എല്ലാറ്റിനേയും അറിയാനുള്ള ആഗ്രഹം ഏറ്റവും സത്യസന്ധമായി പ്രകടമാകുന്നത് കുട്ടികളുടെ മനസ്സുകളിലാണ്. കുട്ടികളുടെ കണ്ണുകള്‍ക്കു മുന്നില്‍ ലോകം സാധാരണമല്ല. അവരിൽ ലോകം ആദ്യമായി പിറക്കുകയാണ്. ഓരോ വസ്തുവും ഓരോ ശബ്ദവും ഓരോ നിറവും പുതിയതാണ്. ഒരു ഇല വീഴുന്നത് വലിയ കാഴ്ചയാണ്. ഉറുമ്പ് നടക്കുന്നത് ഒരു കഥയാണ്. മഴ ഒരു ചോദ്യമാണ്. ആകാശം ഒരു അത്ഭുതമാണ്. എന്താണ് ? എന്തുകൊണ്ടാണ്? — കുട്ടിയുടെ ഭാഷ ചോദ്യങ്ങളാൽ നിബിഡമാണ്. അറിയാനുള്ള അതിരില്ലാത്ത ആഗ്രഹത്തിന്റെ സമുദ്രമായി കുഞ്ഞുമനസ്സ്! അറിവിന്‍റെ കാരണമാകുന്ന അത്ഭുതം ഏറ്റവും ശക്തമായിരിക്കുന്ന കാലം ബാല്യകാലമാണ്. സ്വാഭാവികമായി പഠിക്കുന്നതിന്‍റെ ശക്തിയും സൗന്ദര്യവും ബാല്യകാലത്തിന്‍റെ അറിവിനുണ്ട്. സ്വതന്ത്രമായി അറിവു വിരിയുന്ന കാലം! കുട്ടിക്കാലത്തെ സന്തോഷം ശുദ്ധവും നിബന്ധനകളില്ലാത്തതുമാണ്. അത് കാരണങ്ങള്‍ തേടാത്ത സന്തോഷമാണ്. നമ്മുടെ സ്വര്‍ഗ്ഗം ബാല്യകാലത്താണെന്ന് വേര്‍ഡ്സ് വര്‍ത്ത്.

കുട്ടിക്കാലം വെളിച്ചത്തിന്റെ മാത്രം കാലമല്ല. അവിടെ നിഴലുകളുമുണ്ട്. കുട്ടികളിലെ ഭയം ചെറിയ കാര്യമാണെന്ന് മുതിര്‍ന്നവര്‍ക്കു തോന്നുമെങ്കിലും അവരുടെ ലോകത്ത് അത് എത്രയോ വലുതാണ്. എല്ലാവരും ഉറങ്ങുമ്പോള്‍, ഉറങ്ങാതെ രാത്രിയില്‍ കണ്ണുതുറന്നു കിടക്കുന്ന കുട്ടിയുടെ മനസ്സില്‍ ലോകത്തിലെ എല്ലാ ഭയങ്ങളും കൂടുകൂട്ടുന്നു. മനുഷ്യനുള്ളിലെ സംഘർഷങ്ങളുടെ വിത്തുകൾ വിതയ്ക്കപ്പെടുന്നത് ബാല്യത്തിലാണ്. കുട്ടി പലതും പറയുന്നില്ല; അത് ഉള്ളിൽ സൂക്ഷിക്കുന്നു. ഒരു വാഗ്ദാനം പാലിക്കപ്പെടാത്ത നിമിഷം, ഇഷ്ടപ്പെട്ട ഒരാൾ അകന്നു പോകുന്നത്, മുതിർന്നവർ തന്നെ മനസ്സിലാക്കാതെ പോകുന്നത് — കുട്ടിയുടെ മനസ്സിൽ നിരാശയുടെ വിത്തുകള്‍ പാകുന്നു. കുട്ടിക്കാലത്തെ നിരാശകള്‍ ജീവിതത്തിന്റെ ആദ്യപരാജയങ്ങളാണ്. എല്ലാം കൂട്ടിവെച്ചു പറയുക – മനുഷ്യന്റെ ഭാവി രൂപപ്പെടുന്നത് കുട്ടിക്കാലത്തിലാണ്.
