Skip to main content

വാര്‍ദ്ധകത്തിന് ഊന്നുകമ്പായി പ്രണയം

കാരൂര്‍ – മലയാളത്തിലെ ചെറുകഥയെ സംഭവങ്ങളുടെ സംഘാതം എന്ന നിലയില്‍ നിന്ന് അനുഭവങ്ങളുടെ കലാരൂപം എന്ന നിലയിലേക്കു മാറ്റിയ എഴുത്തുകാരനാണ്. കാരൂരിനു മുമ്പു രചിക്കപ്പെട്ട കഥകളില്‍ പലപ്പോഴും നാടകീയതയും ഉപദേശ, സന്ദേശങ്ങളും പ്രമേയവും മുന്നിട്ടുനിന്നു. കാരൂര്‍ തന്റെ കഥകളില്‍ നിന്നും ആ ഘടനകളെ നിശബ്ദം അഴിച്ചുമാറ്റി.

Mothiram Karoor I മോതിരം I കഥ I കാരൂർ നീലകണ്ഠപ്പിള്ള I

‘സംഭവി’ക്കുന്നത് കാരൂര്‍ എഴുതിയ കഥയിലല്ല, കഥാപാത്രങ്ങളും വായനക്കാരുമായ മനുഷ്യരുടെ ഉള്ളിലാണ്. ഇത് മലയാളത്തിലെ കഥയെ കഥാസാഹിത്യമായി ഉയര്‍ത്തി. ഘടാഘടിയന്‍ സാഹിത്യഭാഷയില്‍ നിന്നും അലങ്കാരങ്ങളില്‍ നിന്നും അമിതവിവരണങ്ങളില്‍ നിന്നും കഥയെ കാരൂര്‍
വിമോചിപ്പിച്ചു. കഥകള്‍ സുതാര്യമായി. ഈ സുതാര്യതയില്‍ വായനക്കാര്‍ നേരിട്ട് അനുഭവത്തിലേക്കു പ്രവേശിക്കുന്നു. കാരൂരിന്റെ കഥകള്‍ വായിക്കുന്നവര്‍ വായിക്കുകയല്ല, അനുഭവിക്കുകയാണ്. സാധാരണമനുഷ്യരുടെ ജീവിതത്തെ മനഃശാസ്ത്രജ്ഞന്റെ അതിസൂക്ഷ്മതയോടെ കാരൂര്‍ എഴുതി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള സാധാരണ മനുഷ്യരായിരുന്നു. ഈ ‘ചെറിയ മനുഷ്യരു’ടെ ഉള്ളില്‍ നടക്കുന്ന വികാരചലനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ തൂലികയില്‍ അസാധാരണമായ ഗൗരവം കൈവന്നു. സാധാരണമെന്നു വിവക്ഷിക്കപ്പെടുന്നവയില്‍ നിന്നും മഹത്വത്തെ പിഴിഞ്ഞെടുത്തുവെന്നതാണ് കാരൂരിനെ ഏറെ വ്യത്യസ്തനായ കഥാകാരനാക്കുന്നത്. കാരൂരിന്റെ കഥകളിലെ സംഘര്‍ഷങ്ങള്‍ പുറംലോകത്തില്‍ പൊട്ടിത്തെറിക്കുന്നില്ല. അവ വായനക്കാരന്റെ മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദം വിഘടിക്കുന്നു. ഒരു കഥാപാത്രത്തിന്റെ വിചാരങ്ങള്‍, ഒരു അനിശ്ചിതത്വം, ഒരു മൗനം ഇവയൊക്കെ കഥയുടെ ഗതിയെ നിര്‍ണ്ണയിക്കുന്നു. ഈ ശൈലി മലയാളകഥയെ ആത്മനിരീക്ഷണാത്മകമാക്കി. കഥയിലെ ഈ ലാളിത്യം ഒരിക്കലും ഉപരിതലത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. മലയാളകഥയുടെ രൂപശില്പി അതിന്റെ അന്തരാത്മാവിന്റെ ശില്പി കൂടിയായിരുന്നു. നമ്മുടെ കഥാകാരന്റെ ‘മരപ്പാവകളെ’യും ‘പൂവമ്പഴ’ത്തെയും ‘ഉതുപ്പാന്റെ കിണറി’നെയും കുറിച്ച് പലരും ഏറെ പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍, ‘മോതിരം’ എന്ന കഥയെ കുറിച്ചു പറയാം. രണ്ടു വൃദ്ധരുടെ അന്തര്‍മുഖപ്രണയകഥയായി ഝടുതിയില്‍ വായിച്ചേക്കാവുന്ന ആഖ്യാനമാണിത്. അങ്ങനെയല്ലെന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഉതുപ്പാന്റെ കിണർ / uthupante kinar by Karoor Neelakanda Pillai | Goodreads

