Skip to main content

ജനാധിപത്യത്തിലേക്കുള്ള കഠിനവഴികള്‍

Kerala Assembly Elections 2026: The Battle Lines are Drawn - Centre for  Public Policy Research (CPPR)

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും (ആസാം, കേരളം, പുതുച്ചേരി, തമിഴ്നാട്, വെസ്റ്റ്ബംഗാൾ എന്നിവിടുങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്, മറ്റ് ആറ് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ്) തെരഞ്ഞെടുപ്പ് ചൂടിലും കാലാവസ്ഥാവ്യതിയാനം ആക്കം കൂട്ടിയ വേനൽക്കാലവേവിലുമാണ്. കേരളത്തിലെ 16-ആം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 9-നു നടക്കുന്നു. കേരളസംസ്ഥാന രൂപീകരണാനന്തരമുള്ള 15-ആം നിയമസഭ കാലാവധി തികയ്ക്കുമ്പോൾ, മൂന്നരക്കോടിയോളം വരുന്ന ജനസംഖ്യയിലെ 52 ശതമാനം സ്ത്രീകളെ പ്രതിനിധീകരിച്ച് നിയമസഭയിൽ ഉള്ളത് വെറും 8.57% സ്ത്രീകൾ മാത്രം. 128 പുരുഷന്മാരും (91%), 12 സ്ത്രീകളും, ഇതിൽ ഒരാൾ (കാനത്തിൽ ജമീല) മരണപ്പെടുകയും ചെയ്തു! 21 മന്ത്രിമാരിൽ വെറും 3 പേർ മാത്രം സ്ത്രീകൾ. 1957-ലേ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ 10 പുരുഷന്മാരും ഒരേയൊരു സ്ത്രീയും (ഗൗരിയമ്മ) മന്ത്രിമാരായി. ഇവരുൾപ്പെടെ 121 പുരുഷന്മാരും (95.3%), 6 സ്ത്രീകളും (4.7%) സാമാജികരായി എത്തി. അതിനുശേഷം വന്ന പട്ടം താണുപിള്ള മന്ത്രിസഭയിൽ സ്ത്രീകളാരും മന്ത്രിമാരായില്ല. 119 പുരുഷന്മാരും 7(5.5%) സ്ത്രീകളും അടങ്ങിയ നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ ഇരുന്നു. ശ്രദ്ധിക്കണം, സ്പീക്കർ പദവിയല്ല, സ്പീക്കറിന്റെ അഭാവത്തിൽ ചുമതല ഏറ്റെടുക്കേണ്ട ഡെപ്യൂട്ടി സ്പീക്കർ പദവിയാണ് നൽകിയത്.

46 women in 40 seats: Who will make it to the Kerala Assembly? | Part 1

കേരളനിയമസഭയിലെ ഇതേ വരെയുള്ള സ്ത്രീപ്രാതിനിധ്യം താഴെ കൊടുക്കുന്നു:

വർഷം മൊത്തം സീറ്റുകൾ സ്ത്രീകൾ ശതമാനം

%

1957-59 127 6 4.7%
1960-64 127 7 5.5%
1967-70 134 1 0.75%
1970-77 134 2 1.5%
1977-79 141 1 0.71%
1980-82 141 5 3.5%
1982-87 141 5 3.5%
1987-91 141 9 6.4%
1991-96 141 9 6.4%
1996-2001 141 14 10%
2001-06 141 9 6.4%
2006-11 141 7 5%
2011-16 141 6 4.3%
2016-21 141 8 5.6%
2021-26 140 12 8%

 

ഇന്നുവരെയുള്ള നിയമസഭകളിൽ,  കഴിവുറ്റ സ്ത്രീകൾ റവന്യു, എക്സൈസ്, വിജിലൻസ്, സാമൂഹികക്ഷേമം, നിയമം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടും കേരളത്തിന് ഇന്നേ വരെ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കേരളമാണെങ്കിൽ സാക്ഷരതയിലും (പ്രത്യേകിച്ച് സ്ത്രീസാക്ഷരതയിൽ)   ആരോഗ്യസൂചികയിലും (ശിശുമരണനിരക്ക്, രോഗാതുരത, പൊതുമരണനിരക്കു തുടങ്ങിയ) മുൻപന്തിയിൽ നിന്നുകൊണ്ട് ഒരു കേരളാമോഡൽ തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പലതരത്തിൽ വിമർശിക്കപ്പെട്ട ഈ കേരളമോഡലിൽ, സ്ത്രീകളുടെ സ്ഥാനം ഇപ്പോഴും നിഷ്ക്രിയരോ നിശബ്ദരോ ആയ സ്വീകർതാക്കൾ എന്നത് തന്നെയാണോ, ആകണമോ? അവരെ പ്രതിനിധാനം ചെയ്തുകൊണ്ട് ആണധികാരത്തിന്റെ (patriarchy-യുടെ പുതുമലയാളം തന്തവൽക്കരണം എന്നത്രേ!) കെട്ടുവിടാത്ത പുരുഷന്മാർ ആണ് നിയമസഭയിൽ നിയമനിർമാണസഭയിലും ഇരിക്കുന്നത്. പിന്നെങ്ങിനെയാണ് ആരോഗ്യകരമായ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാവുക?

