Skip to main content

നീതിയുടെ വഴികളില്‍ പൊടി ഉയരുന്നു

”…ബഹളത്തിനിടയിലൂടെ വഴി കോർത്തെടുക്കുവാൻ നന്നേ വിഷമിച്ചു, വൃദ്ധനും മകനും… ആരോ അയാളെ ചീത്ത വിളിച്ചു… ആരോ കൈമുട്ടു കൊണ്ട് അയാളെ പിടിച്ചു തള്ളി. കുട്ടിയുടെ കാലിൽ ഒരാൾ ചവിട്ടി… ഏതു വഴിക്കു നീങ്ങണമെന്നറിയാതെ അവർ പരുങ്ങി… ഒഴിഞ്ഞതെന്നു തന്നെ തോന്നിപ്പിക്കുന്ന വലിയ കോടതി വളപ്പ്… വൃദ്ധൻ അവരോടായി കാണേണ്ട വക്കീലിന്‍റെ പേര് പറഞ്ഞ് അയാളെ എവിടെ കാണാൻ പറ്റും എന്ന് ചോദിച്ചു. അവരാരും അതു കേട്ടതായി നടിച്ചില്ല.”

ആനന്ദിന്‍റെ ‘ഹരജി’ എന്ന കഥ തുടങ്ങുന്നത് പ്രധാന കഥാപാത്രങ്ങളായ വൃദ്ധനും കുട്ടിയും അവര്‍ക്ക് അന്യമായ ഒരിടത്ത് എത്തിപ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍ വായനക്കാരില്‍ ഉളവാക്കികൊണ്ടാണ്. കോടതിയിലേക്ക്‌ നീതി തേടിപോകുന്ന നിസ്സഹായനും ദരിദ്രനുമായ ഒരു മനുഷ്യന്‍ നീതിവ്യവസ്ഥയുടെ ഘടനയ്ക്കുള്ളില്‍ അനുഭവിക്കുന്ന അനീതിയുടെ കഥയാണ് ‘ഹരജി’യില്‍ ആനന്ദ് പറയുന്നത്. നീതിയും സാധാരണ മനുഷ്യരുടെ ജീവിതവും തമ്മിലുള്ള അകലങ്ങളെ എഴുതുന്ന ആഖ്യാനമായി ഇതു മാറിത്തീരുന്നു. നീതിയുടെ വഴികള്‍ അവര്‍ക്ക് അന്യമോ അപ്രാപ്യമോ ആണ്.

