Skip to main content

സിനിമ മാത്രം ഭക്ഷിച്ച്‌ ജീവിച്ച ഏകാകി

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വിയുടെ തിങ്കൾ പംക്തി തുടരുന്നു…

നുറുങ്ങുകൾ ‐ 25

എസ്‌ സത്യേന്ദ്ര

എല്ലാവർക്കും എല്ലാറ്റിന്റെയും വിലയറിയാം എന്നാൽ ഒന്നിന്റെയുംമൂല്യമറിയില്ലെന്ന ഐറിഷ് എഴുത്തുകാരനും കവിയും നാടകകൃത്തുമായിരുന്ന ഓസ്കാർ വൈൽഡിന്റെ പ്രസ്താവം പ്രശസ്തം. 1890ൽ ഇറങ്ങിയ “ദി പിക്ചർ ഓഫ് ദൊറിയൻ ‘ നോവലിലെ ഒരു കഥാപാത്രമാണ് അങ്ങനെ പറഞ്ഞത്. എല്ലാറ്റിന്റെയും മൂല്യമറിയുന്ന ആളുകൾ എന്നാൽ പണത്തിന്റേതടക്കം പലതിന്റെയും വിലയറിയാത്തവരാണ്. അത്തരക്കാർക്ക് വാസയോഗ്യമല്ലാത്ത ഇടമായി ഭൂഗോളം മാറിയിരിക്കുകയാണെന്നതാണ് നേര്. അങ്ങനെയുള്ള എത്രയോ വിചിത്ര മനുഷ്യരെ ലോകത്തെമ്പാടും പരിചയപ്പെടാനായിട്ടുണ്ട്. അവരെല്ലാം പാഠങ്ങളും അനുകരണീയ മാതൃകകളും പാഠപുസ്തകങ്ങളുമാണ്. വിവിധ ഭാഷകളിലും സാഹിത്യത്തിലും സിനിമയിലും അപാരമായ നിലയിൽ ആഴത്തിൽ മുദ്രപതിപ്പിച്ച പ്രതിഭ പണം കൊതിക്കാത്തതിനാൽ മാത്രം ജീവിതത്തിൽ പരാജിതന്റെ വേഷത്തിൽ ഒടുങ്ങേണ്ടിവന്നത്‌ സാമൂഹ്യ ദുര്യോഗവും. 2018 സപ്തംബർ 26 മുതൽ 30 വരെ അലയൻസ് ഫ്രാൻസൈസ് ഡി പോണ്ടിച്ചേരി, സിനിമാ പാരഡീസോ തുടങ്ങിയ വേദികളിൽ നടന്ന പോണ്ടിച്ചേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പിഐഎഫ്‌എഫ്‌) ഏവരുടെയും ശ്രദ്ധകവർന്ന എസ്‌ സത്യേന്ദ്ര എട്ടു വർഷമായി എനിക്ക്‌ സുഹൃത്തും അതിലേറെ ജ്യേഷ്‌ഠനുമായിരുന്നു. തമിഴ് ചിത്രങ്ങൾ കണ്ടാണ്‌ വളർന്നതെങ്കിലും അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള അറിവും അനുഭവവും നിരവധി ചലച്ചിത്ര മേളകളിൽ അദ്ദേഹത്തിന്‌ പ്രവേശനം നേടിക്കൊടുത്തു. ചെഴിയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ടു ലെറ്റ് (2017) ഉദ്‌ഘാടന ചിത്രമായിരുന്ന പോണ്ടിച്ചേരി മേളയുടെ ബ്രാൻഡ് അംബാസഡറും ഉപദേഷ്ടാവുമായത്‌ നടൻ ആദിൽ ഹുസൈൻ. ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്, ലൈഫ് ഓഫ് പൈ (രണ്ടും 2012) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന അദ്ദേഹം ഹോട്ടൽ സാൽവേഷൻ, മജ് രതി കേതകി എന്നിവയ്‌ക്ക്‌ 64-ാ‐മത് ദേശീയ അവാർഡുകളിൽ സ്പെഷ്യൽ ജൂറി പരാമർശം നേടുകയുണ്ടായി. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, തമിഴ്, മറാത്തി, മലയാളം, നോർവീജിയൻ, ഫ്രഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

ഒട്ടേറെ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഡോ. പി വി ജോസിന്റെ ‘ഖരം’

ഒട്ടേറെ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മലയാള ചിത്രം ‘ഖരം’ മത്സര സ്‌ക്രീനിങ്ങിന്‌ സംവിധായകൻ പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റ്‌ ഡോ. പി വി ജോസിനൊപ്പം എത്തിയതായിരുന്നു ഞാൻ. 1950 ‐70 കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ-‐സാമൂഹിക ചരിത്രം അനാവരണംചെയ്‌ത അത്‌ പോണ്ടിച്ചേരി ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങൾ നേടി. ഡോക്യുമെന്ററികൾ, ആനിമേഷനുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നൂറിലേറെ സിനിമകൾ പ്രദർശിപ്പിച്ച ഫെസ്‌റ്റിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം മാഹീൻ മിർസയുടെയും റിഞ്ചിൻ റിഞ്ചിന്റെയും തിരക്കഥയിൽ മൗലിന മിഡ്ഡെ, ഷീല റാവത്ത്‌, മധു ഭഗത് തുടങ്ങിയവരെ അണിനിരത്തി ഏക്‌താര കലക്ടീവ്‌ ഒരുക്കിയ ഹിന്ദി ചിത്രം തുരുപ്പ് (ചെക്ക്മേറ്റ്) കല്ലൂരി (2007), പരദേശി (2013), ജോക്കർ (2016) തുടങ്ങി പ്രശംസ നേടിയ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകനും സന്തോഷ് ശ്രീറാം, സുശീല, ധരുൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെഴിയൻ പുറത്തിറക്കുകയും ചെയ്‌ത തമിഴിൽനിന്നുള്ള ടു ലെറ്റ്‌ എന്നിവ പങ്കിട്ടു. ഖരം പ്രദർശിപ്പിച്ച ശേഷമുള്ള ഓപ്പൺ ഫോറത്തിൽ ആദ്യം തന്നെ വിശദമായി സംസാരിച്ച സത്യേന്ദ്രയുടെ നിരീക്ഷണങ്ങൾക്ക്‌ സദസ്‌ സാകൂതം കാതോർത്തു. പിന്നീടുള്ള നാല്‌ ദിവസങ്ങൾ ഞങ്ങൾ ഇരുവരും മിക്ക സമയങ്ങളിലും ഒന്നിച്ചായിരുന്നു. ചർച്ചകളും സംവാദങ്ങളും ജീവിതാനുഭവങ്ങളും നിറഞ്ഞ കൂടിച്ചേരൽ. തിരുവനന്തപുരം, ഗോവ അന്താരാഷ്ട്ര മേളകളിൽ കണ്ടിരുന്നെങ്കിലും പരിചയപ്പെടാനായിരുന്നില്ല. പ്രിയപ്പെട്ട ഒരാളുടെ മരണം അംഗവിഛേദം പോലെയാണ്. ജീവിതം ഹ്രസ്വമായിരിക്കാം, എന്നാൽ എന്നെന്നും നിലനിൽക്കുന്നത് സ്‌മരണകൾമാത്രം. ഓർമിക്കാൻ ഒരുപാട് കാര്യങ്ങൾ തന്ന ഒരാളെ മറക്കാൻ ഏറെ പ്രയാസം.നമ്മുടെ സ്നേഹത്തിന്റെയും ചിരിയുടെയും ബാക്കിപത്രം ദുഃഖത്തിലൂടെ നമ്മെ കൊണ്ടുപോകുമെന്നാണ്‌ സത്യേന്ദ്ര അവശേഷിപ്പിച്ച സത്യവാങ്‌മൂലം. ചെന്നൈ വെസ്റ്റ് കോട്ട് റോഡിൽ 1911 ൽ സ്ഥാപിതമായ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2026 മെയ്‌ 28ന്‌ അറുപത്തിയഞ്ചാം വയസ്സിൽ സത്യേന്ദ്ര മരിച്ചെന്നറിഞ്ഞത്‌ തീർത്തും വേദനാജനകമായി.

