Skip to main content

ബ്രാഹ്‌മമുഹൂര്‍ത്തചര്യകള്‍

വി.കെ.എന്‍ രചിച്ച ‘ബ്രാഹ്‌മമുഹൂര്‍ത്തം’ എന്ന കഥ, പയ്യനോടൊപ്പം ശയിക്കുന്ന രേണുവിന്റെ ശരീരത്തെ പുരുഷദൃഷ്ടിയില്‍ നിര്‍മ്മിച്ച രൂപകങ്ങളിലൂടെ എഴുതിക്കൊണ്ടാണ് തുടങ്ങുന്നത്. രൂപകങ്ങളിലൂടെയുള്ള ശരീരവിവരണം പുരുഷാനുഭവത്തിന്റെ കേന്ദ്രത്തില്‍ നിന്നുള്ളതാണ്. രൂപകങ്ങള്‍ നിര്‍വ്വഹിക്കുന്നത് സ്ത്രീമേനിയുടെ സൂക്ഷ്മമായ പുരുഷനോട്ടം തന്നെ! പുരുഷാഭിലാഷത്തിന്റെ അനുഭവവസ്തുവായി സ്ത്രീ എഴുതപ്പെടുന്നു.

”നിറഞ്ഞൊഴുകുന്ന ഒരു കൊച്ചരുവിയാണ് പയ്യന് ഓര്‍മ്മവന്നത്. അല്ലെങ്കില്‍ വളഞ്ഞൊഴുകുന്ന ഒരു പുഴ. നദീസ്പര്‍ശം നടക്കുമ്പോള്‍ പയ്യന്‍ ഓര്‍ത്തു. മിനുപ്പുള്ള ശിലാകൂടങ്ങള്‍. പട്ടിന്റെ മണല്‍ത്തീരങ്ങള്‍. വൃത്തമാര്‍ന്ന ചുഴി. ചാന്തിന്റെ ഗോപിക്കുറി പോലെ നീണ്ടു സമൃദ്ധമായ പുല്‍ത്തുരുത്ത്. അതും കഴിഞ്ഞ് രണ്ടു കാല്‍വഴിയായി പുഴ ഒഴുകുന്നു. തുള്ളിയില്‍ തുള്ളിയില്‍. തുളുമ്പി തുളുമ്പി. താളത്തോടെ ഒഴുകുന്നു. എന്തൊരു പുഴ.”

പഴുക്കടയ്ക്കയുടെ നിറമായ ചന്തക്കാരി, ഉയര്‍ന്നു താഴുന്ന തിരമാല പോലെ മാറിടം, ഹിംസാത്മകമായ പൊന്നുംകുടങ്ങള്‍ എന്നിങ്ങനെ രേണുവിനെ പലയിടത്തായി വീണ്ടും വിവരിക്കുന്നുണ്ട്. പാപ്പിയമ്മയെ കുറിച്ചു പറയുമ്പോള്‍ തൃശൂര്‍ വിദ്യകള്‍, കേമം മേളം എന്നീ വിശേഷണങ്ങള്‍ കടന്നുവരുന്നു, മാക്കത്തെ എഴുതുമ്പോള്‍ കടത്തനാടനഭ്യാസം എന്ന വാക്കും. സ്ത്രീയെ കുറിച്ചുള്ള ഈ വിവരണങ്ങള്‍ സംസ്‌കാരത്തിന്റെ സ്വാഭാവികശീലമെന്ന പോലെയാണ് വരുന്നതെന്നു പറയണം. അതില്‍ പുരുഷസമൂഹശീലമാണു പ്രവര്‍ത്തിക്കുന്നത്.