ഇന്ത്യയിൽ തത്ത്വത്തിൽ ജനാധിപത്യസംവിധാനമാണ് ഉള്ളതെങ്കിലും സ്വാഭാവികമായി, പടിപടിയായി ജനാധിപത്യവൽക്കരിക്കപെടുന്ന ഇടങ്ങൾ തുലോം കുറവാണ്. അത് സമൂഹത്തിന്റെ ഒരു യൂണിറ്റ് ആയ കുടുംബമാകട്ടെ, രാഷ്ട്രീയപാർട്ടികൾ ആകട്ടെ, സാമൂഹിക-സാംസ്കാരിക ഇടങ്ങൾ ആകട്ടെ, എവിടെയും തീരുമാനങ്ങൾ എടുക്കുന്നതും, പ്രധാന റോൾ കയ്യാളുന്നതും പുരുഷന്മാർ തന്നെ. ഒന്നോ രണ്ടോ സ്ത്രീകളെ ഒരു മരുന്നിന് ചേർത്താലായി! സ്ത്രീകളോ, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരോ തങ്ങളെ സ്വയം പ്രതിനിധീകരിക്കുന്നത്, ഇത്തരം ഇടങ്ങൾ അതിന്റെ അടിസ്ഥാനപരമായ ആണധികാരഘടന കൊണ്ട് തന്നെ തടയുന്നു. ജനസംഖ്യയിൽ സ്ത്രീകൾ 52% വരുന്ന കേരളത്തിലായാലും 48.46% വരുന്ന ഇന്ത്യ ആയാലും ഇതിൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. കേരളത്തിലാകട്ടെ സദസ്സുകളിൽ ഇരിക്കുവാനും പൊതുപരിപാടികൾക്ക് ആളെ കൂട്ടുവാനും ആദ്യം കണ്ടെത്തുന്നത് സ്ത്രീകളെ ആണെന്നത് ഒരു വിരോധാഭാസമാണ്. 52% വരുന്ന സ്ത്രീകളുടെ ഇതേവരെയുള്ള നിയമസഭാ പങ്കാളിത്തം ഒരിക്കലും 10%-നപ്പുറം കടന്നിട്ടില്ല.

തുല്യപ്രതിനിധ്യപ്രസ്ഥാനം

രാഷ്ട്രീയ പാർട്ടികളിലും, നിയമസഭകളിലും, നിയമനിർമാണ സഭകളിലും സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടേയും നിയമാനുസൃത പ്രതിനിധാനം വർദ്ധിപ്പിക്കുവാൻ ഉദ്ദേശിച്ചു  2019-ൽ രൂപം കൊണ്ട പ്രസ്ഥാനമാണ് തുല്യപ്രാതിനിധ്യപ്രസ്ഥാനം. പ്രവർത്തനങ്ങളുടെ ആദ്യപടിയായി, അധികാരം ആണധികാരമാക്കിമാറ്റുകയും അത് അതിസാധാരണമാണെന്നവണ്ണം   പെരുമാറുകയും ചെയ്യുന്ന ഇടത്-കോൺഗ്രസ് പാർട്ടികളുടെ കൺവീനർമാർക്ക് 2024-ലെ തെരെഞ്ഞുപ്പിനുമുമ്പു തന്നെ തുല്യപ്രതിനിധ്യപ്രസ്ഥാനം ഒരുലക്ഷം പേർ ഒപ്പിട്ട ഒരു അവകാശപത്രിക ‘പെൺമെമ്മോറിയൽ’ എന്ന പേരിൽ കൈമാറുകയുണ്ടായി. ഈ ഒപ്പുചുരുളിനൊപ്പം അഞ്ച് ആവശ്യങ്ങളും  ഉന്നയിച്ചിരുന്നു:

  1. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 33% സീറ്റിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കുക (50% ആണ് വേണ്ടതെങ്കിലും, ഇതുവരെ നടപ്പിലാക്കപ്പെടാതെ പോയ സ്ത്രീസംവരണബില്ലിൽ 33% എന്ന് രേഖപ്പെടുത്തിയതിനാലാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്).
  2. ഒരു ട്രാൻസ്ജെൻഡർ വ്യക്തിയെങ്കിലും നിയമസഭയിൽ ഉണ്ടാവുക.
  3. അടുത്ത മുഖ്യമന്ത്രി സ്ത്രീയാകണം.
  4. മൂന്നിലൊന്ന് മന്ത്രിസ്ഥാനങ്ങൾ സ്ത്രീകൾക്കു നൽകുക.
  5. സ്ത്രീപീഡകരെ മത്സരിപ്പിക്കാതിരിക്കുക

എന്നാൽ, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലും ഈ വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചപ്പോൾ എൽഡിഎഫ്-യുഡിഎഫ് പ്രസ്ഥാനങ്ങളൊന്നും തന്നെ ഈ അവകാശപത്രികയെ ഗൗരവമായി കണ്ടില്ല. ഇത്തവണത്തെ (2026) നിയമസഭയിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക നോക്കുമ്പോൾ സ്ത്രീ പ്രാതിനിധ്യം താഴെ പറയും വിധമാണ്:

പാർട്ടികൾ സ്ത്രീ സ്ഥാനാർ-ഥികൾ മൊത്തം

സ്ഥാനാർഥികൾ 

സ്ത്രീ-ശതമാനം
CPI- 5 25     20%
CPI(M)- 12    89     13.48%
INC- 9 92  9.78%
KC(M)- 1 12     8.33%
IUML- 2 27  7.41%
BDJS- 1 22  4.54%
Kerala Congress 0  8  0%

 

LDF                             18                    140                             12.85%

UDF                            12                    140                             8.57%

NDA                           18                    140                             12.85%

 

ഇതിന്റെ അനന്തരഫലമായി തുലിപ്രതിനിധ്യപ്രസ്ഥാനം തെരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. അവരുടെ പ്രസ്താവനയെ ഇങ്ങനെ സംഗ്രഹിക്കാം: “സ്ത്രീകളുടെ നിശബ്ദത ഒരിക്കലും അവരുടെ രക്ഷക്കെത്തില്ല. രാഷ്ട്രീയാധികാരം ഔദാര്യമല്ല, അവകാശമാണ്. അതു നേടിയെടുക്കാൻ ജനാധിപത്യപരമായി പ്രതിഷേധിക്കുക. സ്ത്രീസ്ഥാനാർഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണി പരിഗണിക്കാതെ സ്ത്രീ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുക, മത്സരം സ്ത്രീകൾ തമ്മിൽ മാത്രമാകുന്ന ഇടങ്ങളിൽ, രാഷ്ട്രീയ താൽപര്യം അനുസരിച്ച് വോട്ട് ചെയ്യുക,  എൻഡിഎ സ്ഥാനാർഥി സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വോട്ടില്ല. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ സ്ത്രീകളല്ലെങ്കിൽ അഥവാ പുരുഷന്മാർ മാത്രമാണെങ്കിൽ വോട്ട് NOTA-യ്ക്ക് ചെയ്യുക. NOTA-യും ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ്, പ്രതിഷേധമാണ്.”

ഇതിന് പുറമെ തുല്യപ്രതിനിധ്യ പ്രസ്ഥാനം മറ്റു ചില പ്രചരണപരിപാടികൾ കൂടി ചെയ്യുന്നുണ്ട്. മത്സരിപ്പിക്കുന്ന ഏറിയ സ്ത്രീകളെയും വിജയസാധ്യത കുറഞ്ഞ ഇടങ്ങളിലാണ് രാഷ്ട്രീയപാർട്ടികൾ  പതിവുപോലെ നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് LDF-UDF സ്ത്രീസ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രചരണം നടത്തും. കൂടാതെ, ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്ന വയനാട്ടിലെ, സുൽത്താൻബത്തേരിയിൽ പ്രചരണം നടത്താനും തീരുമാനിച്ചിരിക്കുന്നു.