ബാല്യം നമുക്ക് തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു ദേശ-കാലമാണ്. എന്നാൽ, ബാല്യത്തിന്റെ ഓർമ്മകൾ ജീവിതത്തിനു പ്രേരണയാകുന്നു. മുതിര്‍ന്നവന്റെ ചിന്തകളിലും ഭയങ്ങളിലും സ്വപ്നങ്ങളിലും ഒരു കുഞ്ഞ് മറഞ്ഞിരിക്കുന്നുണ്ട്. ആ കുഞ്ഞിനെ മറക്കാതിരിക്കുക എന്നത് ജീവിതത്തില്‍ ഏറെ പ്രധാനമാണ്. നമ്മുടെ മഹാകഥാകാരനായ ഒ വി വിജയന്‍ തന്‍റെ ബാല്യത്തെ മറക്കാതെ, അതിലേക്കു തിരിഞ്ഞുനോക്കികൊണ്ട് ഒരു കഥ എഴുതിയിട്ടുണ്ട്.
താന്‍ ‘മുതിര്‍ന്നു പോയ’തെങ്ങനെയെന്ന്, തന്‍റെ ബാല്യകുതൂഹലങ്ങള്‍ നഷ്ടപ്പെട്ടതെങ്ങനെയെന്ന്, കഥയിലെ ഉണ്ണിയുടെ പ്രാഗ്രൂപമായ കഥാകാരന്‍ നമ്മോടു പറയുന്നു.
കുട്ടിയുടെ കണ്ണിലൂടെ ലോകത്തെ കാണുമ്പോൾ അത് കൂടുതൽ സത്യസന്ധമാകുന്നുവെന്ന് വിജയന്‍ കരുതുന്നുണ്ട്. കുട്ടിക്കാലം മനുഷ്യന് നഷ്ടപ്പെടുന്ന ഒരു സ്വാതന്ത്ര്യമാണെന്ന വിചാരം ഈ കഥയുടെ നിര്‍മ്മിതിയില്‍ പങ്കുചേരുന്നതായി നാം അറിയുന്നുമുണ്ട്. എഴുത്തുകാരന്‍റെ ബാല്യം പ്രേരണയാകുന്ന കഥ വിജയന്‍റെ ആത്മകഥയിലെ ഒരു ചീന്ത് എന്നു പറയാവുന്നതാണ്. ‘തലമുറകൾ’ എന്ന നോവലിന് ആത്മകഥാസ്പർശം ഉണ്ടായിരുന്നല്ലോ?
ഔപചാരികവിദ്യാഭ്യാസം നല്‍കുന്ന അറിവ് കുഞ്ഞുങ്ങളെ എങ്ങനെയാണ് മാറ്റുന്നതെന്ന്, അവരെ എങ്ങനെയാണ് ‘മുതിര്‍ന്നവരാക്കുന്ന’തെന്ന് എഴുതുന്ന ഇടശ്ശേരിക്കവിതാസന്ദര്‍ഭം ആദ്യമേ പറയണം!
”കാഞ്ചനവെയ്ലും നുണച്ചിറക്കി
കാണുമലരി തൻ ചില്ലയിന്മേൽ
നിന്നെയും കാത്തു പതിവുപോലെ
വന്നിരിക്കുന്നുണ്ടിളം കിളികൾ;
പ്രേഷ്ഠരവരോടു യാത്ര ചൊല്ലൂ
പേച്ചറിയുന്നവർ നിങ്ങൾ തമ്മിൽ!
നീ പോയ് പഠിച്ചു വരുമ്പോഴേക്കും
നിങ്ങളന്യോന്യം മറന്നിരിക്കും!
പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;
നാവിൽനിന്നപ്പോഴേ പോയ്ക്കഴിഞ്ഞു
നാനാജഗന്മനോരമ്യഭാഷ!”