എല്ലാ കാര്യങ്ങളും അവസാനം വ്യക്തിപരമായ സമസ്യകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണമെന്ന്, വ്യക്തികളുടെ സങ്കടങ്ങളില്‍ കൂടിയും സന്തോഷങ്ങളില്‍ കൂടിയുമാണ്  സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അളക്കപ്പെടുന്നതെന്ന് ആനന്ദിനു തീര്‍ച്ചയുണ്ടല്ലോ? നമ്മുടെ നീതിവ്യവസ്ഥയുടെ ചില സവിശേഷദൃശ്യങ്ങളെ കാണിച്ചുതരുന്നതിന് ‘ഹരജി’ എന്ന കഥയിലെ വൃദ്ധന്‍റെയും കുട്ടിയുടെയും വ്യക്ത്യനുഭവങ്ങളിലൂടെ ആനന്ദ്  സഞ്ചരിക്കുന്നു. നീതിയ്ക്കു വേണ്ടിയുള്ള  പ്രതീക്ഷയും അതു പെട്ടെന്നു തന്നെ നഷ്ടമാകുന്നതും ഒരു ഗ്രാമവൃദ്ധന്‍റെ അനുഭവങ്ങളിലേക്കു പരിഭാഷ ചെയ്തു കാണിക്കുന്നു. ഇതു നാം കാണാത്തതോ നമ്മുടെ നിത്യപരിചയത്തില്‍ വരാത്തതോ ആയ കാഴ്ചയല്ല. പക്ഷേ, നാം പലപ്പോഴും തിരിച്ചറിയാത്ത കാഴ്ചയാണത്. എഴുത്തുകാരന്‍ അതു കണ്ടെടുത്ത് എഴുതുന്നു. സമൂഹഘടനയിൽ നിലനില്‍ക്കുന്ന നീതിനിഷേധം ആ ഗ്രാമവൃദ്ധന്‍റെ ഉള്ളിലേക്കു കടന്നുകയറുകയും അയാളെ അമ്പരപ്പിക്കുകയും അസ്വസ്ഥനാക്കുകയും അതിനെ കുറിച്ച് തിരിച്ചറിവുള്ളവനാക്കുകയും അങ്ങനെ ജീവിതയാഥാര്‍ത്ഥ്യമാകുകയും ചെയ്യുന്നു. അതിനെ ആനന്ദിന്‍റെ  കഥ  പിടിച്ചെടുക്കുന്നു. കഥയിൽ വിധി പറയുന്ന ന്യായാധിപനെ നാം കേള്‍ക്കുന്നില്ല. കഥാകാരൻ കോടതിമുറിയിലെ ജഡ്ജിയല്ല. അയാള്‍ നീതിരഹിതമായ രാത്രികളിൽ ഉണർന്നിരിക്കുന്ന സാക്ഷിയത്രെ! കഥാകാരൻ വിധികളെഴുതുന്നില്ല. കഥയില്‍ രേഖപ്പെടുന്നത് മനുഷ്യജീവിതത്തിന്റെ മറക്കാൻ പാടില്ലാത്ത നിമിഷങ്ങളാണ്. നീതിന്യായവ്യവസ്ഥയുടെ അധാർമ്മികതയെ പിടികൂടാൻ കോടതിമുറികളിലെ ശബ്ദം കേട്ടാല്‍ മാത്രം മതിയാകുന്നില്ല. നീതിന്യായവ്യവസ്ഥയുടെ ഇരകളാകുന്ന മനുഷ്യരുടെ ഉള്ളിൽ നടക്കുന്ന നിശബ്ദമായ വിചാരണകളെ കണ്ടെത്തണം. ആനന്ദിന്‍റെ കഥ അതാണു ചെയ്യുന്നത്. വേദനയ്ക്കു ഭാഷ കിട്ടിയാൽ അത് കഥയാകും. നീതിനിഷേധം പലപ്പോഴും ഭാഷ ലഭിക്കാത്ത വേദനയാണ്. ആനന്ദ് എഴുതിയ കഥ, ജമിന്ദാര്‍ തട്ടിപ്പറിച്ചെടുത്ത ഭൂമിയുടെ ഉടമയായ ഒരു വൃദ്ധന്‍റെയും അയാളുടെ പേരക്കുട്ടിയുടെയും വേദനയ്ക്ക്  ഭാഷ നൽകുന്നു.

2,200+ Indian Justice Stock Photos, Pictures & Royalty-Free Images - iStock

ഗുമസ്തന്‍റെ പക്കല്‍ ഇനിയും കൊടുക്കേണ്ട  പണത്തിന്‍റെ കണക്ക് വക്കീൽ ബാബു തന്‍റെ ചെവിയില്‍ പറഞ്ഞതിനുശേഷം ആ വൃദ്ധന്‍ പെട്ടെന്നു മാറിത്തീരുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വക്കീൽ ബാബുവിനെ തിരഞ്ഞുകൊണ്ടിരുന്ന, താന്‍ എങ്ങനെയൊക്കെയോ സ്വരൂപിച്ച പണം സന്തോഷത്തോടെ വക്കീല്‍ ബാബുവിനെ ഏല്‍പ്പിച്ച വൃദ്ധനെയല്ല നാം പിന്നെ വായിക്കുന്നത്. പെട്ടെന്നു തന്നെ അയാള്‍ക്ക് എല്ലാം ബോദ്ധ്യമാകുന്നു. അയാൾ ചില ദൃഢനിശ്ചയങ്ങളിലേക്കു നീങ്ങുന്നു. അയാൾ വര്‍ത്തമാനയാഥാര്‍ത്ഥ്യത്തില്‍ ജീവിക്കാൻ തീരുമാനിക്കുന്നുവെന്നു പറയണം. വിശന്നു മുഖം വിളറിയ കുട്ടിക്ക് അയാള്‍ മിഠായിയും കച്ചൗരിയും മേടിച്ചു കൊടുക്കുന്നു. കുട്ടിയുടെ ദാദിക്കായി ഒരു ജോഡി ചെരുപ്പു വാങ്ങുന്നു. വീട്ടുകാരിക്ക് തലവേദന വരുമ്പോള്‍ കഴിക്കാൻ ഒരു കുപ്പി ദ്രാവകം വാങ്ങുന്നു. നീതി അസാദ്ധ്യമായാൽ, മനുഷ്യർ നീതി പ്രതീക്ഷിക്കാതെ ജീവിക്കാൻ പഠിക്കും.