അജ്ഞാത ജഡംപോലെ ആ ഇറങ്ങിപ്പോക്കും നിത്യനിദ്രയും

മൊബൈൽ ഫോൺ കോളുകളും സൗഹൃദകൂട്ടായ്‌മയും ബാങ്ക്‌ രേഖകളും പരിശോധിച്ച്‌ ബെംഗലൂരുവിലെ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ പൊലീസ്‌ മേധാവികൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നത്‌ അതേക്കാൾ സങ്കടകരം. കുറച്ചു ദിവസം അജ്ഞാത ജഡംപോലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. നടനും നിർമാതാവുമായ വിശാൽ കൃഷ്ണ റെഡ്ഡിയും അഭിനേത്രിയും എഴുത്തുകാരിയുമായ വിനോദിനി വൈദ്യനാഥനും അദ്ദേഹത്തിന്റെ ബന്ധുവേരുകൾ കണ്ടെത്താൻ പലവഴികളും തേടുകയുണ്ടായി. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താത്തതിൽ ദുഃഖിച്ച വിനോദിനി അതിനായി അപേക്ഷയും നൽകി. നടൻ, സംവിധായകൻ, യൂട്യൂബർ, നിരൂപകൻ, വിവർത്തകൻ, ചലച്ചിത്രാധ്യാപകൻ തുടങ്ങിയ രംഗങ്ങളിൽ വിവിധ ഭാഷകളിലായി നിറഞ്ഞ സംഭാവനകൾ നൽകിയിട്ടും ആ വിയോഗത്തിന്റെ ആഴം തിരിച്ചറിയപ്പെടാതെ പോയത്‌ ഉള്ളുലയ്‌ക്കുന്നതാണ്‌. സത്യേന്ദ്രയുടെ അകാല വേർപാടിൽ സംവിധായകനും ഗാനരചയിതാവും നടനും കിഴക്കു വാസൽ (1990), ചിന്ന ഗൗണ്ടർ (1992), യജമാൻ , പൊന്നുമണി (1993) തുടങ്ങിയ ചിത്രങ്ങൾ നിർമിക്കുകയും രണ്ട് തെലുങ്ക് ചിത്രങ്ങൾ ഒരുക്കുകയും ചെയ്‌ത ആർ വി ഉദയകുമാർ അനുശോചന പോസ്റ്റിൽ പറഞ്ഞത്‌, “ഓ സത്യേന്ദ്രാ.. സിനിമ പഠിക്കാൻ ഇത്രയും താൽപ്പര്യമുണ്ടായ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, സുഹൃത്തേ കഴിഞ്ഞ ആഴ്ച പ്രസാദ് ലാബിന് എതിർവശത്തെ ചായക്കടയിൽ താങ്കളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ചലച്ചിത്രങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് 1985 ൽ സംസാരിച്ചത് ഇപ്പോഴും എന്റെ ഓർമയിലുണ്ട്‌. നിങ്ങളുടെ വിയോഗം സിനിമയ്ക്ക് വലിയ നഷ്ടമാണെന്നാണ്‌. അജ്ഞാത ജഡംപോലെയായി ആ ഇറങ്ങിപ്പോക്കും നിത്യനിദ്രയും. നായക കഥാപാത്രങ്ങളടക്കം ഫ്രഞ്ച്‌, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മലയാളം, തമിഴ്‌, ഹിന്ദി എന്നിങ്ങനെ ഏഴ്‌ ഭാഷകളിൽ നൂറ്റിയിരുപതിലധികം സിനിമകളിൽ അഭിനയിച്ച ആ അപൂർവ മനുഷ്യൻ അക്ഷരാർഥത്തിൽ പലരെയും പിടിച്ചു കുലുക്കി. ഇല്ലായ്മകളുടെ തീപൊള്ളലേറ്റ് കരിയുമ്പോഴും ലാളിത്യവും വിനയവും സൗമ്യതയും പരസ്പര ബഹുമാനവും പുലർത്തി നിർവ്യാജമായ ചെറുപുഞ്ചിരി പ്രസരിപ്പിക്കുകയായിരുന്നു. സംസാരിച്ചപ്പോൾ അറിവിന്റെയും വ്യത്യസ്തമായ ലോകവീക്ഷണത്തിന്റെയും വായനയുടെയും മഹാത്ഭുതമായി അനുഭവപ്പെട്ടു. സംഭ്രമജനകമായ സിനിമപോലെ തോന്നിപ്പിക്കുന്ന കഥയാണ് അദ്ദേഹം. അഭ്രപാളിയുടെ മൂലധന നിറക്കൂട്ടുകളെക്കാൾ കൊതിപ്പിച്ചത് സർഗാത്മകാന്വേഷണങ്ങൾ. തന്നെ വേണ്ടെന്ന്‌ തോന്നുന്നിടങ്ങളിൽനിന്ന്‌ വേഗം വഴിമാറി നടക്കാനും മടിച്ചില്ല.

