ഒരു കുറിപ്പ് ഉണ്ടായിരുന്നു. കാൽസറായിയുടെ കീശയിൽ. ശ്ലഥബിംബങ്ങൾ നിറഞ്ഞ കവിതയുടെ ശകലം. ശീർഷം ഒരു സൂചനയായിരുന്നു. “ലാലിയോട് വാൻഗോഗിന്റെ ആത്മഗതം.” ദുർഗ്രഹമായ എഴുത്തിന്റെ ഉൾച്ചുഴികളെ അഴിച്ചെടുക്കുക ഊരാക്കുടുക്കാണ്. കയ്യക്ഷരം തേഞ്ഞതും വക്രിച്ചതുമായിരുന്നു. ഉടഞ്ഞുകൊണ്ടിരിക്കുന്ന മിടിപ്പിന്റെ ലിപികൾ പോലെയായിരുന്നു. പൊളൊക്കിന്റെ അമൂർത്ത ചിത്രം പോലെ. മഷി കൊണ്ടുള്ള കുടച്ചിലുകൾ. ചില വികൃത വരകൾ. കറുത്ത പുസ്തകത്തിലെ വരികളെ അനുസ്മരിപ്പിക്കുന്നു.
“നിശാചകരൻ
Louis XI (14611483) ബ്രാണ്ടി
ലാലിയെ കാർമേഘങ്ങളാക്കി.
ആലിപ്പഴങ്ങൾ
വിഷാദിയുടെ ശിരോകവചമായി.
ആത്മഹത്യ
ഒരു പരാഗമണയലാണ്.
ഉരുകി ഒറ്റുന്ന മഴവില്ല്.
സമാധിയുടെ പ്യൂപ്പ.
വെള്ളിമീനിന്റെ ഹെർബേറിയം.
കഴുത്തിലെ നീല ഞരമ്പ്
വലിഞ്ഞ് മുറുകിയതിനാൽ
ഷെല്ലോവിൽ മൊസാർട്ട് പിടഞ്ഞു.”
തീരുമാനം എടുക്കുന്നതിന് തൊട്ട് മുമ്പ് ഒരു നിഴലാട്ടം അയാളെ അലോസരപ്പെടുത്തിയിട്ടുണ്ട്. അപൂർണ്ണമായ സർറിയലിസ്റ്റിക്ക് നോവലിലെ നൂറ്റിഅറുപത്തിരണ്ടാമത്തെ പേജിലെ വരികളാണ് കൊളുത്തി വലിച്ചത്. ശൂന്യതയിൽ ചത്ത പ്രാവുകളെ പുക ചുരുളുകളാക്കുന്ന അസ്സീസിയിലെ കുഷ്ഠരോഗി. രക്ത ഇതളുകൾ വിടർത്തിയ പരിവ്രാജകൻ. തീപിടിച്ച ഉടലുമായി കുരിശേറുന്ന മൂന്ന് വിശുദ്ധകൾ. വലംകൈ വെട്ടിമാറ്റിയ ബൊളീവിയൻ പ്രവാചകൻ. കരടികളുടെ പൊയ്ക്കാൽ കബൂക്കി നൃത്തത്തിനൊടുവിൽ ഒരു ശവപ്പെട്ടി കുത്തനെ നിർത്തുന്നു. പരിചിതമായ ഒരാൾ പേടകത്തിൽ നിവർന്ന് നിന്ന് ഉറങ്ങുന്നതു കണ്ടു. ഒരു വേള താൻ തന്നെയല്ലേ ആ നിഴലെന്ന് അയാൾ ആശ്ചര്യപ്പെട്ടു. കണ്ണാടിയിലേക്ക് നോക്കി. താൻ അപരനുമായി വാഗ്വാദത്തിലാണ്. അമരത്വം മിഥ്യയാണെന്ന് കണ്ണാടിയിലെ അപരനും, താർക്കികനായ അയാൾ അല്ലെന്നും ശഠിച്ചു.
“മരണം ഉന്മാദിയുടെ യാത്രയാണ്. പ്രാണൻ അറ്റു പോകാത്ത ഒരു കാലത്തിലേക്കുള്ള പ്രയാണം.”
നിഴൽ സൗമ്യമായി മറു മൊഴിതന്നു.
“മരണം ഒരു മാഞ്ഞുപോകലാണ്.”
“ഒരു വീണ്ടു വിചാരം ആവശ്യമാണെന്ന് തോന്നുന്നു.”
അയാൾ അസ്വസ്ഥനായി.
കണ്ണാടിയിലെ പ്രതിബിംബം ഒരു മേഘക്കീറായി രൂപാന്തരപ്പെട്ടിരുന്നു.
യഥാർത്ഥത്തിൽ അന്ന് രാത്രി താൻ ശ്വാസത്തെ മുറിച്ച് മാറ്റിയിരുന്നുവോ, ഇല്ലെന്ന് അയാൾ ഓർക്കാൻ ശ്രമിക്കുന്നു. അതാണ് സത്യമെന്ന് അയാൾ ആഗ്രഹിക്കുന്നു. അലറിക്കരയാൻ ഒരുമ്പെട്ടത് ഓർമ്മയുണ്ട്. അത് തൊണ്ടയിൽ കുരുക്കിയിരുന്നുവെന്നും നിശ്ചയമുണ്ട്. വലത്തെ കൈ ഉയർത്താൻ ശ്രമിച്ചിരുന്നതും അറിവിലുണ്ട്. എല്ലാം തോന്നലായിരിക്കും. മനോരഥങ്ങൾ.
കണ്ണാടിയിലേക്ക് നോക്കാൻ അയാൾ ധൈര്യപ്പെട്ടില്ല. ശ്രമിച്ചതുമില്ല. അവിടെ കുരുക്കിൽ കൊളുത്തിയ പ്രേതം പ്രതിബിംബിച്ചിരുന്നു. അതൊരു ഇൻസ്റ്റലേഷൻ ആർട്ടാണെന്ന് അയാൾ ഓർമ്മിക്കാൻ ശ്രമിച്ചിരുന്നുവോ. കാലം അറ്റുപോയ വ്യാധിയാൽ അയാൾ ഇപ്പോഴും ഉറക്കത്തിലായിരുന്നുവോ.
——————–
അന്യാദൃശമായ സർറിയലിസ്റ്റ് ശൈലി.