Anand (writer) ~ Detailed Biography with [ Photos | Videos ]

ആനന്ദിന്‍റെ കഥയുടെ ലക്ഷ്യം അനീതിയെ തെളിയിച്ചെഴുതുക മാത്രമല്ല; അനീതി മനുഷ്യന്റെ ആത്മാവിലുണ്ടാക്കുന്ന വിള്ളലുകളെ കാണിക്കുക കൂടിയാണ്. നീതിനിഷേധം വലിയ സംഭവങ്ങളിൽ മാത്രമല്ല, അത് ദൈനംദിന ജീവിതത്തിലുടനീളം വിതറപ്പെട്ടിരിക്കുന്നു. നിയമം നീതിയെ ലക്ഷ്യമിടുന്നുണ്ടാകാം. എന്നാല്‍, കരുണയില്ലാത്ത നിയമനീതി വരണ്ട സിദ്ധാന്തം പോലെയാണ്. നീതിയെ സംരക്ഷിക്കുമെന്നു കരുതുന്ന വ്യവസ്ഥ നീതി തേടിയെത്തുന്നവരോട് എങ്ങനെയാണ് പെരുമാറുന്നത്? നിയമവും വ്യവസ്ഥയും സംരക്ഷിക്കാത്ത, നീതി ആവശ്യപ്പെടുന്ന ഇടങ്ങളിലാണ് ആനന്ദിന്‍റെ കഥ സഞ്ചരിക്കുന്നത്. കഥ മനുഷ്യരുടെ പക്ഷത്ത് സാക്ഷ്യം പറയുന്നു. അത് അവരുടെ മനസ്സിലെ  മുറിവുകൾ തുറക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ അധാർമ്മികതയെ കുറിച്ചു കഥയെഴുതുന്നത് മനുഷ്യാത്മാവിന്റെ നൈതിക ഭൂപടം വരയ്ക്കുന്ന പ്രവര്‍ത്തനമാണ്.

നിയമവ്യവസ്ഥക്ക് നീതിബോധവും അനുതാപവും നഷ്ടപ്പെടുമ്പോൾ മനുഷ്യർ സ്വന്തം രീതിയിൽ ജീവിതം ചലിപ്പിക്കാന്‍ ശ്രമിക്കും. കരുണയില്ലാത്ത വ്യവസ്ഥയില്‍ സമൂഹം അനീതിയെ സ്വാഭാവികാവസ്ഥയായി സ്വീകരിക്കാൻ തുടങ്ങും. അപ്പോൾ, അനീതി നിയമസംവിധാനത്തിന്റെ പതിവായി മാറുന്നു. മനുഷ്യർ നീതി ലഭിക്കുമെന്ന വിശ്വാസത്തിലല്ല, നീതി ലഭിക്കില്ല എന്ന ഉറപ്പിൽ ജീവിക്കാൻ തുടങ്ങും. അത് ചരിത്രത്തിലെ അപകടകരമായ തിരിഞ്ഞുമാറ്റമാണ്. കഥയുടെ ചാലകശക്തി ഇതാണ്. ഇത് സംഘർഷം സൃഷ്ടിക്കുന്നതാണ്, ആനന്ദിന്‍റെ കഥ അതിനെ കുറിച്ചു ദീര്‍ഘമായി പറയുന്നില്ലെങ്കിലും.

”നമുക്ക് നമ്മുടെ വീട്ടിൽ നിന്നും പോകേണ്ടിവരുമോ, ബാബാ” എന്ന കുട്ടിയുടെ ചോദ്യത്തിന് ”ഇപ്പോൾ ഏതായാലും വീട്ടിൽ പോകാം” എന്ന് പതിഞ്ഞ സ്വരത്തിൽ അയാൾ തന്നോടുതന്നെ പിറുപിറുക്കുന്നുണ്ട്.
”എന്തെങ്കിലും ഒരു വഴിയുണ്ടാകുമെന്ന്” പുറത്തേക്കു നടക്കുന്നതിനിടയിൽ  സ്വയം പറയുന്നു.
”എന്തിന്? ജമീന്ദാർ തട്ടിയെടുത്ത കുടിക്കിട മടക്കി കിട്ടാനോ?”