പ്രതാപത്തിന്റെ നെറുകയിൽനിന്ന്‌ അതിശുഷ്‌ക്ക ജീവിതത്തിലേക്ക്‌

ആന്ധ്രാപ്രദേശിലെ കുഗ്രാമത്തിൽ പ്രതാപങ്ങളോടെ കഴിഞ്ഞ കുടുംബത്തിലെ മൂന്നാം തലമുറയിലെ കണ്ണിയായിരുന്നു സത്യേന്ദ്ര. അച്ഛന്റെ അച്ഛൻ വലിയ കൊപ്ര വ്യാപാരി. അമ്മയുടെ അച്ഛൻ മൈസൂർ മഹാരാജാവിന്റെ സുരക്ഷാസേനയിലെ പ്രധാനി. പതുക്കെ അവർ കർണാടകയിലേക്ക് പറിച്ചുനടപ്പെട്ടു. ജനനം- തുമകുരു ജില്ലയിലെ പ്രധാന വാണിജ്യ‐ കാർഷിക കേന്ദ്രമായ തിപ്പുത്തർ ഗ്രാമത്തിൽ (തിപ്തൂർ എന്നും അറിയപ്പെടുന്നു) 1960 ജൂൺ ആറിന്. തലസ്ഥാനമായ ബെംഗലൂരുവിന്റെ 130 കിലോമീറ്റർ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൊപ്ര വിപണികളിൽ ഒന്നായ അത് പ്രധാന വ്യാപാര ലേലങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പിതാവ് സജീവയ്യ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ. അമ്മ നരസമ്മ സ്കൂൾ ഹെഡ്‌മിസ്ട്രസ്. എട്ട്‌ സഹോദരങ്ങൾ. 11-‐ാം വയസ്സുമുതൽ ആ ബാലൻ കഠിനങ്ങളായ പ്രാരബ്ധങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടു. മകന് അച്ഛനിൽനിന്ന് ആകെ കിട്ടിയത് പേരിന്റെ ഇനിഷ്യലായ എസ്(സജീവയ്യ) മാത്രം. സമൃദ്ധിയുടെ കുന്നിൻ പുറത്തായിരുന്ന കുടുംബം അതിവേഗം തകർച്ചയുടെ നെല്ലിപ്പടി കണ്ടു. വിനയായത് അച്ഛന്റെ പകൽ മുഴുവനുമുള്ള ചൂതാട്ട ഭ്രാന്ത്. മകന്‌ 14 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചതിനാൽ വീണ്ടും ദാരിദ്ര്യത്തിലേക്ക്. അതിനിടയിലും സത്യേന്ദ്ര പിടിച്ചുനിന്ന് സ്വയം നിർമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മാതൃഭാഷ തെലുങ്കാണെങ്കിലും 1858ൽ റവ. ജോൺ ഗാരറ്റ് സ്ഥാപിച്ച രാജ്യത്തെ ആദ്യ കലാലയങ്ങളിലൊന്നായ ബംഗലൂരു സെൻട്രൽ കോളേജിൽ നിന്ന് കന്നഡ സാഹിത്യത്തിലും തത്ത്വചിന്തയിലും രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സമ്പാദിച്ചു. നാടകത്തിൽ ബി എയും ഫ്രഞ്ച്, ജർമൻ ഭാഷകളിൽ ഡിപ്ലോമയും നേടി. ഇറ്റാലിയൻ,സ്പാനിഷ് ഭാഷകൾ കൈകാര്യം ചെയ്യാനും പഠിച്ചു. അവയെല്ലാം വഴി ലോകസാഹിത്യത്തിൽ ആഴത്തിൽ അവഗാഹം നേടിയ അദ്ദേഹം സ്വതന്തപത്രപ്രവർത്തകനായി കന്നഡയിലും ഇംഗ്ലീഷിലും ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കഥകളും കവിതകളും നാടകങ്ങളും രചിച്ചു. ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പഠിപ്പിക്കാൻ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുമായിരുന്നു. ജർമൻ, ഫ്രഞ്ച്, പോർച്ചുഗീസ്, സ്വീഡിഷ്, നോർവീജിയൻ, ഡാനിഷ്, ഫിന്നിഷ്, പോളിഷ്, ഹംഗേറിയൻ, സ്പാനിഷ് എന്നിവയിൽ നിന്ന് ഇംഗ്ലീഷിലേക്കും തമിഴ് കവിതകൾ സ്പാനിഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സുതൊട്ട്‌ എംജിആറിന്റെ ഹിറ്റ് തമിഴ് സിനിമകൾ കാണാൻ തുടങ്ങി. വീട് വിട്ട് സത്യേന്ദ്ര ചെന്നൈയിലേക്ക് പോയത്‌ ഒരു തലൈ രാഗം, നെഞ്ചത്തെ കിള്ളാതേ തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ച തമിഴ് ചലച്ചിത്ര പ്രവർത്തകരുടെ പട്ടികയും കൈയിൽ. വിദ്യാർത്ഥി കാലം മുതൽ നാടക‐സിനിമാ അഭിനയത്തിൽ അഭിനിവേശമുണ്ടായ സത്യേന്ദ്ര നിരവധി ഭാഷകളിലായി 13000 സിനിമകൾ കാണുകയുണ്ടായി. കോളേജ് പഠനകാലത്തേ നാടകങ്ങളിൽ വേഷമിട്ട ആ യുവാവ്‌ അമച്വർ തിയറ്റർ സംഘങ്ങളുടെ അഭേദ്യഭാഗമായി. പ്രക്ഷോഭ നാടകവേദിയുടെ വക്താക്കളും പ്രയോക്താക്കളുമായ ബി വി കാരന്ത്, ഗിരീഷ് കർണാട് തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. സമാന്തര സിനിമയുടെ തുടക്കക്കാരിൽ ഒരാളും 35 കന്നഡ ചിത്രങ്ങളുടെ സംവിധായകനുമായ ടി എസ് നാഗാഭരണ (തലക്കാട് ശ്രീനിവാസയ്യ നാഗാഭരണം) 1981 ൽ ഒരുക്കി 26-ാ‐മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ദേശീയോദ്ഗ്രഥന ഫീച്ചർ ഫിലിം, തിരക്കഥ എന്നീ അംഗീകാരങ്ങൾ നേടിയ “ഗ്രഹണ’ കന്നഡ ചിത്രത്തിലൂടെ ചലച്ചിത്ര പ്രവേശനം. ആനന്ദ പരിചരൻ, ജി കെ ഗോവിന്ദ റാവു, വെങ്കിടരമണ ഗൗഡ, മാലതി റാവു തുടങ്ങിയർക്കൊപ്പമുള്ള ആദ്യ സംരംഭം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം ചിത്രം ചന്ദ്രശേഖർ കമ്പാറിന്റെ അതേ പേരിലുള്ള നാടകം അടിസ്ഥാനമാക്കി വിആർകെ പ്രസാദ് സംവിധാനംചെയ്‌ത ഋഷ്യശൃംഗ ആത്മവിശ്വാസം നൽകി. “കന്നട ഭീഷ്മർ’ എന്ന അപരനാമത്തിൽ അറിയപ്പെട്ട ജി വി അയ്യർ (ഗണപതി വെങ്കട്ടരാമ അയ്യർ )ഒരുക്കിയ ചിത്രത്തിലും ചെറു വേഷം. ആദ്യ കന്നഡ ടെലിവിഷൻ നടനും സത്യേന്ദ്രയാണ്. 2018 ൽ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനാവുകയും ജ്ഞാനപീഠം നേടുകയും ജോകുമാരസ്വാമി, സാംബശിവ പ്രസംഗം, ശിവപുരാണ തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനും കന്നഡ കവിയും നാടകകൃത്തും നാടോടിക്കഥാകാരനുമായ ചന്ദ്രശേഖര കമ്പാർ ഒരുക്കിയ ആനെ ബന്ധു ആനെ ( ആന വരുന്നു, ഇതാ വരുന്നു ) കുട്ടികളുടെ ചിത്രത്തിലൂടെയാണ് ആ പദവി സ്വന്തമാക്കിയത്. കവി വൈ എസ് കൃഷ്ണ മൂർത്തി എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് ജിമിരാജ്. ഗായകൻ രാജേഷ് കൃഷ്ണൻ എഴുതിയ ലഹരി ഭാവഗേതേഗലു ആൽബത്തിലൂടെ അത് ജനപ്രിയമായി. അമേരിക്കക്കാരൻ ജാക്വലിൻ ഹെന്നി സംവിധാനം ചെയ്ത ഔർ ടൗണിലും അഭിനയിച്ചു. ഹോളിവുഡ്‌ സംവിധായകൻ എറിക്‌ മാനിന്റെ ‘മായ’യിലും അതിശ്രദ്ധേയ വേഷം.

ഒരു സീരിയലിലെ വേഷം

ബസ്സിന് മുകളിൽ കയറ്റിയ തുരുമ്പിച്ച സൈക്കിളും മുന്നൂറ്‌ രൂപയും

സത്യേന്ദ്ര ചെന്നൈയിലെത്തുന്നത് ഇല്ലായ്മയുടെ കടുത്ത നിരാശവിടാതെ പിന്തുടർന്ന ഘട്ടത്തിലായിരുന്നു. സന്തതസഹചാരിയായ തുരുമ്പിച്ച സൈക്കിൾ ലഗേജായി ബസ്സിന് മുകളിൽ കയറ്റിവെച്ച് പലായനംപോലൊരു യാത്ര. കൈയിലാകെ മുന്നൂറ് രൂപ. ചെന്നൈയിൽ ഒരാളെപ്പോലും പരിചയമില്ല. തെരുവു പൈപ്പു വെള്ളം അകത്താക്കി പിടിച്ചുനിന്ന ദുർഘട ദിനങ്ങൾ. അനിശ്ചിതത്വം മാത്രം കൂട്ടുണ്ടായ വേളയിലായിരുന്നു സോമസുന്ദരേശ്വരനും അരുൺമൊഴിയ്‌ക്കുമൊപ്പം രചന നടത്തി കെ ഹരിഹരന്റെ പ്രഥമ സംവിധാന സംരംഭമായ ഈഴവത്തു മനിതൻ (എഴുന്നേൽക്കുന്ന മന്യേൻ) ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 1982 ജൂൺ 11 ന്‌ പുറത്തിറങ്ങിയ അതിൽ രഘുവരനൊപ്പം തരക്കേടില്ലാത്ത സ്ഥാനം. ആനന്ദ് എന്ന നായക വേഷത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും. നൂറു ദിവസത്തിലധികം നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തിയ അത്‌ യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ പരിസ്ഥിതി മലിനീകരണത്തെയും വ്യാവസായിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെയും കേന്ദ്രീകരിച്ചായിരുന്നു. തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ വരികൾക്ക് എൽ വൈദ്യനാഥൻ രചിച്ച ആൽബത്തിൽ നിന്നാണ് സൗണ്ട്‌ട്രാക്ക്. രത്‌ന, ദീപക്, രംഗ, അനിത മാത്യൂസ്, രൂപ സൗദ, രമണമൂർത്തി, സതീഷ്, ആർ കെ രാമൻ തുടങ്ങിയ പുതുമുഖ നിരയ്‌ക്കൊപ്പം സത്യേന്ദ്രയും അഭിനയിച്ചു. റിലീസ് ചെയ്തപ്പോഴേ വ്യാപക നിരൂപക പ്രശംസ പിടിച്ചുപറ്റി. മികച്ച തമിഴ് ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലും സോവിയറ്റ് യൂണിയനിലും പ്രദർശിപ്പിച്ചു, അവിടെ അത് ആഫ്രോ-ഏഷ്യൻ സോളിഡാരിറ്റി അവാർഡ് നേടി. 1983-ൽ 13-ാ‐മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ സെന്റ് ജോർജ് സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. തമിഴ്, മറാത്തി, ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്‌ത സംവിധായകൻ കെ ഹരിഹരൻ 2021 വരെ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ ക്രിയ സർവകലാശാലാ ഫിലിം സ്റ്റഡീസ് പ്രൊഫസറായിരുന്നു. മുംബൈയിൽ ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ എച്ച് കൃഷ്ണൻ ഈസ്റ്റ്മാൻ കൊഡാക്കിന്റെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്‌. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പൂർവ വിദ്യാർഥിയായ ഹരിഹരൻ 1976 ൽ പിന്നീട്‌ പ്രശസ്‌ത ചലച്ചിത്രകാരരായ മണി കൗൾ, സയീദ് അക്തർ മിർസ തുടങ്ങിയരുൾപ്പെടെ 16 സഹപാഠികളോടൊപ്പം ഘാഷിറാം കോട്‌വാൾ എന്ന പരീക്ഷണാത്മക ചിത്രം നിർമിക്കാൻ യുക്ത് ഫിലിം കോ-ഓപ്പറേറ്റീവ് സ്ഥാപിച്ചു. 1972-ൽ വിജയ് ടെണ്ടുൽക്കർ രചിച്ച മറാത്തി നാടകമാണ് ഘാഷിറാം കോട്‌വാൾ. അതിന്റെ അഭ്രാവിഷ്‌ക്കാരത്തിലാണ്‌ ഓം പുരി ആദ്യമായി അഭിനയിച്ചത്‌. പ്രകാശ് ബെലാവാഡിയും മോഹൻ അഗാഷെയു പ്രധാന കഥാപാത്രങ്ങൾ. സംവിധാനം കെ ഹരിഹരനും മണി കൗളും ചേർന്ന്‌. അരവിന്ദ് ദേശായി കി അജീബ് ദസ്താൻ (1978) എന്ന ചിത്രവും യുക്തിന്റെ ബാനറിൽ ഇറങ്ങി.