(‘പള്ളിക്കൂടത്തിലേക്കു വീണ്ടും’ – ഇടശ്ശേരി)

മുതിര്‍ന്നവരുടെ ലോകത്തേക്കു പ്രവേശിക്കുകയും അവര്‍ സൃഷ്ടിച്ച അറിവിനെ സ്വീകരിക്കുകയും ചെയ്യുന്നതോടെ കിളികളുടെ പേച്ചിനെ അറിയുന്ന കുട്ടികളുടെ സ്വാഭാവികജ്ഞാനം വിട്ടുപോകുന്നതായി കവി എഴുതുന്നു. കവിതയില്‍ ഈ ധാരണ സ്വരൂപിച്ചിരിക്കുന്നത് അമ്പതു വര്‍ഷം മുന്നേയുള്ള സ്വാനുഭവത്തില്‍ നിന്നും ഒരു ‘മുതിര്‍ന്നവന്‍’ തന്നെ. വിജയന്‍റെ കഥയിലെ ഉണ്ണിക്ക് അരിപ്പിറാവുകളുടെ ഭാഷയെ കുറിച്ചു പറഞ്ഞുകൊടുക്കുന്നത് മുത്തശ്ശിയാണ്. അരിപ്പിറാവുകള്‍ തന്‍റെ കുട്ടികളോടൊപ്പം ഉണ്ണിയെ കൂടിയാണ് വിളിക്കുന്നതെന്ന് മുത്തശ്ശി പറയുന്നു. ഉണ്ണിയുടെ കുഞ്ഞുമനസ്സിലെ സങ്കല്‍പ്പലോകം ഉണരുന്നതാണ് നാം പിന്നീടു വായിക്കുന്നത്. പാണ്ടിക്കാട്ടെ മുത്തശ്ശിയുടെ വീട്ടില്‍ പുളിമരച്ചോട്ടിലെ പലക, അതിനു മുകളില്‍ താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പക്ഷികളുടെയും തേരുകളുടെയും ആളുകളുടെയും രൂപങ്ങള്‍ – ഉണ്ണി അവന്‍റെ അറിവുകളുടെയും സങ്കല്‍പ്പങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്തു സഞ്ചരിക്കുന്നു. അതിനെ സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നു. അവന്‍റെ സങ്കല്‍പ്പലോകത്തെ മുഴുകലില്‍ ‘എന്താ നെണക്ക്’ എന്ന് ഉണ്ണിയോട് അമ്മയ്ക്കു ചോദിക്കേണ്ടി വരുന്നുണ്ട്. മുത്തശ്ശിയോടെന്ന പോലെ തന്നെ ശുശ്രൂഷിച്ച രാവുണ്ണിമേസ്തിരിയോടും ഉണ്ണിയുടെ ഉള്ളില്‍ സ്നേഹവും വിശ്വാസവുമുണ്ട്. രാവുണ്ണി മേസ്തിരിയുടെ ചർച്ചക്കാരാണെന്നു നിനച്ച്
ഹോട്ടല്‍ മുറിയിലെ സ്ത്രീകളോട് ”രാവുണ്ണി മേസ്തിരിക്ക് ഇപ്പോ നന്നേ വയസ്സായിട്ടുണ്ടാകുമല്ലേ?” എന്നു ചോദിക്കാന്‍ ഉണ്ണിയെ പ്രേരിപ്പിക്കുന്നത് ബാലസഹജമായ ലോകത്തോടുള്ള സ്നേഹവും വിശ്വാസങ്ങളുമാണ്.