കുഞ്ചുനായരും കുഞ്ഞിക്കാവമ്മയും തമ്മിലുള്ള ബന്ധം വികാരങ്ങളുടെ ഏകപാതയിലല്ല സഞ്ചരിക്കുന്നത്.
സാധാരണ പ്രണയവ്യാഖ്യാനങ്ങളില്‍ ഒതുങ്ങാത്ത സങ്കീര്‍ണ്ണത അവരുടെ ബന്ധത്തിനുണ്ട്. പ്രണയം, സൗഹൃദം, ശരീരബോധം, ഏകാന്തത, ആശ്രയാഗ്രഹം എന്നീ പല നിലകളിലുള്ള സംയുക്താനുഭവമാണത്, മനുഷ്യരുടെ അന്തര്‍ലോകങ്ങളിലെ ചില സൂക്ഷ്മപ്രവര്‍ത്തനങ്ങളിലേക്കു പ്രകാശം വീഴ്ത്തുന്നത്. ഇവരുടെ ബന്ധത്തിന് യൗവ്വനോത്സുകതയുടെ ആവേശഭരിതമായ പ്രണയമാകാന്‍ കഴിയില്ലല്ലോ? പ്രണയം ഏറെയും സ്മൃതിയുടെ തലത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടു വൃദ്ധരായ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തെയും മനുഷ്യജീവിതത്തെ തന്നെയും അത്ഭുതങ്ങളോടെ തിരിഞ്ഞു നോക്കുകയാണെന്നും പറയണം. കുഞ്ചുനായരുടെ കുഞ്ഞിക്കാവമ്മയോടുള്ള ഇഷ്ടം ആ വ്യക്തിയിലേക്കുള്ള ആകര്‍ഷണം മാത്രമല്ല. അത് തന്റെ കഴിഞ്ഞകാലത്തിന്റെ ഉജ്ജ്വലതയിലേക്കുള്ള മടക്കയാത്ര കൂടിയാണ്. ആറാട്ടെഴുന്നള്ളത്തിനു മനയ്ക്കലെ പടിപ്പുരയ്ക്കല്‍ വന്നുനിന്നപ്പോള്‍ കുഞ്ഞിക്കാവിനെ ആദ്യം കണ്ടതും കൗതുകത്തോടും അത്ഭുതത്തോടും നോക്കിനിന്നതും കുഞ്ചുനായര്‍ ഓര്‍ക്കുന്നു. മദമിളകിയ ബാലഗോപാലന്‍ എന്ന ആനയെ പിടിച്ചു കെട്ടിയതിന് സമ്മാനമായി കുഞ്ഞിക്കാവമ്മയുടെ ഭര്‍ത്താവ് സമ്മാനിച്ച പെട്ടകം കാണുമ്പോള്‍ താന്‍ മറ്റെല്ലാ വിഷമങ്ങളും മറക്കുന്നതായി, നല്ല ഉശിരുതോന്നുന്നതായി കുഞ്ചുനായര്‍ പറയുന്നുണ്ട്. പിച്ചളപ്പെട്ടകം സ്മൃതിയുടെ നിശബ്ദസംഭരണിയാണ്. ഒരു സമ്മാനമെന്നതിനപ്പുറത്ത് സ്വയം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രതീകമാണത്. അതിനെ കുറിച്ചു പറയുമ്പോള്‍ കുഞ്ചുനായര്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ ഇന്നത്തെ ദൗര്‍ബല്യത്തോടുള്ള പ്രതിരോധവുമാണ്. കുഞ്ഞിക്കാവമ്മ ഒരു പ്രണയിനിയെന്നതിലുപരി കുഞ്ചുനായര്‍ക്ക് തന്റെ ജീവിതം ഒരിക്കല്‍ അര്‍ത്ഥവത്തായിരുന്നുവെന്നു തെളിയിക്കുന്ന ഒരു ജീവസാക്ഷ്യമാണ്. അതിനാല്‍, പ്രണയം ഇവിടെ ആത്മസ്ഥിതിയുടെ പുനഃസ്ഥാപനമാണ്. പ്രണയം ഉള്‍ക്കാഴ്ചയുടെ ശാന്തമായ പ്രവാഹമാണ്.