കെ. ഹരിഹരൻ - സിനിമകൾ, ജീവചരിത്രം, വാർത്തകൾ, പ്രായം & ഫോട്ടോകൾ | BookMyShow
കെ ഹരിഹരൻ

അവസാന വേഷം ‘ജയിൽ’ തമിഴ്‌ ആക്ഷൻ ചിത്രത്തിൽ

സന്താന ഭാരതിയുടെ കടമൈ കണ്ണിയം കാട്ടുപാട് (1987) ഭാരതിരാജയുടെ മൻവാസനൈ ( മണ്ണിന്റെ സുഗന്ധം ‐ 1983) തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സത്യേന്ദ്ര. ഭാരതീരാജയുടെ മൻവാസനൈ നായികാ-നായകന്മാരായി രേവതിയുടെയും പാണ്ഡ്യന്റെയും പ്രഥമ പരിക്ഷണം. അതിൽ ഇരുവരും തമ്മിലെ ഗാനത്തിൽ അദ്ദേഹം നൃത്തം ചെയ്തു. സത്യേന്ദ്ര പിന്നീട് ശ്രദ്ധേയനായത് 1989 മാർച്ച് 17 ന്‌ വെളിച്ചംകണ്ട “പാട്ടുക്ക് ഒരു തലൈവൻ’ (  പാട്ടിന്റെ നേതാവ്) ചിത്രത്തിൽ. സംവിധാനം രാഷ്ട്രീയ സിനിമകൾക്കായി വിജയകാന്ത്, ആർ കെ സെൽവമണി എന്നിവരുമായി സഹകരിച്ച ലിയാഖത്ത് അലിഖാൻ. അറിവ് എന്ന കഥാപാത്രമായി വിജയകാന്തും ശാന്തിയായി ശോഭനയുമായിരുന്നു മുഖ്യ വേഷങ്ങളിൽ. തുടർന്ന്‌ ആർ പന്നീർശെൽവം രചനയും സംവിധാനവും നിർവഹിച്ച് 2012 ആഗസ്‌ത്‌ 24 ന്‌ ആദ്യ പ്രദർശനം നടത്തിയ തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ 18 വയസ്സ്. ജോണി, ഗായത്രി, രോഹിണി, യുവറാണി, മുഹമ്മദ് ഫാസിൽ, ജെ സെന്തിൽ കുമാർ, സേവാഴൈ, ഡോ. സൂരി, കൃഷ്ണ ഡാവിഞ്ചി തുടങ്ങിയവർക്കൊപ്പം ജോക്കിയായെത്തിയ സത്യേന്ദ്രയുടെ പേരും പോസ്‌റ്ററിൽ ഇടംനേടി. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് ഒരു നിരൂപകൻ എഴുതിയത്‌, സാങ്കൽപ്പിക പിസ്റ്റളുകളുള്ള ഭ്രാന്തനായ ജോക്കിയായി സത്യേന്ദ്ര അമ്പരപ്പിച്ച ശ്രദ്ധേയ ചിത്രമാണതെന്നാണ്‌. വെയിൽ (2006), അങ്ങാടിത്തെരു (2010), കാവ്യ തലൈവൻ (2014) എന്നിവയുൾപ്പെടെ നിരൂപക പ്രശംസ നേടിയ സിനിമകൾ നിർമിച്ച ജി വസന്തബാലൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്‌ 2021 ഡിസംബർ ഒമ്പതിന്‌ റിലീസായ ജയിൽ എന്ന തമിഴ് ആക്ഷൻ ക്രൈം ചിത്രത്തിലാണ് അദ്ദേഹം അവസാനം വേഷമിട്ടത്‌. ജി വി പ്രകാശ് കുമാർ, അബർണതി കലൈയരശൻ, പസംഗ പാണ്ടി, നന്ദൻ റാം, രാധിക ശരത്കുമാർ, രവി മറിയ, ആടുകളം നരേൻ, ശരണ്യ രവിചന്ദ്രൻ, ജെന്നിഫർ, കെവിഎൻ മണിമേഖലൈ,എസ് കെ ജീവ, പി ടി സെൽവകുമാർ, പൂ രാമു എന്നിവർക്കൊപ്പം കാവേരി നഗർ സ്വദേശിയായി സത്യേന്ദ്രയെത്തി.