വി കെ എന്‍ ആഖ്യാനത്തിലെ വിവരണങ്ങളിലുടനീളം ഈ രീതിയില്‍ പുരുഷദൃഷ്ടി പ്രത്യക്ഷമാകുന്നുണ്ടെങ്കിലും അതിനെ ദമിതമാക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യുന്ന ഇതരഘടകങ്ങളും കലാപരമായ അകലവും ഒപ്പം പ്രത്യക്ഷപ്പെടുന്നതു കാണാം. വി.കെ.എന്‍ സ്ത്രീയെ അവതരിപ്പിക്കുന്നത് പുരുഷാധിപത്യസമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു തന്നെയാണ്. വായനക്കാരന് ആദ്യവായനയില്‍ രസാനുഭൂതിയും തുടര്‍ചിന്തയില്‍ അസ്വസ്ഥതയും ഉളവാക്കുന്ന എഴുത്തുരീതിയാണിത്. അതേസമയം നമ്മുടെ കഥാകാരന്റെ എഴുത്തില്‍ പുരുഷാധികാരത്തോടുള്ള പരിഹാസം നിരന്തരം ഉയരുന്നുമുണ്ട്.

V. K. N. - Wikipedia

പയ്യന്‍ രേണുവിനോട് ഒരു ബ്രാഹ്‌മമുഹൂര്‍ത്തത്തിന്റെ കഥ പറയുന്നു. തന്റെ സ്‌നേഹിതന്‍ അശ്വകോശത്ത് അഷ്ടമൂര്‍ത്തി നമ്പുതിരിപ്പാടിന്റെ സംബന്ധങ്ങളുടെ കഥയാണത്. അയാള്‍ക്ക് മൂന്നു സംബന്ധങ്ങള്‍ –
പൊന്നമ്മ, പാപ്പിയമ്മ, മാക്കം. അഷ്ടമൂര്‍ത്തി ഈ സ്ത്രീകളെ സന്ധിക്കുന്ന വേളകളില്‍, നാലാം യാമത്തില്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. മൂന്നുപേരും കിറുകൃത്യം അതു നിര്‍വ്വഹിക്കുന്നു. ‘എങ്ങനാത്ര കൃത്യായിട്ടു ധരിച്ചതെ’ന്ന നമ്പുതിരിയുടെ ചോദ്യത്തിനു മൂന്നുപേരും മൂന്ന് ഉത്തരങ്ങളാണ് നല്‍കുന്നത്. ഈ ഉത്തരങ്ങള്‍ ഇവര്‍ മൂവരും നമ്പൂതിരിയുമായുള്ള ബന്ധത്തില്‍ വ്യത്യസ്ത സ്ഥാനങ്ങളും അര്‍ത്ഥങ്ങളും വഹിക്കുന്നവരാണെന്നു ഗണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. ഈ വി.കെ.എന്‍ കഥയുടെ പുരുഷദൃഷ്ടിയും അതിന്റെ സാംസ്‌കാരികാടിത്തറയും എങ്ങനെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. സ്ത്രീകളുടെ മറുപടികളാണ് അതു നിര്‍വ്വഹിക്കുന്നത്. നമ്പൂതിരിയുടെ ബ്രാഹ്‌മമുഹൂര്‍ത്തത്തിന്റെ കഥ തുടങ്ങുമ്പോളുള്ള രേണുവിന്റെ പ്രതികരണം അയാളെ ഒരു വങ്കനാക്കുന്നുണ്ട്.

”വെളുപ്പിനെ ഉണരാനുള്ള വിദ്യയാണ് സംബന്ധമെന്നു വിശ്വസിക്കുന്നു വങ്കനെന്നു ചുരുക്കം”