കഥയില്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും മാനസികലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം രേഖപ്പെടുന്ന പ്രധാന സന്ദര്‍ഭം ഹോട്ടലില്‍ വച്ച് അച്ഛൻ ഉണ്ണിയോട് “എന്തിനാ അവരുടെ മുറിയിൽ പോയത്?” എന്നു ചോദിക്കുന്നതാണ്. ഉണ്ണിയുടെ കാഴ്ചയിൽ ആ പ്രവൃത്തി ലോകത്തോടുള്ള ഒരു ബന്ധാന്വേഷണമാണെങ്കില്‍ അച്ഛന്റെ കാഴ്ചയിൽ അത് ശീലലംഘനമാണ്. മുതിർന്നവരുടെ അറിവ് പ്രധാനമായും സാമൂഹിക ചട്ടങ്ങളാലും പെരുമാറ്റമാനദണ്ഡങ്ങളാലും മുന്‍വിധികളാലും നിയന്ത്രിക്കപ്പെടുന്നതാണ്. ഉണ്ണിയുടെ അറിവ് സ്വതന്ത്രവും അപരത്തിലേക്കു നീളുന്നതുമാണ്.
കുട്ടികളുടെ ബോധവികാസം ബന്ധങ്ങളേയും സുരക്ഷയേയും ആശ്രയിക്കുന്നതാണല്ലോ? മുത്തശ്
”പലക ഇല്ല. കല്ലുകൾ ഇല്ല. മുത്തശ്ശി മരിച്ചു. രാമുണ്ണിമേസ്തിരിയും മരിക്കും” മുത്തശ്ശിയുടെ മരണം, പരിസരങ്ങളുടെ നഷ്ടം ഇതെല്ലാം ഉണ്ണിയുടെ സങ്കല്‍പ്പലോകത്തിന്‍റെ തകര്‍ച്ചയായി മാറുന്നു. അവന്റെ അറിവിനു താങ്ങായി നിന്ന അടിത്തറകൾ ഇല്ലാതാകുന്നു. മുത്തശ്ശിയുടെ മരണത്തിലൂടെ മനുഷ്യബന്ധങ്ങളുടെ അനിത്യസ്വഭാവം ഉണ്ണി തിരിച്ചറിയുന്നു. ബാല്യത്തിലെ സ്വാഭാവികമായ സുരക്ഷാഭാവത്തെ ഇല്ലാതാക്കുന്നു. ഇത് ഉണ്ണിയുടെ ബാലപ്രജ്ഞയുടെ നിറവുകളെ ചോര്‍ത്തിക്കളഞ്ഞ് അവന്‍ സ്വയംനിര്‍മ്മിച്ച ലോകത്തില്‍ നിന്നും വേര്‍പ്പെടുത്തി മുതിര്‍ന്നവരുടെ ലോകത്തേക്കു തള്ളിവിടുന്നു. ഈ തകർച്ച ബാല്യത്തിന്റെ അവസാനവും ബോധത്തിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കവുമാണ്. ”ആറു വയസ്സു കഴിഞ്ഞ് ഞാന്‍ ഏഴാം വയസ്സിലേക്കു പ്രവേശിക്കുകയായിരുന്നു. നിര്‍മ്മലമായ എന്‍റെ വെളിച്ചങ്ങള്‍ എന്നന്നേക്കുമായി അസ്തമിച്ചു.”

ഉണ്ണിയുടെ പ്രവൃത്തിയില്‍ യാഗത്തിന്‍റെയും പ്രവചനത്തിന്‍റെയും സ്വച്ഛത കാണുന്നതില്‍, വിജയനെ അവസാനനാളുകളില്‍ ആവേശിച്ചിരുന്ന അതിഭൗതികവും മതാത്മകവുമായ ആത്മീയതയ്ക്കുള്ള പങ്ക് അനിഷേധ്യമാണ്. എന്നാല്‍, ഇന്നു നമ്മുടെ സമൂഹത്തില്‍ പ്രബലമായിരിക്കുന്ന രീതിയില്‍ പ്രതിലോമകരമായ ദിശകളിലേക്ക് ഈ ആഖ്യാനത്തില്‍ അതു സഞ്ചരിക്കുന്നില്ല. കലുഷതകളില്ലാത്ത തെളിഞ്ഞ വെളിച്ചമാണ് അദ്ദേഹം അഭിലഷിക്കുന്നത്. ഏതു തെളിഞ്ഞ വെളിച്ചങ്ങളും കലക്കപ്പെടുകയും തന്‍ കാര്യത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഈ നാളുകളില്‍ വിജയന്‍റെ കാലുഷ്യരഹിതമായ അഭിലാഷം സഫലമാകുമോ എന്നു സന്ദേഹിക്കേണ്ടി വരുന്നു.