കെ പി കൃഷ്‌ണദാസിന്റെ തിരശീല വീഴാത്ത ഓർമകൾ

വൻകരകൾക്കപ്പുറമുള്ളതടക്കം എത്രയോ ഭാഷകൾ അറിയുന്ന സത്യേന്ദ്രയ്‌ക്ക്‌ എന്നാൽ വഞ്ചനയുടെയും സാമർഥ്യത്തിന്റെയും കുശാഗ്രബുദ്ധിയുടെയും അക്ഷരങ്ങൾ പരിചയമേയുണ്ടായില്ല. അതിനാൽ കൈയിലെ നീക്കിയിരിപ്പെല്ലാം ഒഴിഞ്ഞു. ‘കുറുപ്പിന്റെകണക്കു പുസ്തകം’ കക്ഷത്തിൽ തിരുകാൻ ഇഷ്ടപ്പെടാത്തതിനാൽ ആരോടും ന്യായമായ പ്രതിഫലം ആവശ്യപ്പെട്ടതുമില്ല. അവിവാഹിതനായ അദ്ദേഹം വടപളനി പോസ്റ്റോഫീസിനടുത്ത് അസൗകര്യങ്ങളുടെ വീർപ്പുമുട്ടൽ മാത്രമുള്ള കൊച്ചു വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. 3500 രൂപ മാസ വാടകപോലും ചിലപ്പോഴെല്ലാം മുടങ്ങി. ചില സുമനസുകളുടെ സഹായമാണ്‌ സാന്ത്വനമായത്‌. അതിൽ പ്രധാനി രണ്ടു പതിറ്റാണ്ടു മുമ്പ്‌ തൃശൂർ കുന്നംകുളം പെരുമ്പിലാവിൽനിന്ന്‌ ചെന്നൈയിലേക്ക്‌ കുടിയേറി വടപളനിയിൽ ബ്രദേഴ്‌സ്‌ പോയിന്റ്‌ കഫേ നടത്തിവരുന്ന കൊട്ടിലയിൽ പുത്തൻപുരയിൽ(കെ പി) കൃഷ്‌ണദാസ്‌. കാശില്ലാതെയും അദ്ദേഹം വേണ്ടതെല്ലാം നൽകി. സിനിമ മാത്രം ഭക്ഷിച്ച്‌ ജീവിക്കുകയായിരുന്നു സത്യേന്ദ്ര. അതിനാൽ ആരോഗ്യം അകാലത്തിൽ ക്ഷീണിതമായി, നിത്യചലനങ്ങൾ താറുമാറാവുകയും ചെയ്‌തുവെന്നാണ്‌ കൃഷ്‌ണദാസ്‌ പറഞ്ഞത്‌. പ്രാതൽപോലും കഴിക്കാതെ കാലത്തുതന്നെ അദ്ദേഹം നരച്ച തുണി സഞ്ചിയിൽ പുസ്‌തകവുമായി ഇറങ്ങും. വടപളനി, കമല തിയേറ്റർ, ചെന്നൈ വിരുഗമ്പാക്കത്ത് ആർക്കോട്ട് റോഡിലെ ചന്ദ്രാ മെട്രോ മാൾ, ജർമൻ സർക്കാരിന്റെ അംഗീകാരമുള്ള നുങ്കമ്പാക്കത്തെ മാക്സ് മുള്ളർ ഭവൻ( ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്‌), അലയൻസ് ഫ്രാങ്കൈസ്‌, എ വി മെയ്യപ്പൻ (മെയ്യപ്പ ചെട്ടിയാർ, എവിഎം എന്നിങ്ങനെയും അറിയപ്പെടുന്നു) സ്ഥാപിച്ച വലിയ എസ്റ്റേറ്റിൽ വ്യാപിച്ചുകിടക്കുന്ന ഐക്കണിക് കോംപ്ലക്‌സായ എവിഎം സ്റ്റുഡിയോകൾ എന്നിവ ഏതെങ്കിലും ലഷ്യമാക്കി സൈക്കിൾ ചവിട്ടും. അത്‌ തീർത്തും ഉപയോഗശൂന്യമായപ്പോൾ കാൽനടയായി ആശ്രയം. വിദേശ സുഹൃത്തുക്കളെത്തിയാൽ ആർക്കോട്ട് റോഡിൽ മുമ്പ് ഫോറം വിജയ മാൾ ആയിരുന്ന വിജയ മാളിലേക്ക്‌ ക്ഷണിക്കും. മെട്രോ സ്റ്റേഷനും ബസ് ടെർമിനലിനും സമീപമായി സ്ഥിതി ചെയ്യുന്ന അതിന്റെ ആകർഷണം നഗരത്തിലെ ഏറ്റവും വലിയ പ്രീമിയം സിനിമാശാലകളിൽ ഒന്നായ പലാസോ വെലോസിറ്റിയാണ്‌. ചെറിയ കാശ്‌ കൈയിൽ തടഞ്ഞാൽ അഞ്ച് രൂപയ്ക്ക് തൈർ‐ സാമ്പാർ സാണങ്ങൾ വിളമ്പുന്ന അമ്മാ ഉണവാഗ (അമ്മ കാന്റീൻ) ത്തിലേക്ക്. ഇഡ്ഡലിക്ക്‌ ഒരു രൂപ, പൊങ്കൽ അഞ്ചു രൂപ, ചപ്പാത്തി ഗ്രേവിയോടൊപ്പം രണ്ടെണ്ണത്തിന്റെ സെറ്റിന് മൂന്നു രൂപ എന്നിങ്ങനെയാണ്‌ നിരക്ക്‌. ശിവാന്ദർ ഹാർഡ്‌വേഴ്‌സിൽ വ്യാഴാഴ്‌ചകളിൽ നൽകിവരുന്ന സൗജന്യ ഭക്ഷണത്തിനും സത്യേന്ദ്ര വരിനിന്നിട്ടുണ്ട്‌. അതുപോലെ ഫെയ്‌മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻസ്) സിടിഎംഎ (കോൺഫെഡറേഷൻ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷൻസ്) തുടങ്ങിയ മലയാളീ കൂട്ടായ്‌മകളുടെ ആഘോഷങ്ങളിലുമെത്തുമായിരുന്നു.

രജനീകാന്ത്‌

ശിവാജി റാവു ഗെയ്ക്ക്‌വാദിന്‌ ബീഡി നൽകിയ അപരിചിതൻ

ആർക്കുനേരെയും കൈനീട്ടാത്ത സത്യേന്ദ്ര വിശപ്പ്‌ ആമാശയം ചുരമാന്തിയാൽ ചില ക്ഷേത്രങ്ങളെ ആശ്രയിക്കും. വടപളനി വെങ്ങീശ്വരർ ക്ഷേത്രം, ശിവൻ കോവിൽ, അരുൾമിഗു ആണ്ടവർ മുരുഗൻ ടെംപിൾ തുടങ്ങിയവയെ. രജനീകാന്ത്, രഘുവരൻ തുടങ്ങിയവരുടെ ആദ്യകാല സിനിമാ യാത്രകളിൽ സത്യേന്ദ്ര ഒപ്പമുണ്ടായി. അടുത്ത സുഹൃത്തായ രഘുവരൻ പലപ്പോഴും വടപളനിയിലെ താമസസ്ഥലത്ത്‌ എത്തുമായിരുന്നു. ഒപ്പം ഒരേ മുറിയിൽ താമസിച്ചിരുന്നതായി അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന അവിശ്വസനീയമായ സംഭവവും കെ പി കൃഷ്‌ണദാസ്‌ എടുത്തിട്ടു. പ്രശസ്ത സംവിധായകൻ കെ ബാലചന്ദ്രറിന്റെ ചെന്നൈ മൈലാപ്പൂരിലെ കവിതാലയ പ്രൊഡക്ഷൻസ് ഓഫീസിന്റെ ഉമ്മറത്ത്‌ രണ്ട്‌ കർണാടക യുവാക്കൾ അദ്ദേഹത്തെ കണ്ട്‌ അവസരം ചോദിക്കാൻ ഇരിക്കുന്നു. കാത്തിരിപ്പ്‌ നീണ്ട്‌ വീർപ്പുമുട്ടിയതിനാൽ അതിലൊരാൾ ബീഡിയുണ്ടോയെന്ന്‌ അപരനോട്‌ തിരക്കിയപ്പോൾ അത്‌ നീട്ടി. ഒന്ന് അയാളും വലിച്ചു. ബീഡി കടംവാങ്ങിയ കർണാടക‐തമിഴ്‌നാട്അതിർത്തിയിലെ നാച്ചിക്കുപ്പം ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബാംഗമായ ശിവാജി റാവു ഗെയ്ക്ക്‌വാദ് തമിഴിൽ വില്ലനായി ചെറുതായി തുടങ്ങി രജനീകാന്ത്‌ എന്ന നായകനായി വളർന്ന്‌ തലൈവർ എന്ന വിളിപ്പേരിൽ സൂപ്പർസ്‌റ്റാറായി സ്ഥിരപ്രതിഷ്‌ഠനേടി. ബീഡി കൊടുത്തയാൾ എന്നും കിതച്ച സത്യേന്ദ്ര. അങ്ങനെ ഒന്നുമാവാതെ മരിച്ചവരുടെ ജീവിതം ജീവിച്ചിരിക്കുന്നവരുടെ ഓർയിലാണെന്ന റോമൻ രാഷ്ട്രതന്ത്രജ്ഞനും തത്ത്വചിന്തകനും വാഗ്മിയുമായ മാർക്കസ് ടുലിയസ് സിസറോ എഴുതിയിട്ടുണ്ടല്ലോ. നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം അവരുമുണ്ടാകും; എന്തെന്നാൽ നമ്മൾ ഓർക്കുംവരെ അവർ നമ്മുടെ ഭാഗമാണ്.