പൊന്നമ്മയ്ക്ക് താലി തണുക്കുന്ന സമയമാണ് ബ്രാഹ്‌മമുഹൂര്‍ത്തം. ”ജനനം മുതല്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പുള്ളിക്കാരന്മാരെ വിളിച്ചുണര്‍ത്തിയവളെപ്പോലെ”യാണ് പൊന്നമ്മ മറുപടി പറയുന്നത്. പൊന്നമ്മയുടെ വ്യക്തിത്വമല്ല, മറിച്ച് സാമൂഹികപരിശീലനം നേടിയ അവളുടെ ശരീരമാണ് മുഹൂര്‍ത്തനിര്‍ണ്ണയനത്തിന് സഹായിക്കുന്നത്. പൊന്നമ്മയിലെ സ്ത്രീ സവിശേഷസംസ്‌കാരം രൂപപ്പെടുത്തിയ സേവികാശരീരമാണ്. പൊന്നമ്മയില്‍ സ്വന്തം ആഗ്രഹങ്ങളോ മാനസികാവശ്യങ്ങളോ പ്രത്യക്ഷപ്പെടുന്നില്ല. അവള്‍ നമ്പൂതിരിയുടെ സമയം പാലിക്കുന്നു, അവന്റെ ശീലങ്ങളെ മനസ്സിലാക്കുന്നു, അവന്റെ ജീവിതക്രമത്തിന്റെ ഭാഗമാകുന്നു. അവളില്‍ ഇച്ഛാശക്തി പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടുന്നില്ല. പുരുഷന്റെ ജീവിതക്രമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവളില്‍ നമ്പൂതിരിയുമായുള്ള ബന്ധം തന്റെ അനുഭവമായി വരുന്നില്ല. ഇത് പരമ്പരാഗത പിതൃഘടനയിലെ സ്ത്രീയനുഭവമാണ്. പൊന്നമ്മയുടെ സംഭാഷണത്തില്‍ സ്ത്രീയനുഭവം നിത്യമായതും സ്വാഭാവികതയുള്ളതായും അവതരിപ്പിക്കപ്പെടുന്നു. ഇവിടെ, സ്ത്രീയുടെ ജീവിതാനുഭവം പുരുഷന്റെ സൗകര്യാര്‍ത്ഥം ചുരുക്കപ്പെടുന്നുമുണ്ട്. പുരുഷജീവിതത്തിന്റെ അനുബന്ധഘടകമായി സ്ത്രീ പ്രത്യക്ഷപ്പെടുമ്പോഴും മിക്കവാറും എല്ലാ വികെഎന്‍ രചനകളിലുമെന്ന പോലെ വൈരുദ്ധ്യങ്ങളില്ലാത്ത ബന്ധമാണിത്.

പാപ്പിയമ്മയുടെ ഭാഗത്ത് ചെറിയ ചലനം ഉണ്ട്. അവള്‍ ചിന്തിക്കുന്നു, വഴിയുണ്ടാക്കുന്നു. വിളക്കിലെ എണ്ണയിലൂടെ മുഹൂര്‍ത്തം കണക്കാക്കുന്നു. എന്നാല്‍ അവളുടെ ബുദ്ധി നമ്പൂതിരിയുടെ അനുഭവം രസകരമാക്കാന്‍ മാത്രമുള്ളതാണ്. പാപ്പിയമ്മക്ക് സ്വന്തമായ അന്തര്‍ലോകമില്ല. പാപ്പിയമ്മ പുരുഷാനുഭവത്തിന്റെ ഉപാധിയായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ്. വിളക്കിലെ എണ്ണയെ ആശ്രയിച്ച് നാലാം യാമം കണക്കാക്കുന്ന പാപ്പിയമ്മയുടെ ബുദ്ധിയെ നമ്പൂതിരി പ്രശംസിക്കുന്നു. എന്നാല്‍ ഈ പ്രശംസ അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതിനല്ല, മറിച്ച് തന്റെ അനുഭവത്തെ രസകരമാക്കുന്ന ഘടകമായി പ്രവര്‍ത്തിച്ചതിനുള്ള പ്രശംസയാണ്. പാപ്പിയമ്മ നമ്പൂതിരിയുടെ അനുഭവങ്ങള്‍ക്ക് നിറം ചേര്‍ക്കുന്ന കഥാപാത്രമാണ്. ഇവിടെയും ദമ്പതികള്‍ക്കിടയില്‍ വൈരുദ്ധ്യങ്ങളുടെ പ്രകാശനമില്ല. പൊന്നമ്മയും പാപ്പിയമ്മയും പുരുഷന്റെ വ്യവസ്ഥയില്‍ ജീവിക്കുന്നു.