ലൈംഗികതയുടെ തലത്തില്‍, ഈ ബന്ധം തുറന്ന പ്രകടനങ്ങളിലൂടെ സഞ്ചരിക്കുന്നില്ലെങ്കിലും അതിന്റെ നിശബ്ദസാന്നിദ്ധ്യം നിഷേധിക്കാനാവില്ല. വാര്‍ദ്ധക്യം ശരീരത്തിന്റെ ക്ഷമതകളെ ക്ഷയിപ്പിച്ചാലും ലൈംഗികബോധം പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല; അത് രൂപാന്തരപ്പെടുന്നു. കുഞ്ചുനായര്‍ കുഞ്ഞിക്കാവമ്മയുടെ വിരലില്‍ മോതിരം അണിയിക്കുന്ന നിമിഷം ഒരു ശാരീരികബന്ധത്തിന്റെ ആവേശമല്ല സൂചിപ്പിക്കുന്നത്. മറിച്ച് അടുപ്പത്തിന്റെ, സ്വന്തമാക്കലിന്റെ, അംഗീകാരത്തിന്റെ ഒരു സൂക്ഷ്മമായ ആഗ്രഹത്തെ അതു വെളിപ്പെടുത്തുന്നു. ഇവിടെ ലൈംഗികത ഒരു ദേഹാനുഭവമെന്നതിലുപരി മാനസികസ്പര്‍ശമായി, അടുക്കാനുള്ള ആന്തരികതാല്‍പ്പര്യമായി പ്രകടമാകുന്നു. കുഞ്ഞിക്കാവമ്മ കുഞ്ചുനായരെ കാണാന്‍ വരുന്നതും പിന്നീട് അത് പലപ്പോഴും തുടരുന്നതും ആദ്യം കുഞ്ചുനായരുടെ കട്ടിലില്‍ നിന്നും മാറിയിരുന്നിരുന്നവള്‍ പിന്നീട് കട്ടിലില്‍ അടുത്തിരിക്കുന്നതും അവര്‍ വരുമ്പോഴെല്ലാം ഇലയടയും മറ്റും സമ്മാനമായി കൊണ്ടുവരുന്നതും മുറുക്കാന്‍ ഇടിച്ചു നല്‍കുന്നതും കാലില്‍ കുഴമ്പു പുരട്ടി കൊടുക്കുന്നതും ലൈംഗികത കലര്‍ന്ന പ്രണയസമാനമായ താല്‍പ്പര്യപ്രകടനങ്ങള്‍ തന്നെ! താബൂലം നല്‍കുന്നത് ഭാര്യയുടെ ചുമതലയായിരുന്ന കാലം കഥാകാലത്തില്‍ നിന്നും അധികം വിദൂരമല്ല. കുഞ്ചുനായരാകട്ടെ കുഞ്ഞിക്കാവിന്റെ അപദാനങ്ങള്‍ പറയുന്നു. അവരെ തന്റെ വിരലിലെ മോതിരം അണിയിക്കുന്നു. ഇത് മോതിരവിവാഹത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

