്ദൃശ്യത്തിലാണ്. വധുവിന്റെ ആത്മാവ് വരന്റെ അമ്മയുടെ കൈകളിലേക്കെത്തുന്നു – ആര്‍ദ്രത നിറഞ്ഞ പ്രകരണമാണത്. പക്ഷേ, അത് യഥാര്‍ത്ഥ അനുരഞ്ജനത്തെ ത്വരിപ്പിക്കുന്നുണ്ടെന്നു പറയാന്‍ കഴിയില്ല. അതു വെറും ആഗ്രഹപ്രകടനം മാത്രമായിരിക്കാം. ക്രോധം മൂത്ത് കാറിന്റെ ഡോര്‍ വലിച്ചടക്കുന്ന ഒച്ച മറ്റെന്തിനെയാണ് കാണിക്കുന്നത്?

*കുളെ- തുളു ഭാഷയില്‍ ആത്മാവ്, പ്രേതം എന്നര്‍ത്ഥം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : സമകാലിക മലയാളം വാരിക
കുളെ (കഥാസമാഹാരം)
രചന : മൃദുല്‍ വി.എം
പ്രസാധനം ; ഡി.സി. ബുക്‌സ്
വില : 140 രൂപ







No Comments yet!