വി. കെ. എൻ - VKN | Topics | Manorama Online

മാക്കത്തിനോടൊപ്പമുള്ള നമ്പൂതിരിയുടെ കഥ കൂടുതല്‍ തുറന്നതാണ്. അവളുടെ മറുപടി:

”ഊശ്, എനക്ക് തൂറാന്‍ മുട്ട്യപ്പാ”

ഇതൊരു വലിയ മാറ്റമാണ്. അവള്‍ പുരുഷന്റെ സൗകര്യത്തിനായി ശരീരം നിയന്ത്രിക്കുന്നില്ല. മാക്കം തന്റെ ശരീരത്തിന്റെ സത്യമാണ് പറയുന്നത്. ഇവിടെ സ്ത്രീയുടെ സ്വാഭാവികമായ ഒരു ജൈവാവശ്യമാണ് പ്രേരകമായതെന്നു കാണണം. ഉയര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന പുരാണഭാവനയെയും ആചാരഗൗരവങ്ങളെയും ബ്രാഹ്‌മമുഹൂര്‍ത്തത്തിനു കല്‍പ്പിക്കുന്ന മഹത്ത്വത്തെയും സ്വാഭാവികമായ ജൈവികചോദനകളുടെ സത്യം കൊണ്ട് ഒറ്റവാക്കില്‍ തകര്‍ക്കുന്നതാണ് നാം വായിക്കുന്നത്.
നമ്പൂതിരിയുടെ ജീവിതചര്യകള്‍ മുഴുവന്‍ ബ്രാഹ്‌മമുഹൂര്‍ത്തം, നാലാം യാമം, നക്ഷത്രവിചാരം, പുരാണങ്ങളിലുള്ള വിശ്വാസം തുടങ്ങിയ ‘മഹത്ത്വ’ങ്ങളെ ആശ്രയിച്ചു നിര്‍മ്മിച്ചതായിരുന്നു. ബ്രാഹ്‌മമുഹൂര്‍ത്തത്തെ തൂറാന്‍ മുട്ടുന്ന സമയമാക്കുന്ന മാക്കത്തിന്റെ വാക്ക് ഈ മഹത്ത്വങ്ങളെയൊക്കെ താഴെയിറക്കി വെക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതാണ്. ശരീരത്തിന്റെ നേര്‍സത്യം മാത്രമാണത്.