തുല്യപ്രാതീനിധ്യപ്രസ്ഥാനത്തിന്റെ ഇടപെടലുകൾക്ക് പ്രാധാന്യമേറ്റുന്നത് കേരളത്തിൽ സമാന്തരമായി നടന്നതും നടക്കുന്നതുമായ മറ്റു ചില രാഷ്ട്രീയചലനങ്ങൾ കൂടിയാണ്. തങ്ങൾ സാമുദായികമായി തുടച്ചു നീക്കപ്പെടാതിരിക്കാൻ, അറുപതിലേറെ വരുന്ന  SC/ST സംഘടനകളുടെ സംയുക്തവേദിയായ  അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF)   ഇത്തവണ യുഡിഎഫ്-നെ പിന്തുണയ്ക്കും എന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നു. രാഷ്ട്രീയ മേഖലയിൽ പരിജയസമ്പന്നയായ സി കെ ജാനുവിന്  മത്സരിക്കാൻ സീറ്റ് നൽകാതിരുന്നതിലും എഡിഎഫ്-നു അതൃപ്തി ഉണ്ട്. ആദിവാസികളുടെ മണ്ഡലങ്ങളായ മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ കുറിച്യർ മാത്രമാണിതുവരെ മത്സരിച്ചതെന്നും മറ്റു ആദിവാസിവിഭാഗങ്ങൾക്കു അവസരം നൽകണമെന്നും അവിടുത്തെ പണിയവിഭാഗം ചെറുപ്പക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. സണ്ണി എം കപിക്കാടിനെ വൈക്കത്ത് സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്നേതൃത്വം  താൽപര്യം കാണിക്കുകയും, പിന്നീട് അധികാരവടംവലിയിൽ മലക്കം മറിയുകയും, രാഷ്ട്രീയമായും ജാതിപരമായും അജിത് തറയിൽ എന്ന കോൺഗ്രസ് പ്രവർത്തകനാൽ അപമാനിക്കപ്പെടുകയും ചെയ്ത സന്ദർഭത്തിൽ, തങ്ങളുടെ  പ്രവർത്തകർ ഒരു പുതിയ പാർട്ടി ഉടൻ രൂപീകരിക്കും എന്നദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. നിരവധി വിഭാഗങ്ങൾക്കിടയിൽ അധികാരത്തിന്റെ കേന്ദ്ര സ്ഥാനങ്ങളിൽ നിന്നും തങ്ങളെ മാറ്റി നിർത്തുന്നതിൽ അസംതൃപ്തി ഉണ്ടായി തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളും മുൻഗണങ്ങളും പ്രതിനിധാനം ചെയ്യാൻ പറ്റിയ ആളുകളല്ല തങ്ങളെ അധികാരസ്ഥങ്ങളിൽ പ്രതിനിധാനം ചെയ്യുന്നത് എന്ന് ശക്തമായി തോന്നിത്തുടങ്ങിയിരിക്കുന്നു.

മുസ്ലിം ലീഗ് അതിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് സ്ത്രീ സ്ഥാനാർത്ഥികളെ മത്സരത്തിന് ഇറക്കുന്നത്. ഇത് ലീഗിന് പെട്ടെന്നുണ്ടായ ബോധോദയം കൊണ്ടൊന്നുമല്ല. ലീഗിനകത്തെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്തതിന്റെ പേരിൽ പുറത്ത് പോകേണ്ടി വന്ന സ്ത്രീകൾ തന്നെയാണ് മാറ്റത്തിന്റെ വിത്ത് പാകിയത്. ലതിക സുരേഷ് സ്ത്രീകളെ തഴയുന്നതിന് എതിരായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ പി സി സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചപ്പോൾ അത് അവരുടെ അധികാരക്കൊതീയായി ചിത്രീകരിച്ചു, അവരെ ചെറുതാക്കാൻ ആയിരുന്നു ശ്രമം, വിഷയത്തിൽ നിന്നും ശ്രദ്ധ തിരിപ്പിക്കാനും. ബിജെപിയിലെ തഴയലിനെതിരെ ശോഭ സുരേന്ദ്രനും പ്രതിഷേധിക്കുകയുണ്ടായി. ആണുങ്ങൾ നടുഭരിക്കാൻ ഇരിക്കെ, സ്ത്രീകൾക്ക് അധികാരകൊതി അനാവശ്യമാണെന്നാവാം പൊതുബോധം. 73, 74 ഭരണഘടനാഭേദഗതിയിലൂടെ 1993-ൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പുവരുത്തിയപ്പോൾ ഉയർന്നുവന്ന നിരവധി ആശങ്കകൾക്ക് സ്ത്രീഭരണാധികാരികൾ അവരുടെ പ്രവർത്തന മികവ് കൊണ്ട് മറുപടി കൊടുത്തു കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ!