നടന്നു പോകുന്ന വൃദ്ധന്‍റെയും കുട്ടിയുടെയും മുമ്പില്‍ വഴി അറ്റമില്ലാതെ നീണ്ടുകിടന്നതായി കഥാകാരന്‍ എഴുതുന്നു. അവർ അതിലൂടെ നടന്നു. കാലത്തിന്‍റെ പാച്ചിലില്‍ ഉയരുകയും അമരുകയും വീണ്ടും ഉയരുകയും ചെയ്യുന്ന പൊടി ആ വഴിയിൽ അവരെയും വിഴുങ്ങുന്നു.

നീതിന്യായ വ്യവസ്ഥയുടെ അധാർമ്മികതക്കെതിരെ കഥ എഴുതുവാൻ കെട്ടിക്കിടക്കുന്ന കേസുകളുടെ സാംഖ്യകചരിത്രം വിശദീകരിച്ചുകൊണ്ടോ, നിയമങ്ങളുടെ നൂലാമാലകളിലൂടെ ചുഴിഞ്ഞിറങ്ങി അതിലെ അനീതിയെ കണ്ടെടുത്തുകൊണ്ടോ സാദ്ധ്യമല്ല. കോടതി വളപ്പുകളില്‍, വക്കീലന്മാരുടെ ഇടപെടലുകളില്‍, ജഡ്ജിമാരുടെ ചേംബറുകളില്‍ നീതിയെ കാണാനില്ല. ഇപ്പോള്‍, നീതി ജീവിക്കുന്നത്  മനുഷ്യരുടെ ഭയങ്ങളിലും പ്രതീക്ഷകളിലും കാത്തിരിപ്പുകളിലും നഷ്ടങ്ങളിലും മാത്രമാണ്. നീതിന്യായവ്യവസ്ഥയുടെ അധാർമ്മികതയെ എഴുതാൻ ശ്രമിക്കുമ്പോൾ മനുഷ്യാനുഭവങ്ങളാണ് കഥകള്‍ക്കു രക്തം നൽകുന്നത്. ‘ഹരജി’ നിയമനടപടിക്രമത്തെക്കുറിച്ചുള്ള കഥയല്ല. ഇത് മനുഷ്യൻ നിയമസംവിധാനത്തിൽ എങ്ങനെ അദൃശ്യനാകുന്നു എന്ന ചോദ്യം ഉയര്‍ത്തുന്ന കഥയാണ്.

Supreme Court's Advisory Opinion on Governor's Assent Powers - The Lawscape

മനുഷ്യാവസ്ഥയുടെ തപോമയമായ രഹസ്യങ്ങളെ  അനാവരണം ചെയ്യുന്നതിനാണ് നീതിയെ കുറിച്ചുള്ള ഈ കഥ ആനന്ദ് എഴുതിയതെന്ന് നമുക്കു തോന്നുന്നുണ്ട്. പുറമൊഴികളിൽ നാടകീയതയിലൂടെ ആവേശം സൃഷ്ടിക്കാതെ, നിശബ്ദതയുടെ ശൈലിയില്‍ വൈകാരികഗുരുത്വത്തോടെ മനുഷ്യജീവിതത്തിന്റെ വേദനാഭരിതമായ അനുഭവലോകത്തെ നമ്മുടെ കഥാകാരന്‍ എഴുതുന്നു. നീതിയെ മനുഷ്യാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ആനന്ദിന്റെ ആവിഷ്കാരം ഗഹനമായ ദാര്‍ശനിക ഉള്‍ക്കാഴ്ചയിലേക്കു സഞ്ചരിക്കുന്നു. വൃദ്ധനും കുട്ടിയും പുറത്തേക്കു നടന്നുപോകുമ്പോള്‍ വഴി അറ്റമില്ലാതെ കിടക്കുന്നതായും വിവിധ കാലഘട്ടങ്ങളില്‍  ആ വഴികളില്‍ ഉയരുകയും അമരുകയും പിന്നെയും ഉയരുകയും ചെയ്യുന്ന പൊടിമണ്ണ് അവരെ മൂടിയതായും എഴുതുമ്പോള്‍ ചരിത്രത്തിലുടനീളം നടന്ന നീതിനിഷേധങ്ങളുടെ കഥയെ നാം കേള്‍ക്കുന്നു. ആ വാക്കുകളില്‍ അജ്ഞേയതയുടെ അനുഭവശാസ്ത്രം രേഖപ്പെട്ടിരിക്കുന്നു. അങ്ങനെ അറിവിന് അതീതമായ  നീതിയുടെ സ്വഭാവവും മനുഷ്യാവസ്ഥയുടെ നിഗൂഢതയും കൂടിക്കലര്‍ന്ന് ആഖ്യാനത്തിന് സങ്കീര്‍ണ്ണമായ സൌന്ദര്യാത്മകമാനങ്ങള്‍ ലഭ്യമാകുന്നു.

