Skip to main content

പോഡ്കാസ്റ്റ് ഓപ്പറ (at 60 life is not an ending. It is a second thirties) A ONE WOMAN PLAY

കേരളത്തിലെ അറിയപ്പെടുന്ന നാടകകൃത്തും സംവിധായകനും നടനും തിയേറ്റർ പ്രാക്ടീഷണറും കേരള സാഹിത്യ അക്കാദമി ജേതാവുമാണ് എമിൽ മാധവി. കോഴിക്കോട് ജനിച്ച അദ്ദേഹം നാടക രംഗത്ത് നിരവധി പരീക്ഷണങ്ങളിലൂടെയും വ്യത്യസ്തമായ അവതരണങ്ങളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ്. മുപ്പതോളം നാടകങ്ങൾ എമിൽ മാധവി ചെയ്തിട്ടുണ്ട്.

എമിൽ മാധവി

എമിൽ മാധവി ഒരുക്കിയ പുതിയ ഏകപാത്ര നാടകമായ പോഡ്കാസ്റ്റ് ഓപ്പറ അതിഗംഭീര നാടകാനുഭവമായി. പ്രശസ്ത അഭിനേത്രി സജിത മഠത്തിലാണ് രംഗത്ത് തകർത്താടിയത്. അഭിനയമികവിനെ, നാടകത്തെ കേവലമായ വാക്കുകൾ കൊണ്ട് അഭിനന്ദിച്ചാൽ എങ്ങും എത്തിച്ചേരില്ല. അത്രമേൽ ഗംഭീരം.

മലയാള നാടക-ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും നാടകകൃത്തും ഗവേഷകയുമാണ് സജിത മഠത്തിൽ. അഭിനയമികവിനൊപ്പം സ്ത്രീപക്ഷ നിലപാടുകളും സാമൂഹികബോധവും കലാജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വം.

നാടകവേദിയിൽനിന്ന് സിനിമയിലെത്തിയ സജിത മഠത്തിൽ, ജോയ് മാത്യുവിന്റെ ഷട്ടർ എന്ന ചിത്രത്തിലെ തങ്കം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു. വൈറസ്, കിസ്മത്ത്, പട, ബി 32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങളിലൂടെയും അവർ ശ്രദ്ധേയമായ സാന്നിധ്യമായി.

പ്രായം ചെല്ലുംതോറും മനുഷ്യർ അനുഭവിക്കുന്ന, കൂടുതലായും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് നാടകത്തിന്റെ കാമ്പും കാതലും.

ഓർമ്മ/മറവി, ആരോഗ്യം, പരിഹാസം, ഒറ്റപ്പെടൽ, നഷ്ടപ്പെടൽ ഇങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളെ/പ്രശ്നങ്ങളെ നാടകം ഒരു മണിക്കൂറിനകത്ത് നിർത്തി ചർച്ച ചെയ്യുന്നു.

ദുരിതങ്ങളും ദുരന്തങ്ങളും എങ്ങനെയാണ് മനുഷ്യനിലേക്ക് കടന്നുവരുന്നത്? ആ സമയത്ത് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവർ എന്ത് ചെയ്യുകയായിരിക്കും ആ ഒറ്റപ്പെടലിൽ…!

ചിലർ പെറ്റ്സിനെ വളർത്തി ജീവിതത്തോട് സമരസപ്പെടും. എന്താണ് ഓരോരുത്തർക്കും പെറ്റായി വരുന്നത്? പൂച്ച, നായ, കിളികൾ… അങ്ങനെ പോകുന്നു അത്.

എന്നാൽ കാറ്റിനെ പെറ്റായി കണ്ട് അതിനെ കൂട്ടിലിട്ട് ഇടയ്ക്ക് തുറന്നുനോക്കുന്ന മറവിരോഗി കൂടിയായ ഒരു കഥാപാത്രമായാണ് സജിത മഠത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

എന്താണ് കാറ്റ്…? കാറ്റ് ജീവശ്വാസമാണ്. ഒരാളുടെ കാറ്റുപോയി എന്നാൽ എന്താണ് അർത്ഥം? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളും നാടകത്തിൽനിന്ന് പ്രേക്ഷകരുടെ മുന്നിലേക്ക് ഉയരുന്നുണ്ട്.

ആ കാറ്റിനെ… പ്രാണവായുവിനെ ഓമനയായി കണ്ട് കൂട്ടിലിട്ട് വെച്ചിരിക്കുകയാണ്. അതാണിനി ഏക ആശ്രയം, സ്വാന്തനം എന്ന മട്ടിൽ.

ഇങ്ങനെ ജീവിതത്തിലെ ഓരോരോ അനുഭവങ്ങൾ നവീനകാലത്തെ സാധ്യതയായ പോഡ്കാസ്റ്റിനെ ഉപയോഗപ്പെടുത്തി അവർ ലോകത്തെ അറിയിക്കുകയാണ്. അങ്ങനെയാണ് നാടകം മുന്നേറുന്നത്.

66-ാമത്തെ എപ്പിസോഡ് ചെയ്യാൻ ശ്രമിച്ചിട്ടും ആകെ പോഡ്കാസ്റ്റ് ചെയ്യാനായത് 11 എണ്ണം മാത്രമാണ് എന്നതുകൂടി നാടകത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ചിലപ്പോൾ മറവിമൂലം, മറ്റ് ചിലപ്പോൾ അവതരിപ്പിക്കപ്പെടുന്ന വിഷയത്തിന്റെ വികാരസാന്ദ്രതയിൽ നിയന്ത്രിക്കാനാവാത്ത സങ്കടക്കരച്ചിലിൽ പെട്ട് ഉഴലുമ്പോൾ, ഒക്കെ പ്രോഗ്രാം പോഡ്കാസ്റ്റ് ചെയ്യാൻ കഴിയാതെ വരുന്നു.

ഇങ്ങനെ വിവിധങ്ങളായ നാലഞ്ച് കഥാപാത്രങ്ങൾ കൂടിയായി നിമിഷനേരങ്ങൾ കൊണ്ട് ഭാവം മാറി അവർ രംഗം കീഴടക്കുന്നു. ഓരോ കഥാപാത്രങ്ങളും ഓരോരോ അവസ്ഥകളെ പേറുന്നു.

ഏറെ തന്മയത്വത്തോടെ എല്ലാ കഥാപാത്രങ്ങളെയും സജിത മഠത്തിൽ വിസ്മയിപ്പിക്കുന്നു. വാക്കുകൾ കൊണ്ട് സൂചിപ്പിക്കാനാവാത്തത്ര ഹൃദ്യവും മനോഹരവും.

സനില്‍ നടുവത്ത്

പ്രമുഖ വ്യക്തിത്വങ്ങളായ ജോയ് മാത്യു, ജയപ്രകാശ് കുളൂർ, കെ. അജിത, ദീദി ദാമോധരൻ, ആസാദ്, പി. കെ. പോക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങുണർന്നത്.

(കോഴിക്കോട് ആനക്കുളം സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് റെഡ് യങ്സ് വെള്ളിമാട്കുന്ന് ആണ് പരിപാടി സംഘടിപ്പിച്ചത്.)

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.