സ്ത്രീയുടെ സ്വാഭാവികമായ സംഭാഷണം പുരുഷന്റെ സകല കപടവേഷങ്ങളെയും പൊളിച്ചു കളയുന്നു. ഇവിടെ സംഭവിക്കുന്ന പ്രത്യയശാസ്ത്രപരമായ അട്ടിമറി പ്രത്യേകം എടുത്തുപറയണം. ബ്രാഹ്‌മമുഹൂര്‍ത്തം നിര്‍ണ്ണയിക്കുന്നതിലെ ശാസ്ത്രവും ആചാരബന്ധങ്ങളും പെട്ടെന്ന് അപ്രസക്തമാകുന്നു. അത് സാധാരണ മനുഷ്യരുടെ ശാരീരികാവശ്യത്തിന്റെ സമയമായി നിര്‍വ്വചിക്കപ്പെടുന്നു. വായനക്കാരന്റെ മനസ്സില്‍ പയ്യന്റെ വാക്കുകള്‍ നിര്‍മ്മിച്ചിരുന്ന നമ്പൂതിരിയുടെ പണ്ഡിതരൂപം പൊളിഞ്ഞു വീഴുന്നു. ലജ്ജാലേശമില്ലാതെ മാക്കം പറയുന്ന ‘കാവ്യാത്മകമല്ലാത്ത’ വാക്കുകള്‍ അവളെ പുരുഷന്റെ കാമകല്‍പ്പനയിലെ സുന്ദരിയായ സ്ത്രീയല്ലാതാക്കി മാറ്റുന്നു. പുരുഷനോട്ടത്തെ അകത്തു നിന്നു തകര്‍ക്കുന്ന ഒരു നിമിഷമാണിത്. സ്ത്രീയെ ഇന്ദ്രിയസംവേദനവസ്തു മാത്രമായി ചുരുക്കിക്കാണുന്ന പുരുഷലോകത്തിനു നേരെ സ്ത്രീ തന്റെ സ്വാഭാവികശരീരത്തെ പ്രഖ്യാപിക്കുന്നു. അതും നമ്പൂതിരിയുടെ അനുഭവവുമായി ബന്ധപ്പെടുത്തി ചിരിയുടെ കാരണമാക്കപ്പെടുന്നുണ്ട്. പക്ഷേ, അതൊരു സാധാരണ ചിരിയല്ല. അത് പുരുഷാധിപത്യത്തിന്റെ മുഴുവന്‍ ഭാവനാപ്രപഞ്ചത്തെയും പൊളിച്ചടുക്കുന്ന ചിരിയാണ്. കഥയില്‍ പുരുഷപ്രത്യയശാസ്ത്രനോട്ടങ്ങള്‍ അല്‍പ്പമെങ്കിലും ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അത്
ഈ സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെടുന്നു. മാക്കത്തിന്റെ സ്വാഭാവികത നിറഞ്ഞ മറുപടി കഥയിലെ ഏറ്റവും രാഷ്ട്രീയവും ശക്തവുമായ സ്ത്രീശബ്ദമായി മാറുന്നു.

തുടര്‍ന്ന്, നമ്പൂതിരിക്ക് എന്തു സംഭവിച്ചുവെന്ന് പയ്യന്‍ രേണുവിനോടോ കഥാകാരന്‍ നമ്മളോടോ പറയുന്നില്ല. പയ്യന്റെ വാക്കുകള്‍ നയിക്കുന്നത് രേണുവിന്റെ (പയ്യന്റെയും ) ചിരിമേളങ്ങളിലേക്കാണ്. പയ്യനെ തന്നോടൊപ്പം രതിക്കായി ക്ഷണിക്കുന്ന രേണുവിലാണ് കഥ അവസാനിക്കുന്നത്. ”ഉത്ഭവസ്ഥാനം മുതല്‍ അഴിമുഖം വരെ ആഞ്ഞടിച്ച ചിരിയുടെ ഒരു വേലിയേറ്റത്തില്‍ പുഴ ഇളകിമറിഞ്ഞു. ഒന്നിടിഞ്ഞ് ഉയര്‍ന്നു പരന്ന ഹിംസാത്മകമായ പൊന്നുംകുടങ്ങള്‍ക്കിടയില്‍ പയ്യന്‍ മുങ്ങിത്താണു. ഒരു കുഞ്ഞിനെപ്പോലെ അവനെ തന്റെ മേല്‍ വാരിയിട്ടുകൊണ്ട് രേണു പറഞ്ഞു: ‘വാ പയ്യന്‍.’ ” നാട്ടിലെ നമ്പുതിരിയുടെ തെക്ക് – വടക്ക് സംബന്ധത്തിന്റെ കഥ ദല്‍ഹിയിലെ കൊടും ശൈത്യത്തില്‍ നാലാംയാമത്തെ രതിമേളനത്തിനുള്ള കാലമാക്കി അവര്‍ മാറ്റുന്നു. എന്തിനും പറ്റുന്ന കാലമെന്ന സാധാരണതയിലേക്ക് ബ്രാഹ്‌മമുഹൂര്‍ത്തത്തെ നയിക്കുന്ന കഥാകാരന്‍ നാലാംയാമത്തിനു നമ്പൂതിരി കല്‍പ്പിക്കുന്ന പവിത്രതയെ തകര്‍ക്കുന്നു.