ഇതോടൊപ്പം തന്നെ തുല്യപ്രാതിനിധ്യ പ്രസ്ഥാനം ഇന്നുപയോഗിക്കുന്ന പല സംജ്ഞകളും പുനഃപരിശോധിക്കേണ്ടതുമുണ്ട്. സ്ത്രീകളുടേയും ട്രാൻസ്ജെൻഡർ വ്യക്തികളുടേയും പ്രാതിനിധ്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുമ്പോൾ, സ്ത്രീകൾ എന്നതു ഒരൊറ്റ സംവർഗമല്ലെന്നതും സമ്പന്ന-മധ്യവർഗ-ദരിദ്ര സ്ത്രീകളുടെ താൽപ്പര്യങ്ങളും മുൻഗണനകളും ഒന്നല്ല എന്നതും ഏറെ ചർച്ചപെയ്യപ്പെട്ട കാര്യങ്ങൾ ആണ്. അതുപോലെ തന്നെ സവർണ സ്ത്രീകളുടെ താൽപര്യങ്ങളും ഇടജാതി, ദളിത്-മുസ്ലിം സ്ത്രീകളുടെ താൽപര്യങ്ങളും മുൻഗണനകളും വ്യത്യാസപ്പെടാം. ട്രാൻസ്ജെൻഡർ എന്നത് ഇന്നൊരു വലിയ spectrum ആണ്. LGBTQIA+ എന്ന വർണ്ണരാജിയിലെ ഒരു വിഭാഗം മാത്രമാണ് ട്രാൻസ്ജെൻഡർ. കുറെക്കൂടി വിശാലമായ ഉൾക്കൊള്ളൽ പ്രയോഗവും ഭാഷയും കണ്ടെത്തുമ്പോഴേ ചിന്തയിലും ആ ഉൾക്കൊള്ളൽ നടക്കൂ.

കേരളത്തിലെ 12.88% വരുന്ന നായർസമുദയത്തിനു ഏറെക്കാലമായി നിയമസഭയിലുള്ള  പ്രാതിനിധ്യം 22.45% ആണ്. ഇപ്പോഴത്തെ  10% വരുന്ന ദളിത്-ആദിവാസി വിഭാഗത്തിനും 7% വരുന്ന ദളിത്-ക്രൈസ്തവർക്കും പ്രാതിനിധ്യം തുലോം കുറവാണ് എന്ന് മാത്രമല്ല സംവരണമില്ലാത്ത സീറ്റുകൾ നൽകുകയുമില്ല എന്ന ഖേദകരവും ഭാവനാശൂന്യവുമായ ഏർപ്പാടുമുണ്ട്. SC-ST സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ച് ഇതുവരെ നടപ്പിൽ വന്നിട്ടില്ലാത്ത സ്ത്രീ സംവരണബില്ലിൽ (നാരിശക്തി അഭിനന്ദൻ അഥിനിയം) പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യയുടെ 40-50% വരുന്ന മറ്റ് പിന്നോക്കവിഭാഗങ്ങളുടെ സംവരണത്തെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. 1997-ൽ സംവരണബില്ലിനെ നഖശിഖാന്തം എതിർത്തത് അന്നത്തെ ഭരണപാർട്ടിയായ ജനതാദളിന്റെ വർക്കിങ് പ്രസിഡന്റ് ശരദ് യാദവ് ആയിരുന്നു. അദ്ദേഹം അന്ന് സ്പീക്കർ പി എ സംഗ് മയെ ശകാരിച്ചത് “ഞങ്ങൾ മറ്റ്പിന്നോക്ക വിഭാഗങ്ങൾ (OBC) ഒരു സംവരണവുമില്ലാതെ വിയർപ്പൊഴുക്കിയാണ് പാർലമെന്റിൽ എത്തിയത്. മുടിമുറിച്ച ഈ സ്ത്രീകൾക്ക് ഞങ്ങളുടെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ കഴിയുമെന്നാണോ നിങ്ങൾ കരുതുന്നത്?” എന്ന് പറഞ്ഞുകൊണ്ടാണ്. അതുകൊണ്ടൊക്കെ തന്നെ കുറേക്കൂടി ഉൾകൊള്ളലിന്റേതായ (inclusive) ഭാഷയും ചിന്തയും പ്രധാനമാണ് പ്രതിനിധ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ.

No Comments yet!

Your Email address will not be published.