സി അയ്യപ്പന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന കാവല്‍ഭൂതങ്ങളും പ്രേതഭാഷണങ്ങളും ഭൂതബലികളുമെല്ലാം യഥാതഥലോകത്ത് അദൃശ്യരോ പ്രാന്തവല്‍കൃതരോ ആയ മനുഷ്യര്‍ക്ക് അസാദ്ധ്യമായിരുന്ന ന്യായാന്യായവിചാരങ്ങളും എതിര്‍പ്പുകളും പ്രതികാരങ്ങളും ആത്മാക്കളുടെ
ബദല്‍ലോകനിര്‍മ്മിതിയിലൂടെ സാദ്ധ്യമാക്കുകയും അവരെ നിര്‍വ്വാഹകകര്‍ത്തൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരേതാത്മാക്കളും പെരിയപ്പുറത്തു ഭഗവതിയും ഭൂതഗണങ്ങളും ഒക്കെ പ്രത്യക്ഷപ്പെടുന്ന കഥാലോകം മിത്തുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെടുന്ന ലോകമാണെന്ന് സാമാന്യവല്‍ക്കരിച്ചു പറയാം. മിത്തില്‍ പ്രകൃതിയെ മനസ്സിലാക്കാനുള്ള ആദ്യകാല ശ്രമങ്ങളുണ്ട്. ആചാരങ്ങളിലൂടെയും ത്യാഗബലികളിലൂടെയും മാന്ത്രികതയിലൂടെയും മറ്റും ലോകത്തെ വിശദീകരിക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളായിരുന്നു അവ. പ്രീതിപ്പെടുത്തുകയോഭയപ്പെടുത്തുകയോ ചെയ്യുന്നതിലൂടെ പ്രകൃതിയുമായി പൊരുത്തപ്പെടാനോ പ്രകൃതിക്കു മാനുഷികഗുണങ്ങള്‍ നല്‍കി നിയന്ത്രിക്കാനോ ഉള്ള പ്രാരംഭശ്രമമായിട്ടാണ് മിത്ത് പ്രവര്‍ത്തിക്കുന്നത്.

പരേതാത്മാക്കളുടെ സജീവസാന്നിദ്ധ്യമെന്ന പോലെ കാരണയുക്തിയുടെ സാന്നിദ്ധ്യവും മിക്കവാറും സജീവമായി തന്നെ സി. അയ്യപ്പന്റെ കഥാലോകത്തു കാണാം. ‘ഒരു വിശദീകരണക്കുറിപ്പ്’ എന്ന ഒരു കഥാശീര്‍ഷകം തന്നെയുണ്ട്. പ്രേതവ്യവഹാരങ്ങള്‍ തന്നെയും കാരണയുക്തിയില്‍ അധിഷ്ഠിതമാണെന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. ‘ഭ്രാന്ത്’ എന്ന കഥയില്‍ കൃഷ്ണന്‍കുട്ടി മാഷ് കാറിലിരിക്കുന്ന തന്റെ പെങ്ങളെ കാണുന്നില്ലന്നു പറയാന്‍ നിരത്തുന്ന ന്യായങ്ങള്‍ക്ക് അയാളുടെ ‘യുക്തിഭദ്രത’യുണ്ട്. യുക്തിബോധത്തെയും യുക്തിവാദികളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പല കഥകളിലും കടന്നുവരുന്നു. ആധുനികചരിത്രത്തില്‍ യുക്തിചിന്ത ജ്ഞാനോദയപ്രബുദ്ധതയെ താങ്ങിനിര്‍ത്തുന്ന ആധാരസ്തംഭങ്ങളിലൊന്നാണ്. ആധുനികത പ്രകൃതിയെ മനസ്സിലാക്കുന്നതിന് ശാസ്ത്രീയവും ഉപകരണപരവുമായ യുക്തിചിന്തയാണല്ലോ ഉപയോഗിച്ചത്.