പയ്യന്‍-രേണു ബന്ധമാണ് ഏറ്റവും വ്യത്യസ്തമായത്. രേണു വെറും കേള്‍വിക്കാരി മാത്രമല്ല. അവള്‍ ചോദിക്കുന്നു, പരിഹസിക്കുന്നു, സംശയിക്കുന്നു. അവള്‍ ഇവിടെ പുരുഷന്റെ വാദങ്ങളെ നേരിടുന്ന ബുദ്ധിയുള്ള സ്ത്രീയാണ്, സംഭാഷണത്തില്‍ സമനിലയില്‍ നില്‍ക്കുന്ന വ്യക്തിയാണ്, കഥയുടെ അവസാനം പയ്യനെ ഒരു കുഞ്ഞിനെപ്പോലെ ചേര്‍ത്തു പിടിക്കുന്ന സജീവതയാണ്. ഇത് അവന്റെ മേല്‍ സ്വാധീനമുള്ള പ്രവര്‍ത്തനമാണ്. തുല്യനിലയിലുള്ളത്. അങ്ങനെ, വി.കെ.എന്‍ എഴുത്തില്‍ പുരുഷനോട്ടം മാത്രമല്ല, അതിനെ മറികടക്കുന്ന സ്ത്രീശബ്ദത്തിനും ഇടമുണ്ട്. ഇവിടെ, സ്ത്രീ മാനസികമായി ശക്തയാണ്. അവള്‍ക്ക് വൈകാരികമായ ഇച്ഛാശക്തിയുണ്ട്. ഇത് പിതൃത്വഘടനയല്ല, പരസ്പരം സംവദിക്കുന്ന ബന്ധമാണ്. ഇവിടെ വ്യക്തമായും മുന്നോട്ടുള്ള ചലനം കാണാം

പൊന്നമ്മ : സ്ത്രീ = വസ്തു
പാപ്പിയമ്മ : സ്ത്രീ = ഉപാധി
മാക്കം : സ്ത്രീ = ശബ്ദം
രേണു: സ്ത്രീ = വിഷയവും ശക്തിയും

വി.കെ.എന്‍ തന്റെ കഥയിലെ സ്ത്രീകളെ ഒരൊറ്റമാതൃകയില്‍ തളച്ചിടുന്നില്ല. സ്ത്രീയനുഭവത്തിന്റെ വ്യത്യസ്ത തലങ്ങളെ കഥയില്‍ ഘടിപ്പിക്കുന്നു.

ഒരുവശത്ത് സ്ത്രീ ജീവിതത്തിന്റെ അനുബന്ധമായതിനെ കാണുന്ന കഥാകാരന്‍ മറുവശത്ത് സ്ത്രീയെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കുന്നു. ഈ കഥയുടെ ശക്തമായ സാംസ്‌കാരികചിഹ്നമാണിത്. വി.കെ.എന്‍ ഉയര്‍ത്തുന്ന ചിരിയുടെ അടിത്തട്ടില്‍ കഠിനസാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ആ ചിരിയും പരിഹാസവും പുരുഷാധികാരസമൂഹത്തിനോടൊപ്പം നമ്പൂതിരി-നായര്‍ ബാന്ധവത്തെയും നാടുവാഴിത്തത്തിന്റെ സാംസ്‌കാരികമൂല്യങ്ങളെയും കൂടി കുലുക്കുന്നതാണ്.