ഈ സമാഗമങ്ങള്‍ മറ്റൊരു കാര്യം കൂടി നമ്മോടു പറയുന്നുണ്ട്. ഇത് കുഞ്ഞിക്കാവമ്മയുടെ മാനസികാവശ്യമെന്ന നിലയില്‍ രൂപപ്പെട്ടതാണ്. കുഞ്ഞിക്കാവമ്മയുടെ പ്രവൃത്തികളില്‍ ദാമ്പത്യത്തില്‍ അവര്‍ക്കു നിഷേധിക്കപ്പെട്ട പ്രണയലോകത്തെ കണ്ടെത്താനുള്ള താല്‍പ്പര്യങ്ങളുണ്ട്. അവര്‍ നമ്പൂതിരിയുടെ മൂന്നാംവേളിയായിരുന്നു. മനയ്ക്കലെ പടിക്കല്‍ കുഞ്ചുനായര്‍ കുഞ്ഞിക്കാവിനെ നോക്കിനിന്നപ്പോള്‍ അവരുടെ മനസ്സും ചഞ്ചലമായിരുന്നുവെന്ന് കഥയില്‍ പറയാതെ തന്നെ വായനക്കാര്‍ അറിയേണ്ടതാണ്. നമ്പൂതിരിയുടെ മരണത്തോടൊപ്പം ബ്രാഹ്‌മണ്യപ്രഭുത്വാചാരങ്ങളും മരണപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ചുനായരുടെ മാനസികാശ്വാസത്തിന്റെ സങ്കേതമായി കുഞ്ഞിക്കാവമ്മ പ്രവര്‍ത്തിക്കുന്നത് തനിക്കു നഷ്ടപ്പെട്ടതിനെ നേടിയെടുത്തുകൊണ്ടാണ്. അവരുടെ ബന്ധത്തില്‍ സൂക്ഷ്മതലത്തില്‍ ദ്വൈതം പ്രകടമായി കാണാം. ഇത് നിസ്വാര്‍ത്ഥവും നിര്‍മ്മലവുമായ സ്‌നേഹബന്ധം ആയിരിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ ആന്തരികമായ ആവശ്യങ്ങളുടെയും അപൂര്‍ണ്ണതകളുടെയും പ്രകാശനവുമാണ്.

കുഞ്ചുനായരുടെ മക്കളുടെ കണ്ണില്‍ ഈ ബന്ധം സൗഹൃദത്തിന്റെ പരിധിയിലുള്ളതാണ്. അത് സമാനവയസ്‌കരുടെ പങ്കുവെപ്പിന്റെ ശാന്തമായ കരാറാണ്. അവര്‍ തമ്മില്‍ പങ്കിടുന്നത് ചെറിയ ഓര്‍മ്മകളാണ്. അവര്‍ നിസ്സാരമായ ചില സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു. സാന്നിദ്ധ്യം കൊണ്ട് പരസ്പരം ആശ്വസിപ്പിക്കുന്നു. ഇത് സൗഹൃദസഹവാസമാണ്. ഒരാളുടെ സാന്നിദ്ധ്യം മറ്റൊരാളുടെ മാനസികസ്ഥൈര്യത്തിന് സഹായകമാകുന്നു. കുഞ്ഞിക്കാവമ്മ വരുന്നത് കുഞ്ചുനായരുടെ ദിവസങ്ങള്‍ക്ക് ഒരു ക്രമം നല്‍കുന്നു. വാര്‍ദ്ധകജീവിതത്തിന് പുതിയ അര്‍ത്ഥം ലഭിക്കുന്നു.

ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ മനുഷ്യന്‍ അന്വേഷിക്കുന്നത് വിജയങ്ങളല്ല, സ്‌നേഹത്തിന്റെ ശബ്ദമാണ്. വാര്‍ദ്ധക്യത്തിലെ വലിയ ഭയം ഉപേക്ഷിക്കപ്പെടുമോയെന്ന ആശങ്കയാണ്. ഈ സാഹചര്യത്തില്‍, കുഞ്ഞിക്കാവമ്മ കുഞ്ചുനായര്‍ക്കു ഒരു മാനസികാശ്രയമായി മാറുന്നു. അവര്‍ അദ്ദേഹത്തെ കരുതുന്നു. കേള്‍ക്കുന്നു. അംഗീകരിക്കുന്നു. ഈ അംഗീകാരം പ്രണയത്തിന്റെ മറ്റൊരു രൂപമാണ്. കുഞ്ചുനായരും കുഞ്ഞിക്കാവമ്മയും പരസ്പരം അംഗീകരിക്കുന്നുണ്ട്. അവര്‍ക്കിടയില്‍ യാതൊരു സംഘര്‍ഷങ്ങളുമില്ല. അവരുടെ പ്രവൃത്തികള്‍ക്ക് നിഷ്‌കാമകര്‍മ്മത്തിന്റെ ഛായയുണ്ട്. പരസ്പരാവശ്യം എന്ന മാനസികനിലയില്‍ നില്‍ക്കുന്നതുമാണത്. സാമൂഹികമായി അംഗീകരിക്കപ്പെട്ട പ്രണയത്തെ അതിജീവിക്കുന്ന ഈ ബന്ധം മനുഷ്യവികാരങ്ങള്‍ പ്രായത്താലോ സാഹചര്യങ്ങളാലോ പരിമിതമാകില്ലെന്ന യാഥാര്‍ത്ഥ്യത്തെ സ്ഥാപിക്കുന്നു. പ്രണയം ഇവിടെ ഉച്ചസ്ഥായിയിലുള്ള വികാരമല്ല. ഒരു മന്ദസ്മിതം പോലെ, ഒരു സ്‌നേഹമൃദുസ്പര്‍ശംപോലെ അത് അനുഭവപ്പെടുന്നു. കുഞ്ചുനായരും കുഞ്ഞിക്കാവമ്മയും തമ്മിലുള്ള ബന്ധം മനുഷ്യജീവിതത്തിന്റെ അവസാനനാളുകളില്‍ വികാരങ്ങള്‍ പുനര്‍നിര്‍വ്വചിക്കപ്പെടുന്നതിന്റെ സജീവമായ ഉദാഹരണവുമാണ്. ഇവിടെ പ്രണയം സൗഹൃദപൂര്‍ണ്ണമായ സഹവാസമായി മാറുന്നു. ലൈംഗികത സാന്നിദ്ധ്യമായി അതില്‍ ലയിക്കുന്നു. ഏകാന്തത ആശ്രയമായി രൂപാന്തരപ്പെടുന്നു.

കഥ വായിക്കുന്നവര്‍ അത്ഭുതപ്പെടുന്നു. കഥയിലെ ‘അത്ഭുതം’ എങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്? കഥ ഒരു അത്ഭുതസംഭവത്തെ അനാവരണം ചെയ്യുന്നില്ല. അത് ഒരു വിസ്മയക്കാഴ്ചയും ഒരുക്കി നല്‍കുന്നുമില്ല. മനുഷ്യരുടെ ഉള്ളില്‍ അത്രമേല്‍ പരിചിതവും അതേസമയം അപരിചിതവുമായി നിറഞ്ഞിരിക്കുന്ന ഒരു വികാരത്തെ അപ്രതീക്ഷിതമായി തിരിച്ചറിയുന്ന നിമിഷത്തെ ഈ കഥ സമ്മാനിക്കുന്നു. ചെറിയൊരു ജീവിതത്തിനും ഇത്രമേല്‍ ആഴമോയെന്ന തിരിച്ചറിവില്‍ വായനക്കാര്‍ വിസ്മയിക്കുന്നു. കഥയിലെ ലഘുഘടകങ്ങള്‍ ഭാഷയുടെ സാന്ദ്രതയിലൂടെയും അവതരണത്തിന്റെ സൂക്ഷ്മതയിലൂടെയും അപ്രതീക്ഷിതമായ ഗൗരവം കൈവരിക്കുന്നു. ജീവിതം അത്ര ചെറുതല്ലെന്ന് അതിന്റെ സൂക്ഷ്മതകളില്‍ അനന്തസാദ്ധ്യതകള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നു ധരിപ്പിക്കുന്ന ഭാവശക്തിയെ സൃഷ്ടിക്കുന്നു.