രഘുവരൻ

ഭാവങ്ങൾ ഒലിച്ചിറങ്ങിയ മുഖവും തുളച്ചു കയറിയ നോട്ടങ്ങളും

ഏറെ പ്രത്യേകതകൾ നിറഞ്ഞ പ്രകൃതമാണ് സത്യേന്ദ്രയുടേത്. ഭാവങ്ങൾ ഒലിച്ചിറങ്ങിയ മുഖവും തുളച്ചു കയറിയ നോട്ടങ്ങളും താടിയും തലമുടിയുമെല്ലാം ചില പ്രത്യേക കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യനാക്കി. വാച്ച്മാൻ, കൊല്ലൻ, യാചകൻ, മദ്യപൻ, മയക്കുമരുന്ന്‌ അടിമ,ചിത്രകാരൻ, ക്യാമറാമാൻ, പാമ്പാട്ടി, പത്രപ്രവർത്തകൻ, മനഃശാസ്ത്രജ്ഞൻ, മന്ദബുദ്ധി വേഷങ്ങൾക്ക് പകരം ആരെയും ചിന്തിക്കാനാവാത്ത അവസ്ഥപോലും ഒരിടക്ക് വന്നു. മൃദു നായകൻ, വില്ലൻ, കൊമേഡിയൻ വേഷങ്ങളിലും അസാമാന്യ പ്രതിഭ പുറത്തെടുത്തു. ഇന്ത്യയിലെ ഒട്ടുമിക്ക് അനുഗൃഹീത അഭിനേതാക്കൾക്കും അഭിമുഖമായി നിൽക്കാനുള്ള അവസരവും ലഭിച്ചു. നാനാ പടേക്കർ (ഗിദ്ദ്), കമൽ ഹാസൻ (സത്യ), മോഹൻ ലാൽ (ഉയരും ഞാൻ നാടാകെ)സത്യരാജ്‌ (കന്നിയാം കാട്ടുപാട്‌)മേജർ സൗന്ദർരാജൻ (എന്നെപ്പോലൊരുവൻ) എസ്‌ എസ്‌ രാജേന്ദ്രൻ (സി പി 143‐ ടെലിഫിലം) വിജയ്‌കാന്ത്‌ ( പാട്ടുക്കു ഒരു തലൈവൻ) പ്രതാപ്‌ പോത്തൻ (മീണ്ടും ഒരു കാതൽ കഥൈ)വിക്രം (എൻ കാതൽ കണമണി) എന്നിങ്ങനെ. ജി വി അയ്യർ, ഭാരതിരാജ, പി എൻ മേനോൻ, ഹരിഹരൻ,വിപിൻദാസ്, പി ചന്ദ്രകുമാർ, സമുദ്രക്കനി, പ്രതാപ് പോത്തൻ തുടങ്ങിയ സംവിധായകർർക്കൊപ്പവും ചേർന്നുനിന്നു. ജയകാന്തൻ, ആർ കെ നാരായണി കൃഷ്ണ, സന്താനഭാരതി തുടങ്ങിയവരുടെ രചനകളിലെ മുഖ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. അമേരിക്കൻ പാട്ടുകാരിയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റിന്റെ ദി ബ്ലാക്ക് ഡോഗ്, ദെയേവ്സ്കിയുടെ ഹോണസ്റ്റ് തീഫ് തുടങ്ങിവയുടെ രംഗാവിഷ്‌ക്കാരത്തിലും ഭാഗഭാക്കായി. അഞ്ഞൂറ് എപ്പിസോഡ് ഓടിയ സൺ ടിവിയിലെ “ആനന്ദം’ സീരിയൽ രാജ്യമാകെ ആരാധകരെ നേടിക്കൊടുത്തു. അതിലെ കഥാപാത്രമായ രാമകൃഷ്ണ എന്നാണ് പലരും അദ്ദേഹത്തെ വിളിച്ചത്. അപരിചിതർ അങ്ങനെ അഭിവാദ്യം ചെയ്‌താൽ തിരിച്ചും അതുണ്ടാവും. ആളുകൾക്ക്‌ അത്രയധികം പരിചിതനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനുമായി. ഏഴാവത് മനിതനിലെ ഉജ്വല ഭാവാഭിനയം മനസ്സിലിരുത്തിയാണ് സംവിധായകൻ ടി ജി ത്യാഗരാജ “ആനന്ദം’സീരിയലിലേക്ക് സ്വീകരിക്കുന്നത്. 22 വർഷങ്ങൾക്കു ശേഷമായിരുന്നു അതെന്നതും വിസ്‌മയകരം. എല്ലായിതലി, എൻ മനൈവി, വൈശാലി, ചിദംബര രഹസ്യം, എൻ തോഴി എൻ കാദലി, തുടങ്ങിയ പരമ്പരകളിലും നിറഞ്ഞാടി. പ്രശസ്ത എഴുത്തുകാരായ ജയകാന്തൻ (നാൻ ഇരുക്കിരേൻ), ആർ കെ നാരായണൻ (അന്ധനായ പട്ടി) എന്നിവരുടെ കഥകൾ അടിസ്ഥാനമാക്കിയ രണ്ട് ടെലിഫിലിമുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുമുണ്ട്. ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നതെന്ന ചോദ്യത്തിന്‌ ആശയങ്ങൾ നൽകുന്നവരെയും സാഹചര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കലാകാരനാണ്‌ താനെന്നായിരുന്നു മറുപടി.

Uyarum Njan Naadake | Mohanlal, Mohini | Malayalam Full Movie

“ഉയരും ഞാൻ നാടാകെ’യിൽ മോഹൻലാലിന്റെ അച്ഛൻ

പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1985ൽ റിലീസായ “ഉയരും ഞാൻ നാടാകെ’ മലയാള ചിത്രത്തിൽ നായകനായ മോഹൻലാലിന്റെ ദാരപ്പൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് സത്യേന്ദ്രയെത്തിയത്. കഥ കെ സി പ്രഭാകരന്റേതും തിരക്കഥ പി എം താജ് പി എം താജിന്റേതും. സംഗീതം കെ പി എൻ പിള്ള. ഇന്ദു പൂർണേന്ദു… (ആലാപനം യേശുദാസ്,കെ എസ് ചിത്ര) വെൺ‌തേക്കും… (യേശുദാസ്,കോറസ്‌) മാതളത്തേനുണ്ണാൻ… (വി ടി മുരളി) തുള്ളിത്തുള്ളി… (വി ടി മുരളി ,കോറസ്‌)ഏന്നീ ഗാനങ്ങളുടെ രചന ഒഎൻവി കുറുപ്പ്‌. നമ്പ്യാരായി വേഷമിട്ട ബാലൻ കെ നായർ, കുഞ്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടി ജി രവി തുടങ്ങിയവരുമായി അക്കാലത്ത് മൊട്ടിട്ട പരിചയം പിന്നീട് വളർന്നു പന്തലിച്ചു. പി എൻ മേനോന്റെ “മലമുകളിലെ ദൈവ’ (1983)ത്തിലെ സത്യേന്ദ്രയുടെ നെഞ്ചൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസനേടുകയുണ്ടായി. തിരക്കഥ കൽപ്പറ്റ ബാലകൃഷ്ണൻ. ഗബ്രീൽ, സുരേഷ്, ലക്ഷ്മി സുബ്രഹ്മണ്യൻ, സുധാറാണി തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഗാനങ്ങൾ ജോൺസൺ. മികച്ച മലയാള ചലച്ചിത്രത്തിനുള്ള 1983ലെ ദേശീയ പുരസ്കാരം അത്‌ നേടി. ചിത്രീകരണത്തിന്‌ വയനാട്ടിലെത്തിയത് അദ്ദേഹത്തിന്‌ പുതിയ അനുഭവമായി. ടി എസ് രംഗ സംവിധാനംചെയ്ത ‘ഗിദ്ദ്'(1984 ജൂലൈ ഒമ്പത്‌) സത്യേന്ദ്രയുടെ അഭിനയ ജീവിതത്തിലെ അസുലഭാനുഭവം. 32‐ാം ദേശീയ ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ അത് താര നിബിഡമായിരുന്നു. നാനാ പടേക്കർ, ഓംപുരി, നസ്‌റുദ്ദീൻ ഷാ, സ്മിതാ പാട്ടീൽ, എം കെ റെയ്‌ന തുടങ്ങിയവർ. ദേവദാസി സമ്പ്രദായം അടിസ്ഥാനമാക്കിയായിരുന്നു തിരക്കഥ. വീരപ്പനായെത്തിയ നാനാ പടേക്കറുടെ ചങ്ങാതിയാണ്‌ സത്യേന്ദ്ര. ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ് ദ്വിഭാഷിയായി പ്രവർത്തിച്ച അദ്ദേഹം 20 വിദേശ സിനിമകൾ ഡബ്ബ്‌ചെയ്യുകയുണ്ടായി. നാൽപ്പതിലധികം ഹ്രസ്വ ചിത്രങ്ങളുടെയും ഭാഗമായി. പലതിലും നായകൻ. അവയിൽ ലോകശ്രദ്ധ നേടിയതാണ് വിഖ്യാത എഡിറ്ററും സംവിധായകനുമായ ബി ലെനിന്റെ “നോക്കൗട്ട്’ (1992). ദേവഭാരതി സംഭാഷണങ്ങൾ തയ്യാറാക്കിയ പതിനഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുണ്ടായ അതിലെ സത്യേന്ദ്രയുടെ പ്രകടനം അതുല്യം. ബോക്സറാണ് കേന്ദ്ര കഥാപാത്രം. 1982- ൽ വിലപിടിപ്പുള്ളതെല്ലാം മാറ്റി അജ്ഞാത മനുഷ്യന്റെ മൃതദേഹം കുഴിച്ചിടുന്ന ശ്‌മശാന സൂക്ഷിപ്പുകാരൻ അയാളുടെ ശരീരം വൃത്തിയാക്കുന്നതിടെ പൂണൂനൂലിൽ സ്വർണ മെഡൽ തൂങ്ങിയാടുന്നു. 1952 ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവ് പ്രശസ്ത ബോക്സർ സഞ്ജിയുടേതാണ്‌ അതെന്ന്‌ വെളിപ്പെടുകയാണ്‌. വൾഷങ്ങൾക്കു ശേഷം സർക്കാർ സ്ഥാപിച്ച ആ ചാമ്പ്യന്റെ സ്മാരകത്തിലേക്ക് ഗൈഡുകൾ സഞ്ചാരികളെ സ്വീകരിക്കുന്നു. സഞ്ജീവിയുടെ ശവശരീരമായാണ്‌ സത്യേന്ദ്ര അസൂയാവഹമായ പ്രകടനം പുറത്തെടുത്തത്‌. ആർ എസ് ശിവജിയും ആർ ഗുണശേഖരനും മറ്റ്‌ പ്രധാന വേഷങ്ങളിൽ. കെയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡും (നോൺ-ഫീച്ചർ ഫിലിം) മികച്ച ഹ്രസ്വചിത്രത്തിനുള്ള ഇസ്ലാമിയ ക്രിട്ടിക്സ് പുരസ്‌കാരവും നേടിയ ചിത്രം 1995-ൽ റോട്ടർഡാം മേളയിൽ പ്രദർശിപ്പിക്കുകയുമുണ്ടായി.