കഥയ്ക്കു പുറത്ത് നിയമനീതിയുടെ സമകാലയാഥാർത്ഥ്യം എന്താണ്? ചീഫ് ജസ്റ്റിസിന്‍റെ മുമ്പിൽ ദൈവം വിധിവാക്യങ്ങളുമായി ആഗതമായ കാര്യം അയാളില്‍ നിന്നു തന്നെ നാം അറിയുന്നു. കുറ്റവാളികളെ കണ്ടെത്തിയതിനു ശേഷവും അവരെ വെറുതെ വിടാനും തൊണ്ടിമുതല്‍ കുറ്റവാളികള്‍ക്കു നല്‍കാനും ദൈവം അധികാരത്തിന്‍റെ സമവായോപദേശം നല്‍കുന്നു. മുഖ്യ ന്യായാധിപന്‍റെ ദൈവത്തിനു മുന്നിലെ പൂജകൾക്കായി ഭരണകൂടത്തിന്‍റെ തലവൻ ഹാജരാകുന്നു. ജഡ്ജിമാർ ഭരണഘടനയിൽ നിന്നല്ല, മതഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരിക്കുന്നു. ന്യായാധിപരുടെ  വീടുകളില്‍ നിന്നും അഴിമതിപ്പണത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും കൂമ്പാരങ്ങൾ കണ്ടെടുക്കുന്നു. നീതിയുടെ സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ അന്ധമായി കൊണ്ടിരിക്കുന്നു. സത്യം പ്രതിക്കൂട്ടിലാകുന്നു. നീതി നിരന്തരം നിഷേധിക്കപ്പെടുന്നു. കഥ കാലത്തിന്റെ ശബ്ദം കേൾക്കുന്ന കലയാണ്.
നീതി വൈകുമ്പോൾ, നിഷേധിക്കപ്പെടുമ്പോള്‍ പറയപ്പെടാത്ത കഥകൾ വർദ്ധിക്കുന്നു. കഥ കൂടുതല്‍ ശക്തമാകുന്നു. നിയമത്തിന്‍റെ നീതിയും കഥയും തമ്മിലുള്ള ബന്ധം ഒരു നദിയുടെ രണ്ടു കരകളെ
പോലെയാണ്. ഒരു കരയിൽ നിയമത്തിന്‍റെ നീതി നിൽക്കും. മറുകരയിൽ മനുഷ്യജീവിതവും. കഥയെഴുത്തുകാരൻ ഇവ രണ്ടിനുമിടയിൽ ഒഴുകുന്ന വെള്ളമായി മാറണമെന്ന സ്ഥിതിയുണ്ട്.

KATHAKAL 2002 - 2012 Book by ANAND – Buy Short Stories Books Online in  India - DC Books Store