കുഞ്ചുനായര്‍ക്കും കുഞ്ഞിക്കാവമ്മക്കും ഇടയിലെ വികാരങ്ങള്‍ പ്രഖ്യാപനങ്ങളിലൂടെ പ്രകടിതമാകുന്നതല്ല. അവ സൂചനകളിലൂടെ മാത്രം സഞ്ചരിക്കുന്നു. ഈ അപൂര്‍ണ്ണപ്രകടനം കഥയുടെ അത്ഭുതത്തിന്റെ കേന്ദ്രമായി മാറുന്നു. വായനക്കാരന്‍ പറയാത്തതിനെയും പ്രഖ്യാപിക്കാത്തതിനെയും വായിക്കുകയും കണ്ടെടുക്കുകയും ചെയ്യുന്നു. നിശബ്ദതയില്‍ അര്‍ത്ഥം കണ്ടെത്തുന്ന ഈ പ്രക്രിയ വായനയെ സൃഷ്ടിപരമായ അനുഭവമാക്കുന്നു. കഥയ്ക്കുള്ളില്‍ പ്രത്യക്ഷത്തില്‍ അത്ഭുതങ്ങളൊന്നുമില്ല. അത്ഭുതം രൂപപ്പെടുന്നത് വായനക്കാരന്റെ മനസ്സിലാണ്. കഥ പൂര്‍ണ്ണവ്യാഖ്യാനം മുന്നോട്ടുവയ്ക്കുന്നില്ല. ചിലയിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ അപൂര്‍ണ്ണതയുടെ സൗന്ദര്യം അത്ഭുതം സൃഷ്ടിക്കുന്നു.

കഥാന്ത്യത്തില്‍ ഉയരുന്ന മോതിരത്തിന്റെ അന്വേഷണം മനുഷ്യബന്ധങ്ങളുടെ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്നു. സ്‌നേഹത്തിന്റെ മഹത്വം നിലനില്‍ക്കുമ്പോഴും സംശയത്തിന്റെ വിത്തുകള്‍ അപ്രത്യക്ഷമാകുന്നില്ല. മനുഷ്യസ്വഭാവത്തിന്റെ ദ്വൈതപ്രകൃതത്തെ അത് സൂചിപ്പിക്കുന്നു.. കഥയുടെ സൗന്ദര്യാത്മകശൈലി ഭാഷയുടെ ലാളിത്യവും ദൃശ്യാവിഷ്‌കാരത്തിന്റെ സാന്ദ്രതയും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. കഥയില്‍ ബൃഹത്തെന്നു പറയേണ്ടുന്ന സംഭവവികാസങ്ങളില്ല. ചെറിയ ഇടപെടലുകള്‍, ഇടവേളകള്‍, നിശ്ശബ്ദതകള്‍ – ഇങ്ങനെ നിമിഷങ്ങളുടെ അനുഭൂതികളാണ് കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. കഥ ഒച്ചയില്ലായ്മയുടെ, പതിഞ്ഞ താളത്തിന്റെ വ്യാകരണത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

പ്രായം, ശരീരം, സാമൂഹികനിയമങ്ങള്‍ എന്നിവയെ അതിജീവിച്ച് മനുഷ്യന്റെ ഉള്ളില്‍ നിലനില്‍ക്കുന്ന സ്‌നേഹശേഷിയെ ഈ കഥ സൂക്ഷ്മമായി പ്രകാശിപ്പിക്കുന്നു. കഥയില്‍ ജീവിതത്തിന്റെ ചെറിയൊരു ഖണ്ഡം മാത്രമാണ് എഴുതപ്പെടുന്നതെങ്കിലും അതിന്റെയുള്ളില്‍ സമ്പൂര്‍ണ്ണജീവിതത്തിന്റെ പ്രതിദ്ധ്വനികള്‍ ഉണ്ടാകാമെന്ന് കാരൂര്‍ തെളിയിച്ചിരുന്നല്ലോ?

No Comments yet!

Your Email address will not be published.