ഇതിന്‍റെ മറുവശവും കാണണം. മനഃശാസ്ത്രത്തിന്‍റെയോ ഭൗതികസാഹചര്യങ്ങൾ ബാലമനസ്സിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളുടെയോ തറയില്‍ നിന്നുകൊണ്ട് ഈ കഥയെ കുറിച്ചു വിചാരങ്ങളിലേര്‍പ്പെടുന്നത് കഥാകാരന്‍ പകരാനാഗ്രഹിച്ച മൂല്യലോകങ്ങളെ കാണാതിരിക്കുന്ന അനീതിയായിരിക്കും. വിജയന്‍റെ കഥ മനുഷ്യന്‍റെ ബാല്യകാലത്തിനുള്ള ഒരു പ്രകീർത്തനമാണ്. മറ്റൊരു തലത്തില്‍ മനുഷ്യപ്രജ്ഞയെ കുറിച്ച്, അത് ജീവിതകാലത്തില്‍ കടന്നുപോകുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച്, സാദ്ധ്യതകളെ കുറിച്ച് മനനം ചെയ്ത് അത്ഭുതാധീനമാകുന്ന രചനയുമാണിത്. യഥാര്‍ത്ഥത്തില്‍, കഥയുടെ ഇതരമാനങ്ങളെ ഈ ദിശയില്‍ നാം കാണേണ്ടിയിരിക്കുന്നു.
ഉണ്ണി ഹോട്ടൽമുറിയിൽ കണ്ടത് രാവുണ്ണിമേസ്തിരിയുടെ ചാർച്ചക്കാരെയാണോ? അച്ഛൻ പറയുന്നത്
‘എന്‍റെ കുട്ടിക്ക് വിവരല്യ. എങ്ങന്യാ ചെട്ട്യോള് രാവുണ്ണി മേസ്തിരീടെ ബന്ധുക്കളാവാ?” എന്നാണ്. പിൽക്കാലത്തായിരുന്നെങ്കിൽ തനിക്കും അങ്ങനെ തോന്നുമായിരുന്നുവെന്ന് കഥയുടെ ആഖ്യാതാവ് എഴുതുന്നുമുണ്ട്. തമിഴരായ ചെട്ടിച്ചികൾ വടകര സ്വദേശിയും തിയ്യനുമായ രാവുണ്ണിമേസ്തിരിയുടെ ചാർച്ചക്കാരാവാൻ വഴിയില്ലെന്ന വകതിരിവ് തന്നെ വിലക്കുമായിരുന്നുവെന്ന്. ഇനി, ഉണ്ണിക്കും ചെട്ടിച്ചികളിൽ മുതിർന്ന വല്യമ്മക്കും ഇടയിലെ സംഭാഷണം ശ്രദ്ധിക്കുക.
”രാവുണ്ണി മേസ്തിരിക്ക് ഇപ്പൊ നന്നേ വയസ്സായിട്ടുണ്ടാവും, ഇല്ലേ?”
”ഓ, മകനേ, ഒരുപാട് വയസ്സായി”
”എന്‍റെ കാലിലെ വെള്ളാരംകല്ലെടുത്തത് രാവുണ്ണിമേസ്തിരിയാ”
”ഓ, മകനേ, അതു മനസ്സിലായി”
”പലകപ്പുറത്ത് ആളും പക്ഷീം തേരും ണ്ടാക്കാനാ കല്ലു പൊടിച്ചത്”
”എന്‍റെ മകൻ അത് ണ്ടാക്ക്യോ?”