മിത്തും ജ്ഞാനോദയവുംപ്രകൃതിയോടുള്ള ഭയത്തിലും അതില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹത്തിലുംവേരൂന്നിയതാണെങ്കിലും വിരുദ്ധധാരകളാണെന്നു മനസ്സിലാക്കേണ്ടതാണ്. മിത്ത് എന്ന പദം മിഥ്യയെന്നു വിവര്‍ത്തനം ചെയ്യപ്പെടാറുണ്ടല്ലോ? മിത്ത് മിഥ്യ തന്നെ. കാരണയുക്തിയെ അതിന്റെ രൂപീകരണതലത്തില്‍ മിഥ്യയെന്നു കാണാന്‍ കഴിയില്ല. അഡോര്‍ണയും ഹോര്‍ഖൈമറും ചേര്‍ന്നെഴുതിയ ‘ജ്ഞാനോദയത്തിന്റെ വൈരുദ്ധ്യാത്മകത’ (Dialectic of Enlightenment) എന്ന പുസ്തകം ആധുനികവും ശാസ്ത്രീയവുമായ ജ്ഞാനോദയം മിഥ്യയിലേക്ക് മടങ്ങുകയാണെന്ന് പറയുന്നതാണ്.*
പ്രകൃതിയെ മനസ്സിലാക്കാനോ മാറ്റിത്തീര്‍ക്കാനോ മനുഷ്യന്‍ രൂപപ്പെടുത്തിയ വ്യത്യസ്തവും വിരുദ്ധവുമായ ആശയമാതൃകകള്‍ – മിത്തുകളും യുക്തിചിന്തയും – ഒരേ സമയം തന്നെ സി. അയ്യപ്പന്റെ കഥകളുടെ നിര്‍മ്മാണസാമഗ്രികളായി മാറുന്നുവെന്നത് കാലഘട്ടത്തിന്റെ സന്ദിഗ്ദ്ധതകളെ അതിന്റെ ആധാരത്തില്‍ തന്നെ നമ്മുടെ കഥാകാരന്‍ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ്. മിത്തും യുക്തിയും അയ്യപ്പന്റെ കഥാസാഹിത്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഈ ചോദ്യത്തിലേക്കു കടക്കുന്നതിനു മുമ്പ് മിത്തും സാഹിത്യവും തമ്മിലുള്ള വ്യത്യാസങ്ങളെ അഡോര്‍ണോ എങ്ങനെ പരിചരിച്ചുവെന്നു കാണുന്നത് ഉചിതമായിരിക്കും.

ഹോമറുടെ മഹാകാവ്യത്തെ ചൂണ്ടി മിത്തുകളും ഇതിഹാസ സാഹിത്യവും തമ്മിലുള്ള വ്യത്യാസങ്ങളെ അഡോര്‍ണ എഴുതിയിരുന്നു. വിധി ഭരിക്കുന്ന ചാക്രികവും മാറ്റമില്ലാത്തതുമായ ലോകത്തിലേക്കാണ് മിത്തുകള്‍ നമ്മെ നയിക്കുക! മനുഷ്യരാശിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പ്രാകൃതവും യുക്തിരഹിതവും ഭയജനകവുമായ ഒരു ലോകമാണത്. ഇതിഹാസ വിവരണങ്ങള്‍ മിഥ്യയുടെ ആവര്‍ത്തനചക്രത്തില്‍ ജീവിക്കുന്നതിനുപകരം യുക്തിസഹമായ ക്രമത്തില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ലോകത്തിന്റെ ഒരു ‘നിരാശ’യായി പ്രവര്‍ത്തിക്കുന്നതായി അഡോര്‍ണോ കാണുന്നു. ഇതിഹാസത്തിലെ നായകന്റെ യാത്രകള്‍ സ്വയം അവബോധത്തിന്റെ സൃഷ്ടിയായിരുന്നു. ഒഡീസിയസ് സ്വയംഭരണം നേടുന്നത് മാന്ത്രിക ശക്തിയിലൂടെയല്ല, മറിച്ച് തന്ത്രങ്ങളിലൂടയും