ആനന്ദിന്റെ രചനാഭൂമികയിൽ നീതി നിയമത്തിന്‍റെ ഘടനാപരിധിയില്‍ ഒതുങ്ങിനില്‍ക്കുന്ന വിഷയമല്ല. ‘ഹരജി’ എന്ന കഥയില്‍, നീതി നിയമവ്യവസ്ഥയുടെ വിഷയമെന്ന നിലയില്‍ നിന്നു മാറി മനുഷ്യഗൗരവത്തിന്റേതായി തീരുന്നു. അത് അനുഭവയാഥാര്‍ത്ഥ്യമായി രൂപാന്തരപ്പെടുന്നു. മനുഷ്യാസ്തിത്വം അനുഭവാധിഷ്ഠിതമായിരിക്കുന്നതു പോലെ നീതിയും അനുഭവപരമായ ബോദ്ധ്യങ്ങളിലൂടെയാണ് പ്രസക്തിയാർജ്ജിക്കുന്നത്. നീതിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഉല്‍ക്കണ്ഠകളെ അവയുടെ അമൂർത്തസ്വഭാവത്തിൽ നിലനിർത്തുമ്പോള്‍ തന്നെ, വ്യക്തിയുടെ ജീവിതത്തിൽ നീതിക്ക് എന്ത് അര്‍ത്ഥവും മൂല്യവുമാണുള്ളതെന്ന് ആനന്ദ് അന്വേഷിക്കുന്നു. ഈ അന്വേഷണത്തിന്‍റെ പ്രക്രിയയിലാണ് അനുഭവാധിഷ്ഠിതമായ സങ്കല്പമായി നീതി രൂപം കൊള്ളുന്നത്. സംസ്കാരത്തിന്റെയും നാഗരികതയുടെയും വികാസപരിണാമങ്ങളെ നീതി ഉൾക്കൊള്ളുന്നുണ്ടെങ്കിലും നിയമരൂപങ്ങളെയും സിദ്ധാന്തപരമായ നിർവ്വചനങ്ങളെയും  അതിജീവിക്കുന്ന വ്യക്തിഗതവും മാനവികവുമായ ആത്മീയമൂല്യവും അര്‍ത്ഥവും നീതിക്കുണ്ടെന്ന് ആനന്ദ് കാണുന്നു. നീതിയുടെ നിയമങ്ങള്‍ക്കും സങ്കല്പനങ്ങള്‍ക്കും ഉപരിയായ അർത്ഥവും മൂല്യവും ഒറ്റപ്പെട്ട മനുഷ്യാത്മാവിനുണ്ട്. മനുഷ്യാത്മാവിന്റെ മൂല്യബോധമാണ് നീതിയുടെ അന്തിമസാന്നിദ്ധ്യമെന്ന് ആനന്ദ് സൂചിപ്പിക്കുന്നു. ഇവിടെ ആനന്ദിന്‍റെ വ്യക്തിവാദപരമായ സമീപനവും പ്രവര്‍ത്തിക്കുന്നുണ്ടാകണം. നീതിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ കൊണ്ട് വായനക്കാരന്റെ ജിജ്ഞാസയെ ശമിപ്പിക്കുകയല്ല ആനന്ദ് ചെയ്യുന്നത്. മറിച്ച്, നീതിയുടെ സാമൂഹികവും സ്ഥാപനാത്മകവുമായ ഘടന സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ എങ്ങനെ ഇടപെടുന്നുവെന്ന് ആനന്ദ്  അന്വേഷിക്കുന്നു.
ഈ അന്വേഷണം കഥാകാരന്റെ ദാർശനികബോദ്ധ്യത്തിന്റെയും അനുഭവപരമായ വിവേകത്തിന്റെയും അനിവാര്യമായ വിപുലീകരണമാണ്.

ANAND - Olive Publications

നീതിയിലൂടെ മാനുഷികത സാക്ഷാത്കരിക്കപ്പെടുമെന്ന ആത്മീയസ്വപ്നം ആനന്ദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനു തടസ്സം നിൽക്കുന്ന ഘടകങ്ങളെ ആനന്ദ് കണ്ടെത്തുന്നു. നീതി സഫലമാകാത്തത് എന്തുകൊണ്ടാണെന്ന് ആശങ്കാകുലമാകുന്നു. കഥയെ നീതിയുടെ ദാർശനികവ്യാഖ്യാനത്തിനുള്ള സൃഷ്ടിപരമായ മാദ്ധ്യമമാക്കി ആനന്ദ് പരിവര്‍ത്തിപ്പിക്കുന്നു. നീതിയെക്കുറിച്ചുള്ള തന്‍റെ സങ്കൽപ്പനങ്ങളെ കഥയുടെ ദർശനത്തിനുള്ളിൽ ആന്തരികമായി സ്ഥാപിക്കുന്നു. ആനന്ദിന്‍റെ കഥ നീതിയുടെ മാത്രം പ്രേരണയില്‍ എഴുതപ്പെട്ടതാണ്. അത്, നീതി എന്തുകൊണ്ട്? എന്തിന്? എന്നതിന്‍റെ വിശദീകരണവുമാണ്.

No Comments yet!

Your Email address will not be published.