ഭക്ഷണം എന്ന പോലെ തന്നെ വി.കെ.എന്‍ വിവരണകലയില്‍ രതിയും ആഘോഷിക്കപ്പെടുന്നു. വി കെ എന്‍ എഴുതുന്ന സംഭോഗവിവരണങ്ങള്‍ സദാചാരത്തിന്റെയോ സഭ്യസങ്കല്‍പനങ്ങളുടെയോ കറപുരളാത്ത നേരിട്ടുള്ള ആവിഷ്‌കാരങ്ങളാണ്. ലൈംഗികസദാചാരബോധത്തിന്റെ പരിവേഷങ്ങള്‍ ഒന്നുമില്ലാതെ വികെഎന്‍ എഴുതുന്നു. രതിതാല്‍പ്പര്യങ്ങള്‍ മനുഷ്യസഹജമാണെന്ന നിലയിലുറച്ച എഴുത്താണത്. വി കെ എന്‍ വിവരിക്കുന്ന രതിബന്ധങ്ങളില്‍ മിക്കവാറുംസ്ത്രീക്കും പുരുഷനും ഇടയില്‍ പൂര്‍ണ്ണമായ ധാരണകളുണ്ട്. അവര്‍ സമതുല്യരായ ലോകമാണത്, ഈ കഥയിലെ പയ്യനും രേണുവിനും ഇടയിലെന്നപോലെ. വി കെ എന്‍ സാഹിത്യത്തില്‍ പ്രത്യക്ഷമാകുന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്രവിവക്ഷകളെല്ലാം ഹിതകരമായതെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും അതു സൃഷ്ടിക്കുന്ന വിമര്‍ശവും പ്രശ്‌നീകരണങ്ങളും മലയാളസാഹിത്യത്തില്‍ അനന്യമായ കാഴ്ചയാണ്.

One Reply to “ബ്രാഹ്‌മമുഹൂര്‍ത്തചര്യകള്‍”

  1. നിധി കിട്ടിയ അവർണനെ വിരുന്നു വിളിച്ച്
    വശത്താക്കുന്ന ഒരു സവർണ സ്ത്രീയുടെ അതി ബുദ്ധിയെ പരിഹസിക്കുന്ന പുരുഷനും മറ്റൊരു വികെഎൻ കഥയിൽ ലൈoഗീകതയിലും ദാമ്പത്യത്തിലും സ്വാധീനിക്കുന്ന സാംസ്കാരിക നിർമ്മിതി വെളിവാക്കുന്നുണ്ട്.
    മറ്റൊരു കഥയിൽ രാവിലെ പല്ല് തേക്കുന്നതിനിടയിൽ കിണറു കരയിൽ
    പാത്രo കഴുകുന്ന വേലക്കാരി പെണ്ണിന്റെ കണ്ണുകളിൽ ഉടക്കുന്ന ഗൃഹനാഥൻ ഭാര്യയുടെ ശ്രദ്ധയിൽ പെടുന്നതും
    അതിൽ നിന്ന് ഞെട്ടി കുതറി മാറി അയാൾ ആഫീസിൽ പോകുന്നതും തിരിച് വീട്ടിൽ എത്തുന്നതു വരെ അനുഭവികുന്ന തീചൂടും പ്രയാസവും സരസമായി പുഞ്ചിരിപ്പു നിൽകുന്ന ഭാര്യയും. അശാന്തമായി വേലക്കാരിയെ തെരയുന്ന ഭർത്താവിനോട് ഞാൻഞാൻ അവളുടെ വീട്ടിലേക്
    പറഞ്ഞു വിട്ടു എന്ന

    പ്രഖ്യാപനവും സ്ത്രീ ആർജിച്ച പുരുഷ ബോധത്തെ കാണിക്കുന്നുണ്ട് –
    വി കെ എൻ സ്ത്രീ പുരുഷ ബന്ധങ്ങളെ
    എത്ര സൂക്ഷ്മമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത് എന്നും കഥയിൽ അവതരിപ്പിക്കുന്നത് എന്നും വിശദമായി പറയുന്നുണ്ട് വി.വിജയകുമാറിന്റെ കുറിപ്പിൽ.

Leave a Reply to Provint Cancel reply

Your Email address will not be published.