കണക്കുകൂട്ടലുകളിലൂടെയുമാണ്. ഇവിടെ ഇതിഹാസസാഹിത്യം മിഥ്യയെ അഴിച്ചുകളയുകയും വിവരിക്കാവുന്ന ഒരു കഥയെ സൃഷ്ടിക്കുകയും ചെയ്യുന്നു. മിത്തുകളുടെ നിഗൂഢതകളില്‍ നിന്നും ലോകത്തെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. ജ്ഞാനോദയത്തിന്റെ അടിത്തറകളിലേക്കു നയിക്കുന്ന പ്രവര്‍ത്തനമാണിത്. അഡോര്‍ണോ ഇതിഹാസത്തെ ജ്ഞാനോദയത്തിന്റെ ആദ്യകാലരൂപമായി സ്ഥാപിക്കുന്നുണ്ട്. കെട്ടുകഥകളുടെ താറുമാറായ ലോകത്തെ പുനഃസംഘടിപ്പിക്കുന്ന പ്രക്രിയ ആധുനികശാസ്ത്രത്തിലെ വര്‍ഗ്ഗീകരണത്തിന്റെ മുന്നോടിയാണെന്നു അഡോര്‍ണോ പറയുന്നു. അഡോര്‍ണോ വിവരിക്കുന്ന രീതിയില്‍ ഇതിഹാസസാഹിത്യം ചെയ്യുന്ന പ്രവര്‍ത്തനം ഇതരരൂപങ്ങളില്‍ സി.അയ്യപ്പന്റെ കഥകളില്‍ പ്രവര്‍ത്തനക്ഷമമാകുന്നുണ്ടെന്നു പറയണം. മിത്തുകളിലുപരി യുക്തിയുടെ ലോകത്തിലാണ് ഈ കഥകള്‍ വ്യാപരിക്കുന്നത്.
അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ യഥാതഥലോകത്തിന്റെ നിന്ദിതാവസ്ഥയില്‍ നിന്നും ബദല്‍ലോകത്തിലേക്കു മാറ്റിപാര്‍പ്പിക്കുന്നതിനാണ് പ്രേതങ്ങളുടെയും ആത്മാക്കളുടെയും ലോകം അയ്യപ്പന്‍ നിര്‍മ്മിക്കുന്നത്. പ്രേതങ്ങളും ആത്മാക്കളും മിത്തിന്റെ സംഭാവനകളാണെങ്കിലും അയ്യപ്പന്റെ കഥകളിലെ പ്രേതങ്ങള്‍ ആചാരങ്ങളെയോ മാന്ത്രികതയെയോ ആശ്രയിക്കുന്നതിനു പകരം യുക്തിയെയാണ് തങ്ങളുടെ വ്യവഹാരങ്ങളില്‍ ആശ്രയിക്കുന്നത്,
പ്രേതം ഉപയോഗിക്കുന്ന യുക്തിയാണ് കഥയെ സംവാദാത്മകമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രേതകഥാ ഭൂമികകളെ സൃഷ്ടിക്കുന്നുവെങ്കിലും കഥാകാരന്‍ മിത്തുകളുടെ വിഹാരരംഗങ്ങളെയല്ല യുക്തിയുടെ സ്ഥലങ്ങളെയാണ് വികസിപ്പിക്കുന്നത്. ‘പ്രേതഭാഷണം’ എന്ന കഥയെ ചൂണ്ടി ഇതിനെ കുറിച്ചു പറയാം.
‘പ്രേതഭാഷണം’ എന്ന ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ കഥ പൂര്‍ണ്ണമായും ഒരു പ്രേതത്തിന്റെ പറച്ചിലാണ്. സുഹൃത്തിന്റെ മനസ്സിലെ കല്ലും നെല്ലും തിരിക്കാനാണ് പ്രേതം പറയുന്നത്. സത്യമേ പറയൂ എന്നു പറഞ്ഞുകൊണ്ടാണ് പ്രേതഭാഷണം ആരംഭിക്കുന്നത്. തികച്ചും യുക്തിഭദ്രമായ സമീപനത്തിലൂടെയാണ് പ്രേതം തനിക്കു പറയാനുള്ള വിഷയത്തെ സമീപിക്കുന്നതെന്ന് കഥയിലെ ആദ്യവാക്യങ്ങള്‍ തന്നെ തെളിയിക്കുന്നു. പ്രേതം തന്റെ ജീവിതകഥ പറയുകയാണ്.