വിജയിച്ചവരെല്ലാം ബുദ്ധിശാലികൾ ആവണമെന്നില്ലെന്ന തമിഴ്‌ ചൊല്ല്‌

ബുദ്ധിമാന്മാരെല്ലാം വിജയിക്കണമെന്നില്ല; വിജയിച്ചവരെല്ലാം ബുദ്ധിശാലികൾ ആവണമെന്നുമില്ലെന്ന തമിഴ് പാട്ട് മൂളുമായിരുന്നു ബി ലെനിൻ. അത് സത്യേന്ദ്രക്ക് നന്നായി ഇണങ്ങും. ജർമൻ രചനയായ ട്രാവൽ ഓഫ് ദി ഷാഡോസ്, അമേരിക്കൻ ചലച്ചിത്രകാരൻ റോമുലസ് വിറ്റാക്കറുടെ സ്‌നെയ്ക്ക് ബൈറ്റ് തുടങ്ങിയവയിലും അദ്ദേഹം പ്രതിഭയുടെ തിളക്കം കാട്ടി. ജർമൻ, ഫ്രഞ്ച്, തമിഴ് നാടകങ്ങളിലും വേഷങ്ങൾ. പമീലബ്രാക്ക്‌ എന്ന ചിത്രത്തിന്റെ തിരക്കഥ സത്യേന്ദ്രയുടേതാണ്. യൂറോപ്യന്മാരടക്കം നേതൃത്വം നൽകിയ നൂറുകണക്കിന്‌ അന്താരാഷ്ട്ര തിയറ്റർ -സിനിമാ വർക്കുഷോപ്പുകളിലും പങ്കെടുക്കുകയുണ്ടായി. സർവകലാശാലകളിലും കോളേജുകളിലും സെമിനാറുകളിലെ മുഖ്യപ്രഭാഷകനുമായിരുന്നു. ഡാനിഷ് ‐അമേരിക്കൻ ചിത്രങ്ങളിൽ സഹസംവിധായകനും. അവസാന കാലത്ത്‌ യൂട്യൂബ് ചാനലായ സത്യേന്ദ്ര ഫിലിം ക്രിട്ടിക്കിൽ ചലച്ചിത്രങ്ങൾ സമചിത്തതയോടും പക്ഷംപിടിക്കാതെയും യുക്തിഭദ്രമായും അവലോകനം ചെയ്തത്‌ പ്രശസ്തിയിലേക്ക് ഉയർത്തി. സിനിമയെ വിശകലനം ചെയ്യാനും വ്യവസായത്തിന്റെ അനഭിലഷണീയ പ്രവണതകളെ വിമർശിക്കാനും അദ്ദേഹം ആ വേദി പതിവായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രത്യേക ശബ്ദം, അഭ്രപാളിയോടുള്ള അഭിനിവേശം, സമർപ്പണം, ആഴത്തിലുള്ള ലോകപരിചയവും ഗാഢമായ അറിവുകളും, പ്രതിബദ്ധത, സത്യസന്ധമായ അഭിപ്രായങ്ങൾ തുടങ്ങിയവ സിനിമാ പ്രേമികൾക്കും വിനോദ സമൂഹത്തിനും ഇടയിൽ ആദരണീയനാക്കുകയും ചെയ്‌തു. സിനിമാ സംസ്കാരത്തിന്റെയും നിരൂപണത്തിന്റെയും വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകളാണ്‌ നൽകിയത്‌. പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ അവ കാണുകയും തിയേറ്റർ പ്രവേശന കവാടത്തിൽ മാധ്യമങ്ങൾക്ക് തന്റെ അവലോകനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. 2016 – ൽ പുറത്തിറങ്ങിയ അവിയൽ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ലോകേഷ് കനകരാജിന്റെ ആഖ്യാനരീതിശാസ്‌ത്രത്തെയും സംവിധാനത്തെയും വിമർശിച്ച്‌ 2023 ഒക്ടോബർ 19 ന്‌ റിലീസായ ലിയോ എന്ന സിനിമയെക്കുറിച്ച് എഴുതിയ അതിശക്തമായ വിമർശനാത്മക അവലോകനം വൈറലായി. എഴുത്ത്, ആഖ്യാന യുക്തി, രണ്ടാം പകുതി കൈകാര്യം ചെയ്ത രീതി തുടങ്ങിയവയെ ലക്ഷ്യംവെച്ച അദ്ദേഹം മൊത്തത്തിൽ സംവിധാനത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സിനിമ അതിന്റെ സാധ്യതകൾക്കൊത്ത് ഉയർന്നില്ലെന്നും വിമർശിക്കുകയുണ്ടായി. ലോകേഷിനെപ്പോലെ കോടികൾ സമ്പാദിക്കുന്ന ചലച്ചിത്ര പ്രവർത്തകർ അവരുടെ വിഭവങ്ങൾ കൂടുതൽ വിവേകപൂർവം വിനിയോഗിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് സത്യേന്ദ്ര തുറന്നടിച്ചു. സമാനമായ ബിഗ്‌ ബജറ്റ് തനിക്ക് ലഭ്യമായിരുന്നെങ്കിൽ ലോകേഷിനെപ്പോലുള്ള ചില “ന്യൂ-ജെൻ’ സംവിധായകരെ എളുപ്പത്തിൽ മറികടക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞു. നിലവാരമില്ലാത്ത കഥപറച്ചിലിന് വൻതോതിലുള്ള സാമ്പത്തിക പിന്തുണ പാഴാക്കുകയാണെന്ന് വാദിച്ചു. സൂര്യ അഭിനയിച്ച് ആർ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്’ സിനിമാ നിരൂപണ വീഡിയോയിലാണ് മരിക്കുംമുമ്പ് അവസാനമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌. രവിചന്ദ്രൻ, രാഹുൽ രാജ്, ടി എസ് ഗോപി കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവരുമായി സഹകരിച്ചാണ്‌ ബാലാജിയുടെ തിരക്കഥ. ഡ്രീം വാരിയർ പിക്ചേഴ്സ് നിർമിച്ച ചിത്രത്തിൽ സൂര്യ, തൃഷ കൃഷ്ണൻ, ആർ ജെ ബാലാജി, ഇന്ദ്രൻസ്, നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി, യോഗി ബാബു എന്നിവർ അഭിനയിച്ച കറുപ്പിനെ സത്യേന്ദ്ര കീറിമുറക്കുകയുണ്ടായി. സൂര്യയുടെ താരശക്തിയെയും സ്‌ക്രീൻ സാന്നിധ്യത്തെയും അഭിനന്ദിച്ചെങ്കിലും സിനിമയുടെ നിർവഹണത്തിൽ പരിമിതികൾ വന്നുപെട്ടതായി നിരീക്ഷിച്ചു. വാണിജ്യ മസാല ഫോർമുലകളെ ആശ്രയിക്കുന്നതിനുപകരം പാ രഞ്ജിത്ത് അല്ലെങ്കിൽ വർഷ ഭാരത് പോലുള്ള സംവിധായകരുമായി സൂര്യ സഹകരിച്ച് തന്റെ അഭിനയ മികവ്‌ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് നിർദേശിക്കുകയുമുണ്ടായി. സത്യേന്ദ്രയുടെ അവലോകനത്തിന് സമാനമായ വികാരങ്ങൾ പ്രധാന പ്രസിദ്ധീകരണങ്ങളും ഇതര നിരൂപകരും പങ്കുവെച്ചു. സൂര്യയുടെ ദൈവികഭാവത്തിലുള്ള വേഷപ്രകടനത്തെയും ആദ്യ പകുതിയിലെ ആകർഷകമായ കോടതിമുറി നാടകത്തെയും പ്രശംസിച്ചവർ രണ്ടാം പകുതിയിൽ സിനിമയുടെ വൈകാരിക ഭാരവും ദിശയും നഷ്ടപ്പെട്ടുവെന്നും നടന്റെ പ്രഭാവലയത്തെ ഏറെ ആശ്രയിച്ചുവെന്നും തുടക്കത്തിൽ അവതരിപ്പിച്ച ശക്തമായ പ്രത്യയശാസ്ത്ര അടിത്തറ ഉപേക്ഷിച്ചുവെന്നും ഉപസംഹരിച്ചു.