”ല്യ”
”പിന്നെപ്പഴേങ്കിലും ണ്ടാക്കാം”
ആ പ്രോത്സാഹനം ഒരു വാഗ്ദത്തമായി ഉണ്ണിക്ക് അനുഭവപ്പെടുന്നുണ്ട്. കാലം എത്ര ചെന്നാലും ആ പലക പുളിഞ്ചോട്ടിൽ തന്നെ കാത്തു കിടക്കുമെന്ന് ഉണ്ണി ഉറപ്പിക്കുന്നു. ഉണ്ണിയിലെ സങ്കല്‍പ്പലോകത്തെ ഉദ്ദീപിപ്പിച്ച രാവുണ്ണിമേസ്തിരിയും ചെട്ടിച്ചികളുടെ വല്യമ്മ നല്‍കിയ വാഗ്ദത്തവും അറിഞ്ഞ ഉണ്ണിയെ സംബന്ധിച്ചെങ്കിലും അവര്‍ പരസ്പരം ചാര്‍ച്ചക്കാരാണ്. ജാതിയുടെയും ദേശത്തിന്‍റെയും ഭാഷയുടെയും ഭേദങ്ങള്‍ക്കപ്പുറത്ത് അവരെ ചാര്‍ച്ചക്കാരാക്കുന്ന സമഭാവനയാണ് ഉണ്ണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഉണ്ണിക്ക് ഈ ലോകത്തെ എല്ലാവരും ചാർച്ചക്കാർ തന്നെ! അത് ഏറെയും ആത്മനിഷ്ഠമായ വിചാരമാണ്. ഈ സമഭാവന ഉണ്ണിയുടെ അച്ഛനിലില്ല. ഏറെയും ലോകത്തിന്‍റെ വസ്തുനിഷ്ഠതയില്‍ ജീവിക്കുന്ന മുതിര്‍ന്നവരില്‍ അതു നഷ്ടപ്പെട്ടു പോകുന്നു.
പിന്നെ, മുത്തശ്ശി മരിച്ച് പാണ്ടിക്കാട്ടെ വീട്ടിലെത്തുന്ന ഉണ്ണിക്ക് മുത്തശ്ശിയെ എന്ന പോലെ പുളിഞ്ചോട്ടിലെ പലകയെയും കാണാൻ കഴിയുന്നില്ല. അപ്പോഴാണ് തന്നിലെ നിര്‍മ്മലമായ വെളിച്ചങ്ങള്‍ അണഞ്ഞതായി കഥയില്‍ എഴുതപ്പെടുന്നത്. ഉണ്ണിയും മുതിരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പമാകുന്നു. എന്നാല്‍, നമ്മുടെ കഥാകാരനില്‍ ഓര്‍മ്മയും പ്രചോദനവുമായി ആ വെളിച്ചങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി വായനക്കാര്‍ അറിയുന്നുണ്ട്. ഈ കഥ തന്നെയും അതിനുള്ള തെളിവാകുന്നു. മുത്തശ്ശിയുടെ വാക്കുകള്‍ ഉണ്ണിയില്‍ ഉണര്‍ത്തിയ സങ്കല്‍പ്പലോകങ്ങളും ചെട്ടിച്ചികളിലെ വല്യമ്മ നല്‍കിയ വാഗ്ദത്തവും ഇതരരൂപങ്ങളില്‍ സഫലീകരിക്കപ്പെടുന്നത് നാം അറിയുന്നു. ആ പലക അവന്‍റെ മനസ്സിലെ പുളിഞ്ചോട്ടില്‍ ഉണ്ണിയെ കാത്തുകിടന്നിരുന്നു. കഥാകാരനെ രൂപപ്പെടുത്തിയത് മുത്തശ്ശിയും രാവുണ്ണി മേസ്തിരിയും ആ ചാര്‍ച്ചക്കാരിയും പുളിഞ്ചോട്ടിലെ പലകയും … ഒക്കെ ചേര്‍ന്നായിരുന്നു.








No Comments yet!