പ്രേതത്തിന്റെ സുഹൃത്തിന്റെയും ആ സുഹൃത്തിന്റെ ആങ്ങളയുടെയും അവരുടെ അപ്പച്ചന്റെയും കഥ കൂടിയാണത്. കഥയുടെ രേഖീയമായ ആഖ്യാനം അഡോര്‍ണോ സൂചിപ്പിക്കുന്നതുപോലെ അതിന്റെ യുക്തിഭദ്രതയുടെ തെളിവാണ്. സംഭവങ്ങള്‍ അടുക്കടുക്കായി പറയുന്നുവെന്നു മാത്രമല്ല, ഓരോന്നിനും യുക്തിഭദ്രം കാരണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ക്ക് തനിക്ക് തീര്‍ച്ചയില്ലെന്ന് നേരിട്ടു പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ രീതിയാണത്. അപ്രതീക്ഷിതമായതിനെ അപ്രതീക്ഷിതം എന്നു വിവരിക്കുന്നു. കഥയെന്നത് കഥയുടെ ഭാഷയും ശൈലിയും എങ്കില്‍ ഈ കഥ യുക്തിഭദ്രമായ ഭാഷയില്‍, ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നതെന്നു പറയണം. അതുകൊണ്ട് കഥയെ സര്‍ഗാത്മകമാക്കുന്ന സന്ദിഗ്ദ്ധതകളും അനീശ്ചിതത്വങ്ങളും കഥയില്‍ ഇല്ലെന്നും പറയേണ്ടതില്ല! പ്രേതത്തിന്റെ കുഴിയിലിടുന്ന കടുകുമണികള്‍ എണ്ണിത്തിട്ടപ്പെടുത്തിയാല്‍ മാത്രമേ അതിനു പുറത്തുകടക്കാന്‍ കഴിയൂ എന്ന പ്രേതപ്രസ്താവനക്ക് കഥയില്‍ ചോദ്യമില്ലെന്നേ ഉത്തരമുള്ളൂ.
ദളിതര്‍ അനുഭവിക്കുന്ന അയിത്തത്തെയും അസ്പര്‍ശ്യതകളെയും വിവേചനങ്ങളെയും ഈ കഥ യാഥാര്‍ത്ഥ്യബുദ്ധിയോടെയും പരിഹാസത്തോടെയും തുറന്നു കാണിക്കുന്നുണ്ട്.
”സ്വന്തം സഹോദരനാല്‍ നഗ്‌നത അനാവൃതമാക്കപ്പെട്ട പാപി” എന്ന് ദൈവം വിളിക്കുമ്പോള്‍ തന്റേടത്തോടെ ”ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ, പെലക്കള്ളി പെങ്ങളാകുന്നത്?” എന്നു തിരിച്ചുചോദിക്കുന്നവളെ കഥയില്‍ കാണുന്നു. പാപകല്‍പ്പന വ്യവസ്ഥാപിതത്വത്തിന്റെ യുക്തിയില്‍ ഒതുങ്ങുന്നില്ലെന്ന്ഈ പ്രതികരണം സ്ഥാപിക്കുന്നുണ്ട്. വ്യവസ്ഥാപിതത്വത്തിന്റെ യുക്തിയെ പ്രേതയുക്തി ചോദ്യം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, ദൈവത്തിന്റെ വായില്‍ അപ്പോള്‍ പഴമായിരുന്നുവെന്ന് എഴുതുന്നു.
”നീ ആ പെലക്കണ്ണിപ്പെണ്ണുമായിട്ടൊള്ള ഇടപാടങ്ങു നിര്‍ത്തണം” എന്ന അപ്പച്ചന്റെ ശാസന കേട്ട മകന്‍
”അതിനു ഞാന്‍ അവളെ കല്യാണം കഴിക്കാന്‍ ഒന്നും പോണില്ല”
എന്നു പറയുമ്പോള്‍ അപ്പച്ചന്റെ വായിലും പഴം വന്നുകയറുന്നുണ്ട്. നിരവധി നീചപ്രവൃത്തികളില്‍ മാത്രം ജീവിച്ച, തന്നെ വഞ്ചിച്ച കുഞ്ഞാക്കോവ് മരിക്കുമ്പോള്‍ അവന് ആത്മാവില്ലെന്നു കണ്ടെത്തുന്ന പ്രേതം മറ്റൊരു രൂപത്തില്‍ തിന്മയ്ക്ക് ആത്മാവില്ലെന്നു പറയുകയായിരുന്നല്ലോ? സി. അയ്യപ്പന്റെ കഥ ഒരുക്കുന്ന നിരവധി സംവാദസന്ദര്‍ഭങ്ങളില്‍ ചിലതു മാത്രമാണിത്.