മലയാളസിനിമയിലെ പ്രതിഭ; അടൂർ ഗോപാലകൃഷ്ണന് 83ാം പിറന്നാൾ
അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്‌ണനും വിമർശനത്തിന്റെ കൂരമ്പേറ്റു

ലോക സിനിമയെക്കുറിച്ചുള്ള വിശകലനങ്ങൾ നിരവധി മാധ്യമങ്ങൾക്ക് അഭിമുഖങ്ങളായി നൽകിയിട്ടുമുണ്ട് അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി കടന്നാക്രമിക്കാനും മടിച്ചില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രനിർമാണ ശൈലി, കലാപരമായ സമീപനം, വിവാദ പൊതു പ്രസ്താവനകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വിമർശനം. സംസ്ഥാന ചലച്ചിത്ര നയ കോൺക്ലേവിൽ സംസാരിക്കവെ എസ്‌സി/എസ്ടി‐വനിതാ സംവിധായകർക്ക് സിനിമകൾക്കായി പ്രത്യേക സർക്കാർ ഗ്രാൻഡ്‌ അനുവദിക്കുംമുമ്പ് ശരിയായ പരിശീലനവും തീവ്രമായ മാർഗനിർദ്ദേശവും ആവശ്യമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ അരികുവൽക്കരിക്കപ്പെട്ട ചലച്ചിത്ര പ്രവർത്തകരുടെ കഴിവുകളെ തള്ളിക്കളയുന്നതിന്‌ സമാനമാണെന്ന്‌ സത്യേന്ദ്ര അപലപിച്ചു. ഇത്തരം ഗേറ്റ് കീപ്പിങ്‌ അടിസ്ഥാനപരമായി പുതിയ ശബ്ദങ്ങൾ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നുവെന്നും അഭിപ്രായപ്പെട്ടു. സമകാലിക സിനിമയിലെ അടൂരിന്റെ സാങ്കേതികതകളെയും പ്രസക്തിയെയും സത്യേന്ദ്ര ചോദ്യം ചെയ്യാനും ധീരത കാട്ടി. അദ്ദേഹത്തിന്റെ പരമ്പരാഗതവും പലപ്പോഴും മന്ദഗതിയിലുള്ളതുമായ ആഖ്യാന ശൈലികളെ ചലച്ചിത്രനിർമാണത്തിലെയും സൗന്ദര്യശാസ്ത്രത്തിലെയും ആധുനിക സംഭവവികാസങ്ങളുമായി താരതമ്യം ചെയ്യുകയുമുണ്ടായി. തിരക്കഥാരചനയെയും സംവിധാനത്തെയും കുറിച്ചുള്ള പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയുമുണ്ടായിട്ടുണ്ട്‌. സത്യേന്ദ്രയുടെ ചോദ്യങ്ങൾ കൂടുതലും നേരിട്ടുള്ളതുമായിരുന്നു. ചുരുക്കം അവസരങ്ങളിൽ ആക്രമണാത്മകമായി, ചിലപ്പോൾ പാനൽ അംഗങ്ങളിലും പ്രേക്ഷകരിലും അനിഷ്ടം ഉളവാക്കുന്ന തരത്തിലായിരുന്നു. അപൂർവം ഘട്ടങ്ങളിൽ അവതാരകൻ മറ്റ് ചോദ്യങ്ങളിലേക്ക് നീങ്ങും. എന്നാൽ അദ്ദേഹത്തിന്‌ അത് പ്രശ്നമല്ലായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കേണ്ടതായിരുന്നു, അത്‌ തന്റെ ഉത്തരവാദിത്തമാണെന്നുമായി നിലപാട്‌. കുട്ടിയെപ്പോലെയുള്ള ഗുണമുണ്ടായിരുന്ന അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അകന്നുനിൽക്കാൻ കഴിയുമായിരുന്നില്ല. ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടിയില്ലെങ്കിൽ ഒരിക്കലും അസ്വസ്ഥനായിരുന്നില്ല; ആദ്യം തന്നെ അത് ഉയർത്തിയതിൽ സന്തോഷിക്കുമെന്നുമായിരുന്നു സംവിധായകൻ കെ ഹരിഹരന്റെ സാക്ഷ്യം. സത്യേന്ദ്ര ചെന്നൈയിൽ എവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരായിരുന്നു. അക്കാര്യങ്ങൾ വിരലിലെണ്ണാവുന്ന ആളുകൾക്കുമാത്രം അറിയാവുന്നവ. സത്യേന്ദ്ര ക്രമരഹിതനായ വ്യക്തിയായിരുന്നു. ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷനാകും, പിന്നെ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. നാലര ദശാബ്ദത്തിലേറെ അദ്ദേഹം സിനിമ തനിക്കൊരുക്കിയ മുൾവഴികളിലൂടെ ഒരു താങ്ങുമില്ലാതെ നഗ്നപാദനായി സഞ്ചരിച്ചു. വളരെ വ്യക്തിപരമായ ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. സത്യേന്ദ്രയുടെ കീറിപ്പറിഞ്ഞ ജീവിതം മുൻനിർത്തി ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ ‘ബസ്സിന് മുകളിൽ കയറ്റിയ സൈക്കിളും മുന്നൂറ് രൂപയും’ എന്ന ശീർഷകത്തിൽ ഞാൻ എഴുതുകയുണ്ടായി. അത്‌ ആ വർഷം മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ഹ്യൂമൺ ഇന്ററെസ്‌റ്റ്‌ സ്‌റ്റോറിക്കുള്ള രാജീവൻ കാവുമ്പായി പുരസ്‌കാരം നേടിയത്‌ അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നതായി കെ പി കൃഷ്‌ണദാസ്‌ അറിയിക്കുകയുണ്ടായി.

No Comments yet!

Your Email address will not be published.