ശരീരം വിഹരിച്ച യഥാതഥലോകത്തില്‍ നിന്നും വ്യത്യസ്തമായി ആത്മാവിന് മറ്റൊരു ബദല്‍ ലോകം കഥയില്‍ സൃഷ്ടിക്കുന്നുവെന്നത് ദളിത് പരിപ്രേക്ഷ്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ശരീരവും ആത്മാവും വ്യത്യസ്തലോകങ്ങളില്‍ വിഹരിക്കുന്നതായി കല്‍പ്പിക്കപ്പെടുന്നതില്‍ ശരീരത്തെയും ആത്മാവിനെയും വേര്‍തിരിക്കുന്നു എന്ന അര്‍ത്ഥതലമുണ്ട്. ശരീരത്തെയും ആത്മാവിനെയും ഏകം എന്നു കരുതുന്ന ബ്രഹ്‌മസങ്കല്‍പ്പനത്തില്‍ നിന്ന് വ്യത്യസ്തമാണത്. ഈ ഏകത്വസങ്കല്‍പ്പനമാണല്ലോ ഹിന്ദുത്വവാദത്തിന്റെ
കര്‍മ്മഫലസിദ്ധാന്തത്തിന് അടിത്തറയാകുന്നത്? ദലിതരുടെയും അധഃകൃതരുടെയും അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെ കര്‍മ്മഫലസിദ്ധാന്തത്തിലൂടെയാണല്ലോ ഹിന്ദുത്വം ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്! കര്‍മ്മഫലസിദ്ധാന്തത്തിലെ അനൈതികതയും സാമൂഹികവിരുദ്ധതയും നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതും ചെറുക്കേണ്ടതുമാണ്. ശരീരത്തെയും ആത്മാവിനെയും വേര്‍തിരിച്ചുകൊണ്ട് വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആധുനികശാസ്ത്രത്തിന്റെയും കാരണയുക്തിയുടെയും ദര്‍ശനലോകം ദളിത്ചിന്തയ്ക്കു സ്വീകാര്യമായ ഒന്നാണെന്ന് അംബേദ്കര്‍ കരുതിയിരുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും വ്യവഹാരലോകങ്ങള്‍ വ്യത്യസ്തമാണെന്ന കഥയിലെ വീക്ഷണം കഥയുടെ യുക്തിപരതക്കുള്ള വിശദീകരണം കൂടിയാണ്.
**********
*പുരാതന കെട്ടുകഥകള്‍ അനുശാസിക്കുന്ന വിധിക്കു സമാനമെന്നോണം മനുഷ്യര്‍ അനുസരിക്കേണ്ട പുതിയ കര്‍ക്കശമായ വിധി ആധുനികത സൃഷ്ടിക്കുന്നതായി അഡോര്‍ണോയും ഹോര്‍ഖൈമറും പറഞ്ഞു. ആധുനികത എല്ലാറ്റിനെയും കലനവിധേയമാവുന്ന വസ്തുതകളിലേക്ക് ചുരുക്കുന്നു. എല്ലാ ചിന്തകളെയും ഉപകരണപരമായ കണക്കുകൂട്ടലിലേക്ക് ചുരുക്കുന്നതിലൂടെ, ജ്ഞാനോദയം സ്വയം വിമോചനസാദ്ധ്യതകളെ നശിപ്പിക്കുന്നു. ഇത് യഥാര്‍ത്ഥ മനുഷ്യവിമോചനത്തേക്കാളും പുതിയതരം ക്രൂരതയിലേക്കും സമഗ്രാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നയിക്കുന്നതാണെന്ന വിമര്‍ശം അവര്‍ ഉയര്‍ത്തിയിരുന്നു. അഡോര്‍ണോ മിത്തുകളിലേക്കുള്ള തിരിച്ചുവരവിനായി വാദിക്കുന്നില്ല. മറിച്ച്, പ്രബുദ്ധത അതിന്റെ വിപരീതമായി മാറിയെന്ന വിമര്‍ശനത്തിലാണ് അഡോര്‍ണോയുടെ ഊന്നല്‍.







No Comments yet!